ADVERTISEMENT

മുത്തച്ഛനിൽനിന്നു കിട്ടിയതാണ് വിവേക് രാജ്‌കുമാറിനു കൃഷിയോടുള്ള ഇഷ്ടം. ‘‘പൈലറ്റായിരുന്നു അച്ഛൻ. അമ്മ കോളജ് അധ്യാപികയും. എന്നാൽ അര ഏക്കർ വെറ്റിലക്കൃഷിയിൽനിന്ന് അനേകം ഏക്കർ ഭൂമിയുടെ ഉടമയായി വളർന്ന മുത്തച്ഛന്റെ കൃഷിയാണ് എന്നിൽ സ്വാധീനം ചെലുത്തിയത് ’’ തിരുവനന്തപുരം സ്വദേശിയായ യുവ എൻജിനീയർ പറയുന്നു. ബെംഗളൂരുവിലെ  ഐബാനോ സ്മാർട്ട് ഫാമിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന അഗ്രി സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും സിഇഒയുമാണ് വിവേക്.

‘‘ മദ്രാസ് ഐഐടിയിൽനിന്ന് 2011ൽ പഠിച്ചിറങ്ങുമ്പോഴും മനസ്സിൽ കൃഷിയായിരുന്നു. മുത്തച്ഛന്റെ കൃഷിയിടത്തിൽ സ്വന്തമായി ഒരു വർഷം കൃഷി നടത്തി പരാജയപ്പെടുകയും ചെയ്തു.‌ എന്നാൽ, കാർഷികരംഗത്തെ പ്രശ്നങ്ങളെക്കുറിച്ചും കൃഷിക്കാരുടെ ദുരിതങ്ങളെക്കുറിച്ചും അവബോധമുണ്ടാകാൻ അതു സഹായിച്ചു. പിന്നീട് പ്രമുഖ കമ്പനിയിൽ ജോലി നേടിയെങ്കിലും കൃഷിയുടെ വിളി എന്നും മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് 2013ൽ ഞാൻ കൃഷിയുമായി ബന്ധപ്പെട്ട പ്രോജക്ടിനു തുടക്കംകുറിക്കുന്നത്’’– വിവേക് പറ‍ഞ്ഞു. ചെറുകിടകൃഷിക്കാരെ സാങ്കേതികവിദ്യയുടെ സഹായത്തോടെ  വളരാൻ സഹായിക്കുകയാണ് ലക്ഷ്യം.

പുതുപുത്തൻ സാങ്കേതികവിദ്യയാണ് വിവേക് കാർഷികമേഖലയ്ക്കായി അണിയറയിൽ ഒരുക്കുന്നത്. നിർമിതബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ഡ്രോണുകൾ എന്നിങ്ങനെ വരുംകാലങ്ങളിൽ കൃഷി മാറ്റിമറിക്കാനിടയുള്ള എല്ലാ വിദ്യകളും ഇവരുടെ കൈവശമുണ്ട്. ഫാമിങ് 4.0 എന്നാണ് സ്വന്തം കൃഷിരീതിയെ ഐബാനോ വിശേഷിപ്പിക്കുന്നത്. നാലാം തലമുറ കൃഷിയെന്നർഥം. ഐബാനോ എന്ന വാക്കിലെ AI സൂചിപ്പിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധിയാണ്. ബാനോ എന്ന ലത്തീൻ പദത്തിന്റെ അർഥമാവട്ടെ നല്ലത്, പൊതുനന്മ എന്നൊക്കെയും. നിർമിതബുദ്ധിയെ നാട്ടിലെ കൃഷിക്കാരുടെ പൊതുനന്മയ്ക്കായി പ്രയോജനപ്പെടുത്താനുള്ള വിവേകിന്റെ പരിശ്രമങ്ങൾ 5 വർഷംകൊണ്ട് ഏറെ മുന്നേറിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ അഗ്രിസ്റ്റാർട്ടപ്പുകളിലൊന്നാണ് ഇപ്പോൾ ഐബാനോ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ  25 ലക്ഷം ഡോളറിന്റെ ഫണ്ടാണ് ഇവർ നേടിയെടുത്തത്.

സ്മാർട്ട് ഫാമിങ് എന്ന ആശയം പറയുക മാത്രമല്ല, നടപ്പാക്കി കാണിക്കാനും വിവേകിനു സാധിക്കുന്നു. കൃഷിയുടെ സമസ്ത മേഖലകളിലും ടെക്നോളജിയുടെ സേവനം സാധ്യമാണെങ്കിലും വിപണി പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉൽപാദനക്രമീകരണത്തിനും മുൻകൂട്ടിയുള്ള രോഗ, ‌കീടബാധ പ്രവചനത്തിനുമാണ് ഇപ്പോൾ  മുൻതൂക്കം. ഓരോ കൃഷിയിടത്തിലും എന്ത് കൃഷി ചെയ്യണമെന്നും എങ്ങനെ കൃഷി ചെയ്യണമെന്നും കമ്പനി കൃഷിക്കാരെ ഉപദേശിക്കും. ഇതനുസരിച്ച് കൃഷി ചെയ്യാൻ തയാറുള്ളവർക്ക് വിപണനപിന്തുണ നൽകും. ഊട്ടിക്കുസമീപം കോത്തഗിരിയിലും സമീപപ്രദേശങ്ങളിലുമായി അഞ്ഞൂറോളം ചെറുകിട കർഷകർ  ഐബാനോയുടെ സാങ്കേതിക– വിപണന പിന്തുണയോടെ വലിയ നേട്ടങ്ങൾ കൊയ്യുകയാണ്. രണ്ടേക്കറിൽ താഴെ ഭൂമിയുള്ള കൃഷിക്കാരാണ് ഈ ഉൽപാദകശൃംഖലയിലേറെയും.

ലെറ്റ്യൂസ്, ബ്രോക്ക് ലി, ബോക് ചോയ്, ഗ്രീൻ സുച്ചിനി, യെല്ലോ സുച്ചിനി, ഐസ്ബെർഗ് ലെറ്റ്യൂസ്, റെഡ് കാബേജ്, റെഡ് റാഡിഷ്, സെലറി, ടർണിപ്, ഊട്ടി കാരറ്റ്, ബേബി പൊട്ടറ്റോ തുടങ്ങി മുന്തിയ വില കിട്ടുന്ന ഇംഗ്ലിഷ് പച്ചക്കറികൾ ഇവർ കൃഷി ചെയ്യുന്നു. ഇവയിലേറെയും രണ്ടോ മൂന്നോ മാസത്തിനകം വിളവെടുക്കാവുന്ന ഹ്രസ്വകാല വിളകളാണ്. അതുകൊണ്ടുതന്നെ ഒരു വർഷം നാലും അഞ്ചും തവണ വരുമാനമേകുന്നവയും.

നീലഗിരി മേഖലയിൽ ഉൽപാദിപ്പിക്കുന്ന ഈ വിദേശ പച്ചക്കറികൾക്ക് ബെംഗളൂരുവിലാണ് കമ്പനി വിപണി കണ്ടെത്തിയിരിക്കുന്നത്. ഇതിനായി അവിടുത്തെ ചില്ലറ വിൽപനശാലകളുമായി  ധാരണയുണ്ട്. ഏറ്റവും നിലവാരമുള്ള ഇംഗ്ലിഷ് പച്ചക്കറികൾ വിളവെടുത്ത് 24 മണിക്കൂറിനുള്ളിൽ എത്തിക്കുന്നതിനാൽ ഐബാനോയുടെ ഉൽപന്നങ്ങൾ വിൽക്കാൻ കടക്കാർക്കും ഉത്സാഹമാണത്രെ. മൂന്നു വർഷമായി നടക്കുന്ന ഈ ഇടപാടുകളിൽനിന്നുള്ള വിവരങ്ങളാണ്  കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിലെ മുഖ്യ അസംസ്കൃതവസ്തു.

അനുദിനം കൂടുതൽ വിവരങ്ങൾ ചേർത്ത് മെച്ചപ്പെടുത്തുന്ന ഈ വിവരശേഖരത്തിന്റെയും നിർമിത ബുദ്ധിയുടെയും സഹായത്തോടെ ഓരോ ദിവസവും ഏതൊക്കെ പച്ചക്കറി എത്രമാത്രം വേണ്ടിവരുമെന്ന് പ്രവചിക്കാൻ കഴിയും. ഈ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാവും ഓരോ സീസണിലും  ഓരോ കൃഷിക്കാരനും  എന്തൊക്കെ കൃഷി ചെയ്യണമെന്ന ശുപാർശ.

കമ്പനിയുമായി സഹകരിക്കുന്ന കൃഷിക്കാരുടെ കൃഷിയിടങ്ങൾ തുടർച്ചയായി  വിദഗ്ധരുടെ നിരീക്ഷണത്തിലായിരിക്കും. ഇതിനായി പത്ത് കൃഷിക്കാർക്ക് ഒരാൾ എന്ന തോതിൽ  25 കാർഷികവിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്. ഇവർ 3 ദിവസത്തിലൊരിക്കൽ ഓരോ കൃഷിയിടത്തിലും എത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. വിവിധ തരം സെൻസറുകളുടെയും ക്യാമറയുടെയും സഹായത്തോടെ ഓരോ കൃഷിയിടത്തിലെയും നാനൂറോളം വിവരങ്ങളാണ് ഇവർ രേഖപ്പെടുത്തുക. സാധാരണ കൃഷിക്കാരനു മനസ്സിലാക്കാവുന്നതിലും കൃത്യമായും വിശദമായും വിളകളെ ബാധിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാൻ ഇത് കമ്പനിയെ സഹായിക്കുന്നു. താപനിലയിലും ഈർപ്പത്തിലുമുള്ള മാറ്റങ്ങൾ തിരിച്ചറിഞ്ഞ് കീടരോഗബാധയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത് ഒരു ഉദാഹരണം മാത്രം. ഒരു പ്രദേശത്തിനു പൊതുവായി ഇത്തരം പ്രവചനങ്ങൾ നടക്കാറുണ്ടെങ്കിലും ഓരോ കൃഷിയിടത്തിലെയും സൂക്ഷ്മകാലാവസ്ഥ മനസ്സിലാക്കി  കൃഷിരീതികൾ ക്രമപ്പെടുത്താൻ സാധിക്കുന്നത് നിർമിതബുദ്ധിയുടെ  പിന്തുണയുള്ളതുകൊണ്ടു മാത്രമാണ്. ഏതാനും വർഷങ്ങൾകൊണ്ട് ഇവിടുത്തെ ഇംഗ്ലിഷ് ഇലക്കറികളുടെ കൃഷി സംബന്ധിച്ച പൂർണവിവരങ്ങൾ കിട്ടുന്നതോടെ‌ ഓരോ പ്രവർത്തനത്തിലും കൃഷിക്കാരെ ഉപദേശിക്കാൻ നിർമിതബുദ്ധി മതിയാവും. 

aibano-1
തരംതിരിവില്ലാതെ സംഭരണം

ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ വിവരങ്ങൾ തത്സമയം കൈമാറപ്പെടുകയും സത്വരപരിഹാരം നടപ്പാക്കുകയും ചെയ്യാനാവും. ഉദാഹരണമായി ഒരു കൃഷിയിടത്തിലെ കീടങ്ങളുടെ എണ്ണം നിശ്ചിത പരിധിക്കു മുകളിലായാൽ, ഒരു മണിക്കൂറിനുള്ളിൽതന്നെ മരുന്നു തളിക്കാം. കൃഷിയിടങ്ങൾ നിരീക്ഷിക്കുന്നതിനു ഡ്രോണുകൾ പ്രയോജനപ്പെടുത്താനും കമ്പനി തയാറെടുക്കുകയാണ്.  ഓരോ മേഖലയിലെയും  കൃഷിയിടങ്ങളിലൂടെ എല്ലാ ദിവസവും കൃഷി നോക്കാൻ ഡ്രോൺ എത്തുന്നതൊന്ന് ആലോചിച്ചുനോക്കൂ. ഐബാനോ തുടങ്ങുന്നതിനു മുമ്പുതന്നെ കൃഷിയിട നിരീക്ഷണത്തിനായി ഡ്രോൺ നിർമിച്ച മുൻപരിചയവും വിവേകിനുണ്ട്. നിലവിലുള്ള മിതമായ നിരീക്ഷണസംവിധാനങ്ങൾകൊണ്ടുതന്നെ ഉൽപാദനം ഇരട്ടിയാക്കാൻ സാധിക്കുന്നുണ്ടെന്ന്  അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം അനാവശ്യമായ കൃഷിച്ചെലവുകൾ കുറയ്ക്കാനും സാധിക്കുന്നു. 

വിപണനമാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഐബാനോയുടെ നിർദേശമനുസരിച്ചു കൃഷി ചെയ്യുന്ന മുഴുവൻ വിളവും നിശ്ചിത വിലയ്ക്ക് കമ്പനി തിരികെ വാങ്ങും. തരംതിരിവില്ലാതെ മുഴുവൻ വിളവും ഒരേ വിലയ്ക്കാണ് വാങ്ങുക. ഇങ്ങനെ വാങ്ങുമ്പോൾ മോശം ഗ്രേഡിലുള്ളത് കൂടാതിരിക്കാൻ ഉൽപാദനഘട്ടത്തിൽ തന്നെ കമ്പനി ശ്രദ്ധിക്കും. ഓരോ സീസണിലും കൃഷിക്കാരുമായുണ്ടാക്കുന്ന ധാരണയുടെ അടിസ്ഥാനത്തിലാകും വില. വിപണിയിൽ വില ഉയർന്നാലും താഴ്ന്നാലും ഈ വിലയ്ക്ക് മാറ്റമുണ്ടാവില്ല. ‌എന്നാൽ, അടുത്ത സീസണിലെ സംഭരണവില നിശ്ചയിക്കുമ്പോൾ വിപണിവിവരങ്ങളും പ്രസ്തുത സീസണിലെ ഡിമാൻഡും പരിഗണിക്കും.

കൃഷിയിടത്തിൽതന്നെ പായ്ക്കു ചെയ്യുന്ന ഉൽപന്നങ്ങൾ 24 മണിക്കൂറിനകം ബെംഗളൂരുവിലെ കടകളിലൂടെ ഉപഭോക്താക്കളിലെത്തുന്നു. ലെറ്റ്യൂസായാലും ബ്രോക് ലിയായാലും വിത്തുമുതൽ പ്ലേറ്റ് വരെ കമ്പനിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നു വിവേക് ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഏറ്റവും നിലവാരമുള്ള ഉൽപന്നങ്ങളായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക. ഓരോ ഘട്ടത്തിലും കൈപിടിച്ചു നടത്താൻ ഐബാനോ കൂടെയുള്ളത് കൃഷിക്കാർക്കും  ആത്മവിശ്വാസം പകരുന്നു.  ഹ്രസ്വകാലവിളകളായതിനാൽ  നിശ്ചിത ഇടവേളകളിൽ മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനാകുന്നു. ഇടക്കാലത്ത് പദ്ധതിയിൽനിന്നു പിന്മാറി പുറം വിപണിക്കായി കൃഷി നടത്താനും കൃഷിക്കാർക്ക് സ്വാതന്ത്ര്യമുണ്ട്.

ഫോൺ: 9008582096

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com