പുൽത്തൊട്ടിക്കു താഴെ കോഴിക്കൂട്, സ്ഥലം പാഴാവില്ല

HIGHLIGHTS
  • രാവിലെ അഴിച്ചുവിടുന്ന കോഴികൾ രാത്രിയാകുമ്പോൾ കൂടണയും
poultry-shed-1
SHARE

പുതിയ തൊഴുത്ത് പണിതപ്പോൾ മലപ്പുറം വളാഞ്ചേരി സ്വദേശി ബാപ്പൂട്ടി ഇങ്ങനെ ചിന്തിച്ചു. എന്തുകൊണ്ട് പുൽത്തൊട്ടിക്കു താഴെ കോഴിക്കൂട് പണിതൂകൂടാ! അങ്ങനെ ചിന്തിക്കാനും ഒരു കാരണമുണ്ട്. പുതിയ തൊഴുത്തു പണിതപ്പോൾ തറ നികത്താനാവശ്യമായ മണ്ണ് ചാണകക്കുഴി കുത്തിയതിലൂടെ ലഭിച്ചു. പശുക്കൾക്ക് അനായാസം തീറ്റയെടുക്കണമെങ്കിൽ പുൽത്തൊട്ടി രണ്ടടിയോളം മണ്ണിട്ടുയർത്തണം. അങ്ങനെ ചെയ്യാൻ മണ്ണും വേണം ഒരു ദിവസം പണിക്ക് ആളും വേണം. മാത്രമല്ല കോഴിക്കൂടിന് അനുയോജ്യമായ സ്ഥലവുമില്ല. അങ്ങനെ ചിന്തിച്ചപ്പോഴാണ് പുൽത്തൊട്ടിക്ക് അടിയിൽ കോഴിക്കൂട് എന്ന ആശയം മനസിലുദിച്ചത്. 

പിന്നെ ഒന്നും ആലോചിച്ചില്ല പുൽത്തൊട്ടിക്ക് അടിയിൽ കള്ളികൾ തിരിച്ച് ജിഐ പൈപ്പ് ഉപയോഗിച്ച് ചട്ടമുണ്ടാക്കി അതിൽ അരയിഞ്ച് കമ്പിവലയും ഉറപ്പിച്ച് അടച്ചുറപ്പുള്ള കൂടങ്ങ് തയാറാക്കി. ബാപ്പൂട്ടി വളർത്തന്ന കോഴികൾക്കും താറാവുകൾക്കും അടിപൊളി കൂടും റെഡി. കോഴികൾക്ക് മണ്ണും അറക്കപ്പൊടിയും വിരിച്ച തറയാണ് ഒരുക്കിയിരിക്കുന്നത്. താറാവുകൾക്കുള്ള കൂടിന്റെ തറ കോൺക്രീറ്റ് ആണ്. അതുകൊണ്ട് വൃത്തിയാക്കാൻ എളുപ്പമുണ്ടെന്ന് ബാപ്പൂട്ടി പറയുന്നു.

ചെറിയ കൂടാണ്, മുഴുവൻ സമയം കോഴികളെ ഇതിൽ പാർപ്പിക്കാൻ കഴിയില്ലല്ലോ എന്ന് ചിന്തിച്ചാൽ വൈകുന്നേരങ്ങളിൽ കോഴികൾക്ക് വിശ്രമിക്കാനും മറ്റു ജീവികളിൽനിന്ന് സംരക്ഷണമേകാനും മാത്രമാണ് ഈ കൂട് നിർമിച്ചതെന്ന് ബാപ്പൂട്ടി. രാവിലെ അഴിച്ചുവിടുന്ന കോഴികൾ രാത്രിയാകുമ്പോൾ കൂടണയും. ഇപ്പോൾ അമ്പതോളം നാടൻ കോഴികളാണ് ഇവിടെയുള്ളത്. അവയുടെ മുട്ടവിൽപനയുമുണ്ട്. കൂടാതെ ഏതാനും താറാവുകളുമുണ്ട്. ഇപ്പോഴുള്ള താറാവുകൾ മുട്ടയിട്ടു തീർന്നതിനാൽ പുതിയ കുഞ്ഞുങ്ങളെ വൈകാതെ വാങ്ങാനാണ് തീരുമാനം. മുട്ടയിട്ടു കഴിഞ്ഞവയെ ഇറച്ചിക്കായി വിൽക്കും. 

താറാവും കോഴിയും മാത്രമല്ല 25 കാടകളെയും ബാപ്പൂട്ടി വളർത്തുന്നുണ്ട്. മുട്ടയിട്ടു കഴിഞ്ഞാൽ അവയും ഇറച്ചിയാവശ്യത്തിന് വിൽക്കും. 17 വർഷമായി പശുക്കളെ വളർത്തുന്ന ബാപ്പൂട്ടിക്ക് ഇപ്പോൾ 7 പശുക്കളാണുള്ളത്. ഒപ്പം ആടുകളുമുണ്ട്. സ്ഥലപരിമിതിയിൽ പശു, ആട്, കോഴി, താറാവ് എന്നിവയെ പരിപാലിച്ച് മികച്ച വരുമാനം നേടുന്നുണ്ട് ബാപ്പൂട്ടി. 

ഫോൺ: 9846992854

ബാപ്പൂട്ടിയുടെ തൊഴുത്തിന്റെയും പുൽത്തൊട്ടിക്ക് അടിയിൽ നിർമിച്ച കോഴിക്കൂടിന്റെയും വിഡിയോ കാണാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA