sections
MORE

കൂടുതൽ പാലുൽപാദനത്തിന് രാത്രി ടാപ്പിങ് പരീക്ഷിച്ചാലോ?

HIGHLIGHTS
  • രാത്രി ടാപ്പിങ്ങിലൂടെ ഉൽപാദനം കൂടുമെന്ന് അവകാശവാദം
night-rapping
SHARE

റബർ ടാപ്പ് ചെയ്യുന്നതെപ്പോൾ? രാവിലെ എന്നാവും എല്ലാവരുടെയും ഉത്തരം. കുറച്ചുകൂടി കൃത്യതയുള്ളവർ അതിരാവിലെ എന്നു പറഞ്ഞേക്കാം. എന്നാൽ ഇതാ മലപ്പുറം കേരള എസ്റ്റേറ്റിലെ റബർ കൃഷിക്കാരനായ ചെറിയാൻ ജെ.ചെറിയാൻ  എന്ന ആസാദ് പറയുന്നു, രാത്രി ടാപ്പിങ്ങാണ് കൂടുതൽ മെച്ചമെന്ന്.  സൂര്യനസ്തമിച്ച ശേഷം ടാപ്പിങ് നടത്തി അടുത്ത സൂര്യോദയത്തോടെ പാലെടുക്കുന്ന രീതിയാണ് രാത്രി ടാപ്പിങ്. വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ കണ്ടെത്തലെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

ആകെ 500 മരങ്ങളുള്ള  റബർതോട്ടത്തെ 9 ഭാഗങ്ങളായി  തിരിച്ചായിരുന്നു ആസാദിന്റെ രാത്രികാല പരീക്ഷണ ടാപ്പിങ്. ഒരു ദിവസം ഒരു ഭാഗത്തെ പത്തു മരങ്ങൾ വീതം  3 ഭാഗങ്ങളിലെ 30 മരങ്ങളിൽ ടാപ്പിങ് നടത്തി.  എന്നാൽ ഈ ഭാഗങ്ങൾ തമ്മിൽ ടാപ്പിങ് സമയത്തിൽ വ്യത്യാസമുണ്ടായിരുന്നു– രാവിലെ 5, വൈകുന്നേരം 6, രാത്രി 9 എന്നിങ്ങനെയായിരുന്നു ഓരോയിടത്തെയും ടാപ്പിങ്.  അടുത്ത ദിവസം മറ്റു ഭാഗങ്ങളിലും പത്തു വീതം മരങ്ങളെ ടാപ്പിങ്ങിനു വിധേയമാക്കി. നാലു ദിവസത്തിലൊരിക്കൽ വീതം ഈ രീതിയിൽ ടാപ്പിങ് നടത്തിയപ്പോൾ കിട്ടിയ ഉൽപാദനം രാത്രികാല ടാപ്പിങ്ങിനെ സ്വീകാര്യമാക്കുന്നതായി ചെറിയാൻ ചൂണ്ടിക്കാട്ടി. രാസവളം നൽകാതെ വളർത്തിയ, ഏഴു വർഷം മാത്രം പ്രായമായ മരങ്ങളിൽനിന്നുള്ള ഉൽപാദനമാണിത്. ഉത്തേജനമരുന്ന് പുരട്ടിയും പുരട്ടാതെയും നടത്തിയ ടാപ്പിങ്ങിൽ സമാനമായ ഫലമാണ് ലഭിച്ചത്. മുൻപരിചയമില്ലാത്ത അന്യസംസ്ഥാന തൊഴിലാളിയാണ്  മെഷീൻ ഉപയോഗിച്ച്  പരീക്ഷണടാപ്പിങ് നടത്തിയത്.

പഠനവിധേയമാക്കിയ മരങ്ങളിലെ ഉൽപാദനത്തിന്റെ ശരാശരിയാണ് താരതമ്യത്തിനായി പരിഗണിച്ചത്. ഇതനുസരിച്ച് ഒരു മരത്തിൽ (ആർആർഐഐ–430) നിന്നുള്ള ശരാശരി ഉൽപാദനം അതിരാവിലെ അഞ്ചിനു 177 മില്ലിയും സന്ധ്യയ്ക്ക് ആറിനു 189 മില്ലിയും  രാത്രി ഒമ്പതിനു 183 മില്ലിയുമായിരുന്നു. രാത്രിയിൽ ടാപ്പ് ചെയ്യുന്ന 300 മരങ്ങളിൽനിന്ന് ശരാശരി 55 ലീറ്റർ ലാറ്റക്സ് കിട്ടുമെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. എന്നാൽ ഇനഭേദമനുസരിച്ച് ഈ കണക്കിൽ ചില വ്യത്യാസങ്ങളുണ്ട്. ആർആർഐഐ 414 ഇനത്തിൽ രാത്രികാല ഉൽപാദനം താരതമ്യേന കുറവായിരുന്നു. എന്നാൽ ആർആർഐഐ 105ലും 430ലും സന്ധ്യാ, രാത്രി ടാപ്പിങ്ങുകളിൽ കൂടുതൽ ലാറ്റക്സ് കിട്ടി. വിശദമായ കണക്ക് ചുവടെ: (ബോക്സ്) 

night-rapping-2

രാത്രി ടാപ്പിങ്ങിലൂടെ ലാറ്റക്സ് ഉൽപാദനം കൂടുമെന്നും ഡിആർസിയിൽ വ്യതിയാനമുണ്ടാകില്ലെന്നും ആസാദ് ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം ആർആർഐഐ 430 ഇനം ഉൽപാദനക്ഷമതയിലും രോഗപ്രതിരോധശേഷിയിലും കൂടുതൽ മികച്ചതാണെന്നും അദ്ദേഹം ഉറപ്പിക്കുന്നു. ഉൽപാദനവർധന മാത്രമല്ല, രാത്രികാല ടാപ്പിങ്ങിന്റെ മെച്ചമെന്ന് ആസാദ്.  രാത്രിയിൽ വെട്ടുന്ന റബർമരങ്ങളിൽനിന്ന് അതിരാവിലെ ലാറ്റക്സ് ശേഖരിച്ച ശേഷം കൃഷിക്കാർക്ക് മറ്റു ജോലികൾക്കായി പോകാനാകുമെന്ന സൗകര്യമാണ് ഏറ്റവും പ്രധാനം. മറ്റു ജോലികളുള്ളവരെ ടാപ്പിങ്ങിലേക്ക് ആകർഷിക്കാൻ ഇതു സഹായിക്കും. പകൽസമയത്ത് ഉത്തേജകമരുന്നു പുരട്ടി ടാപ്പ് ചെയ്യുമ്പോൾ രണ്ടും മൂന്നും തവണ പാൽ ശേഖരിക്കേണ്ടിവരുന്നത് അധ്വാനഭാരം കൂട്ടാറുണ്ട്. എന്നാൽ രാത്രിയിലെ തണുത്ത കാലാവസ്ഥയിൽ ലാറ്റക്സ് ഉറയ്ക്കില്ലെന്നതിനാൽ രാവിലെ വരെ വീഴുന്ന പാൽ ഒരുമിച്ചു ശേഖരിച്ചാൽ മതി. ആഴ്ചടാപ്പിങ്ങിൽ ഇത് ഏറെ പ്രസക്തമാണ്.

എന്നാൽ വിവിധ സമയക്രമങ്ങൾ പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തിൽ അതിരാവിലെയുള്ള ടാപ്പിങ്ങാണ് റബർബോർഡ് ശുപാർശ ചെയ്യുന്നതെന്ന്  ബോർഡിന്റെ ലാറ്റക്സ് ഹാർവസ്റ്റ് ടെക്നോളജി വിഭാഗം ജോയിന്റ് ഡയറക്ടർ രാജഗോപാൽ പറഞ്ഞു. റബർമരങ്ങളിലെ ലാറ്റക്സിന്റെ പ്രവാഹസമ്മർദം സൂര്യൻ അസ്തമിക്കുമ്പോൾ മുതൽ വർധിച്ചുതുടങ്ങി രാത്രി പത്തുമണിയാകുമ്പോഴേക്കും പരമാവധി തോതിലെത്തും. അടുത്ത ദിവസം സൂര്യനുദിക്കുന്നതുവരെ ഈ മർദം നിലനിൽക്കുന്നതിനാൽ രാത്രിയിൽ കിട്ടുന്ന  അതേ ഉൽപാദനം അതിരാവിലെയും നേടാനാകും. ഇഴജന്തുക്കളുെട ഉപദ്രവംപോലുള്ള സുരക്ഷാപ്രശ്നങ്ങൾ കൂടി പരിഗണിച്ചാണ് രാത്രിയിലെ ടാപ്പിങ് ശുപാർശ ചെയ്യാത്തത്. എന്നാൽ കൃഷിക്കാർക്ക് സൗകര്യപ്രദമാണെങ്കിൽ രാത്രിയിൽ ടാപ്പ് ചെയ്യാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. 

ഫോൺ : 9656666654

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA