ADVERTISEMENT

വളങ്ങളുടേയും കീടനാശിനികളുടേയും വിൽപന നമ്മുടെ നാട്ടിൽ വർധിച്ചിരിക്കുന്നു. ഇവ വിൽക്കുന്ന കമ്പനികളുടെ സ്റ്റാഫ് എത്താത്ത ഒരു കൃഷിയിടവും ഇല്ല എന്നുതന്നെ പറയാം. അവരിൽ മണ്ണ് നന്നാവണം എന്ന് ആഗ്രഹിക്കുന്നവർ കുറവാണ്. എങ്ങനെയും അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കണം. അതിനാണ് അവരുടെ ശ്രമം. ഓവർ ഡോസ് വിഷം/വളങ്ങൾ ഇതൊക്കെയാണ് നമ്മുടെ ഏലക്കർഷകർ മണ്ണിലേക്ക് നൽകുന്നത്.

മണ്ണുപരിശോധനയുടെ റിപ്പോർട്ടുകൾ കാണുമ്പോൾ മണ്ണിന്റെ പുളിപ്പ് വർഷാവർഷം കൂടുകയാണെന്ന് തോന്നുന്നു. അതായത് മണ്ണ് കൂടുതൽ അമ്ലസ്വഭാവമുള്ളതായി മാറുന്നു. മണ്ണിൽ കാത്സ്യത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു. ഒച്ചിൻ കുടം, എല്ലുപൊടി, മുട്ടത്തോട്, ചെറുപ്രാണികളുടെ ജീർണ്ണാവശിഷ്ടങ്ങൾ തുടങ്ങിയവയിൽ നിന്നൊക്കെ മണ്ണിലെത്തുന്നത് കാത്സ്യം കാർബണേറ്റ് ആണ്. ജൈവസമ്പുഷ്ടമായ മണ്ണിൽ ഇവ സാവധാനം പുളിപ്പിൽ അലിഞ്ഞ് മണ്ണിന്റെ pH ക്രമപ്പെടുത്തിയിരുന്നു. എന്നാൽ, വിഷപ്രയോഗത്തിലൂടെ ആ ജീവിവർഗങ്ങൾ ഇല്ലാതായിരിക്കുകയാണ് കൂടാതെ വർഷാവർഷം മണ്ണിൽ വിതറുന്ന കുമ്മായം ദോഷമാണെന്ന് ആരും ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല. കൈകൊണ്ട് വാരിവിതറിയാൽ കൈ പൊള്ളും അത് മണ്ണിലേക്കിട്ടാലോ? മണ്ണിരകൾ, സൂക്ഷ്മജീവികൾ, ചെറുപ്രാണികൾ ഇവയൊക്കെ ചത്തുപോകും. മണ്ണ് ഉറയ്ക്കും. സ്വാഭാവികമായി മണ്ണ് ഇളക്കുന്നതും മണ്ണിൽ സുഷിരങ്ങളുണ്ടാക്കുന്നതും മണ്ണിൽ വസിക്കുന്ന ജീവികളാണ്. മണ്ണുറച്ചാൻ മണ്ണിലെ വായു സഞ്ചാരം കുറയും, വേരോട്ടം കുറയും. ഫംഗസ് രോഗങ്ങൾ വരാനുള്ള സാധ്യത കൂടും. 

നല്ല ബിരിയാണി കഴിക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ, അതിൽ ഉപ്പു കൂടിയാലോ? ഇത്തിരി കഴിക്കും. അതുപോലാണ് മണ്ണിലെ പുളിപ്പ് കൂടിയാൽ മണ്ണിലെ വളങ്ങൾ വലിച്ചെടുക്കാൻ ചെടികൾക്ക് സാധിക്കില്ല (nutrient lockout). പുളിപ്പ് കുറയ്ക്കാൻ മണ്ണിന് ദോഷമല്ലാത്ത കക്കാ പച്ചയ്ക്ക് പൊടിച്ചത് മണ്ണിൽ ചേർത്തു കൊടുക്കണം. അവ മണ്ണിലിട്ടാൽ ഒരുജീവിയും നശിക്കില്ല. മണ്ണിരകൾ അപ്രത്യക്ഷമാവില്ല. മണ്ണിലെ പുളിപ്പിൽ സാവധാനം അലിഞ്ഞ്. മണ്ണിനെ ഫലഭൂഷ്ടമാക്കുന്നു. 

നിങ്ങൾക്കറിയാമോ, സസ്യങ്ങളുടെ കോശഭിത്തി നിർമിക്കാൻ കാത്സ്യം ആവശ്യമാണ്. മണ്ണിൽ കാത്സ്യം ഉണ്ടെങ്കിൽ ഏലത്തട്ട നല്ല കരുത്തുറ്റതായിരിക്കും. തണ്ടുതുരപ്പനും കുറയും. മുട്ടക്കോഴിക്ക് തീറ്റയായി നൽകുന്ന പച്ചക്കക്കാപ്പൊടി മാർക്കറ്റിൽ ലഭ്യമാണ്. അത് വാങ്ങി തോട്ടത്തിൽ ഇടുക. കൃഷിക്കായി വിൽക്കുന്ന പച്ചക്കക്കാപ്പൊടിയിൽ വ്യവസായ മാലിന്യങ്ങൾ ചേർത്തിട്ടുണ്ടാവാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com