ADVERTISEMENT

കുരുമുളകുമണി മുളച്ചുണ്ടാകുന്ന തൈകൾക്ക് മാതൃചെടിയുടെ അതേ ഗുണം ലഭിക്കില്ല. അതിനാൽ, ഉയർന്ന ഉൽപാദനക്ഷമതയുള്ള ചെടികളുടെ വള്ളികൾ ഉപയോഗിച്ചാണു തൈകൾ ഉൽപാദിപ്പിക്കേണ്ടത്. വിളവു കുറഞ്ഞ നാടൻ ഇനങ്ങൾ കൃഷി ചെയ്യുന്നതാണു കുരുമുളകിന്റെ ഉൽപാദനം കുറയാനുള്ള പ്രധാന കാരണം. കാർഷിക ഗവേഷണസ്ഥാപനങ്ങൾ ഓരോ പ്രദേശത്തിനും യോജിച്ചതും രോഗപ്രതിരോധശേഷിയുള്ളതുമായ വിവിധ ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ തോട്ടം ഒന്നാകെ നശിച്ചുപോകാതിരിക്കാൻ വ്യത്യസ്ത ഇനങ്ങൾ ഇടകലർത്തി കൃഷി ചെയ്യുന്നതാണു നല്ലത്.

കുരുമുളകിനങ്ങൾ

പന്നിയൂർ (1 മുതൽ 9 വരെ), വിജയ്, ശ്രീകര, ശുഭകര, പഞ്ചമി, പൗർണമി, ഗിരിമുണ്ട, മലബാർ എക്സൽ, പാലോട് –2 തുടങ്ങിയവയാണ് ഉൽപാദനശേഷിയുള്ള ഇനങ്ങൾ. ഐഐഎസ്ആർ തേവം, ഐഐഎസ്ആർ ശക്തി എന്നിവ ദ്രുതവാട്ടത്തെ ചെറുക്കാൻ കഴിവുള്ളവയാണ്. പൗർണമി നിമാവിരകളെ ചെറു ക്കാനും പന്നിയൂർ 6, 7, 8, 9  ഇനങ്ങൾ വിളർച്ചയെ പ്രതിരോധിക്കാനും കഴിവുള്ളവയാണ്.

പ്രവർധനരീതികൾ

കായിക പ്രവർധനമാണ് കുരുമുളകിൽ പ്രധാനമായും അവലംബിക്കുന്നത്. കുരുമുളകിൽ മൂന്നു തരത്തിലുള്ള ശാഖകൾ കണ്ടുവരുന്നു.

  1. ചെടിയുടെ ചുവടുഭാഗത്തുനിന്ന് ഉണ്ടാകുന്ന ചെന്തലകൾ.
  2. താങ്ങുകാലുകളിൽ പറ്റിപ്പിടിച്ചു വളരുന്ന തായ്ത്തണ്ടുകൾ അഥവാ കേറുതലകൾ.
  3. വിളവു തരുന്ന പാർശ്വശാഖകളായ കണ്ണിത്തലകൾ.
chenthala-kannithala
1. ചെന്തലകൾ, 2.കേറുതലകൾ, 3. കണ്ണിത്തലകൾ

വേരുപിടിപ്പിച്ച തൈകൾ ഉൽപാദിപ്പിക്കുന്നതിന്  ചെന്തലകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പരിമിത തോതിൽ ലഭ്യമായ കേറുതലകൾ ഉപയോഗിച്ചാൽ ഉൽപാദനം നേരത്തേ പ്രതീക്ഷിക്കാം. കണ്ണിത്തലകൾ വേരുപിടിപ്പിച്ചെടുത്താല്‍ കുറ്റിക്കുരുമുളകായി. 

മാതൃവള്ളികൾക്കു വേണ്ട ഗുണങ്ങൾ

  • സ്ഥിരമായി മികച്ച വിളവ്, രോഗവിമുക്തം,  കരുത്തുറ്റ വളര്‍ച്ച.
  • ധാരാളം പാർശ്വ ശാഖകളും ഓരോ പാർശ്വ ശാഖയിലും കൂടുതൽ തിരികളും അടുപ്പിച്ച മണിപിടിത്തവും നീളവുമുള്ള തിരികൾ.
  • രോഗകീടങ്ങൾ, വരൾച്ച എന്നിവയെ ചെറുക്കാനുള്ള കഴിവ്
  • 5 മുതൽ 12 വർഷം പ്രായമുള്ള ചെടികൾ.

ഇത്തരം വള്ളികൾ ഒക്ടോബർ – നവംബർ മാസങ്ങളിൽ തിരഞ്ഞെടുത്തു വയ്ക്കണം.

പരമ്പരാഗത രീതി

നല്ല ആരോഗ്യവും ഉൽപാദനശേഷിയുമുള്ള മാതൃവള്ളികളുടെ ചുവട്ടിൽ ഉണ്ടാവുന്ന ചെന്തലകൾ, മണ്ണിൽ പടർന്നു വേരിറങ്ങാതിരിക്കാൻ മരക്കൊമ്പുകൾ നാട്ടി അവയിൽ ചുറ്റിവയ്ക്കണം. ഈ ചെന്തലകൾ ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ മാതൃവള്ളികളിൽനിന്നു വേർപെടുത്തിയെടുക്കാം. ഇത്തരം ചെന്തലകളുടെ കൂടുതൽ മൂപ്പും ഇളയതുമായ ഭാഗങ്ങൾ വേരുപിടിപ്പിക്കാനായി ഉപയോഗിക്കാറില്ല. ചെന്തലകൾ 2–3 മുട്ടുള്ള കഷണങ്ങളായി മുറിച്ചെടുക്കാം. മുറിച്ചെടുത്ത ചെന്തലകളുടെ ഇലകൾ ഞെട്ടിന്റെ ഒരു ചെറിയ ഭാഗം തണ്ടിൽ നിർത്തി നീക്കം ചെയ്യണം. ഇത്തരം കമ്പുകൾ 2 : 1 : 1 എന്ന അനുപാതത്തിൽ മേൽമണ്ണ്, മണൽ, ചാണകപ്പൊടി എന്നിവയുപയോഗിച്ചുള്ള നടീൽമിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ നടാം. മണൽ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ഇതിനു പകരം പാറപ്പൊടിയും ഉപയോഗിക്കാം. നടുമ്പോൾ ഒരു മുട്ട് മിശ്രിതത്തിനടിയിലായിരിക്കണം. സൂര്യതാപീകരണം നടത്തിയ നടീൽമിശ്രിതത്തിനോടൊപ്പം ജൈവനിയന്ത്രണ ഉപാധികളായ വാം (100 സിസി), ട്രൈക്കോഡെർമ (1 ഗ്രാം) ഒരു കിലോ മിശ്രിതത്തിന് ചേർത്തുകൊടുക്കുന്നത് രോഗബാധ കുറയ്ക്കും. നഴ്സറിയിൽ നനയും തണലും ആവശ്യാനുസരണം നൽകണം. ഇങ്ങനെ തയാറാക്കിയ വേരുപിടിപ്പിച്ച വള്ളികൾ മേയ്, ജൂൺ മാസങ്ങളിൽ തോട്ടങ്ങളിൽ നടാം. 

traditional
പരമ്പരാഗത രീതിയിൽ തയാറാക്കുന്ന തൈകൾ

നാഗപ്പതി രീതി

വേരുപിടിപ്പിച്ച കുരുമുളകുതൈകളിൽനിന്ന് കൂടുതൽ തൈകൾ ഉൽപാദിപ്പിക്കുന്നതിനു ലളിതമായ മാർഗമാണ് നാഗപ്പതി. പോളിത്തീൻ ഷീറ്റും തണൽവലകളുംകൊണ്ട് ഉണ്ടാക്കിയ താൽക്കാലിക നഴ്സറി ഷെഡുകളിലോ, സുതാര്യ പിവിസി ഷീറ്റ്കൊണ്ട് മേഞ്ഞ സ്ഥിരം നഴ്സറി ഷെഡുകളോ ഇതിനായി ഉപയോഗിക്കാം.

nagappathi
നാഗപ്പതി രീതി

നഴ്സറി ഷെഡിന്റെ ഒരു വശത്ത് 2:1:1 എന്ന അനുപാതത്തിൽ മണ്ണ്, മണൽ അഥവാ പാറപ്പൊടി, ഉണങ്ങിയ ചാണകപ്പൊടി എന്നിവ ചേര്‍ത്തു തയാറാക്കിയ നടീൽമിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ (20 സെ.മീ. X 10 സെ.മീ.) നട്ട് വേരു നന്നായി പിടിപ്പിച്ച 2 – 3 ഇലകളുള്ള കുരുമുളകു തൈകൾ നിരത്തിവയ്ക്കണം. ഈ വള്ളികളിൽ പുതിയ മുട്ടുകൾ ഉണ്ടാകുന്ന മുറയ്ക്ക് നടീൽമിശ്രിതം നിറച്ച പോളിത്തീൻ ബാഗുകൾ (20 സെ.മീ. X 10 സെ.മീ.) ഓരോ മുട്ടിനും താഴെവച്ച് മുട്ടുകൾ മിശ്രിതത്തിൽ അമർത്തി ഉറപ്പിച്ച് പുതിയ വേരുകൾ വളർന്നിറങ്ങാൻ സഹായിക്കണം. വളർന്നുവരുന്ന  തണ്ട് മിശ്രിതത്തിൽ ഉറപ്പിക്കാൻ ‘ ^ ’ ആകൃതിയിൽ മടക്കിയെടുത്ത പച്ച ഈർക്കിൽ കഷണങ്ങൾ ഉപയോഗിക്കാം. മുട്ടുകൾ ഉണ്ടാകുന്നതിനനുസരിച്ചു ക്രമാനു സൃതമായി ഓരോ മുട്ടിലും നടീൽമിശ്രിതം നിറച്ച പോളിത്തീൻ ബാഗുകൾ വച്ചുകൊടുക്കണം. ഏകദേശം 3 മാസംകൊണ്ട് ആദ്യത്തെ 12–15 മുട്ടുകളിൽ വേരുപടലം രൂപപ്പെടും. ഇതോടെ ദൃഢമായ വേരുപടലമുള്ള ആദ്യത്തെ 10 മുട്ടുകൾ മുറിച്ചു വേർപെടുത്തുകയും മുറിച്ച തലയുടെ ചുവടുഭാഗം ബാഗിലെ നടീൽമിശ്രിത ത്തിൽ അമർത്തി തണലിൽ മാറ്റിവയ്ക്കുകയും വേണം. ഇവയിൽനിന്ന് ഒരാഴ്ചയ്ക്കകം പുതിയ നാമ്പുകൾ ഉണ്ടായിവരും. വീണ്ടും രണ്ടു മാസങ്ങൾക്കുള്ളിൽ ഇവ തോട്ടങ്ങളിൽ നടാൻ തയാറാകും. നഴ്സറിയിൽ ആവ ശ്യാനുസരണം നനയ്ക്കണം. ഒരു മാതൃചെടിയിൽനിന്ന് പ്രതിവർഷം ഏകദേശം അറുപതോളം വേരുപിടിപ്പിച്ച പുതിയ തൈകൾ ഈ രീതിയിൽ ഉൽപാദിപ്പിക്കാം. 

ചകിരിച്ചോർ നിരത്തിയ നഴ്സറിത്തടത്തിനു മുകളിൽ വളരുന്ന വള്ളികൾ മേൽവിവരിച്ച രീതിയിൽ പടർത്തിയും വേരുപിടിപ്പിച്ച വള്ളികൾ തയാറാക്കാം. ഈ രീതിയിൽ, നന്നായി വേരുപിടിപ്പിച്ച വള്ളികൾ ഒറ്റമുട്ടുള്ള കഷണങ്ങളായി മുറിച്ചു നടീൽമിശ്രിതം നിറച്ച ബാഗിൽ നട്ട് വള്ളികൾ തയാറാക്കാം.

വള്ളികളുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കു പോഷകലായനി തളിക്കുന്നതു നന്ന്. ഇതിനായി യൂറിയ (400 ഗ്രാം) സൂപ്പർ ഫോസ്ഫേറ്റ് (300 ഗ്രാം), പൊട്ടാഷ് (200 ഗ്രാം), മഗ്നീഷ്യം സൾഫേറ്റ് (200 ഗ്രാം) എന്നിവ 100 ലി. വെള്ളത്തിൽ ലയിപ്പിച്ച് രണ്ടാഴ്ചയിൽ ഒരിക്കൽ ചെടിയുടെ ചുവട്ടിലും കുരുമുളകിനായുള്ള സൂക്ഷ്മ മൂലക മിശ്രിതം 500 ഗ്രാം 100 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് രണ്ടാഴ്ചയിൽ ഒരിക്കൽ ഇലകളിലും തളിച്ചുകൊടുത്താൽ ചെടികൾ നല്ല പുഷ്ടിയോടെ വളരും. 

കോളം രീതി

കുത്തനെ നാട്ടിയ കമ്പിവലത്തൂണുകളിൽ കുരുമുളകിന്റെ വേരുപിടിപ്പിച്ച വള്ളികൾ വളർത്തി നടീൽവസ്തുക്കൾ ഉണ്ടാക്കുന്ന രീതിയാണിത്. ഇത്തരം പ്രവർധനരീതിയിലൂടെ കേറുതലകൾ, കണ്ണിത്തലകൾ, ഒറ്റമുട്ടുള്ള വേരുപിടിപ്പിച്ച വള്ളികൾ എന്നിങ്ങനെ മൂന്നു തരം നടീൽവസ്തുക്കൾ ഉൽപാദിപ്പിക്കാം എന്നതാണ് ഈ രീതി യുടെ ഏറ്റവും വലിയ സവിശേഷത.

column
കോളം രീതി

ഏകദേശം 2 മീറ്റർ നീളവും 30 സെ.മീ. വ്യാസവുമുള്ള, സിലിണ്ടര്‍ ആകൃതിയിൽ നിർമിച്ച കമ്പിവലക്കൂടുകളാണ് ഇതിന്  ഉപയോഗിക്കുന്നത്. ഇത്തരം കമ്പിവലകൾക്ക് 10 ഗേജ് കനവും 1’’ X 1/2’’ മെഷ് വലുപ്പവും വേണം. ഏകദേശം 1.5 – 2 മീറ്റർ അകലത്തിൽ കുത്തനെ നാട്ടിയ കമ്പിവലത്തൂണുകളുടെ ഉള്ളിൽ 3:1 എന്ന അനുപാതത്തിൽ പഴകിയ ചകിരിച്ചോറും മണ്ണിരക്കമ്പോസ്റ്റും നിറയ്ക്കണം. ട്രൈക്കോഡർമ കൾച്ചർ ഒരു കിലോ മിശ്രിതത്തിന് 10 ഗ്രാം എന്ന തോതിൽ ചേർക്കുന്നത് രോഗബാധ കുറയ്ക്കും. തൂണുകൾക്കു ചുവട്ടിൽ ചുറ്റുമായി പോളിത്തീൻ കൂടുകളിൽ വളർത്തിയ വേരു പിടിപ്പിച്ച വള്ളികൾ 10 എണ്ണം വളർത്തണം. കുത്തനെ വളരുന്ന തലകളെ ഈർക്കിൽ ഉപയോഗിച്ച് വലകൾക്കുള്ളിലെ മാധ്യമത്തിൽ ഉറപ്പിക്കുന്നത് ശരിയായ രീതിയിൽ വേരുപടലം ഉണ്ടാവുന്നതിന് സഹായിക്കും. മാസത്തിൽ ഒരിക്കൽ പോഷകലായനി നേരത്തേ വിവരിച്ച പ്രകാരം ഇലകളിൽ തളിക്കുകയും വലത്തൂണുകളിലെ നടീൽ മാധ്യമത്തിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യുന്നത് വള്ളികളുടെ വളർച്ചനിരക്ക് ത്വരിതപ്പെടുത്തുന്നു. നാലഞ്ചു മാസംകൊണ്ട് ഒരു തൂണിൽനിന്ന് 150 ഒറ്റ മുട്ടുള്ള വേരുപിടിപ്പിച്ച വള്ളികൾ, 10 കേറുതലകൾ, 20 പാർശ്വശാഖകൾ എന്നിവ ലഭിക്കും. ഇപ്രകാരം ഒരു വർഷം മൂന്നു പ്രാവശ്യമായി 450 വേരുപിടിപ്പിച്ച വള്ളികൾ, 30 കേറുതലകൾ, 60 പാർശ്വശാഖകൾ അഥവാ കണ്ണി ത്തലകൾ ഉണ്ടാക്കാം. ഈ രീതിയിൽ രോഗബാധ കുറയ്ക്കുന്നതിന് മഴയിൽനിന്നു സംരക്ഷണം നൽകുന്ന തരത്തിലുള്ള നഴ്സറി ഷെഡുകൾ, മഴമറ, പോളിഹൗസുകൾ എന്നിവയിൽ കുരുമുളക് വള്ളികൾ വളർത്തുന്നതാണ് നല്ലത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com