sections
MORE

വീട്ടുമുറ്റത്തുനിന്ന് വരുമാനം നേടാനുണ്ട് ഒട്ടേറെ മാർഗങ്ങൾ

HIGHLIGHTS
  • നാടൻ പശുക്കളെ വാങ്ങാൻ 37,000 രൂപയുടെ സബ്‌സിഡി
  • നഴ്‌സറി ഒരുക്കുമ്പോൾ 40,000 രൂപ സബ്‌സിഡി
veetumuttam
SHARE

സ്വന്തമായൊരു വരുമാന മാർഗം വേണമെന്ന ആഗ്രഹത്താലാണ് കോഴിക്കോട് കാക്കൂർ തറോലക്കണ്ടി ഷീല ജയകൃഷ്ണൻ മൂന്നു വർഷം മുൻപ് ‘തളിർ’ പച്ചക്കറിത്തൈ ഉൽപാദനകേന്ദ്രം ആരംഭിക്കുന്നത്. ആവശ്യത്തിനു തൈകൾ കൊടുക്കാന്‍ പറ്റാത്ത അത്ര തിരക്കിലേക്ക് ഷീല എത്തിയത് കഠിനാധ്വാനം കൊണ്ടു മാത്രം. 

വീട്ടുമുറ്റത്തു തന്നെയാണ് പച്ചക്കറിത്തൈ ഉൽപാദനകേന്ദ്രം. കാക്കൂർ കൃഷിഭവൻ വഴി ലഭിച്ച പരിശീലത്തിൽനിന്നാണ് തൈകൾ ഉൽപാദിപ്പിക്കുന്ന രീതി പഠിച്ചത്. 2.5 സെന്റിൽ മഴമറ നിർമിച്ചു. 75,000 രൂപ കൃഷിഭവന്റെ സബ്‌സിഡിയായിരുന്നു. ആദ്യ വർഷം തന്നെ കൃഷിഭവന് 25,000 തൈകൾ നൽകി. ബ്ലോക്കിലെ 6 പഞ്ചായത്തിലേക്കും തൈകൾ വിതരണം ചെയ്തു. ഈ വർഷവും 25,000 തൈകൾ നൽകാനുള്ള ഓർഡറുണ്ട്. 

ഹൈബ്രിഡ് വിത്തുകൾ ഉപയോഗിച്ചാണു തൈകൾ മുളപ്പിക്കുക. 

പച്ചമുളക്, തക്കാളി, വെണ്ട, വഴുതന, പയർ എന്നിവയുടെ തൈകളാണ് കൂടുതലും ഉൽപാദിപ്പിക്കുക. ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ തുല്യഅളവിലെടുത്ത് കീടനിയന്ത്രണത്തിനു സ്യൂഡോമോണസും ചേർത്ത് ട്രേയിൽ നിറയ്ക്കും. വിത്തിട്ട് നനച്ച ശേഷം അഞ്ചോ ആറോ ട്രേ അട്ടിക്കു വച്ച് ഏറ്റവും മുകളിൽ നനച്ച കോട്ടൺ തുണികൊണ്ട് മൂടും. 6 ദിവസം കൊണ്ട് തൈകൾ മുളയ്ക്കും. ട്രേകൾ നിരത്തിവച്ച് സ്പ്രെയർ ഉപയോഗിച്ചു നനയ്ക്കും. 25 ദിവസം പ്രായമായ തൈകളാണു വിൽക്കുക. 3 രൂപയാണു ഒരു തൈയുടെ വില. 

thalir
ഷീല

ഹൈബ്രിഡ് തൈകൾക്ക് ഉൽപാദനം കൂടുതലായതിനാൽ ആവശ്യക്കാർ ഏറെയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിത്യേന ആളുകൾ വന്നു തൈകൾ വാങ്ങും. ഒരു കുടുംബത്തിനു കഴിയാനുള്ള വരുമാനം തളിരിൽനിന്നു ലഭിക്കുന്നുണ്ടെന്നാണ് ഷീല പറയുന്നത്. 

കൃഷിയിലൂടെ വരുമാനം കണ്ടെത്താൻ ആഗ്രഹിക്കുന്ന വീട്ടമ്മയാണോ നിങ്ങൾ? എങ്കിൽ  നല്ലൊരു വരുമാന മാർഗം കണ്ടെത്താൻ ആവശ്യമായ എത്രയോ പദ്ധതികൾ കൃഷി വകുപ്പും ക്ഷീരവികസന വകുപ്പും ഫിഷറീസ് വകുപ്പുമെല്ലാം നടപ്പാക്കുന്നുണ്ട്. ആവശ്യമായ തുകയുടെ പകുതിയിലേറെ സബ്‌‌സിഡി ലഭിക്കുന്ന പദ്ധതികളാണിവ. സ്വന്തമായ യൂണിറ്റ് തുടങ്ങി വിജയിപ്പിക്കാനാവുമെന്ന ആത്മവിശ്വാസം  ഉണ്ടെങ്കിൽ ഇന്നു തന്നെ പദ്ധതി ആസൂത്രണം ചെയ്യാം. 

പച്ചക്കറി തൈ നഴ്‌സറി

കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം കോർപറേഷനിലോ നഗരസഭയിലോ പഞ്ചായത്തിലോ ചെറിയ നഴ്‌സറി തുടങ്ങുന്നതിന് സബ്‌സിഡി നൽകുന്നുണ്ട്. ഒരു സെന്റ് മുതൽ 10 സെന്റ് വരെ  നഴ്‌സറി ഒരുക്കണം. അതായത് മഴമറ ഉൾപ്പെടെയുള്ള നഴ്‌സറിയാണ് ഒരുക്കേണ്ടത്. 10 സെന്റിൽ ഒരു നഴ്‌സറി ഒരുക്കുമ്പോൾ 40,000 രൂപ സബ്‌സിഡിയും 16,000 രൂപ റിവോൾവിങ് ഫണ്ടായും ലഭിക്കും.

ആത്മ പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ സംഘം രൂപീകരിച്ച് ഭക്ഷ്യ വസ്തുക്കളുടെ മൂല്യവർധിത ഉൽപന്നങ്ങൾ ഒരുക്കി വിപണനം നടത്താനുള്ള അടിസ്ഥാന സൗകര്യമൊരുക്കാൻ 10,000 രൂപ നൽകും. 10 പേരടങ്ങുന്ന സംഘത്തിനാണ് ഈ സഹായം ലഭിക്കുക. കൂൺ, തേൻ, പാഷൻ ഫ്രൂട്ട് എന്നിവയുടെയൊക്കെ മൂല്യവർധിത ഉൽപന്ന യൂണിറ്റ് തുടങ്ങാം. 

ക്ഷീരവികസന വകുപ്പിന്റെ പദ്ധതി

മിൽക്ക് ഷെ‍ഡ് ഡവലപ്മെന്റ് പ്രൊജക്ട് വഴി വലിയ സാമ്പത്തിക സഹായമാണ് ക്ഷീരവികസന വകുപ്പ് നൽകുന്നത്. സ്ത്രീകൾക്കാണ് ഈ പദ്ധതിയുടെ മുൻഗണന. ഒരു പശു മുതൽ 10 പശു വരെയുള്ള യൂണിറ്റുകൾ തുടങ്ങാം. 10 പശുക്കൾക്ക് 3.83 ലക്ഷം രൂപയും 5 പശുക്കൾക്ക് 1.84 ലക്ഷം രൂപയും 2 പശുക്കൾക്ക് 69,000 രൂപയും ഒരു പശുവിന് 35,000 രൂപയും സബ്‌സിഡി ലഭിക്കും. പശുക്കളെയെല്ലാം കേരളത്തിനു വെളിയിൽനിന്നു വാങ്ങണമെന്നാണ് ഈ സ്കീമിന്റെ പ്രത്യേകത.  അതേപോലെ 10 കിടാരികളുള്ള യൂണിറ്റിന് 1.96 ലക്ഷം രൂപയും 5 കിടാരികൾക്ക് 98.8 ലക്ഷം രൂപയും സബ്‌സിഡി ലഭിക്കും. 

നാടൻ പശുക്കളെ വാങ്ങാൻ 37,000 രൂപയുടെ സബ്‌സിഡി ലഭിക്കും. 

കറവയന്ത്രം, റബർമാറ്റ് എന്നിവയെല്ലാം വാങ്ങാൻ ആവശ്യാധിഷ്ഠിത സാമ്പത്തിക സഹായവും ലഭിക്കും. ചെലവായ തുകയുടെ പകുതിയാണ്  സബ്‌സിഡി. വാണിജ്യാടിസ്ഥാനത്തിൽ തീറ്റപുൽകൃഷി ആരംഭിക്കുന്നതിനും സബ്‌സിഡി അനുവദിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ  ക്ഷീര വികസന യൂണിറ്റുകളിലാണ് സാമ്പത്തിക സഹായത്തിന് അപേക്ഷ നൽകേണ്ടത്. നേരിട്ടോ ക്ഷീരസംഘങ്ങൾ മുഖേനയോ അപേക്ഷ നൽകാം.

മീൻ വളർത്താം

ശുദ്ധജല മത്സ്യകൃഷി, ശാസ്ത്രീയമിശ്രകൃഷി, സംയോജിത കൃഷി, ഓരുജല സമ്മിശ്രകൃഷി, ഓരുജല കൂടുകൃഷി, കരിമീൻ വിത്തുൽപാദന യൂണിറ്റ് എന്നിങ്ങനെ വ്യത്യസ്തമായ പദ്ധതികളാണു ഫിഷറീസ് വകുപ്പിനുള്ളത്. 40 % വരെ സബ്‌സിഡി ലഭിക്കുന്ന പദ്ധതികളാണിത്.  ഫിഷറീസ് പ്രമോട്ടർമാർ വഴിയാണ് അപേക്ഷ നൽകേണ്ടത്. 

വിവരങ്ങൾക്ക് കടപ്പാട്

വി. ലത, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, ഇരിട്ടി

lathavakkada@gmail.com

വി. സുനിൽകുമാർ, 

ഡെയറി പ്രമോട്ടർ, ക്ഷീര വികസന യൂണിറ്റ്, കൂത്തുപറമ്പ്

ഫോൺ–9446658958

ഷീലയുടെ ഫോൺ: 8592872279

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA