ADVERTISEMENT

‘‘പൊട്ടിക്കരഞ്ഞുപോവും. പക്ഷേ, തളർന്നു വീഴില്ല... വീഴാൻ പാടില്ല.’’ ജീവിതം തകർന്നുപോവുന്ന പ്രതിസന്ധിയിലും സറീന മജീദ് പറയുന്നു. ലോക വനിതാദിനമായിരുന്നു ഇന്നലെ. രാവിലെ പക്ഷിപ്പനി ബാധിച്ച കോഴികളെ കൊന്നൊടുക്കാൻ തന്റെ ഫാമിലേക്ക് ആരോഗ്യ വകുപ്പ് സംഘമെത്തിയപ്പോൾ തകർന്നടിഞ്ഞത് ഈ വനിതാ സംരംഭകയുടെ സ്വപ്നങ്ങളാണ്. മുക്കം വെസ്റ്റ് കൊടിയത്തൂരിൽ വീടിനോടു ചേർന്നാണ് സറീനയുടെ കോഴി ഫാം. മൃഗസംരക്ഷണവകുപ്പിന്റെ അംഗീകാരമുള്ള ഫാമാണിത്.

സർക്കാരിന്റെ പൗൾട്രി ഫാമിൽ‍നിന്നാണ് കോഴികളെ കൊണ്ടുവരുന്നത്. സറീന സ്വയം മുന്നോട്ടുവന്നില്ലായിരുന്നെങ്കിൽ സംസ്ഥാനത്ത് പക്ഷിപ്പനി വന്ന കാര്യം ആരും തിരിച്ചറിയില്ലായിരുന്നു. രോഗം ബാധിച്ച കോഴികളുമായി സർക്കാരിന്റെ വിവിധ ലാബുകളെ സമീപിച്ചതും രോഗം സ്ഥിരീകരിച്ചപ്പോൾ കോഴികളെ കൊന്നൊടുക്കാൻ സമ്മതമറിയിച്ചതും സറീനയാണ്. പക്ഷേ, പലരും രോഗം പകരാൻ കാരണക്കാരി താനാണെന്ന രീതിയിലാണ് കാണുന്നത്. തെറ്റുകാരിയായി തന്നെ നാട്ടുകാർ അകറ്റിനിർ‍ത്തുന്നതിൽ സറീന നീറിപ്പുകയുകയുമാണ്.

കൊടിയത്തൂർ സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്താണ് സറീന സംരംഭങ്ങൾ നടത്തിവന്നത്. ചാത്തമംഗലത്തെ സർക്കാർ ഉടമസ്ഥതയിലുള്ള റീജനൽ പൗൾട്രി ഫാമിൽനിന്നാണ് ജനുവരി 21ന് ഒരു കോഴിക്ക് 22 രൂപ നിരക്കിൽ സറീന കോഴികളെ വാങ്ങിയത്. ആകെ 53,900 രൂപയ്ക്കാണ് ഇത്തവണ കോഴികളെ എടുത്തത്. 50 ദിവസം കഴിഞ്ഞാൽ 120 രൂപയാണ് ഒരു കോഴിക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ എല്ലാം പോയി. 

പത്താം ക്ലാസുകാരിയായിരിക്കെ വിവാഹിതയായാണ് മുക്കം വെസ്റ്റ് കൊടിയത്തൂരിലെ വീട്ടിലേക്ക് സറീന എത്തിയത്. അന്നും ഇന്നും സ്വന്തമായി അധ്വാനിച്ച് ജീവിതം പടുത്തുയർത്താനുള്ള യുദ്ധത്തിലാണ്. കോഴി വളർത്തൽ, പശു വളർത്തൽ എന്നിവയാണ് പ്രധാന വരുമാനമാർഗം. വീടിനു മുകളിൽ കൂൺ കൃഷിയുമുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ പാലു വേണ്ടെന്ന് അറിയിച്ചു. ഇനിയെങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോവുമെന്ന് സറീനയ്ക്ക് അറിയില്ല.

പ്രളയം രണ്ടു വട്ടം തകർക്കാൻ ശ്രമിച്ചിട്ടും തകരാതെ പിടിച്ചുനിന്നതാണ് സറീന. ആദ്യത്തെ പ്രളയത്തിൽ പുഴ ഗതിമാറിയൊഴുകി സറീനയുടെ വീടിന്റെ ഒന്നാം നില പൂർണമായും മുങ്ങിപ്പോയി. വീട്ടിലെ പൗൾട്രി ഫാം പൂർണമായും നശിച്ചു. തോട്ടുമുക്കത്തുണ്ടായിരുന്ന ഫാമും വെള്ളത്തിനടിയിലായി. അടുത്ത പ്രളയത്തിലും ഫാമും കൃഷിയും വീടും വെള്ളത്തിലായി. 18 ലക്ഷം രൂപയാണ് വായ്പ തിരിച്ചടയ്ക്കാനുള്ളത്. പ്രളയകാലത്ത് എല്ലാവർക്കും ലഭിച്ച 10,000 രൂപയാണ് സറീനയ്ക്കും ലഭിച്ചത്. കോഴി ഫാം നശിച്ചതിനു നഷ്ടപരിഹാരം ലഭിക്കാൻ അപേക്ഷിച്ചിരുന്നു.

എന്നാൽ, പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കാൻ കാലതാമസം വന്നുവെന്ന കാരണം പറഞ്ഞ് സഹായം തടഞ്ഞുവച്ചു. സറീനയുടെ ഫാമിലെ കോഴികളെ കൊല്ലാൻ തുടങ്ങിയപ്പോൾ അതുകണ്ടുനിന്ന അയൽവാസികളായ അമ്മമാർ പോലും പൊട്ടിക്കരഞ്ഞുപോയി. സറീനയുടെ ജീവിതം അവർ നേരിട്ടു കാണുന്നതാണ്. സർക്കാർ സഹായം ലഭിക്കുമെന്നാണ് ഇത്തവണയും സറീനയുടെ പ്രതീക്ഷ. ആരും സഹായിച്ചില്ലെങ്കിലും വീടും സ്ഥലവും വിറ്റു പ്രതിസന്ധികളെ തോൽപിക്കാനാണ് സറീനയുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com