ADVERTISEMENT

നൂറുമേനി വിളയിച്ച് ഇടുക്കിയുടെ കാർഷിക മേഖലയെ താങ്ങിനിർത്തുന്നത് മണ്ണിന്റെ വൈവിധ്യമാണ്. ഇപ്പോൾ മണ്ണ്, ജലം, കൃഷി എന്നിവയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി കൃഷിവകുപ്പ് പുത്തൻ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ജില്ലാ മണ്ണു പരിശോധന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ചത് 12,000 മണ്ണ് സാംപിളുകൾ. 

കർഷകരുടെ കൃഷിയിടങ്ങളിൽനിന്നു സംഭരിക്കുന്ന മണ്ണിന്റെ ഭൗതിക ഗുണങ്ങൾ പരിശോധിച്ച് മണ്ണിന്റെ ആരോഗ്യം നിലനിർത്താൻ മാർഗ നിർദേശങ്ങളും നൽകും. ഈ വർഷം ജില്ലയിലെ 8 ബ്ലോക്കുകളിൽനിന്ന് 9255 മണ്ണ് സാംപിളുകൾ പരിശോധിക്കും. ഓരോ വില്ലേജുകളിലെയും ഓരോ ഹെക്ടർ വിസ്തീർണമുള്ള 50 കൃഷിയിടങ്ങൾ മാതൃക കൃഷിയിടങ്ങളായി പ്രഖ്യാപിച്ച് മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലുള്ള വളപ്രയോഗവും, കൃഷി ഉത്തേജന ഉപാധികളും നൽകാനാണ് പദ്ധതി.

6 ശ്രേണികളിലായി  78 മണ്ണിനങ്ങൾ 

ജില്ലയിൽ 78 മണ്ണിനങ്ങളാണുള്ളത്. 6 ശ്രേണികളായി തരംതിരിച്ചിരിക്കുന്ന മണ്ണിനങ്ങളുടെ ആരോഗ്യം വർധിപ്പിക്കാനാണ് കൃഷിവകുപ്പ്, സോയിൽ സർവേ വിഭാഗം എന്നിവയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ജില്ലാ സോയിൽ സർവേ വിഭാഗമാണ് ജില്ലയിലെ മണ്ണിനങ്ങളെക്കുറിച്ച് പഠനം നടത്തുന്നത്. മണക്കാട്, ചിന്നാർ, തൊമ്മൻകുത്ത്, വെൺമണി, പാമ്പാടുംപാറ ശ്രേണികളിലായാണ് 78 മണ്ണിനങ്ങൾ കാണപ്പെടുന്നത്. മണ്ണിന്റെ ഘടന, സ്വഭാവം എന്നിവയെക്കുറിച്ച് കർഷകർക്കു മനസിലാക്കാനാണ് മണ്ണിനങ്ങളെ ആറായി തിരിച്ചത്. ഈ മേഖലകളിലെ മണ്ണിനെ ഫലഭൂയിഷ്ഠമാക്കാൻ കൂടുതൽ പദ്ധതികൾ കൃഷിവകുപ്പ്, മണ്ണ് സംരക്ഷണ വിഭാഗം എന്നിവയിലൂടെ നടപ്പാക്കും.

മണക്കാട് ശ്രേണി

സമുദ്രനിരപ്പിൽനിന്ന് 20 മുതൽ 100 മീറ്റർ വരെയാണ് മണക്കാട് ശ്രേണി കാണപ്പെടുന്നത്. കടുംചുവപ്പ് കലർന്ന തവിട്ടു നിറം മുതൽ മഞ്ഞ കലർന്ന ചുവപ്പ് നിറം വരെ കാണാറുണ്ട്. മേൽമണ്ണ് മണലും, കളിമണ്ണും അടങ്ങിയ പശിമരാശി മണ്ണാണ്. തെങ്ങ്,വാഴ, പച്ചക്കറി കൃഷികൾക്കു യോജിച്ച മണ്ണാണ്.

തൊമ്മൻകുത്ത് ശ്രേണി

സമുദ്ര നിരപ്പിൽനിന്ന് 300 മുതൽ 600 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്നു. മേൽമണ്ണിനു കടുംചുവപ്പ് കലർന്ന തവിട്ടു നിറമാണ്. ചരൽ കലർന്ന പശിമരാശി മണ്ണാണ്. വാഴ, കപ്പ, റബർ, വനത്തിനും അനുയോജ്യമാണ്.

ചിന്നാർ ശ്രേണി

ചിന്നാർ ശ്രേണി ജില്ലയുടെ കിഴക്കൻ ചെരിവുകളിലെ മഴനിഴൽ പ്രദേശങ്ങളിൽ കാണപ്പെടുന്നു. സമുദ്രനിരപ്പിൽനിന്ന് 400 മുതൽ 900 മീറ്റർ ഉയരത്തിലുള്ള സ്ഥലമാണ് ഈ ശ്രേണിയിൽ. മേൽമണ്ണിനു തവിട്ട് നിറമാണ്. മണലും, കളിമണ്ണും കലർന്ന പശിമരാശി മണ്ണാണ്. ശീതകാല പച്ചക്കറിക്ക് അനുയോജ്യം.

വെൺമണി ശ്രേണി

ചുവപ്പ് കലർന്ന തവിട്ടു നിറമുള്ള മേൽമണ്ണാണിത്. സമുദ്രനിര‍പ്പിൽനിന്ന് 600 മുതൽ 900 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ ഈ മണ്ണ് കാണപ്പെടുന്നു. അമ്ലത കൂടിയ മണ്ണാണ്. ചരിവ് കൂടിയ സ്ഥലങ്ങൾ ലാഭകരമായ കൃഷിക്കു അനുയോജ്യമല്ല. സമ്മിശ്ര കൃഷിക്ക് അനുയോജ്യം. കപ്പ, വാഴ, തെങ്ങ്, റബർ കൃഷി നടത്താം.

‌പാമ്പാടുംപാറ ശ്രേണി

പാമ്പാടുംപാറ ശ്രേണി രൂപപ്പെടുന്നത് ഇടുക്കി ജില്ലയിലെ നല്ല ചെരിവുള്ളതും, സമുദ്രനിരപ്പിൽനിന്ന് 600 മുതൽ 1200 മീറ്റർ ഉയരത്തിലുള്ളതുമായ കുന്നിൻ ചെരിവുകളിലാണ്. കടും ചുവപ്പ് കലർന്ന തവിട്ട് നിറമോ തവിട്ട് നിറമുള്ള മേൽമണ്ണും, തവിട്ട് നിറമുള്ള അടിമണ്ണുമാണ് ഈ ശ്രേണിയിൽ. അടിസ്ഥാനം കളിമണ്ണാണ്. ഏലം, കുരുമുളക് കാപ്പി കൃഷിക്ക് അനുയോജ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com