ADVERTISEMENT

ആറ്റു നോറ്റു വളർത്തിയ മാവിലെ മാമ്പഴം നിറച്ചും പുഴു. മാങ്ങാ പഴുക്കാറാകുമ്പോൾ പെൺ പഴ‌യീച്ചകൾ മാങ്ങയുടെ തൊലിയിൽ സുഷിരമുണ്ടാക്കി അതിൽ മുട്ടകൾ നിക്ഷേപിക്കുന്നു. ഈ മുട്ടകൾ വിരിഞ്ഞിറങ്ങുന്ന ലാർവകളാണ് മാമ്പഴം തിന്നു നശിപ്പിക്കുന്നത്. ഇതിനു ഫലപ്രദമായി കാണുന്ന ഒരേ ഒരു പ്രതിവിധിയാണ് ഫ്രൂട്ട് ഫ്ലൈക്കുള്ള ഫെറമോൺ കെണി. 

പെൺ പഴയീച്ചയുടെ രാസാഗ്നി (സെക്സ് ഫിറമോൺ) പ്ലൈവുഡ്‌ഡിൽ അല്ലെങ്കിൽ തത്തുല്യമായ മാധ്യമത്തിൽ സന്നിവേശിപ്പിച്ച് ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിന്റെ ഉള്ളിൽ അടപ്പിന്റെ അടിയിൽ പിടിപ്പിച്ച് ആ കണ്ടെയ്നറിനു ചുറ്റും ആണീച്ചയ്ക്കു അകത്തു കടക്കാൻ ദ്വാരങ്ങളും ഇടുമ്പോൾ ട്രാപ്പ് റെഡി. ട്രാപ്പിനോടൊപ്പം ലൂർ ഒരു സീൽഡ് പാക്കറ്റിൽ ആണ് ലഭിക്കുക. ഇത് അടപ്പിനടിയിൽ പിടിപ്പിക്കാനുള്ള സ്ലോട്ടും ഉണ്ടാകും. കവറു പൊട്ടിച്ച് ലൂർ വിരലുകൾ കൊണ്ട് സ്പർശിക്കാതെ പിടിപ്പിക്കുക. വിരലുകളിൽ ലൂർ പറ്റിയാൽ തന്നെ ആ വിരലുകൾ കൊണ്ട് ട്രാപ്പിന്റെ പുറം ഭാഗത്തൊന്നും സ്പർശിക്കരുത്. അങ്ങനെ ആയാൽ ഈച്ചകൾ ആ സ്പോട്ടിൽ വന്നിരിക്കും. ട്രാപ്പിനുള്ളിൽ പെട്ടെന്ന് കടന്നുവെന്ന് വരത്തില്ല.

ചില ട്രാപ്പുകളിൽ ഫിറമോണിനൊപ്പം മാലത്തയോൺ പോലുള്ള കീടനാശിനിയും ചേർക്കാറുണ്ട്. അല്ലാത്തവയിൽ വെള്ളമൊഴിച്ചു കൊടുക്കണം. ഒരിക്കൽ ട്രാപ്പിൽ പ്രവേശിക്കുന്ന ആൺ പഴയീച്ച ഒന്നുകിൽ മാലത്തയോൺ നുണഞ്ഞു ചാകും അല്ലങ്കിൽ വെള്ളത്തിൽ വീണു ചാകും. ഒരിക്കലും അവ പുറത്തു പോവില്ല.

മാവു പൂത്ത് ഒരു മാസത്തിനുള്ളിലെങ്കിലും കെണി തൂക്കണം. എത്രയും നേരത്തെ തൂക്കുന്നോ അത്രയും നന്ന്. താമസിച്ചു പോയി ഇനി തൂക്കിയിട്ടു പ്രയോജനമില്ല എന്ന് ധരിക്കരുത്. മാവിൽ മാങ്ങയുള്ള ഏതവസരത്തിലും കെണി തൂക്കാം. 4 ദിവസം മുമ്പുമാത്രം തൂക്കിയ കെണിയിൽ മുങ്ങിച്ചത്ത ആണീച്ചകളാണ് മുകളിലെ ചിത്രത്തിലുള്ളത്. ആണീച്ചകൾ ചത്തൊടുങ്ങിയാൽ പെണ്ണീച്ചകൾ കന്യകമാരായി തുടരും. മാങ്ങയിൽ മുട്ടയിടില്ല. മാമ്പഴത്തിൽ പുഴുക്കൾ ഉണ്ടാവില്ല. 

ഒരു ട്രാപ്പ് 3 മാസം വരെ ഉപയോഗിക്കാം. അതിനു ശേഷം ലൂർ മാത്രം മാറ്റിവച്ചാൽ മതി. ലൂർ മാത്രമായി വാങ്ങാൻ കിട്ടും. ഈ ട്രാപ്പിൽ ഉപയോഗിച്ചിരിക്കുന്ന ഫിറമോൺ മീതൈൽ യൂജിനോൾ (C11 H14 O2) ആണ്. 

കായീച്ചയ്ക്കുള്ള കെണിയും പഴയീച്ചക്കുള്ള കെണിയും രണ്ടും രണ്ടാണ്. പാവൽ പടവലം മുതലായ പച്ചക്കറികളെ ആക്രമിക്കുന്ന കായീച്ചയ്ക്കുള്ള കെണിയിൽ ഉപയോഗിക്കുന്ന ഫിറമോൺ ക്യൂ ലൂർ (4-(3-Oxobutyl)phenyl Acetate) (C12 H14 O3) ആണ്. കായീച്ചയ്ക്കുള്ള കെണിയല്ല മാവിൽ തൂക്കേണ്ടത് എന്ന് ഓർക്കുക. ഇത് അഗ്രി ഷോപ്പുകളിലും, ഓൺലൈനിലും വാങ്ങാൻ കഴിയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com