sections
MORE

പൂക്കൾക്കു പകരം പഴങ്ങൾ; ഫുഡ് ഫോറസ്റ്റ് രീതി പ്രചാരത്തിൽ

HIGHLIGHTS
  • പഴങ്ങൾ ഉൽപാദിപ്പിക്കുന്നു ഫുഡ് ഫോറസ്റ്റ്
  • പുതുതലമുറ ഫലവൃക്ഷങ്ങൾക്കാണ് ഫുഡ് ഫോറസ്റ്റിൽ ഇടം ലഭിക്കുക
sooryaprakash
സൂര്യപ്രകാശും കുടുംബവും
SHARE

ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക നമ്മുടെ ഉദ്യാനസങ്കൽപങ്ങളെയും സ്വാധീനിക്കുന്നുണ്ട്. പൂന്തോട്ടത്തിന്റെയും പുൽത്തകിടിയുടെയും സ്ഥാനത്ത് ശുദ്ധമായ ഭക്ഷണം നൽകുന്ന പഴം–പച്ചക്കറിത്തോട്ടം മതിയെന്നു ചിന്തിക്കുന്നവരുടെ എണ്ണം കൂടിവരുന്നു.  മിക്കവരുടെയും പൂന്തോട്ടത്തിലും മുറ്റത്തിന്റെ അതിരുകളിലുമെല്ലാം പുതുതലമുറ ഫലവൃക്ഷങ്ങൾക്ക് ഇന്ന് ഇടം ലഭിക്കുന്നുണ്ട്. പച്ചപ്പിനോട് കൂടുതൽ ചേർന്നു നിൽക്കാൻ ആഗ്ര ഹിക്കുന്നവരാകട്ടെ, ഫുഡ് ഫോറസ്റ്റ്പോലുള്ള സാധ്യതകളും പരീക്ഷിക്കുന്നു.

സ്ഥലം  കുറവോ കൂടുതലോ ആവട്ടെ, ലഭ്യമായ വിസ്തൃതിക്കുള്ളിൽനിന്ന് ശരിയായ ആസൂത്രണത്തിലൂടെ ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങൾ, വിശേഷിച്ചും പഴങ്ങൾ ഉൽപാദിപ്പിക്കുന്നു ഫുഡ് ഫോറസ്റ്റ്. 3 സെന്റ് സ്ഥലത്തുപോലും ഫലവൃക്ഷത്തോട്ടം സാധ്യമാണെന്ന് ഈ ആശയത്തിന്റെ പ്രചാരകർ പറയുന്നു. വ്യത്യസ്ത കനോപി(വൃക്ഷത്തലപ്പ്)യുള്ള ഫലവൃക്ഷങ്ങൾ നിശ്ചിത അകലത്തിൽ ക്രമീകരിച്ച് ഒന്നു മറ്റൊന്നിന് പൂരകമാവുന്ന രീതിയിൽ വളർത്തിയെടുത്താണ് ‘ഭക്ഷണക്കാട്’ സൃഷ്ടിക്കുന്നത്. പ്ലാവു മുതൽ പച്ചക്കറിവരെ എല്ലാ വിളകൾക്കും ഒരുപോലെ സൂര്യപ്രകാശവും പോഷകലഭ്യതയും ഉറപ്പു വരുത്തുന്ന രീതിയിലാവും ക്രമീകരണം. കമ്പുകോതി നിർത്തി വളർച്ച നിയന്ത്രിക്കാവുന്ന പുതുതലമുറ ഫലവൃക്ഷങ്ങൾക്കാണ് ഫുഡ് ഫോറസ്റ്റിൽ ഇടം ലഭിക്കുക. ഇവ കുറഞ്ഞ കാലംകൊണ്ട് ഉൽപാദനത്തിലെത്തുമെന്ന നേട്ടവുമുണ്ട്. എ.എസ്. ധബോൽക്കർ മുതൽ മസനോബു ഫുക്കുവോക്കവരെയുള്ളവരുടെ ബദല്‍കൃഷിസമ്പ്രദായങ്ങളുടെ ചുവടുപിടിച്ചാണ് ഭക്ഷണക്കാട് എന്ന ആശയം പ്രയോഗതലത്തിലെത്തുന്നത്. 

ധൈര്യമായി രുചിക്കാം

ഫുഡ് ഫോറസ്റ്റ് എന്ന ആശയത്തിനു കാര്യമായ സ്വീകാര്യതയുള്ള പ്രദേശങ്ങളിലൊന്നാണ് പാലക്കാടു ജില്ലയിലെ ശ്രീകൃഷ്ണപുരം. ഭക്ഷണക്കാടുകളൊരുക്കാൻ ഒട്ടേറെ വീടുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഈ മേഖലയിൽ തയാറാകുന്നുണ്ടെന്ന് 63 സെന്റ് പുരയിടം ഫുഡ് ഫോറസ്റ്റായി മാറ്റിയ പാലപുരം വീട്ടിൽ സൂര്യപ്രകാശ് പറയുന്നു.  4 വർഷം മുമ്പ് വീടു വയ്ക്കാനായി ഈ സ്ഥലം വാങ്ങുമ്പോൾ വെറും തരിശുനിലമായിരുന്നെന്നു സൂര്യപ്രകാശ്. സുഹൃത്തും സസ്റ്റയ്നെബിൾ ഫുഡ് ഫോറസ്റ്റ് ഫാമിങ് എന്ന കർഷക കൂട്ടായ്മയുടെ പ്രവർത്തകനുമായ റെജി ജോസഫുമായി ആലോചിച്ച് മൂന്നു വർഷം മുമ്പ് തരിശിനെ ഹരിതാഭമാക്കാനുള്ള ശ്രമം തുടങ്ങി. 

പ്രകൃതിജീവന ശൈലി പിന്തുടരുന്ന സൂര്യപ്രകാശ്– രേഖ ദമ്പതിമാരുടെ ഫുഡ് ഫോറസ്റ്റിൽ 50 ശതമാനം ദീർഘകാല വിളകളായ ഫലവൃക്ഷങ്ങളും ബാക്കി വാഴ, പപ്പായ, പച്ചക്കറികൾ, കിഴങ്ങുവിളകൾ എന്നിവയും ഉൾ പ്പെടുന്നു. 40 അടി അകലത്തിൽ തെങ്ങ്, അവയ്ക്കു നടുവിൽ പ്ലാവ്, മാവ് പോലുള്ളവ. മരങ്ങൾക്കു കീഴെ തണൽ ഇഷ്ടപ്പെടുന്ന കിഴങ്ങുവിളകൾ, നല്ല വെയിൽ വീഴുന്നിടം കപ്പക്കൃഷിക്ക് എന്നിങ്ങനെ. ഒപ്പം പേരയും ചെറിയുംപോലെ നാടനും വിദേശിയുമായ ഒട്ടേറെ ഇനങ്ങളും. വിളകളുടെയും, കുളം, കിണർ തുടങ്ങി തോട്ടത്തിലെ ഓരോ ഘടകത്തിന്റെയും സ്ഥാനം ശാസ്ത്രീയമായി വരച്ച് ഈ ബ്ലൂ പ്രിന്റിന്റെ അടിസ്ഥാനത്തിലാണ് കൃഷിയിടം ചിട്ടപ്പെടുത്തിയത്. അതുകൊണ്ടുതന്നെയാണ് തരിശു സ്ഥലം വേഗത്തിൽ പച്ചപ്പണിഞ്ഞതെന്നു സൂര്യപ്രകാശ്. എന്തെങ്കിലും എന്നും വിളവെടുക്കാനുണ്ടാവും. എന്നും രുചിക്കാൻ വേറിട്ട പഴങ്ങൾ, എന്നും അടുക്കളയിൽ വേറിട്ട വിഭവങ്ങൾ. 

biji
ബിജിയും കുടുംബവും

ശ്രീകൃഷ്ണപുരം ഒലിപ്പാറ രവീന്ദ്രൻ–ബിജി ദമ്പതികളുടെ 90 സെന്റ് കൃഷിയിടവും ഭക്ഷ്യവനത്തിന്റെ വഴിയിലാണ്. ഹൈപ്പര്‍ തൈറോയ്ഡിസമാണ് ഈ ദമ്പതികളെ ഇതിലേക്കു നയിച്ചത്.  പാഴ്ഭൂമിയെ കമ്പോസ്റ്റിങ്ങിലൂടെ ഫലഭൂയിഷ്ഠമാക്കി പഴങ്ങളും പച്ചക്കറികളും നിറഞ്ഞ തോട്ടം വളർത്തി ബിജിയും കുടുംബവും. ഭക്ഷ്യശീലങ്ങൾ മാറിയതോടെ തൈറോയ്ഡും അപ്രത്യക്ഷമായെന്നു ബിജി. ഇന്ന് ബിജിയുടെയും സൂര്യപ്രകാശിന്റെയുമെല്ലാം ഭക്ഷണക്കാടുകൾ പുതു ജീവനശൈലി പഠിപ്പിക്കുന്ന പ്രകൃ തിപഠന ക്യാംപുകളുടെ പതിവു വേദി കൂടിയായി മാറിയിരിക്കുന്നു.

ഫോൺ: 9809753968 (സൂര്യപ്രകാശ്), 9447060484 (ബിജി)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA