sections
MORE

ലോക്ക് ഡൗണ്‍ ദിനങ്ങള്‍ വെറുതെ കളയാനുള്ളതല്ല... അടുക്കളത്തോട്ടം തുടങ്ങാന്‍ അനുയോജ്യ സമയം

HIGHLIGHTS
  • കപ്പ, ചേന, കാച്ചിൽ തുടങ്ങിയവ നടാൻ അനുയോജ്യ കാലാവസ്ഥ
  • മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് ഗ്രോബാഗ് തയാറാക്കാം
home-garden
SHARE

കോവിഡ്-19ന്‌റെ പശ്ചാത്തലത്തില്‍ രാജ്യം ലോക്ക് ഡൗണിലായപ്പോള്‍ ഒരു പുനര്‍ ചിന്തനത്തിനുകൂടിയുള്ള അവസരമാണ്. 21 ദിവസം എത്രയെന്നുവച്ചാ അടച്ചു വീട്ടില്‍ത്തന്നെയിരിക്കുക? അപ്പോള്‍ ചില നല്ലകാര്യങ്ങള്‍കൂടി ചെയ്താലോ? മനസിനും ശരീരത്തിനും ആരോഗ്യമേകുന്ന കൃഷിയെക്കുറിച്ചുതന്നെയാണ് പറഞ്ഞുവരുന്നത്. എന്നോ മറന്നുതുടങ്ങിയ കൃഷിയെ വീണ്ടും ചേര്‍ത്തുപിടിക്കാനുള്ള അവസരം. ഒപ്പം വരും നാളുകളില്‍ ഉണ്ടായേക്കാവുന്ന ഭക്ഷ്യക്ഷാമംകൂടി മുന്നില്‍ക്കണ്ടുവേണം കൃഷി തുടങ്ങാന്‍. അല്‍പം സ്ഥലവും അല്‍പം മനസുമുണ്ടെങ്കില്‍ ആവശ്യമായ പച്ചക്കറികള്‍ വീട്ടില്‍ത്തന്നെ ഉല്‍പാദിപ്പിക്കാവുന്നതേയുള്ളൂ. കുട്ടികൾക്കും ഒരു നേരം പോക്കാകും.

പെട്ടെന്ന് വളര്‍ത്തിയെടുക്കാന്‍ കളിയുന്നവയാണ് ചീരയും പയറും. ചെറിയൊരു തടമെടുത്ത് ചാണകപ്പൊടി ചേര്‍ത്തിളക്കി ചീരയോ പയറോ പാകാം. വളരുന്നതനുസരിച്ചു പിഴുതോ മുറിച്ചോ എടുത്ത് ഉപയോഗിക്കാം. പയര്‍ മൈക്രോ ഗ്രീന്‍ രീതിയില്‍ 2-4 ഇലപ്പരുവത്തില്‍ കറിവയ്ക്കാന്‍ ഉപയോഗിക്കാം. ഇതിനൊപ്പം പയര്‍തൈ വളരാനനുവദിച്ചാല്‍ കറിവയ്ക്കാന്‍ പാകത്തില്‍ പച്ചപ്പയറും ലഭിക്കും.

കറിവയ്ക്കാന്‍ വാങ്ങിയതില്‍ വിത്തായി ഉപയോഗിക്കാന്‍ കഴിയുന്നവയുണ്ടെങ്കില്‍ മണ്ണിലോ ഗ്രോബാഗിലോ ആവശ്യമായ ഇഞ്ചി നടാം. മണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് ഗ്രോബാഗ് തയാറാക്കാം. നിലത്താണെങ്കില്‍ തടമെടുത്ത് ചെറിയ കുഴികള്‍ കുഴിച്ച് ഇഞ്ചിവിത്ത് വയ്ക്കാം. ശേഷം ചാണകപ്പൊടി ഇട്ടശേഷം മണ്ണുപയോഗിച്ച് മൂടാം. കരിയില ഉപയോഗിച്ച് പുത നല്‍കുന്നത് നല്ലതാണ്.

പച്ചമുളക് വാങ്ങിയതില്‍ നന്നായി പഴുത്തവയുണ്ടെങ്കില്‍ അരിയെടുത്ത് ഉണങ്ങിയശേഷം പാകാം. മേല്‍പ്പറഞ്ഞ രീതിയില്‍ത്തന്നെ മണ്ണൊരുക്കിവേണം വിത്തുകള്‍ പാകാന്‍. തൈകള്‍ക്ക് രണ്ടില പരുവമാകുമ്പോള്‍ മാറ്റി നടാം. സമാന രീതിയില്‍ത്തന്നെ വഴുതനയും തക്കാളിയും നടാം.

കോഴി, മീന്‍ എന്നിവയെ വളര്‍ത്തുന്നവര്‍ ഇപ്പോള്‍ തീറ്റ ലഭ്യതക്കുറവില്‍ ബുദ്ധിമുട്ടുകയാണ്. അസോള, ഡക്ക് വീഡ് എന്നിവ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ നല്ല തീറ്റയായി. എന്നാല്‍, ഇവ രണ്ടിന്‌റെയും വിത്തുകള്‍ ലഭ്യമല്ലാത്തവര്‍ക്കുകൂടി ചെയ്യാവുന്നതാണ് പുഴുക്കളെ വളര്‍ത്തിയെടുക്കല്‍. ഇപ്പോള്‍ പ്രചാരമേറിവരുന്ന ബ്ലാക്ക് സോള്‍ജ്യര്‍ ഫ്‌ളൈ ലാര്‍വകളാണ് മീനുകള്‍ക്കും കോഴികള്‍ക്കും മികച്ച ഭക്ഷണമാക്കാവുന്നത്. അടപ്പുള്ള പഴയ ഒരു ബക്കറ്റ് ഉപയോഗിച്ച് ഭക്ഷണാവശിഷ്ടങ്ങള്‍ നല്‍കി ഇവയെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ. അടുക്കളയില്‍നിന്ന് മാലിന്യം മാറുകയും ചെയ്യും കോഴികള്‍ക്കും മീനുകള്‍ക്കും തീറ്റ ആകുകയും ചെയ്യും.

പല പ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്. കപ്പ, ചേന, കാച്ചിൽ തുടങ്ങിയവ നടാൻ അനുയോജ്യ കാലാവസ്ഥ. സമയം പാഴാക്കാതെ അവയും കൃഷി ചെയ്യാവുന്നതാണ്. 

മാമ്പഴത്തിന്‌റെ കാലമാണ്. മാവുള്ളവര്‍ക്ക് പൊഴിഞ്ഞു ചാടുന്ന മാമ്പഴം നന്നായി കഴുകി തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം. കൂടുതലുണ്ടെങ്കില്‍ നന്നായി വരട്ടി സൂക്ഷിക്കാം. പിന്നീട് ആവശ്യാനുസരണം ഉപയോഗിക്കാം. ചക്കപ്പഴം, വാഴപ്പഴം എന്നിവയും ഇത്തരത്തില്‍ വരട്ടി സൂക്ഷിക്കാം. വിപണിയിലേക്കെത്താതെ കൈതച്ചക്ക പല തോട്ടങ്ങളിലും നശിച്ചുകൊണ്ടിരിക്കുകയാണ്. അവയും പരമാവധി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
FROM ONMANORAMA