ADVERTISEMENT

മണ്ണിൽ അധിവസിച്ച് ചെടികളിൽ വാട്ടം, മൂട് അഴുകൽ എന്നിവ വരുത്തുന്ന കുമിളുകളായ പിതിയം, റൈസക്ടോണിയ, ഫൈറ്റോഫ്തോറ, ഫ്യൂസേറിയം എന്നിവയെയും ചെടികളുടെ വേര് ആക്രമിച്ച് വളർച്ച മുരടിപ്പിക്കുന്ന നിമാവിരകളെയും ഏകവർഷി കളകളുടെ വിത്ത്, മുത്തങ്ങ, കറുകപ്പുല്ല് എന്നിങ്ങനെയുള്ള  കളകളെയും നശിപ്പിക്കാൻ ഉതകുന്ന സാങ്കേതികവിദ്യയാണ് മണ്ണിന്റെ സൂര്യതാപീകരണം. സൂര്യപ്രകാശം കടന്നുപോകു ന്ന 100–150 ഗേജ് പോളിത്തീൻ ഷീറ്റ് ഉപയോഗിച്ച് മാർച്ച്, ഏപ്രിൽ മാസത്തെ ചൂടേറിയ സൂര്യരശ്മികൾ പ്രയോജനപ്പെടുത്തിയാണ് മണ്ണിന്റെ സൂര്യതാപീകരണം നടത്തുന്നത്. വിത്തു വിതയ്ക്കാനുള്ള തടങ്ങൾ, ചെടികൾ നടാനുള്ള ഗ്രോബാഗ്, ചട്ടി, പോളിത്തീൻ ബാഗ് എന്നിവയിൽ നിറയ്ക്കുന്ന പോട്ടിങ് മിശ്രിതം, നടുന്ന സ്ഥലം എന്നിവയും  താപീകരിക്കാം.

വിത്തുതടങ്ങൾ

ഏതുതരം വിത്തുകളും പാകി മുളപ്പിക്കുന്നതിനുള്ള തടം സൂര്യതാപീകരിക്കാം. തടമെടുത്ത് അതിൽ ആവശ്യത്തിനു ജൈവവളം ചേർത്ത് കൊത്തിയിളക്കി നിരപ്പാക്കി ഒരു ച. മീറ്ററിന് 5 ലീറ്റർ വെള്ളം എന്ന കണക്കിന് നന്നായി നനയ്ക്കുക. തുടർ‌ന്ന് 100–150 ഗേജ് ഉള്ളതും പ്രകാശം കടന്നുപോകുന്നതുമായ പോളിത്തീൻ ഷീറ്റ് വിരിക്കുക. കാറ്റത്തു പറന്നുപോകാതിരിക്കാൻ വശങ്ങളിൽ മണ്ണ് വെട്ടിയിടുക. ഷീറ്റ് മണ്ണുമായി ചേർന്നിരിക്കാനുള്ള ക്രമീകരണവും ചെയ്യുക. ഷീറ്റ് ഇങ്ങനെ ഒരു മാസം നിലനിർത്തുക. തുടർ‌ന്ന് ഇത് എടുത്തുമാറ്റിയതിനു ശേഷം തടങ്ങളിലെ മണ്ണിളക്കി വിത്തു പാകാം.

പോട്ടിങ് മിശ്രിതം

പൂച്ചെടികൾ, പച്ചക്കറികൾ, സുഗന്ധവിളകൾ എന്നിവയുടെ തൈകള്‍ നടാനും കുരുമുളകിന്റെ തണ്ടു മുറിച്ചു കുത്തി വേരു പിടിപ്പിക്കാനുമുള്ള പോട്ടിങ് മിശ്രിതം  സൂര്യതാപീകരണം നടത്തി  അണുവിമുക്തമാക്കാം. പോട്ടിങ് മിശ്രിതം തയാറാക്കി നിരപ്പുള്ള തറയിൽ 15–20 സെ.മീ. കനത്തിൽ നിരത്തുക. റോസ് കാൻ ഉപയോ ഗിച്ചു നനച്ചശേഷം 100–150 ഗേജ് ഉള്ള പോളിത്തീൻ ഷീറ്റ്കൊണ്ടു മേൽപ്പറഞ്ഞതുപോലെ ഒരു മാസം സൂര്യ താപീകരിക്കുക. തുടർന്ന് പോട്ടിങ് മിശ്രിതം തൈകൾ നടാനും കമ്പ് അല്ലെങ്കിൽ തണ്ട് മുറിച്ച് കുത്തി മുളപ്പിക്കാനും ഉപയോഗിക്കാം.

കൃഷിസ്ഥലം സൂര്യതാപീകരിക്കല്‍

നടാനുള്ള കൃഷിസ്ഥലം കിളച്ച് കല്ലും മറ്റ് ജൈവവസ്തുക്കളും നീക്കം ചെയ്യുക. തുടർ‌ന്ന് ആവശ്യത്തിനു ജൈവ വളം ചേർത്ത് മണ്ണിളക്കി നിരപ്പാക്കുക. തുടർന്ന് നന്നായി നനച്ചശേഷം 100–150 ഗേജ് ഉള്ള പോളി ത്തീൻ ഷീറ്റ്കൊണ്ട് 30–40 ദിവസം സൂര്യതാപീകരിക്കുക. ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ എന്നിവ വാരങ്ങളി ലാണ് നടുന്നതെങ്കിൽ വാരങ്ങൾ അല്ലെങ്കിൽ തടങ്ങളെടുത്ത് ജൈവവളം ചേർത്ത് നിരപ്പാക്കി നന്നായി നനച്ചശേഷമാണ് സൂര്യതാപീകരണം നടത്തേ ണ്ടത്. 

സൂര്യതാപീകരണം നടത്തുമ്പോൾ ഷീറ്റ് പറന്നുപോകാതെ നിലത്തോടു ചേർന്നിരിക്കുന്നുവെന്ന് ഉറപ്പാക്കണം. നനവുള്ള മണ്ണിലേക്ക് സൂര്യപ്രകാശം കടന്നശേഷം അതിനെ തിരികെ പോകാൻ അനുവദിക്കാത്തപ്പോൾ മണ്ണിലെ ചൂട് 50 ഡിഗ്രി സെന്റിഗ്രേഡിന് മുകളിലെത്തുകയും ഉപദ്രവകാരികളായ കുമിൾ, നിമാവിരകൾ, കീടങ്ങളുടെ മുട്ടകൾ, പുഴുക്കൾ, സമാധി, കളകളുടെ വിത്ത് എന്നിവ കനത്ത ചൂടില്‍ നശിക്കുകയും ചെയ്യും.  പച്ച ക്കറിത്തൈകളിലെ വാട്ടം, ചീയൽ, ഇഞ്ചിയുടെ മൂടുചീയൽ  എന്നിവയൊക്കെ നിയന്ത്രിക്കാൻ ഇതു ധാരാളം മതി. തൈകൾ നടുന്ന സമയത്ത് മണ്ണിൽ മിത്രകുമിളുകളായ ട്രൈക്കോഡെർ‌മ, പിജിപിആർ‌ –2 എന്നിവ മണ്ണിൽ ചേർക്കുന്നതും നന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com