sections
MORE

കോവിഡ് - 19: വേണം ഡെയറി ഫാമിൽ ചില മുൻകരുതലുകൾ

HIGHLIGHTS
 • നിരീക്ഷണത്തിലുള്ളവർ വളർത്തു മൃഗങ്ങളെ കൈകാര്യം ചെയ്യരുത്
 • തൊഴുത്തിലേക്കുള്ള വായുസഞ്ചാരം വർദ്ധിപ്പിക്കണം
cow-2
SHARE

രണ്ടോ മൂന്നോ പശുക്കളെ മാത്രം വളർത്തുന്ന ചെറിയ പാലുൽപാദന യൂണിറ്റുകൾ മുതൽ നൂറും അതിൽ കൂടുതലും പശുക്കളെ വളർത്തുന്ന വ്യാവസായിക അടിസ്ഥാനത്തിലുള്ള വൻകിട ഫാമുകളിൽ വരെ ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തന നിരതമാണ്. ഈ ലോക്ക് ഡൗൺ കാലത്തും അതിൽ വ്യത്യാസമൊന്നുമില്ല;  മൃഗസംരക്ഷണവും പാലുൽപാദന-വിപണനവുമെല്ലാം അവശ്യ സേവന മേഖലകളായി സർക്കാർ പ്രഖ്യാപിച്ചിട്ടുമുണ്ട്. മിക്കവാറും ചെറിയ ഫാമുകളിലെ ജോലികൾ പൂർണമായും നിർവഹിക്കുന്നത് ക്ഷീരകർഷകർ തന്നെയാണ്. 

മെഷീൻ കറവയ്ക്ക് സൗകര്യമില്ലാത്ത തൊഴുത്തുകളിൽ കർഷകർ തന്നെ കറവ ഏറ്റെടുക്കുകയോ, നൈപുണ്യമുള്ള കറവക്കാരെ ഏർപ്പെടുത്തുകയോ ചെയ്യുന്നു. പശുക്കളെ കുളിപ്പിക്കൽ, തൊഴുത്ത് വൃത്തിയാക്കൽ, പുല്ല് വെട്ടൽ, വെള്ളവും തീറ്റയും കൊടുക്കൽ,  മരുന്ന് കൊടുക്കൽ, രോഗചികിത്സയ്ക്ക് സഹായിക്കൽ, പ്രഥമ ശുശ്രൂഷ,  കറവ, പാൽ വിപണനം തുടങ്ങിയ   പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.  എന്നാൽ, വ്യാവസായിക അടിസ്ഥാനത്തിലുള്ള വലിയ ഫാമുകളിൽ ഇത്തരം പ്രവർത്തനങ്ങൾക്കായി ജോലിക്കാരെ നിയോഗിക്കുകയാണ് പതിവ്. പശു ,എരുമ, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളിൽ കൊറോണ വൈറസ് രോഗം ( കൊവിഡ്- 19 ) ബാധിച്ചിട്ടുള്ളതായി യാതൊരു തെളിവും ഇല്ലാത്തതിനാൽ, അവയെ പരിപാലിക്കുന്നവർ ആശങ്കപ്പെടേണ്ട കാര്യമില്ല.

അതുപോലെ തന്നെ പാലിൽനിന്നും പാലുൽപ്പന്നങ്ങളിൽനിന്നും കൊറോണ വൈറസ് പകരില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. മൃഗങ്ങളെയും മൃഗോൽപന്നങ്ങളെയും കൈകാര്യം ചെയ്തതിനു ശേഷം ശുചിത്വം  പാലിക്കണം എന്നതും സംഘടനാ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.

കൊവിഡ് - 19 രോഗബാധയെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ അതിജാഗ്രതാ കാലഘട്ടത്തിൽ, രോഗ വ്യാപനം തടയുന്നതിനായി കന്നുകാലി ഫാമുകളിൽ ജോലിചെയ്യുന്ന ഫാം തൊഴിലാളികളും, ക്ഷീരകർഷകരും കറവക്കാരനും അനുവർത്തിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്ന് നോക്കാം.

ഡെയറി ഫാമുകളിൽ അനുവർത്തിക്കേണ്ട മുൻകരുതലുകൾ

 • ഫാമിലേക്കുള്ള പ്രവേശനകവാടത്തിൽ, ഫാമിലേക്ക് പ്രവേശിക്കുന്നവരുടെ പാദങ്ങൾ അണുവിമുക്തമാക്കുന്നതിന് പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി (1:10000 )  ഉപയോഗിച്ചുള്ള ഫുട് ഡിപ്പ് (foot dip)  സൗകര്യം ഏർപ്പെടുത്തേണ്ടതാണ്. കൂടാതെ സോപ്പും വെള്ളവും ക്രമീകരിക്കുകയും, ജീവനക്കാർ കൈകൾ കഴുകുകയോ, 60% ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റെസറുകൾ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുകയോ ചെയ്തതിനു ശേഷം മാത്രം ഫാമിൽ പ്രവേശിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും വേണം.
 • വ്യക്തിശുചിത്വവും പരിസരശുചിത്വവും നിർബന്ധമായും പാലിക്കണം.
 • ഫാമിൽ ജോലിചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും കോവിഡ് - 19 എന്ന രോഗത്തെക്കുറിച്ച്  വ്യക്തവും കൃത്യവുമായ ബോധവൽക്കരണം നടത്തണം.
 • രോഗലക്ഷണങ്ങൾ, രോഗം പകരുന്ന രീതി ഫാമിലെ ജീവനക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,   രോഗലക്ഷണങ്ങൾ കാണുന്ന പക്ഷം അടിയന്തിരമായി ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങൾ അവർ അറിഞ്ഞിരിക്കേണ്ടതാണ്. പനി, ചുമ,  ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.
 • രോഗികളായ വ്യക്തികളുമായുള്ള സമ്പർക്കത്തിലൂടെയോ വായുവിലൂടെയോ ആണ് രോഗം പകരുന്നത്.
 • കൊറോണ വൈറസിനെതിരെ ഫലപ്രദമായ ഔഷധം ഇനിയും കണ്ടെത്തിയിട്ടില്ലാത്തതിനാൽ പ്രതിരോധ മാർഗങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.
 • കൊറോണ വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ഫാം തൊഴിലാളികൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ മാതൃഭാഷയിൽ എഴുതിയ പോസ്റ്ററുകൾ ഫാമിലെ വിവിധ ഭാഗത്തുള്ള ഭിത്തിയിൽ പ്രദർശിപ്പിക്കേണ്ടതാണ്.
 • തൊഴുത്തിലേക്കുള്ള വായുസഞ്ചാരം വർദ്ധിപ്പിക്കുന്നത് നല്ലതാണ്.
 • കറവ സ്ഥലത്തും പാൽ കൈകാര്യം ചെയ്യുന്നിടങ്ങളിലും വിശ്രമ മുറികളിലും  സോപ്പും, സാനിറ്റൈസറുകളും എപ്പോഴും സൂക്ഷിക്കുകയും, ഇടയ്ക്കിടയ്ക്ക് കൈ കഴുകാനുള്ള സൗകര്യം ഏർപ്പെടുത്തുകയും വേണം.
 • ഫാമിൽ ജോലിചെയ്യുന്നവർ  സദാ സമയവും, കൈയുറകൾ ധരിക്കുകയും ഇടയ്ക്കിടയ്ക്ക് അത് മാറ്റി പുതിയത് ഉപയോഗിക്കുകയും വേണം.
 • രോഗലക്ഷണം ഉള്ളവരെയും രോഗികളുമായി സമ്പർക്കത്തിൽ വന്നവരേയും ഫാമുകളിൽ ജോലിചെയ്യാൻ അനുവദിക്കരുത്.
 • ജോലിക്കാർ തമ്മിൽ  ആറു മുതൽ പത്ത് അടി വരെ എങ്കിലും അകലം പാലിക്കണം.
 • മൃഗങ്ങളെ പരിപാലിച്ചതിനു ശേഷം ജോലിക്കാർ കൈകൾ വൃത്തിയായി കഴുകണം. നിലവിലുള്ള നിർദ്ദേശപ്രകാരം സോപ്പും ശുദ്ധജലവും ഉപയോഗിച്ച് 20 സെക്കൻഡ് സമയം കൈകൾ കഴുകേണ്ടതാണ്. ജോലിക്കിടയ്ക്ക് കൈകൾ കണ്ണിലും മൂക്കിലും വായിലും തൊടരുത്.
 • പാലും പാലുൽപന്നങ്ങളും സൂക്ഷ്മതയോടും വൃത്തിയായും കൈകാര്യം ചെയ്യണം.
 • കൊറോണ വൈറസുകൾക്ക് അന്തരീക്ഷത്തിൽ 30 മിനിറ്റ് മുതൽ മൂന്നു മണിക്കൂർ വരെ  നിലനിൽക്കാൻ  സാധിക്കും. കാർഡ് ബോർഡ് പ്രതലങ്ങളിൽ ഒരു ദിവസവും സ്റ്റെയിൻലെസ് സ്റ്റീലിൽ രണ്ടു ദിവസവും  പ്ലാസ്റ്റിക് പ്രതലങ്ങളിൽ മൂന്നുദിവസം വരെയും നിലനിൽക്കാൻ വൈറസുകൾക്ക് കഴിയും.
 •  ആയതിനാൽ  ഫോണുകൾ, ഓഫീസ്, വിശ്രമമുറി, ശുചിമുറി, ലോക്കറുകൾ, വാതിൽ കൈപ്പിടി, മേശകൾ, കസേര ഇങ്ങനെ എവിടെയെല്ലാം ജോലിക്കാർ നിരന്തര സമ്പർക്കത്തിൽ വരുന്നുവോ അവിടെയെല്ലാം ദിവസത്തിൽ  രണ്ടു പ്രാവശ്യമെങ്കിലും അണുവിമുക്തമാക്കണം. ഇതിനായി ഹൈഡ്രജൻ പെറോക്സൈഡ്, ഫിനോൾ, ക്യാർട്ടർനറി അമോണിയം സംയുക്തങ്ങൾ, സോഡിയം ഹൈപ്പോ ക്ലോറൈറ്റ് തുടങ്ങിയ രാസവസ്തുക്കൾ തുടങ്ങിയവ ഉപയോഗിക്കാം.
 • തൊഴിലാളികൾ ബൂട്ടുകൾ, ഗോഗ്ഗിൾസ്, ഏപ്രൺ,  മുഖാവരണം, കയ്യുറകൾ തുടങ്ങിയവ ധരിക്കുകയും, സമയാസമയങ്ങളിൽ അത് മാറ്റി പുതിയവ  ഉപയോഗിക്കുകയും വേണം.
 • കറവയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള തൊഴിലാളികൾ  തൊഴുത്തിൽ  പ്രവേശിക്കുന്നതിന്  മുൻപും, കറവയ്ക്ക് ശേഷം പുറത്തിറങ്ങുമ്പോഴും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച്  കഴുകണം. പശുക്കളെ കറക്കുമ്പോൾ കൈയുറകളും മുഖാവരണവും നിർബന്ധമായും ധരിക്കേണ്ടതാണ്.
 • ജോലിക്കാർ കൊണ്ടുവരുന്ന ബാഗുകൾ, ചെരിപ്പുകൾ തുടങ്ങിയ വസ്തുക്കൾ ഫാമിൽ പ്രവേശിപ്പിക്കാതെ പ്രവേശന കവാടത്തിൽ സൂക്ഷിക്കുന്നത് നന്ന്. 
 • ഫാം പ്രവർത്തനങ്ങളുമായി ആയി ബന്ധപ്പെട്ട കാര്യങ്ങൾ കഴിവതും മൊബൈൽ ഫോണിലൂടെ സംസാരിക്കാൻ ശ്രദ്ധിക്കുക.
 • ജോലിക്കാരുടെ സംയുക്ത യോഗം ഒഴിവാക്കേണ്ടതാണ്. 
 • ഹസ്തദാനം പൂർണമായും ഒഴിവാക്കണം.
 • ഫാമിൽ ജോലിചെയ്യുന്നവർ ഭക്ഷണം കഴിക്കുന്നതിനു മുൻപായി കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകി വൃത്തിയാക്കണം.
 • ജീവനക്കാർ ഭക്ഷണവും, ലഹരിപാനീയങ്ങളും ഒരു കാരണവശാലും പരസ്പരം പങ്കുവയ്ക്കരുത്. 
 • ഫാമിൽ സന്ദർശകരെ കർശനമായും നിയന്ത്രിക്കണം.  വെറ്ററിനറി ഡോക്ടർമാർ, മരുന്നു കൊണ്ടുവരുന്നവർ തുടങ്ങി ഒഴിവാക്കാനാവാത്ത സന്ദർശകർ വരുമ്പോൾ അവരുടെ പേര്, സന്ദർശനത്തിന്റെ ഉദ്ദേശ്യം,  സന്ദർശന സമയം എന്നിവ രേഖപ്പെടുത്താനുള്ള റജിസ്റ്റർ ഫാമിൽ നിർബന്ധമായും സൂക്ഷിക്കണം.
 • മൃഗങ്ങൾക്കുള്ള തീറ്റ വസ്തുക്കൾ, മരുന്ന്, പാൽ വിപണനം തുടങ്ങിയ ആവശ്യങ്ങൾക്കായി ഫാമിൽ പ്രവേശിപ്പിക്കുന്ന വാഹനങ്ങൾ, ഉപകരണങ്ങൾ എന്നിവ ആണുവിമുക്തമാക്കിയതിനു ശേഷം കയറ്റി വിടാൻ ശ്രദ്ധിക്കണം.
 • ഡയറി ഫാമിലെ എല്ലാ ജോലിക്കാരും ഫാം സംബന്ധമായിട്ടുള്ള എല്ലാ ജോലികളും ചെയ്യുന്നതിന് പ്രാപ്തരാക്കുന്ന രീതിയിലുള്ള ട്രെയിനിംഗ് എല്ലാവർക്കും നൽകേണ്ടതാണ്. എങ്കിൽ മാത്രമേ എന്തെങ്കിലും കാരണവശാൽ ജോലിക്കാർ അവധിയെടുക്കുന്ന പക്ഷം മറ്റു തൊഴിലാളികളെ  പകരമായി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.
 • ഫാമിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യേകിച്ച് ചാണകം, ചത്ത മൃഗങ്ങൾ ഉൾപ്പെടെയുള്ള മറ്റു  മാലിന്യങ്ങൾ  കൈകാര്യം ചെയ്യുന്നിടത്ത് ശുചിത്വം പാലിക്കണം.

കന്നുകാലി തൊഴുത്ത് അഥവാ ഫാം വൃത്തിയാക്കുന്നതിന് സാധാരണയായി ഉപയോഗിക്കാവുന്ന അണുനാശിനികൾ

 • അപ്പക്കാരം/സോഡിയം കാർബണേറ്റ്:-   (തിളച്ച വെള്ളത്തിൽ 3% വീര്യമുള്ള ലായനി )
 • കുമ്മായം:-  (500 g കുമ്മായം 4 ലിറ്റർ വെള്ളത്തിൽ )
 • പൊട്ടാസ്യം പെർമാംഗനേറ്റ്:- (1:10000 വെള്ളത്തിൽ)
 • ബ്ലീച്ചിംഗ് പൗഡർ (150 ഗ്രാം പൗഡർ 10 ലീറ്റർ വെള്ളത്തിൽ)
 • തുരിശ് (2.8 ഗ്രാം തുരിശ്  240 ലീറ്റർ വെള്ളത്തിൽ)
 • ഫോർമാലിൻ (5 %  വെള്ളത്തിൽ തളിക്കുക).

ഡയറി ഫാമിലെ ജോലികൾക്കു ശേഷം തിരിച്ചു വന്ന് ദേഹം ശുചിയാക്കുകയും, വസ്ത്രങ്ങൾ അണുനാശിനിയിൽ കഴുകിയുണക്കുകയും ചെയ്യേണ്ടതാണ്.

തെരുവുകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന  മൃഗങ്ങളുമായുള്ള സമ്പർക്കം നിയന്ത്രിക്കേണ്ടതാണ്. അഥവാ അവയെ കൈകാര്യം ചെയ്യേണ്ടി വന്നാൽ  വേണ്ടത്ര വ്യക്തി സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്.

പൊതുജനങ്ങൾ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ

 • ചില വിദേശ രാജ്യങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം മൃഗശാലയിലെ കടുവയിലും വളർത്തു പൂച്ചയിലും കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ, മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് രോഗബാധയുണ്ടായതായി യാതൊരു സ്ഥിരീകരണവുമില്ല. അതിനാൽ തന്നെ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യവുമില്ല. എങ്കിലും ഒരു മുൻകരുതൽ എന്ന നിലയിൽ താഴെപ്പറയുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
 • കോവിഡ് - 19 രോഗബാധയുള്ളവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വീടുകളിലെ വളർത്തുമൃഗങ്ങളെ അവരവരുടെ വീടുകളിൽ തന്നെ പ്രത്യേകം പാർപ്പിച്ച് നിരീക്ഷിക്കേണ്ടതാണ്.
 • അസാധാരണ രോഗങ്ങളോ മരണനിരക്കോ ശ്രദ്ധയിൽ പെട്ടാൽ അതാത് പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ മൃഗസംരക്ഷണ അധികൃതരോട് റിപ്പോർട്ട് ചെയ്യുകയും വേണം.
 • വളർത്തുമൃഗങ്ങളെ എല്ലാത്തരം രോഗബാധയിൽനിന്നും സംരക്ഷിച്ച്‌ പരിപാലിക്കണം. പ്രത്യേകിച്ച് മൃഗങ്ങളിലെ ശ്വസന വ്യവസ്ഥ സംബന്ധവും ഉദരസംബന്ധവുമായ രോഗങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കണം.
 • നിരീക്ഷണത്തിലുള്ള ആളുകൾ തങ്ങളുടെ വീട്ടിലെ വളർത്തു മൃഗങ്ങളെ കൈകാര്യം ചെയ്യുന്നത് കഴിവതും ഒഴിവാക്കുക. അഥവാ കൈകാര്യം ചെയ്താൽ മാസ്ക്, ഗ്ലൗസ് തുടങ്ങിയവ ധരിച്ച് മാത്രം അപ്രകാരം ചെയ്യുക.
 • പൊതുജനങ്ങൾ വളർത്തു മൃഗങ്ങളോട് അമിതമായ അടുപ്പം പുലർത്തുന്നതും, കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും ഈ കാലയളവിൽ ഒഴിവാക്കുക.
 • വളർത്തുമൃഗങ്ങളുടെ പാർപ്പിടങ്ങൾ കൂടെക്കൂടെ വൃത്തിയാക്കുകയും, അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കി സൂക്ഷിക്കുകയും ചെയ്യണം.

മേൽപ്പറഞ്ഞ ജാഗ്രത നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടും മുൻകരുതലുകളെടുത്തു കൊണ്ടും കോവിഡ്- 19 എന്ന പകർച്ചവ്യാധിയുടെ പ്രതിരോധത്തിൽ ക്ഷീര കർഷകർക്കും പങ്കാളികളാകാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA