ADVERTISEMENT

പച്ചക്കറി കൃഷി ചെയ്യുന്നതിന്റെ പ്രാധാന്യം മനസിലാക്കി പലരും ഈ കോവിഡ് കാലം പച്ചക്കറിക്കൃഷിക്കായി മാറ്റിവച്ചിട്ടുണ്ട്. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വീട്ടിൽത്തന്നെ ഉൽപാദിപ്പിക്കാൻ കഴിയുന്നത് ഒരു വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ പച്ചക്കറിക്കൃഷിക്ക് സർക്കാരും വലിയ പ്രാധാന്യം നൽകുന്നു. അതിനൊപ്പം ചേർക്കാവുന്ന ഒന്നാണ് അടുക്കളക്കുളം. വീട്ടിലേക്കാവശ്യമായ മത്സ്യം വീട്ടിൽത്തന്നെ ഉൽപാദിപ്പിക്കുന്നതും നല്ലതാണ്. പച്ചക്കറിക്കൃഷിയും മീൻ വളർത്തലും പരസ്പരം ബന്ധിപ്പിച്ച് ചെയ്യാൻ കഴിഞ്ഞാൽ വളപ്രയോഗം കുറയ്ക്കാം. 

മത്സ്യവും പച്ചക്കറികളും ഒരുപോലെ ചെയ്യാൻ കഴിയുന്ന അക്വാപോണിക്സിന് ഇന്ന് പ്രചാരമുണ്ടെങ്കിലും സ്ഥലലഭ്യതയുള്ളവർ വലിയ തുക മുടക്കി അതിലേക്കു തിരിയണമെന്നില്ല. ലഭ്യമായ സ്ഥലത്ത് കൃഷി ചെയ്യുക, ഒപ്പം മത്സ്യക്കൃഷിക്ക് ഒരു കുളവും തയാറാക്കുക. സ്ഥലലഭ്യത അനുസരിച്ച് മാത്രം കുളം തയാറാക്കുക. ഇതിനായി വലയി മുതൽമുടക്കിന്റെ ആവശ്യമില്ല. സീൽപോളിൻ ഷീറ്റോ നൈലോൺ ഷീറ്റോ ഉപയോഗിച്ച് കുളം നിർമിച്ചാൽ മതി. ചെറിയ കുളങ്ങൾക്ക് പരമാവധി നാലടി ആഴം മതിയാകും.

മത്സ്യക്കുളത്തിലെ വെള്ളം പച്ചക്കറികൾ നനയ്ക്കാനായി ഉപയോഗിക്കാം. ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ കുളത്തിന്റെ അടിയിൽനിന്ന് സ്ലറി നീക്കം ചെയ്ത് പച്ചക്കറികൾക്ക് വളമായി നൽകാം. സ്ലറി പമ്പ് ചെയ്തെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കണം. കുളത്തിൽനിന്ന് എടുക്കുന്നതിനനുസരിച്ച് പുതിയ വെള്ളം കുളത്തിലേക്ക് ഒഴിച്ചു കൊടുക്കുകയുമാകാം. 

ജലോപയോഗം പരമാവധി കുറയ്ക്കാൻ കൊല്ലം സ്വദേശി ബിനോയ് ജോൺ സ്വീകരിച്ചിരിക്കുന്ന പച്ചക്കറിക്കൃഷിരീതിയും മാതൃകയാക്കാം. പച്ചക്കറിക്കൃഷിക്ക് റെനോ തിരിനന എന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. 25 ചട്ടിക്ക് ഒരു ചട്ടിയിൽ വെള്ളം ഒഴിച്ച് ഓരോ ചട്ടിയും തമ്മിൽ പൈപ്പ് കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഇതിൽനിന്ന് തിരിയിലൂടെ വെള്ളം കയറ്റുന്നു. സാധാരണ ചട്ടിയിൽ വെള്ളം ഒഴിക്കുമ്പോൾ പുറത്തേക്കു പോയി വെള്ളം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ തിരിനനയിലൂടെ കഴിയും. ചട്ടിയിലേക്കുള്ള വെള്ളം മീൻകുളത്തിൽനിന്നാണ്. അതുകൊണ്ട് മീനിന്റെ കാഷ്ഠം വളമാകുന്നു. ചട്ടികളിൽ തിരിനന ചെയ്യുമ്പോൾ നിലത്തു വളരുന്ന പച്ചക്കറികൾക്കു നൽകുന്നതും മീൻകുളത്തിലെ വെള്ളംതന്നെ. ചീരയും മറ്റു പച്ചക്കറികളും തഴച്ചു വളരുന്നുണ്ട്. തെങ്ങിനു നൽകുന്നതും ഇതേ വെള്ളമാണ്. എടുക്കുന്ന അളവിൽ പുതിയ വെള്ളം കുളത്തിൽ നിറയ്ക്കുന്നതിനാൽ മീനുകളും ഹാപ്പി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com