ADVERTISEMENT

കാട്ടിൽ ജീവിച്ചു വരുന്ന കടുവയും പുലിയും ആനയും കുരങ്ങും മാനും കാട്ടുപോത്തും കാട്ടുപന്നിയുമെല്ലാം നാട്ടിലിറങ്ങി മൃഗങ്ങളെയും, ചിലപ്പോഴൊക്കെ മനുഷ്യരെയും ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതുമെല്ലാം കർഷകരെ സംബന്ധിച്ചിടത്തോളം, അവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങളാണ്. ഇതു തടയാൻ വേണ്ടി സ്വീകരിക്കാവുന്ന പ്രായോഗികമായ മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1) മൃഗങ്ങളുടെ ആവാസവ്യവസ്ഥയായ കാടിനുള്ളിലേക്ക് ഒരു കാരണവശാലും മനുഷ്യരോ അവർ വളർത്തുന്ന മൃഗങ്ങളോ കടന്നു കയറാതിരിക്കുക. വനമേഖലകളിൽ കാലികളെയും, ആടുകളെയുമൊക്കെ മേയ്ക്കുന്നത് അവസാനിപ്പിച്ചാൽ, കടുവയും പുലിയുമെല്ലാം ആടുമാടുകളെ പിടിച്ചു തിന്നുന്നത് കുറെയേറെ കുറയ്ക്കാം.  

2) എല്ലാ വർഷവും, വേനൽക്കാലത്തു വനങ്ങളിൽ പടർന്നു പിടിക്കുന്ന കാട്ടുതീ, വനത്തിനുള്ളിലെ സസ്യ ജീവജാലങ്ങളെ നശിപ്പിക്കുകയും മൃഗങ്ങൾക്ക് അവരുടെ സ്വാഭാവിക തീറ്റ കിട്ടാതിരിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. ഇത് വന്യമൃഗങ്ങൾ, തീറ്റ തേടി ചുറ്റുമുള്ള നാട്ടിലേക്ക് ഇറങ്ങാനുള്ള അവസ്ഥ ഉണ്ടാക്കും. ഇത്തരത്തിൽ കാട്ടുതീ പടർന്നു പിടിക്കുന്നത് തടയാൻ വേണ്ടി വനത്തിനു ചുറ്റും ശീമക്കൊന്ന പോലത്തെ വൃക്ഷവിളകൾ ഉപയോഗിച്ചുള്ള ജൈവവേലി നിർമിക്കുന്നത് നല്ലതാണ്.

3) വനത്തിനുള്ളിലും ചുറ്റുമുള്ള നാട്ടിലും അവലംബിക്കുന്ന കൃഷിരീതി മാറ്റണം. എളുപ്പം ദഹിക്കുന്ന ധാന്യകത്തിന്റെ (soluble carbohydrate) സ്രോതസുകളായ ചക്ക, കപ്പ, മാങ്ങ, നെല്ല് മുതലായവ സസ്യഭുക്കുകളായ ആന, കാട്ടുപന്നി, കുരങ്ങ് എന്നിവരെയെ ആകർഷിക്കുന്നതാണ്. ‘പുന്നെല്ലിന്റെ മണം കിട്ടിയാൽ ആന വരും’ എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. അതിനാൽ, ഇവയൊക്കെ വനത്തിനോട് ചേർന്നുള്ള നാട്ടുപ്രദേശത്തു കൃഷി ചെയ്യാതിരിക്കാം. 

അതേസമയം, വനത്തിനുള്ളിൽ പ്ലാവും മാവും പോലുള്ള ബഹുവിളകൾ കൃഷി ചെയ്യുകയും വേണം. അതിനു വേണ്ടി നിലവിലുള്ള വനത്തിനകത്ത് തേക്ക് യൂക്കാലി എന്നിവയിലേതെങ്കിലുമൊന്ന്  മാത്രമേ കൃഷി ചെയ്യാവൂ എന്ന ഏകവിള നയം മാറ്റി ബഹുവിള നയം നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  

4) കാട്ടുമൃഗങ്ങൾ നാട്ടിലേക്കു കടന്നുവരാതിരിക്കാൻ വേണ്ട തടസങ്ങൾ വനാതിർത്തികളിൽ സൃഷ്ടിക്കുക. ഇത് വെറും ഇരുമ്പു വേലികളായോഇരുമ്പ് കമ്പി വേലികൾ, സൗരോ൪ജ്ജ പാനലുകളുമായോ, നേരിട്ട് വൈദ്യുത  ലൈനിൽ ഘടിപ്പിച്ചുള്ള (വേണ്ട ക്രമീകരങ്ങൾ ചെയ്ത ശേഷം), ചെറു വൈദ്യുത പ്രവാഹമുള്ള വേലികളായോ, ഉപയോഗം കഴിഞ്ഞ റെയിൽ പാളങ്ങൾ ഉപയോഗിച്ചുള്ള വേലികളായോ, ആഴത്തിലുള്ള  കിടങ്ങുകൾ കെട്ടിയുണ്ടാക്കിയോ ചെയ്യാവുന്നതാണ്. 

മൺകിടങ്ങുകൾ ആണെങ്കിൽ ആനകളത് ഇടിച്ചു നികത്തിയെടുക്കും. സൗരോർജ വേലി കൃത്യമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ അതിലൂടെ വൈദ്യുതി പ്രവഹിക്കാതെ വരും. അങ്ങനെ നോക്കുമ്പോൾ റയിൽപ്പാള വേലിയാണ് ചെലവ് കൂടുതലാണെങ്കിലും മികച്ചത്. കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ കണ്ണൂർ ജില്ലയിലെ ആറളം ഫാമിലെ പുനരധിവാസ കേന്ദ്രത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ കുറച്ചു ദൂരം റയിൽപ്പാള വേലി കെട്ടിയതു വളരെ ഫലപ്രദമാണ്. അതുകൊണ്ടുതന്നെ വന്യമൃഗശല്യം രൂക്ഷമായ മറ്റു സ്ഥലങ്ങളിൽക്കൂടി റയിൽപ്പാള വേലി നിർമ്മിക്കണം എന്നാവശ്യപ്പെട്ടു പലേടത്തും നാട്ടുകാർ സമരത്തിലാണ്.

5) വനത്തിനുള്ളിൽ മഴക്കുഴികൾ, ചെറു കുളങ്ങൾ, ചെക്ക് ഡാമുകൾ എന്നിവ നിർമിച്ചുകൊണ്ട് അവയിൽ വെള്ളം സംഭരിച്ചാൽ വന്യ മൃഗങ്ങൾ ദാഹജലം തേടി നാട്ടിലേക്കിറങ്ങുന്നതു തടയാം.

6) ആനയെയും കടുവയേയും പോലത്തെ മൃഗങ്ങളെ മയക്കുവെടി വച്ചു പിടിച്ച് അവയുടെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചതിനു ശേഷം വനത്തിലേക്ക് തുറന്നു വിടുക. ഇത്തരത്തിൽ കോളർ ഘടിപ്പിച്ച മൃഗങ്ങൾ പിന്നീട് നാട്ടിലേക്കിറങ്ങുമ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു സിഗ്നൽ കിട്ടുകയും അതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരോട് ജാഗ്രതയോടെ ഇരിക്കാൻ വേണ്ട സന്ദേശം എസ്എംഎസ്‌ ആയി നൽകുകയും ചെയ്യാനാവുന്നതാണ്.  

7) വനത്തിനോടു ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ തേനീച്ചക്കൃഷി നടത്തിയാൽ ആന വരില്ല. ഒരിക്കൽ വന്ന ആന തേനീച്ചയുടെ കുത്തു കിട്ടിയാൽ പിന്നെ വരാൻ ഭയപ്പെടും.

8) പച്ചക്കറിക്കൃഷി ചെയ്യുമ്പോൾ ചുറ്റിനും ഇഴയകലമുള്ള പ്ലാസ്റ്റിക് അല്ലെങ്കിൽ നൈലോൺ വല കെട്ടിയാൽ കുരങ്ങുകൾ കൃഷി നശിപ്പിക്കുന്നത് തടയാം.

9) പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയുമൊക്കെ ആന പോലുള്ള മൃഗങ്ങളെ തുരത്തിയോടിക്കുന്ന പരമ്പരാഗത രീതിയാണിന്നും അവലംബിക്കുന്നത്. ഇത് ചെലവ് കുറഞ്ഞതും ഒരളവു വരെ ഫലപ്രദമായതുമായ മാർഗം തന്നെയാണെന്നതിൽ സംശയമില്ല. കാരണം, ഉച്ചത്തിലുള്ള ശബ്ദങ്ങൾ ഒരു പരിധി വരെ മൃഗങ്ങളെ ഭയപ്പെടുത്തിക്കളയും എന്നത് സത്യമാണ്. വനത്തിനോട് ചേർന്നുള്ള പ്രദേശത്ത് ഉച്ചത്തിൽ പാട്ടു വയ്ക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.  

10) ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിച്ചു വന്യ മൃഗങ്ങളെ തുരത്തിയോടിക്കുന്ന മറ്റൊരു നൂതന രീതിയാണ് കാർബൈഡ് തോക്കിന്റെ ഉപയോഗം. കാർബണിന്റെയും ലോഹത്തിന്റെയും സംയുക്തമായ കാർബൈഡ് എന്ന രാസവസ്തു അടങ്ങിയ മിശ്രിതം പിവിസി പൈപ്പിനുള്ളിൽ ചെറു വെള്ളാരംകല്ല് കഷണങ്ങൾ, കടലാസ് കഷണങ്ങൾ എന്നിവയോടു ചേർത്ത് നിറച്ച് ഒരു ഗ്യാസ് ലൈറ്റർ ഉപയോഗിച്ച് ചെറു അഗ്നി സ്പുലിംഗം നൽകിയാൽ പൈപ്പിനുള്ളിൽ ചെറു സ്ഫോടനം നടക്കുകയും നല്ല ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. ഇത് കുരങ്ങുകളെ ഓടിക്കാൻ വളരെ ഫലപ്രദമാണ്. ഇപ്പോൾ, ഇരുമ്പ് (ജിഐ) പൈപ്പുകളും ഇത്തരത്തിൽ കാർബൈഡ് തോക്കാക്കി മാറ്റിയെടുക്കുന്നുണ്ട്.

11) ചീഞ്ഞ മത്സ്യം, ഉണക്ക മത്സ്യം, ചീഞ്ഞ മുട്ട, ഹാച്ചറികളിൽനിന്നുള്ള പൊട്ടിയ മുട്ട, മുട്ടത്തോട്, ചത്ത ഭ്രൂണങ്ങൾ, വിരിയാത്ത മുട്ടകൾ എന്നിവയെല്ലാം ചേർന്നുള്ള അവശിഷ്ടം ഇവയൊക്കെ വനത്തോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ വിതറുകയാണെങ്കിൽ മാൻ, കുരങ്ങ് എന്നീ ജീവികൾ, ദുഷിച്ച മണം പേടിച്ചു കൃഷിയിടത്തിലേക്ക് വരാൻ പേടിക്കും. ഇത്തരത്തിലുള്ള ജൈവ വസ്തുക്കൾ മണ്ണിലിട്ടാൽ മണ്ണ് ഫലഭൂയിഷ്ടിയുള്ളതാകുകയും കൂടുതൽ വിളവ് കിട്ടുകയും ചെയ്യുമെങ്കിലും ചുറ്റും വീടുകളുണ്ടെങ്കിൽ അയൽവാസികളുടെ പരാതി വരാതെ നോക്കേണ്ട കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

12) പതുക്കെ കാറ്റിലാടുന്ന വിളക്ക് കൊളുത്തിയിടുകയാണെങ്കിൽ കാട്ടുപന്നിയെയും ഉപയോഗശൂന്യമായ സിഡി(CD)കൾ കെട്ടിത്തൂക്കിയിടുകയാണെങ്കിൽ കൃഷി നശിപ്പിക്കാൻ വരുന്ന പ്രാവുകളെയും തുരത്തിയോടിക്കാം. കാരണം, ഇവയിൽനിന്നുള്ള വെളിച്ചം കണ്ണിലടിക്കുമ്പോൾ ഈ ജീവികൾ ഭയപ്പെട്ടു പിന്മാറും.

13) ഹരിത പ്രോട്ടോക്കോൾ കർശനമായും പാലിക്കുക. വനത്തിനുള്ളിലും പരിസരത്തും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും അവയുടെ അവശിഷ്ടങ്ങൾ വിതറുന്നതും  ജലസ്രോതസുകൾ മലിനമാക്കുന്നതും കർശനമായി തടയുക.

14) മനുഷ്യന്റെ അത്യന്തം ധാർഷ്ട്യം നിറഞ്ഞതും സാമൂഹ്യ വിരുദ്ധവുമായ പ്രവർത്തികൾ (കാട്ടിലേക്ക് ബീഡി, സിഗരറ്റു കുറ്റികൾ വലിച്ചെറിയുക) മൂലമാണ്‌ 99.99% കാട്ടുതീയും ഉണ്ടാകുന്നത്. ഇത്തരക്കാരെ പിടികൂടി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു കർശന ശിക്ഷ നൽകിയാൽ മാത്രമേ ഇതിനൊക്കെ  ഒരറുതിയുണ്ടാവുകയുള്ളൂ.

15) അവസാനമായി, കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതുക. ഉദാഹരണത്തിന്, കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിയെ വെടിവച്ചു കൊല്ലണമെങ്കിൽ പന്നി ഗർഭിണിയല്ല എന്ന വെറ്ററിനറി ഡോക്ടറുടെ സ൪ട്ടിഫിക്കറ്റ് വേണം എന്നതുപോലുള്ള നിയമങ്ങളൊക്കെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com