ഭക്ഷ്യസുരക്ഷയ്ക്ക് മണ്ണിനടിയിലേക്കുകൂടി നോക്കാം!

HIGHLIGHTS
 • നടീൽ സമയം കൃത്യമായി പാലിച്ചു ചെയ്യണം
 • ദ്രുതഗതിയിൽ വംശവർധനയ്ക്ക് മിനി സെറ്റ്
tapioca
SHARE

28,000 ഹെക്ടർ സ്ഥലത്തു പുതുതായി കൃഷിയിറക്കാനൊരുങ്ങി സർക്കാർ. കിഴങ്ങുവിളകൾക്കും പോഷകവിളത്തോട്ടങ്ങൾക്കും മുൻഗണന. കിഴങ്ങുവർഗ വിളകളുടെ കൃഷിരീതി അറിയാം...

ഭക്ഷ്യസുരക്ഷയെക്കുറിച്ച് ചിന്തിക്കുമ്പോൾ മണ്ണിനടിയിലേക്കു നോക്കിയാൽ മതി. വീടിനു പിറകിലും തൊടിയിലും പറമ്പിലും ഒക്കെ കിഴങ്ങുവർഗ വിളകൾ വളരും. വേണമെങ്കിൽ ചാക്കിൽ മണ്ണ് നിറച്ച് ടെറസിലും കിഴങ്ങുവർഗ വിളകൾ കൃഷി ചെയ്യാം. വേനൽ മഴ ലഭിച്ചതിനാൽ മരച്ചീനി, കാച്ചിൽ, ചെറുകിഴങ്ങ്, ചേമ്പ്, മധുരക്കിഴങ്ങ് തുടങ്ങിയവ നടുന്നതിന് യോജിച്ച സമയമാണിത്. 

നടീൽ സമയം

മറ്റു വിളകളെ അപേക്ഷിച്ച് നടീൽ സമയം കൃത്യമായി പാലിച്ചു ചെയ്യേണ്ട വിളകളാണ് കിഴങ്ങു വർഗവിളകൾ. എങ്കിലും വീട്ടുവളപ്പിൽ ഏതു സമയത്തും മരച്ചീനിയും ചേമ്പും കൃഷി ചെയ്യാം. കാച്ചിൽ, ചെറുകിഴങ്ങ്/നനകിഴങ്ങ് തുടങ്ങിയവയാകട്ടെ വേനൽ മഴയത്തു നട്ടു മുളപ്പിച്ചെടുത്താൽ മഴക്കാലത്ത് അനായാസം കിഴങ്ങ് ആയിക്കൊള്ളും. 

വീട്ടുവളപ്പിലാണെങ്കിൽ മറ്റു സീസണുകളിലും കാച്ചിൽ വിളകൾ കൃഷി ചെയ്യാം. മഴക്കാലത്തേക്ക് അനുയോജ്യമായ മറ്റൊരു വിളയാണ് കൂർക്ക. മഴ ഇല്ലെങ്കിൽ നന അത്യാവശ്യവുമാണ്. മധുരക്കിഴങ്ങിന്റെ ഞാറ്റടികൾ ഈ സമയത്ത് തയാറാക്കിയാൽ കാലവർഷത്തിൽ വള്ളികൾ മുറിച്ചു നടാം. ഒക്ടോബറിലും  ജനുവരിയിലും മധുരക്കിഴങ്ങ് കൃഷി ചെയ്യാം.

മികച്ച വിളവിന് ജൈവകൃഷി

ജൈവകൃഷിയോട് നല്ല രീതിയിൽ പ്രതികരിക്കുന്ന വിളകളാണ് കിഴങ്ങു വർഗവിളകൾ. ജൈവരീതിയിൽ ഒരു സെന്റിന് അടിവളമായി 60 കിലോഗ്രാം വീതം കംപോസ്റ്റ്, പച്ചിലവളം എന്നിവയും നാല് കിലോഗ്രാം  വേപ്പിൻ പിണ്ണാക്കും ആവശ്യത്തിന് ചാരവും നൽകാം. 

ദ്രുതഗതിയിൽ വംശവർധനയ്ക്ക് മിനി സെറ്റ്

പ്രാദേശിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ വിത്തായി ഒരു മുഴുവൻ കിഴങ്ങ് ഉപയോഗിക്കുന്നതിനു പകരം ദ്രുതഗതിയിൽ വംശ വർധനയ്ക്ക് മിനി സെറ്റ് സാങ്കേതികവിദ്യ നല്ലതാണ്. മികച്ച ഇനങ്ങളുടെ നടീൽ വസ്തുക്കൾ പരിമിതമായി മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ ഈ സാങ്കേതികവിദ്യ കർഷകർക്ക് അനുഗ്രഹമാകും.

മിനി സെറ്റ് സവിശേഷതകൾ

 • മരച്ചീനിയുടെ ഒരു കമ്പിൽനിന്ന് 60 വരെ തൈകളും കാച്ചിൽ വർഗ വിളകളിൽ ഒരു കിഴങ്ങിൽനിന്നു കുറഞ്ഞത് 10 തൈകൾ വരെയും ഉൽപാദിപ്പിക്കാം.
 • അത്യുൽപാദനശേഷിയുള്ള പുതിയ ഇനങ്ങൾ കൂടുതൽ പേർക്കു ലഭ്യമാക്കാം.
 • മരച്ചീനിയുടെ ഒരു കമ്പിൽനിന്നു രണ്ട് മുട്ടുകൾ വീതമുള്ള ചെറു കഷണങ്ങൾ (മുകൾ ഭാഗത്തുനിന്നും നാല് മുട്ടുകൾ ) നടീൽ വസ്തുക്കളായി ഉപയോഗിക്കാം.
 • 35 ശതമാനം തണൽ ലഭിക്കത്തക്കവിധം ഷെയ്ഡ് നെറ്റുകൾ കെട്ടി മിനി സെറ്റുകൾ മുളപ്പിച്ച് എടുക്കാം 
 • 5 സെന്റിമീറ്റർ താഴ്ചയിൽ നഴ്സറി ബെഡിൽ വാരങ്ങൾ ഉണ്ടാക്കിയാണ് മിനി സെറ്റുകൾ നടേണ്ടത് .
 • 3–4 ഇല പരുവത്തിൽ തൈകൾ ഇളക്കി നടാം .
 • കാച്ചിൽ വർഗ വിളകളിലും മിനി സെറ്റ് രീതി ഫലപ്രദം.
 • കിഴങ്ങുകൾ 5 സെന്റിമീറ്റർ നീളത്തിൽ സിലിണ്ടർ രൂപത്തിൽ മുറിച്ച് വീണ്ടും 30 ഗ്രാം തൂക്കമുള്ള കഷണങ്ങൾ ആക്കുന്നു .
 • തൊലിയോടു കൂടിയ ചെറു കഷണങ്ങൾ മുറിച്ച ഭാഗം മുകളിൽ വരത്തക്കവിധം നഴ്സറിയിൽ നട്ട് മുളപ്പിക്കാം.
 • നാല് – അഞ്ച് ഇല പരുവത്തിൽ തൈകൾ ഇളക്കി നടാം .

സസ്യ സംരക്ഷണ മാർഗങ്ങൾ 

 • മരച്ചീനിയിൽ വെള്ളീച്ച ശല്യം രൂക്ഷമാകുന്നെങ്കിൽ മഞ്ഞക്കെണി ഉപയോഗിക്കാം.
 • കിഴങ്ങുകളുടെ അഴുകൽ രോഗം നിയന്ത്രിക്കുന്നതിനായി അടിവളത്തോടൊപ്പം ട്രൈക്കോഡെർമ ചേർത്തു കൊടുക്കാം.
 • വിത്ത് ചേമ്പുകൾ ട്രൈക്കോഡെർമ ലായനിയിൽ മുക്കി തണലിൽ ഉണക്കി സൂക്ഷിക്കുന്നത് ഇലകരിച്ചിലിനെതിരെ ഫലപ്രദം . 
 • ശൽക കീടങ്ങളുടെ ആക്രമണം ഉണ്ടെങ്കിൽ കാച്ചിൽ, ചേമ്പ് വിത്തുകൾ വേപ്പെണ്ണ – സോപ്പ് ലായനിയിൽ മുക്കിയെടുത്ത് ഉണക്കി നടുന്നത് ഉത്തമം .

പ്രധാന ഇനങ്ങൾ

 • കാച്ചിൽ: ശ്രീ കാർത്തിക, ശ്രീ സ്വാതി, ശ്രീ നീലിമ
 • ആഫ്രിക്കൻ കാച്ചിൽ: ശ്രീ പ്രിയ, ശ്രീ ഹരിത, ശ്രീ ധന്യ ( പടരാത്ത ഇനം), ശ്രീ ശ്വേത ( പടരാത്ത ഇനം)
 • മരച്ചീനി: ശ്രീ രക്ഷ, ശ്രീ സുവർണ, ശ്രീ പവിത്ര
 • മധുരക്കിഴങ്ങ്: ഭൂസോന, ഭൂകൃഷ്ണ

നടീൽ വസ്തുക്കൾ ലഭിക്കാൻ

മികച്ച നടീൽ വസ്തുക്കൾ എവിടെയൊക്കെ ലഭ്യമാണെന്ന് അറിയാൻ തിരുവനന്തപുരം ശ്രീകാര്യം ആസ്ഥാനമായുള്ള കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടാം. ഫോൺ: 0471–2598551‌,52,53,54.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA