ADVERTISEMENT

കൂട്ടുകൃഷി കേരളത്തിന്റെ സംസ്കാരമായിരുന്നു ഒരുകാലത്ത്. വലിയ പാടശേഖരങ്ങളിൽ നൂറുകണക്കിനാളുകൾ ഒന്നിച്ചു കൃഷിയിറക്കി ഒരുപോലെ നേട്ടം കൊയ്യുന്ന കാലമുണ്ടായിരുന്നു. ഞാറ്റിപ്പാട്ടുകൾ അന്നായിരുന്നു നമ്മുടെ വയലേലകളെ താളംപിടിപ്പിച്ചിരുന്നത്. ഇടക്കാലത്ത് കൃഷി നഷ്ടത്തിലായതിന്റെ പേരിൽ പലരും പിന്നോക്കം പോയപ്പോൾ കൂട്ടുകൃഷി മിക്കയിടത്തും അവസാനിച്ചു. കൃഷി ഒരു സംസ്കാരം എന്നതിൽനിന്നുമാറി ലാഭനഷ്ടക്കണക്കു നോക്കുന്ന ഇടമായതോടെയാണ് പലരും കൃഷിഭൂമി തരിശിടാൻ തുടങ്ങിയത്. ആ തരിശുഭൂമിയെല്ലാം മണ്ണിട്ടുനികത്തി കെട്ടിടങ്ങൾ നിർമിച്ചതോടെ കൃഷി പാടെ അന്യം നിന്നു.

എന്നാൽ, ഇപ്പോഴൊരു തിരിച്ചുപോക്കാണ്. ലാഭമല്ല കൃഷിയിടത്തിൽനിന്നു ലഭിക്കുന്നത് ഉണ്ണാനുള്ളതാണെന്നൊരു തിരിച്ചറിവു മലയാളിക്കു വന്നു. പരസ്പര സ്നേഹത്തിൽപോലും ലാഭം നോക്കിയിരുന്ന നമ്മെ കൊറോണക്കാലം പലതും പഠിപ്പിച്ചു. അതിലൊന്നാണ് കൃഷിയിടത്തിലേക്കുള്ള തിരിച്ചുപോക്ക്. 

തരിശുഭൂമിയെല്ലാം കണ്ടെത്തി കൃഷിയിറക്കാനുള്ള ഒരുക്കമാണ് ഇപ്പോൾ എല്ലായിടത്തും കാണുന്നത്. കേരളത്തിലെ രാഷ്ട്രീയ യുവജനസംഘടനകളും സാംസ്കാരിക സംഘടനകളുമൊക്കെ കൂട്ടുകൃഷി ആരംഭിക്കാൻ ഒരുങ്ങുകയാണ്. 

മോണിങ് ഫാം എന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മലപ്പുറം ജില്ലയിൽ തുടങ്ങിയ കൃഷിയുടെ പേര്. മോണിങ് വാക്കിനു പോകുന്നതിനു പകരം കൃഷിയിടത്തിലേക്കു പോകുക. ആരോഗ്യം സംരക്ഷിക്കാമെന്നു മാത്രമല്ല കൃഷിയും ചെയ്യാം. 

തരിശുഭൂമി കണ്ടെത്തി അവിടെയെല്ലാം കൃഷി ചെയ്യുന്ന പദ്ധതിയാണ് യൂത്ത് ലീഗ് പ്രവർത്തകരുടേത്. യൂത്ത് കോൺഗ്രസ്പ്രവർത്തകരും കൃഷിയിടത്തിലേക്കു പുറപ്പെട്ടുകഴിഞ്ഞു.

രാഷ്ട്രീയ യുവ സംഘടനകൾ കൃഷിയിലേക്കിറങ്ങുന്നത് കേരളത്തിലെ യുവാക്കൾക്കെല്ലാം ആവേശം പകരും. ഈ സംഘടനകളെ മാതൃസംഘടനകൾ കൂടി പ്രോത്സാഹിപ്പിച്ചാൽ കേരളത്തിലേക്കു വേണ്ട പച്ചക്കറികളുടെയും കിഴങ്ങുവർഗ്ഗങ്ങളുടെയും പകുതിയെങ്കിലും ഇവിടെ തന്നെ ഉദ്പാദിപ്പിക്കാൻ സാധിക്കും.

കേരളത്തിലെ റസിഡൻസ് അസോസിയേഷനുകളെല്ലാം കൃഷിയിലേക്കിറങ്ങുന്നതാണ് മറ്റൊരു കാഴ്ച. ശരിക്കും പ്രോത്സാഹിപ്പിക്കേണ്ട കാര്യം തന്നെയാണിത്. ഇതുവരെ വാർഷിക ആഘോഷവും ഓണാഘോഷവുമൊക്കെയായി സ്വയമൊരു വൃത്തത്തിൽ ഒതുങ്ങിക്കൂടുകയായിരുന്നു റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ. കേരളത്തിലെ മികച്ച റസിഡൻസ് അസോസിയേഷനു കൃഷിവകുപ്പ് എല്ലാകൊല്ലവും 1 ലക്ഷം രൂപയുടെ പുരസ്കാരം നൽകാറുണ്ട്. എന്നിട്ടുപോലും റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ കൃഷിയിലേക്കു തിരിഞ്ഞുനോക്കാറില്ല. എന്നാൽ, ലോക്ക് ഡൗൺ കാലം അവരെയൊക്കെ കൃഷിയിലേക്കിറങ്ങാൻ പ്രേരിപ്പിച്ചു. ഒരു അസോസിയേഷൻ കൃഷിയിലേക്കിറങ്ങാൽ കുറഞ്ഞത് 50 കുടുംബങ്ങളെങ്കിലും കൃഷി ചെയ്യും. കേരളത്തിലെ മിക്ക നഗരങ്ങളിലും നൂറോളം അസോസിയേഷനുകളുണ്ട്. വലിയൊരു കൃഷി വിപ്ലവം തന്നെയാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. അവരെയൊക്കെ വേണ്ടവിധം പ്രോത്സാഹിപ്പിക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയാൽ വിഷമില്ലാത്ത പ ച്ചക്കറിയെന്ന നമ്മുടെ സ്വപ്നം സഫലകമാകും.

എല്ലാ അസോസിയേഷനുകളും ഒരേ കൃഷി തന്നെ ചെയ്യാതെ, ഓരോ പ്രദേശത്തിനനുയോജ്യമായ കൃഷിക്കാണു പ്രോത്സാഹനം കൊടുക്കേണ്ടത്. സ്ഥലത്തെ കൃഷി ഓഫിസർമാർക്കാണ് ഇക്കാര്യം സംയോജിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com