അയൽക്കാർ പ്രശ്നമാണോ? എങ്ങനെ ഒരു ഫാം വിജയിപ്പിക്കാം? ഡോ. മരിയ ലിസ മാത്യു പറയുന്നു

HIGHLIGHTS
  • ഇവിടെ ലാഭമോ നഷ്ടമോ എന്നതല്ല കാര്യം
  • ഇവിടെ നടത്താൻ കഴിയുമോ ഇല്ലയോ എന്നതാണ്
farm
SHARE

കേരളത്തിൽ മൃഗസംരക്ഷണമേഖലയിലൂടെ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന ഒട്ടേറെ കർഷകരുണ്ട്. എന്നാൽ, പലപ്പോഴും നിയമങ്ങളുടെയും പരാതികളുടെയും പേരിൽ അത്തരം കർഷകരുടെ സ്വപ്നങ്ങളും അധ്വാനവും സമ്പത്തും ഒന്നുമല്ലാതായിപ്പോകുന്ന അവസ്ഥയിലേക്കാണ് എത്താറുള്ളത്. ഈ അടുത്ത ദിവസംതന്നെ അങ്കമാലിയിൽ പ്രവർത്തിക്കുന്ന ഒരു ഡെയറി ഫാം അടച്ചു പൂട്ടാനുള്ള നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ഫാമിന്റെ ഉടമകളിലൊരാളായ കെ. സുരേഷ് പങ്കുവച്ച കുറിപ്പിൽനിന്നുതന്നെ തുടങ്ങാം.

‘രണ്ടു ദിവസം മുൻപ് ഞാൻ ഞങ്ങളുടെ ഫാം ഒരു പ്രതിസന്ധി നേരിടുന്ന കാര്യം എഴുതിയിരുന്നു. പ്രതിസന്ധി മറ്റൊന്നുമല്ല, അങ്കമാലിക്കടുത്ത് എട്ടു മാസം മുമ്പ് തുടങ്ങിയ, കേരളാ പഞ്ചായത്ത് രാജ് ഫാം ലൈസൻസ് ചട്ടങ്ങൾ പ്രകാരം എല്ലാവിധ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും പ്രവർത്തനം തുടങ്ങുന്നതിനു മുമ്പു തന്നെ ഏർപ്പെടുത്തിയ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമങ്ങൾ പ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ച, കെട്ടിട നിർമാണ ചട്ടങ്ങൾ പാലിച്ച, ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ അനുമതി എന്നിവയുള്ള, ഞങ്ങളുടെ ഫാം ഈ ലോക് ഡൗൺ കാലത്ത് ശാശ്വതമായി അടച്ചുപൂട്ടാനുള്ള നോട്ടീസ് പഞ്ചായത്ത് നൽകിയിരിക്കുകയാണ്. ഈ ഫാമിന്റെ ലൈസൻസിനുള്ള അപേക്ഷ എട്ടു മാസം മുമ്പ് ഫാം തുടങ്ങിയപ്പോൾ തന്നെ പഞ്ചായത്തിൽ സമർപ്പിച്ചതാണ്. ഓരോരോ കാരണങ്ങൾ പറഞ്ഞ് അനുമതി വൈകിപ്പിക്കുകയും അവസാനം ഫാമിനെതിരെ ആരോ പരാതി നൽകി എന്ന കാരണം പറഞ്ഞു പൂട്ടാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. ഞങ്ങളുടെ ഫാം മൂലം പരിസരവാസികളുടെ ജീവനു ഭീഷണി നേരിടുകയാണ് എന്നൊരു പരാതി പഞ്ചായത്തിനു ലഭിച്ചു പോലും.

വളരെ വിചിത്രമായ കാരണങ്ങളാണ് പഞ്ചായത്ത് നൽകിയ നോട്ടീസിൽ പറയുന്നത്. ഫാം തുടങ്ങിയപ്പോൾ തന്നെ ഈ ഫാമിൽ മലിനീകരണ നിയന്ത്രണത്തിനായി ഏർപ്പെടുത്തിയ ബയോഗ്യാസ് പ്ലാന്റ് അടക്കമുള്ള സൗകര്യങ്ങളുടെ വിവരങ്ങളും വിശദമായ സ്കെച്ചും ഉൾപ്പെടെ എല്ലാ രേഖകളും സമർപ്പിച്ചിട്ടും ഒരു പരിശോധന പോലും നടത്താതെ സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നു. ഒരേക്കർ ഭൂമിയിൽ നൂറു പശുക്കളെ വളർത്താനുള്ള അനുമതി ലഭിക്കും എന്ന് ചട്ടങ്ങളിൽ പറയുന്നുണ്ടെങ്കിലും അഞ്ചേക്കർ സ്ഥലത്ത് എൺപതു പശുക്കളെ വളർത്താനുള്ള അനുമതിക്കാണ് ഞങ്ങൾ അപേക്ഷിച്ചത്. അപേക്ഷ നൽകുമ്പോൾ വെറും ഒൻപതു പശുക്കൾ മാത്രമാണ് ഫാമിൽ ഉണ്ടായിരുന്നത്, ഇപ്പോൾ പ്രതിദിനം 350 ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന, 56 മൃഗങ്ങളുള്ള ഒരു ഫാമായി ഇതു വളർന്നിരിക്കുന്നു. ലാഭകരമായി പ്രവർത്തിച്ചിരുന്ന ഒരു സംരംഭമായിരുന്നു ഇത്. അതുകൊണ്ടു തന്നെ ശുഭപ്രതീക്ഷയോടെയാണ് ഞങ്ങളോരോരുത്തരും ഇതിനായി പരിശ്രമിച്ചത്. മൊത്തത്തിൽ ഒരു കോടിയോളം രൂപ ചെലവിട്ടാണ് ഏറ്റവും ആധുനികമായ രീതിയിൽ ഈ ഫാം നിർമിച്ചിട്ടുള്ളത്. പക്ഷേ, അതൊന്നും പരിശോധിക്കേണ്ട കാര്യം പഞ്ചായത്തിനില്ല, നിങ്ങൾക്കെതിരെ ആരെങ്കിലും പരാതി തന്നാൽ ഇടം വലം നോക്കാതെ പൂട്ടിച്ചിരിക്കും എന്നാണ് പഞ്ചായത്തിന്റെ നിലപാട്.

സത്യത്തിൽ ഇപ്പോഴും അമ്പരപ്പാണ്. കേരളത്തിലെ ഓരോരുത്തരും ഇനി അൽപ്പമെങ്കിലും കൃഷി ചെയ്യണം എന്ന സർക്കാരിന്റെ ആഹ്വാനം ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്. അതു കേട്ട് തിരിഞ്ഞു നോക്കുമ്പോൾ കയ്യിൽ കിട്ടിയത് ഞങ്ങളുടെ സംരംഭം ആരംഭത്തിൽ തന്നെ കുഴിച്ചു മൂടാനുള്ള നോട്ടീസാണ്.

മനുഷ്യ യുക്തിക്കു നിരക്കാത്ത കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് ഈ അടച്ചുപൂട്ടൽ നോട്ടീസ് ലഭിച്ചിട്ടുള്ളത് എന്നതുകൊണ്ട് തന്നെ ഞങ്ങൾ ഇതിനെതിരെ നിയമ നടപടികൾക്കായി ഒരുങ്ങുകയാണ്. അല്ലാതെ വേറെ വഴിയില്ല. ഈ ലോക്ക് ഡൌൺ കാലത്തുതന്നെ ഈ നോട്ടീസ് നൽകിയത് മനപ്പൂർവമാണെന്നു കരുതുന്നു. കാരണം ഞങ്ങൾക്ക് ഇതിനെതിരെ പരാതിപ്പെടാനോ അപ്പീലിന് പോകാനോ അധികം അവസരങ്ങൾ ഈ ലോക്ക് ഡൗൺ സമയത്ത് ലഭിക്കില്ല.

കോവിഡ് പ്രതിസന്ധിയിൽ കേരളം ഉഴലുന്ന ഈ കാലത്ത് തുടക്കം മുതലേ തന്നെ കുത്തിത്തിരിപ്പുകളുമായി ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്ന ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ പ്രാദേശിക നേതാവാണ് ഈ പൂട്ടിക്കൽ കർമത്തിനും പിന്നിലെന്നത് യാദൃച്ഛികമെങ്കിലും ആലോചനാമൃതമാണ്.

കേരളത്തിൽ ഒരു ഡയറി ഫാം തുടങ്ങിയാൽ വിജയിക്കുമോ എന്ന് പലരും എന്നോടു ചോദിച്ചിട്ടുണ്ട്. തീർച്ചയായും വിജയിക്കും എന്നാണ് എന്റെ മറുപടി. കേരളത്തിൽ പാലിന് ആവശ്യക്കാരുണ്ട്, പാലിന് വിലയുമുണ്ട്. നന്നായി നടത്തിയാൽ തീർച്ചയായും വിജയമാണ്. ഞങ്ങളുടെ അനുഭവവും അതാണ്. പക്ഷേ ഇവിടെ ലാഭമോ നഷ്ടമോ എന്നതല്ല കാര്യം. നിങ്ങൾക്കത് ഇവിടെ നടത്താൻ കഴിയുമോ ഇല്ലയോ എന്നതാണ്.

ഈ വിഷയത്തിൽ കുറെ അധികം കാര്യങ്ങൾ പറയാനുണ്ട്. ഒരു സംരംഭകൻ കടന്നു പോകേണ്ടിവരുന്ന കഠിന പരീക്ഷണങ്ങളെപ്പറ്റി തീർച്ചയായും പറയുകതന്നെ ചെയ്യും. പക്ഷെ ഇപ്പോൾ സമയമില്ല. നിയമ വിധേയമായി ഒരു തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവകാശത്തിനായി കോടതി കയറുന്ന തിരക്കിലാണ്.’

ഇതാണ് ഇന്നത്തെ കേരളത്തിലെ കാർഷിക സംരംഭങ്ങളുടെ അവസ്ഥ. രാഷ്ട്രീയക്കാർ, അയൽവാസികൾ തുടങ്ങിയവരൊക്കെ ഓരോ സംരംഭകനെയും ഒരു കറവപ്പശുവായാണ് കണക്കാക്കുക. തങ്ങൾക്ക് അവരിൽനിന്ന് എന്തെങ്കിലും കിട്ടുമോ എന്നാണ് അവർ ശ്രമിക്കുക. അതിനു വിസമ്മതിച്ചാലോ... നിയമത്തിന്റെ കുരുക്കെടുത്ത് ആ കർഷകന്റെയും ഫാമിന്റെയും മേലേക്കിടും. ഇങ്ങനെ ഒട്ടേറെപ്പേർക്ക് തങ്ങളുടെ ഫാം അടച്ചുപൂട്ടേണ്ടിവന്നിട്ടുണ്ട്. ഒരു ഫാം തുടങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും എങ്ങനെയൊക്കെ മുന്നോട്ടുപോയാൽ മാത്രമാണ് നല്ല രീതിയിൽ ഫാം നടത്താൻ കഴിയൂ എന്നും ഡോ. മരിയ ലിസ മാത്യു പറയുന്നു. വിഡിയോ കാണാം.

English summary: arm License Problems in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA