ADVERTISEMENT

ജൈവ രീതിയിൽ ഏലം കൃഷി സാധ്യമല്ല എന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എന്നാൽ, ജിജോ തോമസ് എന്ന ചെറുപ്പക്കാരൻ അങ്ങനല്ല. കോട്ടയം പാമ്പാടി സ്വദേശിയാണെങ്കിലും കൃഷി ചെയ്യുന്നത് നെടുങ്കണ്ടത്താണ്. കൃഷിയിൽ ഒരു പരിചയവുമില്ലാതെ അവിചാരിതമായി എത്തിപ്പെട്ടയാളാണ് ജിജോ. അതുകൊണ്ടുതന്നെ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ പല അറിവുകളുംവച്ച് തുടങ്ങിയ കൃഷി ഇന്ന് വളരെ ലാഭകരമായി പ്രകൃതിയെയും മനുഷ്യനെയും ദ്രോഹിക്കാതെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു. പാരമ്പര്യ കർഷകർ ഏറ്റെടുക്കാൻ തയാറാവാത്ത പല വെല്ലുവിളികളും പുതിയ കർഷകർ ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്നു എന്നത് കൃഷിയിലെ വലിയ മാറ്റത്തിന്റെ തുടക്കമാണ്.

കൃഷിയിൽ വ്യക്തമായ കാഴ്ചപ്പാടും ചിട്ടവട്ടങ്ങളും നിലപാടുകളുമുള്ള വ്യക്തിയാണ് ജിജോ. അതുകൊണ്ടുതന്നെ തന്റെ തോട്ടത്തിൽ അദ്ദേഹം ചില നയങ്ങൾ സ്വീകരിച്ചിട്ടുണ്ട്.

വിഷം ഉപയോഗിക്കില്ല

സാധാരണ ഏത്തോട്ടങ്ങളിൽ തണ്ടുതുരപ്പൻ, ഫംഗൽ ഇൻഫെക്ഷൻ (ചൊറി) എന്നിവയിൽനിന്ന് ചെടിയെ സംരക്ഷിക്കാൻ 20- 30 ദിവസങ്ങളുടെ ഇടവേളകളിൽ രാസകീടനാശിനികൾ തളിക്കാറുണ്ട്. അതും പല കീടനാശിനികൾ പല അളവുകളിലാണ് അടിക്കുന്നത്. ഈ രീതി തുടർന്നാൽ അടുത്ത ‘എൻഡോസൾഫാൻ’ മേഖലയായി ഏലം കൃഷി ചെയ്യുന്ന പ്രദേശങ്ങൾ മാറും എന്നാണ് ജിജോയുടെ വാദം. വർധിച്ചുവരുന്ന കാൻസർ രോഗികളുടെ എണ്ണം പ്രത്യേകിച്ചു കുട്ടികൾക്കിടയിലെ വർധന ഒരു പ്രധാന തെളിവാണ്. അതുകൊണ്ടുതന്നെ കൃഷി നശിച്ചാലും വിഷം തന്റെ ഭൂമിയിൽ ഉപയോഗിക്കില്ല എന്നാണ് ജിജോ പറയുന്നത്. ഈ വർഷം തന്റെ ഏലം സ്പൈസസ് ബോർഡിൽ ടെസ്റ്റ് ചെയ്തു ബ്രാൻഡ് ചെയ്യാനുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണ് അദ്ദേഹം.

ജൈവവളം ഏലത്തിലുണ്ടാക്കിയ മാറ്റം

അമിതമായ രാസവളപ്രയോഗമാണ് രാസകീടനാശിനി ഉപയോഗത്തിലേക്കു കർഷകനെ തള്ളിവിട്ടത് എന്നാണ് ജിജോയുടെ കണ്ടെത്തൽ. തന്റെ കയ്യിലേക്ക് ഏലത്തോട്ടം കിട്ടുമ്പോൾ ആ തോട്ടത്തിന്റെ അവസ്ഥ വളരെ ശോചനീയമായിരുന്നു എന്ന് ജിജോ പറയുന്നു. അത് വിട്ടുകളയാൻ പലരും പറഞ്ഞിരുന്നു. എന്തും വരട്ടെ എന്നു കരുതിത്തന്നെയാണ് കൃഷി ഏറ്റെടുത്തത്. ഒരു ആവേശത്തിലാണ് ജൈവ രീതി പ്രയോഗിച്ച് തുടങ്ങിയതുതന്നെ. എന്നാൽ, താൻ പ്രതീക്ഷിച്ചതിനേക്കാളും വേഗത്തിൽ ചെടി കരുത്തു വയ്ക്കാനും തണ്ടുതുരപ്പന്റ ആക്രമണം കുറയാനും ഈ വളപ്രയോഗം കൊണ്ട് സാധിച്ചുവെന്നും ജിജോ പറയുന്നു.

രാസവളം ഉപയോഗിക്കുന്ന ഏലത്തോട്ടത്തിലെ ചെടികളെക്കാൾ ഫൈബർ ടിഷ്യൂസിന് കരുത്തു നൽകുന്നതു ജൈവവളങ്ങളാണ്. അതുകൊണ്ടു തന്നെ കീടങ്ങളും രോഗങ്ങളും 80 ശതമാനം കുറയുന്നു.  മാത്രമല്ല ജൈവ കീടനാശിനി പോലും 40 ദിവസത്തെ ഇടവേളകളിൽ തളിച്ചാൽ മതി. കൂടാതെ 4.600 കിലോഗ്രാം പച്ചക്കായയിൽനിന്ന് 1 കിലോഗ്രാം ഉണക്കക്കായ എന്ന തോതിൽ വരെ ലഭിക്കുകയും ചെയ്യുന്നു. പച്ചിലവളങ്ങളും ജീവാമൃത കൂട്ടുകളും തണ്ടുതുരപ്പനെ പ്രതിരോധിക്കാനുള്ള കീടനാശിനിയും ഒക്കെ സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കുന്നയാളാണ് ജിജോ. കൂടാതെ പുതിയ ജൈവ കീടനാശിനികളും ഉപയോഗിക്കുന്നു.

ഏലത്തിന്റെ കണക്കും ജൈവകർഷകരുടെ പരാജയവും

1 ഏക്കർ ഏലം കൃഷി ചെയ്യാൻ ഏകദേശം 2 ലക്ഷം രൂപ ഒരു വർഷം ചെലവു വരുന്നുണ്ട്. ശരാശരി 500 ചെടികളാണ് ഒരേക്കറിൽ കൃഷി ചെയ്യുന്നത്. അങ്ങനെ നോക്കിയാൽ ഒരു ചെടിക്ക് 400 രൂപ. ഒരു വർഷം ഒരു ചെടിയിൽനിന്നു കുറഞ്ഞത് 1 കിലോഗ്രാം ഉണക്ക കായ ലഭിക്കും. 1000 രൂപ ലഭിച്ചാൽപ്പോലും ചെലവു കഴിഞ്ഞ് 600 രൂപ ഒരു ചെടിയിൽനിന്നുള്ള ലാഭം (500 X600). ഏറ്റവും കുറഞ്ഞ കണക്കാണിത്. വില ഉയരുന്ന സമയങ്ങളുമുണ്ട്. ഇത്രയും ലാഭമുള്ള കൃഷി വേറെ ഉണ്ടോ? 

ഇനി ജൈവ രീതിയിൽ കൃഷി ചെയ്യുന്നവരോട് മറ്റുള്ള കൃഷിക്കാരുടെ ചോദ്യം എന്തുവില കിട്ടി എന്നുള്ളതാണ്. അങ്ങനെ ചോദിക്കുന്നവരോട് ജിജോയ്ക്ക് പറയാനുള്ളതു ലാഭം അൽപം കുറഞ്ഞാലും ജീവിതം കളയാനില്ല എന്നാണ്. എങ്കിലും ലോക്ക് ഡൗണിൽപ്പെട്ട് ലേലം നിർത്തിയ ഈ സമയത്ത് 1500 രൂപ കൈവിലയ്ക്കു മറ്റുള്ളവർ ഏലക്ക വിറ്റപ്പോൾ ജിജോയുടെ ഏലക്ക വിറ്റുപോയത് 2250 രൂപയ്ക്കാണ്. ഏലം ടെസ്റ്റ് ചെയ്ത് ക്വാളിറ്റി മനസിലാക്കിയ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഉൽപന്നം വാങ്ങിയത്. 

തന്റെ തീരുമാനവും പ്രവർത്തനവും ശരിയായ ദിശയിലാണെന്നാണ് ഈ ഏലക്കർഷകൻ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്നത്. ഇപ്പോൾ ചെയ്യുന്ന സ്ഥലം കൂടാതെ കൂടുതൽ സ്ഥലം പാട്ടത്തിനെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കർഷകൻ. സ്വന്തമായ ബ്രാൻഡിൽ വിഷരഹിതം എന്ന ടെസ്റ്റ് റിസൾട്ടോടു കൂടി ഏലക്ക വിപണിയിൽ ഇറക്കാനുള്ള തയ്യാറെടുപ്പുകളും നടത്തുന്നു.

ജിജോ: 9961019448

English summary: Importance of Organic Cardamom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com