ഡെയറി ഫാം തുടങ്ങാന്‍ ആഗ്രഹമുണ്ടോ? എന്തൊക്കെ ശ്രദ്ധിക്കണം?

HIGHLIGHTS
  • പഠിച്ചിറങ്ങണം പശുവളർത്താൻ
  • തീറ്റപ്പുൽകൃഷിയുണ്ടെങ്കിൽ തളിർക്കും ഇല്ലെങ്കിൽ തളരും
cow-calf
SHARE

‘എടാ, ഇപ്പോൾ നമുക്ക് രണ്ട് പശുക്കളല്ലേ, അതു നാലായി, പത്തായി, അൻപതായി, നൂറായി, ആയിരമായി... നമുക്കു നല്ലൊരു വീട് കെട്ടണം, കാറു വാങ്ങണം, ഫ്രിഡ്‌ജ്, എസി, ടിവി, വിസിആർ... നമുക്കങ്ങ് സുഖിക്കണം... അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തൊരു സുഖം... ഐശ്യര്യത്തിന്റെ സൈറൺ മുഴങ്ങുന്നതു പോലെ...’ രണ്ടു പശുക്കളെ വാങ്ങി സ്വപ്നങ്ങൾ ഒരുപാട് നെയ്തുകൂട്ടിയ നാടോടിക്കാറ്റ് സിനിമയിലെ ദാസനെയും വിജയനെയും മലയാളികൾ ഒരു കാലത്തും മറക്കാനിടയില്ല. അവരുടെ സ്വപ്നങ്ങൾക്കു പിന്നീട് എന്ത് സംഭവിച്ചു എന്നതോർക്കുമ്പോൾ സിനിമ കണ്ടവരിൽ ഇന്നും ചിരിപൊട്ടും. പറഞ്ഞു വരുന്നത് സിനിമയുടെ കഥയല്ല പശുവളർത്തലിനെക്കുറിച്ചു തന്നെയാണ്.

ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ക്ഷീരമേഖലയിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്ന പുതുസംരംഭകർ ഇന്നു കേരളത്തിൽ ഏറെയുണ്ട്. അതില്‍ യുവാക്കളും പ്രൊഫഷണലുകളും വിരമിച്ച ജീവനക്കാരും പ്രവാസജീവിതം അവസാനിപ്പിച്ചെത്തിയവരുമെല്ലാം ഉൾപ്പെടും. കേരളത്തിൽ പാലിനും പാലുൽപന്നങ്ങൾക്കുമുള്ള സുനിശ്ചിതമായ വിപണി, ക്ഷീരസംരംഭകർക്ക് കൈതാങ്ങായി സംസ്ഥാനത്തെങ്ങും വിപുലമായി പ്രവർത്തിക്കുന്ന ക്ഷീരസഹകരണ സംഘങ്ങൾ, പാലും പാലുൽപന്നങ്ങളും വിറ്റഴിക്കാനുള്ള എളുപ്പം, വര്‍ഷം മുഴുവനും മുടക്കമില്ലാതെ കിട്ടുന്ന ആദായം, നല്ലയിനം പശുക്കള്‍ക്കും കിടാരികൾക്കും കാളക്കുട്ടന്മാര്‍ക്കും എന്തിന് ചാണകത്തിനു വരെയുള്ള വിപണിസാധ്യത, സർക്കാർ തലത്തിലുള്ള നിരവധി ധനസഹായ പദ്ധതികൾ തുടങ്ങിയ സാധ്യതകളെല്ലാം പുതുസംരംഭകരെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

കൃഷിയോടും പശുക്കളോടുമുള്ള ഇഷ്ടവും ആത്മാര്‍ഥമായി അധ്വാനിക്കാനുള്ള സന്നദ്ധതയും ക്ഷീരമേഖലയെക്കുറിച്ചുള്ള അടിസ്ഥാന പരിജ്ഞാനവുമുള്ള ആര്‍ക്കും ഈ മേഖലയിലേക്ക് കടന്നുവരാനാവുന്നതും സ്വയംതൊഴില്‍ കണ്ടെത്താവുന്നതുമാണ്. എന്നാല്‍, ശ്രദ്ധയും മുന്നൊരുക്കവും അല്‍പ്പം പിഴച്ചാല്‍ സംരംഭകനു വലിയ നഷ്ടം വരുത്തിവയ്ക്കുന്ന മേഖലകൂടിയാണ് ക്ഷീരമേഖല. കൃത്യമായ മുന്നൊരുക്കങ്ങളോടെ ക്ഷീരസംരംഭം തുടങ്ങി വിജയകരമായി മുന്നോട്ടുപോകുന്ന സംരംഭകര്‍ മാത്രമല്ല, പലകാരണങ്ങളാല്‍ പാതിവഴിയില്‍ പ്രവര്‍ത്തനം നിലച്ചുപോയ നിരവധി ക്ഷീരസംരംഭങ്ങളും കേരളത്തിലുണ്ട്. ആ സംരംഭങ്ങൾ പരാജയപ്പെടാനുണ്ടായ കാരണങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം പുതിയ സംരംഭകര്‍ തങ്ങളുടെ ഡെയറി ഫാം ചിട്ടപ്പെടുത്തേണ്ടത്. ക്ഷീരമേഖലയില്‍ വിജയം നേടാന്‍ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ചില വിജയപാഠങ്ങളിതാ.

പഠിച്ചിറങ്ങണം പശുവളർത്താൻ

മറ്റേതു മൃഗസംരക്ഷണ സംരംഭങ്ങളിൽനിന്നും വിഭിന്നമായി പരിപാലനത്തെക്കുറിച്ചും വിപണിയെപ്പറ്റിയുമെല്ലാം കുറച്ചധികം ശാസ്ത്രീയപരിജ്ഞാനം ആവശ്യമുള്ള മേഖലയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള പശുവളർത്തൽ. ക്ഷീരസംരംഭകന്‍റെ കൈമുതല്‍ എന്നത് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന പണമോ സാങ്കേതിക സൗകര്യങ്ങളോ തൊഴിലാളി ലഭ്യതയോ മാത്രമല്ല ഈ മേഖലയെപ്പറ്റിയുള്ള പരിജ്ഞാനവും പ്രായോഗിക അറിവുകളും കൂടിയാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള പശുവളര്‍ത്തലിന്‍റെ പ്രാഥമികപാഠങ്ങള്‍ മനസിലാക്കാതെ ഡയറി ഫാം നടത്താനിറങ്ങിയാല്‍ സാമ്പത്തികനഷ്ടവും സമയനഷ്ടവും തൊഴില്‍നഷ്ടവും മാത്രമായിരിക്കും ഒടുവില്‍ മിച്ചം. 

മുമ്പ് പശുക്കളെ വളര്‍ത്തിയിരുന്നവര്‍ക്കും ഫാമുകളില്‍ ജോലി ചെയ്തവര്‍ക്കും അവരുടെ മുന്‍പരിചയം സംരംഭം തുടങ്ങാൻ മുതല്‍ക്കൂട്ടാവും. അതല്ലാത്തവര്‍ക്ക് പഠനക്ലാസുകളില്‍ പങ്കെടുത്തും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ സന്ദര്‍ശിച്ചും പരിചയസമ്പന്നരായ ക്ഷീരസംരംഭകരുമായി സംവദിച്ചും അറിവുകളും പ്രായോഗിക പരിജ്ഞാനവും ആര്‍ജിക്കാം. അറിവുകൾക്കും അനുഭവങ്ങൾക്കുമായി സമീപിക്കുമ്പോൾ വിജയിച്ച സംരംഭകരെ മാത്രമല്ല ക്ഷീരസംരംഭം പരാജയത്തിൽ കലാശിച്ച് പശുവളർത്തൽ അവസാനിപ്പിച്ച കർഷകരുമായും സംവദിക്കാൻ മടിക്കണ്ട. യുട്യൂബ്, ഫെയ്സ്ബുക് തുടങ്ങിയ പുത്തൻ മാധ്യമങ്ങളെ അറിവുകൾ നേടാൻ ഉപയോഗപ്പെടുത്താമെങ്കിലും നവമാധ്യമങ്ങളിൽ വന്നുനിറയുന്ന നിറം ചാർത്തിയ വിജയകഥകൾ  കണ്ടതിന്‍റെ മാത്രം ആത്മവിശ്വാസത്തിൽ പശുവളർത്താൻ ഇറങ്ങിയാൽ നഷ്ടം മാത്രമായിരിക്കും മിച്ചം.

മില്‍മയും ക്ഷീരവികസന വകുപ്പും ക്ഷീരപരിശീലന കേന്ദ്രങ്ങള്‍ വഴിയും മൃഗസംരക്ഷണ വകുപ്പ് ലൈവ്സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിങ് സെന്ററുകൾ വഴിയും ക്ഷീരസംരംഭകർക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. ക്ഷീര വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് ആറു പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പാലുൽപാദനം, ഗുണമേന്മാവർധന, വിപണനം, ഉൽപന്ന സംസ്കരണം, തീറ്റപ്പുൽ  കൃഷി, കന്നുകാലി പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം ലഭ്യമാവും. ഈ മേഖലയിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ ക്ഷീരമേഖലയിൽ ഏർപ്പെടുന്നവർക്കും തൊഴിൽ സംരംഭകർക്കും ഈ പരിശീലന സേവനം പ്രയോജനപ്പെടുത്താം. പരിശീലനത്തിൽ  പങ്കെടുക്കുന്നവർക്ക് ഭക്ഷണവും ദിനബത്തയും യാത്രാബത്തയും ലഭിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പത്തു പരിശീലന കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇതു കൂടാതെ മിൽമ, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ, വെറ്ററിനറി സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളും ക്ഷീര മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.

മുന്‍പരിചയമില്ലാത്തവര്‍ ഡയറി ഫാം ആരംഭിക്കുമ്പോള്‍ ചെറിയ രീതിയില്‍ ആരംഭിക്കുന്നതാണ് അഭികാമ്യം. ഇരുപത്തിയഞ്ചും മുപ്പതും  ലീറ്റര്‍ പ്രതിദിന കറവയുള്ള അത്യുല്‍പാദനശേഷിയുള്ള പശുക്കളെ ഉൾപ്പെടുത്തി ഫാമിനു തുടക്കമിടുന്നതിന് പകരം പ്രതിദിനം പരമാവധി പത്തു ലീറ്റര്‍ വരെ കറവയുള്ള ഇടത്തരം പശുക്കളെ ഉള്‍പ്പെടുത്തി ഫാം ആരംഭിക്കുന്നതാണ് പുതിയ സംരംഭകര്‍ക്ക് ഉത്തമം. മതിയായ പ്രാഥമിക പരിജ്ഞാനം നേടാനും പോരായ്മകളുണ്ടെങ്കില്‍ തിരുത്തി മുന്നേറാനും ഈ രീതി തുണയ്ക്കും. ക്രമേണ ഉൽപാദനമികവേറിയ പശുക്കളെ ഉള്‍പ്പെടുത്തി ഫാം വിപുലീകരിക്കാം.

തീറ്റപ്പുൽകൃഷിയുണ്ടെങ്കിൽ തളിർക്കും ഇല്ലെങ്കിൽ തളരും

ക്ഷീരസംരംഭത്തിന്‍റെ നട്ടെല്ലെന്നത് തീറ്റപ്പുല്‍കൃഷിയാണ്. തീറ്റപ്പുല്ലിന്‍റെ ഇടതടവില്ലാത്ത ലഭ്യതയും മേന്മയുമെല്ലാം പാലുൽപാദനത്തില്‍ പ്രതിഫലിക്കും എന്ന് മാത്രമല്ല ആവശ്യമായത്ര തീറ്റപ്പുല്‍കൃഷി സ്വന്തമായുണ്ടെങ്കില്‍ കാലിതീറ്റയുടെ അധികച്ചെലവ് കുറയ്ക്കുകയും ചെയ്യാം. ഫാം നടത്താൻ ഒരു ദിവസം വേണ്ടി വരുന്ന ചെലവിൽ 70 ശതമാനവും കാലിതീറ്റയ്ക്ക് വേണ്ടിയാണെന്ന കാര്യം ഓർക്കണം. 

ക്ഷീരസംരംഭം പ്രവര്‍ത്തനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നതിനു മൂന്ന് മാസം മുമ്പു തന്നെ കൃഷിസ്ഥലം ഒരുക്കി പുല്‍കൃഷി ആരംഭിക്കുക എന്നതാണ് ഒരു ക്ഷീരസംരംഭകന്‍ പൂര്‍ത്തിയാക്കേണ്ട ആദ്യ ദൗത്യം. ഒരു പശുവിനു ദിവസം 25-30 കിലോഗ്രാം എന്ന അളവില്‍ വര്‍ഷം മുഴുവന്‍ തീറ്റപ്പുല്ല് ഉറപ്പാക്കണമെങ്കില്‍ ചുരുങ്ങിയത് 10 സെന്‍റ് സ്ഥലത്ത് പുല്‍കൃഷി ഒരുക്കണം. നീർവാർച്ചയുള്ള മണ്ണാണ് പുൽകൃഷിക്ക് ഉത്തമം. ഫാമിലെ ചാണകം, മൂത്രം, സ്ലറി എന്നിവയെല്ലാം തീറ്റപ്പുല്ലിനു വളമാക്കാം. കോയമ്പത്തൂർ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സങ്കര നേപ്പിയർ പുല്ലിനങ്ങളായ സിഒ 3, സിഒ 4, സിഒ 5 തുടങ്ങിയവയും തായ്‌ലൻഡിൽനിന്നെത്തിയ സൂപ്പർ നേപ്പിയറും തീറ്റപ്പുൽ കൃഷിക്ക് ഉത്തമ വിളകളാണ്.

നേപ്പിയർ പുല്ലിന്റെ നടീൽ വസ്തുക്കളായി രണ്ടു മുട്ടുകളുള്ള തണ്ടോ വേരുപിടിപ്പിച്ച ചിനപ്പുകളോ ഉപയോഗിക്കാം. നടീലിന് മുന്നോടിയായി ഉഴുതുമറിച്ച് പാകപ്പെടുത്തിയ കൃഷിയിടത്തിൽ 75 സെന്‍റീമീറ്റർ അകലത്തിൽ 15 സെന്‍റീമീറ്റർ വീതിയിലും 20 സെന്‍റീമീറ്റർ താഴ്ചയിലും ചാലുകളെടുക്കണം. ഈ ചാലുകളിൽ അടിവളം ചേർത്ത് മണ്ണിട്ടു മൂടി. 15 സെന്‍റീമീറ്റർ ഉയരത്തിൽ വരമ്പുകളാക്കി മാറ്റണം. ഈ വരമ്പുകളിൽ 60 - 75 സെന്‍റിമീറ്റർ അകലത്തിൽ തണ്ടുകൾ നടാം. 50 മുതൽ 75 സെന്റീമീറ്റർ വരെ അകലത്തിൽ ചെറിയ കുഴികളെടുത്ത് അതിൽ അടിവളം ചേർത്ത് മണ്ണിട്ടു മൂടിയതിനുശേഷവും തണ്ടുകളും ചിനപ്പുകളും നടാവുന്നതാണ്. ഓരോ കുഴിയിലും ഒന്നോ രണ്ടോ ചിനപ്പുകൾ നടാം. ഒരു സെന്റ് സ്ഥലത്ത് നൂറെണ്ണം വരെ തണ്ടുകൾ നടാവുന്നതാണ്. മഴയില്ലെങ്കിൽ ആഴ്ചയിലൊരിക്കൽ ജലസേചനം നടത്തണം. ഇതിനായി ആവശ്യമെങ്കിൽ സ്പ്രിഗ്ലർ സംവിധാനം ക്രമീകരിക്കാവുന്നതാണ്.

രണ്ടര മാസമെത്തുമ്പോള്‍ പുല്ലുകള്‍ ആദ്യ വിളവെടുപ്പിന് തയാറാവും. 20 സെന്റിമീറ്റർ ഉയരത്തിൽ ചുവട് നിർത്തിയ ശേഷം ബാക്കി ഭാഗം അരിഞ്ഞെടുക്കാം. ആദ്യ വിളവെടുപ്പിന് ശേഷം ഒന്നരമാസത്തിലൊരിക്കല്‍ തീറ്റപ്പുല്ല് മുറിക്കാം. ഒരു വർഷം 8-10 പ്രാവശ്യം വരെ പുല്ല് അരിഞ്ഞെടുക്കാൻ സാധിക്കും. നന്നായി വെള്ളവും വളവും നല്‍കി വളര്‍ത്തുമ്പോള്‍ ഒരേക്കറില്‍നിന്ന് വര്‍ഷം 100 - 120 ടണ്‍ വരെ നേപ്പിയർ തീറ്റപുല്ല് വിളവ് കിട്ടും. ഒറ്റ ചുവടിൽനിന്നു തന്നെ 25 കിലോഗ്രാം വരെ വിളവ് തരാൻ സൂപ്പർ നേപ്പിയർ തീറ്റപ്പുല്ലിന് ശേഷിയുണ്ട്. പാരപ്പുല്ല്, ഗിനിപ്പുല്ല്, കോംഗോസിഗ്നല്‍, സെറ്റേറിയ തുടങ്ങിയ ഇനങ്ങളും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനിയോജ്യമായ തീറ്റപ്പുല്ലുകളാണ്. തീറ്റപ്പുല്ല് മുറിക്കുന്നതിന് ഒരു ക്രമം ഉണ്ടാക്കാന്‍ സാരംഭകൻ ശ്രദ്ധിക്കണം. ഇടതടവില്ലാതെ പുല്ല് ലഭ്യമാക്കുന്നതിനായി ആകെ പുല്‍കൃഷി ചെയ്യുന്ന സ്ഥലം 45 സമഭാഗങ്ങളായി തിരിച്ച് വേണം നടീൽ ആരംഭിക്കേണ്ടത്. വൈക്കോലിനേക്കാൾ ഏറെ പോഷകാംശമേറിയതാണ് ഉണക്കപ്പുല്ല്. അധികം വരുന്ന തീറ്റപ്പുല്ല് ഉണക്കി സൂക്ഷിച്ചാല്‍ ക്ഷാമകാലത്ത് ഉപയോഗപ്പെടുത്താം. പുല്ല് പൂക്കുന്നതിനു തൊട്ടുമുന്‍പ് വെട്ടി നല്ല വെയിലില്‍ രണ്ടു ദിവസം ഉണക്കിയതിനുശേഷം ഈര്‍പ്പം തട്ടാത്തരീതിയില്‍ സംഭരിക്കാം. സൈലേജ് ആക്കി മാറ്റിയും എളുപ്പത്തിൽ തീറ്റപ്പുല്ല് സൂക്ഷിക്കാം.

തീറ്റപ്പുല്ലിനേക്കാൾ പോഷകമൂല്യമുള്ളതാണ് പയർവർഗ ചെടികൾ. പുല്ലിനേക്കാൾ രണ്ടര ഇരട്ടിയിലധികം മാംസ്യവും അത്രതന്നെ ഊർജവും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഏകദേശം എട്ടു കിലോ പയർവർഗ ചെടികൾ ഒരു കിലോ കാലിത്തീറ്റയ്ക്കു സമാനമാണ്. തീറ്റപ്പുല്ലിനൊപ്പം പയര്‍ ചെടികളും ചേര്‍ത്ത് പുല്‍-പയര്‍ മിശ്രിതം തയാറാക്കി പശുക്കള്‍ക്ക് നല്‍കിയാല്‍ തീറ്റയില്‍ മതിയായ മാംസ്യലഭ്യത ഉറപ്പാക്കാം. മാത്രമല്ല സാന്ദ്രീകൃത കാലിതീറ്റയുടെ അളവ് കുറയ്ക്കാനും അതുവഴി തീറ്റച്ചെലവ് കുറയ്ക്കാനും സാധിക്കും. 

വൻപയർ, തോട്ടപ്പയർ, സ്റ്റൈലോസാന്തസ്, സെന്റ്രോസീമ (പൂമ്പാറ്റപ്പയർ) തുടങ്ങിയ പയര്‍വിളകള്‍ തീറ്റപ്പുൽ കൃഷിയിടത്തിൽ വളര്‍ത്താം. ആകെ പുല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ അഞ്ചില്‍ ഒരു ഭാഗം പയര്‍വിളകള്‍ക്കായി മാറ്റിവയ്ക്കുന്നത് ഉചിതമാണ്. സ്റ്റൈലോസാന്തസ്, സെന്‍റ്രോസീമ തുടങ്ങിയ പയര്‍വർഗ ചെടികളില്‍ ഒരേക്കറില്‍നിന്നു വര്‍ഷം 30-35 ടണ്‍ വിളവ് ലഭിക്കും. ഇവ കൂടാതെ ധാന്യവിളയായ മക്കച്ചോളം, വൃക്ഷവിളകളായ അഗത്തി, ശീമക്കൊന്ന, പീലിവാക, മുരിങ്ങ, മൾബറി, പന്നൽച്ചെടിയായ അസോള തുടങ്ങിയവയും ഫാമിനോട് അനുബന്ധിച്ച് കൃഷി ചെയ്താൽ കന്നുകാലികൾക്ക് തീറ്റയായി പ്രയോജനപ്പെടുത്താൻ കഴിയും.

തൊഴുത്തൊരുക്കുമ്പോൾ

വെള്ളം, ഗതാഗത സൗകര്യങ്ങള്‍, വൈദ്യുതി, ചികിത്സയും കൃത്രിമ ബീജാധാനവും നടത്താനുള്ള സൗകര്യങ്ങള്‍, പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കുമുള്ള വിപണി, തീറ്റപ്പുല്‍കൃഷി ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം പരിഗണിച്ചാണ് ഫാമിനുള്ള സ്ഥലം നിര്‍ണയിക്കേണ്ടത്. വെള്ളം ഉറപ്പുവരുത്താന്‍ ആവശ്യമെങ്കില്‍ കിണര്‍ കുഴിക്കേണ്ടിവരും. മഴവെള്ള സംഭരണിയും, ബയോഗ്യാസ് പ്ലാന്‍റും തൊഴുത്തിനൊപ്പം പണികഴിപ്പിക്കേണ്ടത് അത്യാവശ്യം തന്നെ. മൂന്ന് ഫേസ് വൈദ്യുതി ലൈന്‍ ഫാമിലേക്ക് ലഭിക്കാന്‍ വേണ്ട ക്രമീകരണവും തുടക്കത്തില്‍ തന്നെ ചെയ്യണം. 

പത്തിലധികം പശുക്കളെ വളർത്തുന്ന ഒരു തൊഴുത്താണ് പണി കഴിപ്പിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പുതുക്കിയ കെട്ടിട നിർമാണ ചട്ടപ്രകാരം പഞ്ചായത്തിൽനിന്ന് നിർമാണ അനുമതിയും തുടർന്ന് ഫാം പ്രവർത്തിപ്പിക്കാനുള്ള ലൈസൻസും നേടേണ്ടതുണ്ട്. പറമ്പിലെ ഏറ്റവും ഉയര്‍ന്ന നിരപ്പുള്ള ഭാഗം തൊഴുത്തിനായി തിരഞ്ഞെടുക്കണം. മതിയായ സൂര്യപ്രകാശവും വായുസഞ്ചാരവും ഉറപ്പുവരുത്തുന്നതിനായി  കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് തൊഴുത്ത് പണികഴിപ്പിക്കേണ്ടത്. തൊഴുത്ത് നിർമിക്കുമ്പോള്‍ പരിസരത്തുള്ള മരങ്ങള്‍ മുറിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. തറയൊരുക്കുന്നതിന് ഒപ്പം തന്നെ തൊഴുത്തില്‍നിന്ന് മൂന്ന് മീറ്റര്‍ മാറി തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതും ഉചിതമാവും. അധിക ചൂടിനെ താങ്ങാന്‍ ശേഷിയില്ലാത്ത സങ്കരയിനം പശുക്കള്‍ക്ക് തണല്‍ മരങ്ങളുടെ സാന്നിധ്യം ആശ്വാസമാകും.    

മെറ്റലിട്ട് കോണ്‍ക്രീറ്റ് ചെയ്ത് തൊഴുത്തിന്‍റെ തറ തയാറാക്കാം. പശുക്കള്‍ക്കു നില്‍ക്കാനായുള്ള സ്ഥലം പശുവിന്‍റെ നീളത്തിന്‍റെ അടിസ്ഥാനത്തില്‍ 1.8 മീറ്റർ മുതല്‍ 2 മീറ്റര്‍ വരെയാവാം. ഒരു പശുവിന് 85 മുതല്‍ 100 സെന്‍റീമീറ്റര്‍ വരെ വിസ്താരം എന്ന അളവില്‍ വേണം തൊഴുത്തിന്‍റെ ആകെ നീളം നിര്‍ണയിക്കേണ്ടത്. തറനിരപ്പില്‍നിന്ന് 10-15 സെന്‍റീമീറ്റര്‍ ഉയരത്തിലും 60 സെന്‍റീമീറ്റര്‍ വീതിയിലും പുല്‍ത്തൊട്ടി പണിയാം. വെള്ളം, മൂത്രം എന്നിവ ആയാസം കൂടാതെ മൂത്രച്ചാലിലേക്ക് ഒഴുകുന്നതിനായി പശു നില്‍ക്കുന്ന സ്ഥലത്ത്നിന്ന് പിന്നിലേക്ക് 100 സെന്‍റീമീറ്ററിന് ഒരു സെന്‍റീമീറ്റര്‍ എന്ന അനുപാതത്തില്‍ ചരിവ് നല്‍കണം. ചാണകവും, മൂത്രവും, അഴുക്കുവെള്ളവും പുറത്തു പോകാനുള്ള ചാല്‍ 10 സെന്‍റീമീറ്റര്‍ ആഴത്തിലും 40-50 സെന്‍റീമീറ്റര്‍ വീതിയും, മൂത്രക്കുഴിയുടെ ഭാഗത്തേക്ക് 50 സെന്‍റീമീറ്ററിന് 1 സെന്‍റീമീറ്റര്‍ എന്ന ചരിവിലും  നിര്‍മിക്കണം. 

ചാണകച്ചാലിന്‍റെ പിന്‍വശത്തുള്ള വരാന്തയ്ക്ക് ചാണകച്ചാലിലേക്ക് ചരിച്ച് 1.2 മുതല്‍ 1.5 മീറ്റര്‍ വീതി നല്‍കണം. പിന്‍വരാന്തയുടെ വശങ്ങളിലെ ഭിത്തിയുടെ ഉയരം ഒരു കാരണവശാലും ഒരു മീറ്ററില്‍ കൂടാന്‍ പാടില്ല. തടസമില്ലാത്ത വായുസഞ്ചാരം ഉറപ്പാക്കാന്‍ വേണ്ടിയാണിത്. തൊഴുത്തിന്‍റെ മേല്‍ക്കൂരയ്ക്ക് മധ്യത്തില്‍ ഏറ്റവും ചുരുങ്ങിയത് 3 മീറ്ററും വശങ്ങളിൽ 2 മീറ്ററും ഉയരം വേണം. ഉയരം വര്‍ധിക്കും തോറും വായുസഞ്ചാരം കൂടുകയും പശുക്കളുടെ ഉഷ്ണസമ്മര്‍ദ്ദം കുറയുകയും ചെയ്യും. മതിയായ വായു സഞ്ചാരം ഉറപ്പാക്കുന്ന ഇരട്ട മേല്‍ക്കൂര (ഡബിള്‍ റൂഫിംഗ്)സംവിധാനം ഇന്ന് പല കര്‍ഷകരും സ്വീകരിക്കുന്നുണ്ട്.

പത്തില്‍ കൂടുതല്‍ പശുക്കളുണ്ടെങ്കില്‍ പശുക്കളെ ഒരു നിരയായി കെട്ടുന്ന രീതിയേക്കാള്‍ പശുക്കള്‍ മുഖത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന രണ്ടു നിരത്തൊഴുത്തുകളാണ് അഭികാമ്യം. പശുക്കളെ ഒരുമിച്ച് നിരീക്ഷിക്കാനും തീറ്റ ഒരുമിച്ച് നല്‍കാനും ഈ രീതി സഹായിക്കും. രണ്ട് വരി തൊഴുത്താണെങ്കില്‍ ഇടയില്‍ 2 മീറ്റര്‍ നീളത്തില്‍ നടപ്പാത നല്‍കാം. മൂന്ന് മാസം വരെയുള്ള കിടാക്കളെ പാര്‍പ്പിക്കാന്‍ കിടാതൊഴുത്തും, ആറു മാസം പ്രായമെത്തിയത് മുതല്‍ ചെനയെത്തുന്നത് വരെ കിടാരികളെ പാര്‍പ്പിക്കാന്‍ കിടാരിതൊഴുത്തും, പ്രസവമടുത്തവയെ പാര്‍പ്പിക്കാന്‍ കാവിംങ് ഷെഡ്ഡും, അസുഖം ബാധിച്ചവയെ മാറ്റിക്കെട്ടാന്‍ ഐസൊലേഷന്‍ ഷെഡ്ഡും തൊഴുത്തിൽ പ്രത്യേകം ക്രമീകരിക്കണം.

ചാണകം സംഭരിക്കുന്നതിനായുള്ള സ്ഥലം പശുത്തൊഴുത്തിന്‍റെ ഒരുവശത്തായി ക്രമീകരിക്കാം. ചാണകത്തട്ടിനോട് ചേർന്ന് മൂത്രവും തൊഴുത്ത് കഴുകുന്ന വെള്ളവുമെല്ലാം ഒഴുകി ചെന്ന് സംഭരിക്കാനുള്ള സ്ലറി ടാങ്ക് പണികഴിപ്പിക്കാം. ചാണകത്തട്ടില്‍ നിന്നോ തൊഴുത്തില്‍ നിന്ന് നേരിട്ടോ ചാണകം ബയോഗ്യാസ് പ്ലാന്‍റിലെത്തിച്ച് ഫാം ആവശ്യങ്ങള്‍ക്ക് വേണ്ട ഊർജം ഉല്‍പ്പാദിപ്പിക്കാം. 20 എണ്ണം വരെ പശുക്കളുള്ള ഒരു ഫാമിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് ലഭിക്കണമെങ്കിൽ 5 ക്യുബിക് മീറ്റർ വിസ്താരമുള്ള ബയോഗ്യാസ് പ്ലാന്റ് നിർബന്ധമാണ്. ടാങ്കില്‍ നിന്നുള്ള സ്ലറി പുല്‍കൃഷിക്കായി പ്രയോജനപ്പെടുത്താം.

ഭാഗം രണ്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: നല്ല പശുക്കളെ എങ്ങനെ തിരഞ്ഞെടുക്കാം?

ഭാഗം മൂന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: പ്രയോജനപ്പെടുത്തണം ക്ഷീരസംരംഭക സഹായപദ്ധതികൾ, വരുമാനമെത്തുന്ന വഴികളുമറിയണം

English summary: How to Start a Dairy Farm?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA