ADVERTISEMENT

ലക്ഷണമൊത്ത പുതിയ പശുക്കളെ കണ്ടെത്തുന്നതിനായി നിരവധി അന്വേഷണങ്ങൾ നടത്തുന്നവരാണ് ക്ഷീരസംരംഭകരിൽ ഭൂരിഭാഗവും. ഈ അന്വേഷണങ്ങൾ പലപ്പോഴും കേരളവും കടന്ന് തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കുമെല്ലാം നീളും. ഹോൾസ്റ്റെയ്ൻ ഫ്രീഷ്യൻ പശുക്കളുടെ ദക്ഷണേന്ത്യയിലെ പറുദീസാ എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിലെ കൃഷ്ണഗിരി, ഈറോഡ്, സേലം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളെല്ലാം പശുവിപണിക്കു പേരുകേട്ടയിടങ്ങളാണ്. എന്തിനേറെ അത്യുൽപാദനശേഷിയുള്ള പശുക്കളെ  ഹരിയാനയിൽനിന്നും പഞ്ചാബിൽനിന്നുമെല്ലാം നേരിട്ടു കേരളത്തിൽ എത്തിക്കുന്നവർപോലുമുണ്ട്. പശുക്കളെ തിരഞ്ഞെടുക്കുമ്പോഴും ദീർഘദൂരം യാത്രചെയ്ത് അവയെ നമ്മുടെ തൊഴുത്തിൽ എത്തിക്കുമ്പോഴും ശ്രദ്ധിക്കാൻ ഒരുപാട് കാര്യങ്ങളുമുണ്ട്.

ഉയര്‍ന്ന അളവില്‍ പാലുൽപാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ് കറുപ്പും വെളുപ്പും നിറങ്ങൾ ഇടകലർന്ന വർണലാവണ്യമുള്ള ഹോൾസ്റ്റെയ്ൻ ഫ്രീഷ്യന്‍ (എച്ച്എഫ്) പശുക്കള്‍. പക്ഷേ, അവയുടെ പാലില്‍ കൊഴുപ്പിന്‍റെ അളവ് ശരാശരി  3.2-3.5 ശതമാനത്തോളം മാത്രമാണ്. എന്നാല്‍ കുഴിഞ്ഞ നെറ്റിത്തടവും പൊതുവെ വെളുപ്പു കലർന്ന തവിട്ടു നിറവുമുള്ള ജേഴ്‌സിപ്പശുക്കളാവട്ടെ ഉൽപാദിപ്പിക്കുന്ന പാലിന്‍റെ ആകെ അളവ് അല്‍പം കുറഞ്ഞാലും അവയുടെ പാലില്‍ ശരാശരി  5-5.7   ശതമാനം വരെ കൊഴുപ്പടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഗുണങ്ങളും സംരംഭകന് ആദായം നേടി നല്‍കുന്നവയായതിനാൽ ഫാമിൽ എച്ച്എഫ് പശുക്കളെയും ജേഴ്‌സി പശുക്കളെയും അല്ലെങ്കിൽ അവയുടെ സങ്കരയിനങ്ങളെയോ ഇടകലര്‍ത്തി വളര്‍ത്തുന്നതാണ് ഉത്തമം. ഈ രീതി സ്വീകരിച്ചാൽ  ശരാശരി കൊഴുപ്പ് ഉയര്‍ന്ന കൂടുതൽ അളവ് പാല്‍ വിപണിയിലെത്തിക്കാന്‍ സാധിക്കും.

cow-2

പശുക്കളെ അപേക്ഷിച്ച് ഉയർന്ന അളവിൽ കൊഴുപ്പടങ്ങിയ പാൽ ഉൽപാദിപ്പിക്കുന്ന എരുമകളെയും പശുക്കൾക്കൊപ്പം തന്നെ ഫാമിൽ വളർത്തുന്ന കർഷകരുമുണ്ട്. കാലാവസ്ഥാ അതിജീവനശേഷി, രോഗപ്രതിരോധ ഗുണം, തീറ്റപരിവർത്തന ശേഷി എന്നിവ പരിഗണിക്കുമ്പോൾ ജേഴ്‌സി പശുക്കളും അവയുടെ സങ്കരയിങ്ങളും തന്നെയാണ് മികവിൽ ഒരു പടി മുന്നിൽ നിൽക്കുന്നത്.

ഉൽപാദനമികവേറിയ ജനുസുകളിൽനിന്ന് ഏറ്റവും ഉത്തമമായ പശുക്കളെ തിരഞ്ഞെടുക്കുക എന്നതും ഒരു കലയാണ്. വിസ്താരമേറിയ അകിടുകള്‍, തുല്യ അകലത്തില്‍ ക്രമീകരിക്കപ്പെട്ട  നീളത്തിലുള്ള മുലക്കാമ്പുകള്‍, അകിടില്‍നിന്നു തുടങ്ങി പൊക്കിള്‍ വരെ നീളത്തില്‍ ശാഖോപശാഖകളായി തുടുത്തു കാണുന്ന പാല്‍ ഞരമ്പുകൾ, മെലിഞ്ഞു നീണ്ട കഴുത്തുകള്‍, മേനിക്കൊഴുപ്പുള്ളതെങ്കിലും അമിതമായി തടിച്ചുകൊഴുത്തിരിക്കാത്ത ശരീരം, ദ്രവിക്കാത്ത തേയ്മാനമില്ലാത്ത കുളമ്പുകള്‍ എന്നിവയെല്ലാം മികച്ച കറവപ്പശുവിന്‍റെ ശരീരസവിശേഷതകളാണ്.

ശരീരത്തോട് ചേർന്നിരിക്കുന്നതും മുന്നോട്ട് ഉന്തിനിൽക്കുന്നതും പാല്‍ ചുരത്തി നില്‍ക്കുമ്പോള്‍ നിറഞ്ഞു വികസിക്കുകയും പാല്‍ കറന്നു കഴിഞ്ഞാല്‍ തീരെ ചുരുങ്ങുകയും ചെയ്യുന്ന അകിടുകള്‍ ഉത്തമമാണ്.  അയഞ്ഞു തൂങ്ങിയ അകിടുകളോ അകിടിൽ കല്ലിപ്പോ ഉള്ള പശുക്കളെ വാങ്ങാതിരിക്കുന്നതാണു നല്ലത്. വൈകുന്നേരവും തൊട്ടടുത്ത ദിവസം രാവിലെയുമുള്ള കറവ നേരിട്ട് ബോധ്യപ്പെട്ടതിനു ശേഷം  കറവപ്പശുക്കളെ വാങ്ങുന്നതാണ് ഏറ്റവും അഭികാമ്യം. പാലുൽപാദനം, പ്രത്യുൽപാദനം തുടങ്ങിയവയുമായി ബന്ധപ്പെട്ട റെക്കോർഡുകൾ ഫാമിൽ ലഭ്യമാണെങ്കിൽ അതു പരിശോധിക്കാൻ മറക്കരുത്. പശുക്കളെ കിടത്തിയും എഴുന്നേൽപ്പിച്ചും നടത്തിയും ശാരീരിക വൈകല്യങ്ങളൊന്നുമില്ലന്ന് ഉറപ്പാക്കണം. കറവപ്പശുക്കളാണെങ്കിൽ കറന്നുനോക്കി ഇണക്കവും ശാന്തസ്വഭാവവുമുള്ള പശുക്കളാണോ എന്നത് ഉറപ്പാക്കണം.

പ്രസവിച്ച പശുക്കളാണെങ്കിൽ ഇളം കറവയിൽ  (പ്രസവം കഴിഞ്ഞതിന് രണ്ട് - മൂന്ന് ആഴ്ചയ്ക്കുള്ളില്‍)  വാങ്ങുന്നതാണ് ഉചിതം. പാലുൽപാദനം ക്രമമായി ഉയരുക പ്രസവാനന്തരം 25 മുതല്‍ 50 വരെയുള്ള ദിവസങ്ങളിലാണ്. 50-55 ദിവസമെത്തുമ്പോള്‍ ഉൽപാദനം അതിന്റെ പരമാവധിയിലാവും. പിന്നെ 5-6 മാസത്തോളം വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ സ്ഥായിയായി നില്‍ക്കുകയും തുടര്‍ന്ന് കുറയാന്‍ ആരംഭിക്കുകയും ചെയ്യും. ഏതെങ്കിലും ഒരു കിടാവിനെ കൂടെ നിർത്തി പ്രസവം കഴിഞ്ഞ് മൂന്നോ നാലോ മാസം കഴിഞ്ഞ പശുക്കളെ ഈയിടെ പ്രസവിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തുന്നവരുടെ ചതിയിൽ വീഴരുത്. 

പശുക്കളില്‍ ഒന്നാം കറവ (അതായത് ആദ്യ പ്രസവശേഷം)  മുതല്‍ മൂന്നാം കറവ വരെ (അതായത് മൂന്നാം പ്രസവശേഷം) പാലുൽപാദനം ക്രമമായി കൂടുകയും നാലും അഞ്ചു കറവകളില്‍ മൂന്നാം കറവയുടെ അത്രതന്നെ നിലനില്‍ക്കുകയും ചെയ്യും. എന്നാല്‍, ആറാമത്തെ കറവ മുതല്‍ കറവകാലത്തെ പാലിന്‍റെ ആകെ അളവ് പൊതുവെ കുറയും. അതിനാൽ ആറാമത്തെ പ്രസവം കഴിഞ്ഞ പശുക്കളെ പരമാവധി ഫാമിലേക്ക് വാങ്ങുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. രണ്ടാമത്തെ പ്രസവം കഴിഞ്ഞ പശുക്കളെ വാങ്ങുന്നതാണ് ഏറ്റവും ഉത്തമം. ഇവയെ ഫാമിലെത്തിച്ച് വളര്‍ത്തിയാല്‍ ഉൽപാദനക്ഷമമായ കൂടുതല്‍ പ്രസവങ്ങള്‍ ലഭിക്കുമെന്ന് മാത്രമല്ല പ്രസവങ്ങള്‍ തമ്മിലുള്ള ഇടയകലം കുറച്ച് കൂടുതൽ ആദായം നേടാൻ സാധിക്കുകയും ചെയ്യും.  രണ്ടു പ്രസവങ്ങള്‍ തമ്മിലുള്ള പശുവിന്‍റെ ഇടവേള പതിനഞ്ചു മാസത്തില്‍ കുറഞ്ഞിരുന്നാല്‍ അത് മികച്ച പ്രത്യുല്‍പ്പാദനക്ഷമതയുടെ അടയാളമാണ്. 

ഗര്‍ഭിണിപ്പശുക്കളെയാണ് വാങ്ങുന്നതെങ്കില്‍ പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ടു മാസം മുമ്പെങ്കിലും വാങ്ങാൻ ശ്രദ്ധിക്കണം. എങ്കില്‍ ശാസ്ത്രീയമായ വറ്റുകാല പരിചരണം നല്‍കി പശുക്കളെ വളര്‍ത്താന്‍ കഴിയും. മാത്രമല്ല, മികച്ച ഉൽപാദനം അടുത്ത കറവക്കാലത്ത് ഉറപ്പുവരുത്താനും സാധിക്കും. എന്നാൽ ഗർഭിണി പശുക്കളെ വാങ്ങുന്നതിനു മുമ്പായി വിദഗ്‌ധ സഹായത്തോടെ ഗർഭാവസ്ഥ സ്ഥിരീകരിക്കാൻ മറക്കരുത്. ആറുമാസത്തിൽ ചുവടെയുള്ള കാലയളവിൽ കുളമ്പുരോഗം, ചർമ്മമുഴ രോഗം തുടങ്ങിയ സാംക്രമിക രോഗങ്ങൾ പടർന്നുപിടിച്ച മേഖലകളിൽനിന്നും പശുക്കളെ വാങ്ങുന്നത് ഒഴിവാക്കണം. നിലവിൽ ഇൻഷുറൻസ് പരിരക്ഷയുള്ള പശുക്കളെയാണ് വാങ്ങിയതെങ്കിൽ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട്  പോളിസി പുതിയ ഉടമയുടെ പേരിലേക്ക് കൈമാറ്റം ചെയ്യാൻ ശ്രദ്ധിക്കണം.

പശുവിപണിയില്‍ കബളിപ്പിക്കലുകളും അന്തര്‍നാടകങ്ങളും ഏറെയാണ്. ചെറിയ നോട്ടക്കുറവുകൊണ്ട് ഒരുപക്ഷേ ചതിയില്‍ വീഴാം. പുതിയ സംരംഭകര്‍ പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ഒന്നുകില്‍ വിശ്വസ്തരും അനുഭവപരിചയമുള്ള ക്ഷീരകര്‍ഷകരുടെയോ വെറ്ററിനറി ഡോക്ടറുടെയോ സഹായം തേടുന്നതാണ് ഉചിതം. വില്‍പ്പനക്കാരുടെ വാചകകസര്‍ത്തില്‍ വീണ് വാങ്ങി വീട്ടിലെത്തിക്കുന്ന പശുക്കള്‍ അവസാനം സംരംഭകന് ഒരു ബാധ്യതയായി മാറിയതിന്  അനുഭവങ്ങള്‍ ഏറെയുണ്ട്.

നിലവിൽ ക്ഷീരസംരംഭം നടത്തുന്നവർ വർഷാവർഷം ഫാമിലെ ഇരുപത് ശതമാനം ഉരുക്കളെ മാറ്റി പകരം പുതിയ ഉരുക്കളെ തിരഞ്ഞെടുക്കുന്നതാണു ലാഭകരം. അതായത് പത്തു പശുക്കളുള്ള ഒരു ഫാമിൽ  വർഷത്തിൽ രണ്ടു പശുക്കളെ വീതം ഒഴിവാക്കി പുതിയ പശുക്കളെ തിരഞ്ഞെടുക്കാം. പാലുൽപാദനം പൊതുവെ കുറഞ്ഞവയെയും ചെന പിടിക്കാൻ ബുദ്ധിമുട്ടുള്ളവയെയും വിഷമപ്രസവം, ഗർഭാശയം പുറന്തള്ളൽ പോലുള്ള പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവയേയും ഫാമിൽനിന്നും ഒഴിവാക്കാം. ഫാമിലെ നല്ല പാലുൽപാദനമുള്ള പശുക്കൾക്കുണ്ടാവുന്ന കിടാക്കളെ വളർച്ചയുടെയും ശരീരതൂക്കത്തിന്റെയും അടിസ്ഥാനത്തിൽ  പ്രത്യേകം തിരഞ്ഞെടുത്ത് വളർത്തണം.  ക്രമേണ ഈ കിടാക്കളെ  നറും പാൽ ചുരത്തുന്ന കാമധേനുക്കളാക്കി മാറ്റാം. ഒരു പുതിയ പശുവിനെ വാങ്ങിക്കുന്നതിനേക്കാൾ ലാഭകരം സ്വന്തം ഫാമിൽ ജനിച്ചുണ്ടാവുന്ന കിടാക്കളെ  കറവപ്പശുക്കളാക്കി മാറ്റുന്നതായിരിക്കും എന്ന വസ്തുത സംരംഭകർ ഓർത്തിരിക്കണം.

പുതിയ പശുക്കൾക്കും ക്വാറന്റൈന്‍

ഈ അടുത്ത നാളുകളിൽ നാം ഏറെ കേട്ട വാക്കുകളിൽ ഒന്നാണ്  ക്വാറന്റൈന്‍. ഡെയറി ഫാമുകളില്‍ രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട  പ്രധാന ജൈവസുരക്ഷാ മാർഗം കൂടിയാണ് ക്വാറന്റൈന്‍. ഫാമുകളിലേക്ക് പുതുതായി  കൊണ്ടുവരുന്ന പശുക്കളെ നിശ്ചിതകാലം  മുഖ്യ തൊഴുത്തില്‍നിന്നും പരമാവധി ദൂരത്തില്‍ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് പരിചരിക്കുന്നതിനെയാണ് ക്വാറന്റൈന്‍ (നിരീക്ഷണ കാലം) എന്ന് വിളിക്കുന്നത്. രോഗപ്രതിരോധത്തിനായി മാത്രമല്ല, മാറിയ ചുറ്റുപാടിനെയും തീറ്റയെയുമെല്ലാം പുതിയ പശുക്കളെ പരിചയപ്പെടുത്താനും പുത്തന്‍ സാഹചര്യങ്ങളുമായി ഇണക്കാനും ക്വാറന്റൈന്‍ കാലം സഹായിക്കും.

പുതുതായി വന്നെത്തുന്ന പശുക്കളെ ചുരുങ്ങിയത് മൂന്നാഴ്ച മുതല്‍ മുപ്പതു ദിവസം വരെ ക്വാറന്റൈന്‍ തൊഴുത്തില്‍ പാര്‍പ്പിച്ച് പരിചരിച്ചതിനു ശേഷം മാത്രമേ പ്രധാന തൊഴുത്തിലെ  പശുക്കളുമായി  ചേര്‍ക്കാന്‍ പാടുള്ളൂ. ഒരു പശുവിനെ ക്വാറന്റൈന്‍ തൊഴുത്തില്‍ പാര്‍പ്പിക്കേണ്ട കാലയളവ് രോഗങ്ങളുടെ ഇന്‍ക്യുബേഷന്‍ പിരിയഡുമായി ബന്ധപ്പെട്ടിരിക്കുന്നു. പശുക്കളിലെ പ്രധാനപ്പെട്ട സാംക്രമിക രോഗങ്ങളുടെയെല്ലാം ഇന്‍ക്യുബേഷന്‍ പിരിയഡ് (രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവാന്‍ എടുക്കുന്ന കാലാവധി) ഈ പരിധിക്കുള്ളിലായതിനാല്‍  രോഗം മുന്‍കൂട്ടി കണ്ടെത്താനും രോഗ വ്യാപനം തടയാനും മതിയായ ചികിത്സ പ്രത്യേകം നല്‍കാനും ക്വാറന്റൈന്‍ സഹായിക്കും. മാത്രമല്ല ഒരിടത്ത് നിന്ന് ദൂരെയുള്ള മറ്റൊരിടത്തേക്കുള്ള ദീര്‍ഘയാത്രയിലെ സമ്മര്‍ദ്ദവും കുരലടപ്പന്‍ പോലുള്ള (ഹെമറേജിക് സെപ്റ്റിസീമിയ) പല രോഗങ്ങള്‍ക്കും കാരണമാവും. ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധ ശേഷി കുറയുന്നതിനാലാണിത്. ഇത്തരം സമ്മര്‍ദ്ദ ശരീരരോഗങ്ങളെ കൃത്യമായി കണ്ടെത്താനും ചികിത്സിക്കാനും  വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ പശുക്കളെ പ്രാപ്തമാക്കാനും ക്വാറന്റൈന്‍ സഹായിക്കും. ബാഹ്യ ആന്തരിക പരാദബാധകളെയും കുളമ്പുരോഗം, കുരലടപ്പന്‍, തൈലേറിയോസിസ്, അനാപ്ലാസ്മോസിസ്, ബബീസിയോസിസ് തുടങ്ങിയ വൈറല്‍, ബാക്ടീരിയല്‍, പ്രോട്ടോസോവല്‍ രോഗങ്ങളെയും പടിക്കു പുറത്ത് നിര്‍ത്താന്‍ ക്വാറന്‍റൈന്‍ സംവിധാനത്തോളം മികച്ച മറ്റൊരു ജൈവ സുരക്ഷാ മാര്‍ഗം വേറെയില്ല.  

തുടരും

വരുമാനം വരുന്ന വഴികളറിയണം (അതേക്കുറിച്ചു നാളെ)

ലേഖനത്തിന്റെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: ഡെയറി ഫാം തുടങ്ങാന്‍ ആഗ്രഹമുണ്ടോ? എന്തൊക്കെ ശ്രദ്ധിക്കണം?

ലേഖനത്തിന്റെ മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക:പ്രയോജനപ്പെടുത്തണം ക്ഷീരസംരംഭക സഹായപദ്ധതികൾ, വരുമാനമെത്തുന്ന വഴികളുമറിയണം 

English summary: How to Select a Cow for Dairy Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com