പ്രയോജനപ്പെടുത്തണം ക്ഷീരസംരംഭക സഹായപദ്ധതികൾ, വരുമാനമെത്തുന്ന വഴികളുമറിയണം

HIGHLIGHTS
  • ഇൻഷുറൻസ് മറക്കരുത്
  • വരുമാനമെത്തുന്ന വഴികളറിയണം
cattle
SHARE

ഭാഗം–3

സംസ്ഥാനത്തെ വലിയ ശതമാനം വരുന്ന ജനങ്ങൾ ജീവനോപാധിക്കായി ആശ്രയിക്കുന്ന ഒരു തൊഴിൽമേഖലയെന്ന നിലയിൽ എല്ലാകാലത്തും ക്ഷീരമേഖലയിൽ നിരവധി സംരംഭക സഹായപദ്ധതികളാണ് സർക്കാർ തലത്തിൽ നടപ്പിലാക്കുന്നത്. മാത്രമല്ല, ഡെയറി ഫാം തുടങ്ങുന്നതിനായും ഫാം വിപുലപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനായും നബാര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം കാര്‍ഷിക വികസന ബാങ്കുകളും ദേശസാല്‍കൃത ബാങ്കുകളും സബ്സിഡിയോടു കൂടി വായ്പകള്‍ അനുവദിക്കുന്നുമുണ്ട്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പ്രാദേശിക തലത്തിൽ  തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ  രൂപം കൊടുക്കുന്ന  വികസനപദ്ധതികളിൽ ക്ഷീരമേഖലക്ക് വലിയ പരിഗണയാണ് നൽകുന്നത്.  

ക്ഷീരവികസന വകുപ്പിന്റെ പദ്ധതികൾ അറിയാം 

ക്ഷീരവികസനവകുപ്പ് നടപ്പിലാക്കുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതി ( Milk shed development programme) പുതുതായി ഫാം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സംരംഭകര്‍ക്കും നിലവിൽ ഫാം നടത്തുന്ന കർഷകർക്കും ഏറെ പ്രയോജനപ്രദമാണ്. സങ്കരയിനത്തിൽ പെട്ട 1/ 2 /5 /10 എണ്ണം വീതമുള്ള പശു യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ഈ പദ്ധതിക്കു കീഴില്‍ സബ്‌സിഡി ലഭിക്കും.  ഇത് കൂടാതെ പശുക്കളും കിടാരികളും ഉൾപ്പെടുന്ന 1+1, 3+2, 6+4 യൂണിറ്റുകൾ ആരംഭിക്കാനും മില്‍ക്ക് ഷെഡ് വികസന പദ്ധതിയിൽ സഹായം ലഭിക്കും. 

മികച്ച  സങ്കരയിനം കറവപ്പശുക്കളെ ഇതര സംസ്ഥാനത്തുനിന്നു വാങ്ങുക, ആധുനിക രീതിയിലുള്ള കാലിത്തൊഴുത്ത് നിർമിക്കുക, ബയോഗ്യാസ് പ്ലാന്റ്, ചാണക ശേഖരണ സംവിധാനം എന്നിവ ഏർപ്പെടുത്തുക, തീറ്റപ്പുൽക്കൃഷി നടത്തുക തുടങ്ങിയ കാര്യങ്ങൾ ഈ പദ്ധതിയിൽ നിഷ്കർഷിക്കുന്നുണ്ട്. പാലുൽപാദനക്ഷമതയുള്ള നല്ലയിനം നാടൻ പശുക്കളെ വളർത്താൻ താൽപര്യമുള്ള ക്ഷീരകർഷകർക്കായുള്ള പദ്ധതിയും മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലുണ്ട്.  ഗിർ, സഹിവാൾ, വെച്ചൂർ, സിന്ധി തുടങ്ങിയ നാടൻ പശുക്കളെ ഈ പദ്ധതി പ്രകാരം വാങ്ങാം. നല്ലയിനം നാടൻ പശുക്കളെ വാങ്ങുന്നതിനായി പരമാവധി 36,500 രൂപ വരെ ധനസഹായം ലഭിക്കും.  

മില്‍ക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി കാലിത്തൊഴുത്ത് നിർമിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും ആധുനികവൽകരണത്തിനും ക്ഷീരവികസനവകുപ്പ് സാമ്പത്തികസഹായം ലഭ്യമാക്കുന്നുണ്ട്. കാലിത്തൊഴുത്ത് നിർമാണം/നവീകരിക്കുന്നതിന് ആകെ ചെലവിന്റെ 50%, പരമാവധി 50,000 രൂപ വരെ ധനസഹായം ലഭിക്കും. ക്ഷീരകർഷകരുടെ ഫാം ആധുനികവൽകരിക്കുന്നതിനുള്ള പദ്ധതിയിലും 50% സബ്സിഡി പരമാവധി 50,000 രൂപ വരെ സഹായം ലഭിക്കും. ഫാമിലെ ദൈനംദിന  ആവശ്യങ്ങൾക്ക് അനുയോജ്യമായ  ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സ്‌കീമും മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലുണ്ട്. മിൽക്ക് കാൻ, റബർ മാറ്റ്,   ഓട്ടോമാറ്റിക് വാട്ടർ ബൗൾ, ഫാൻ, ജനറേറ്റർ, മിസ്റ്റ് സംവിധാനം, വീൽ ബാരോ, പ്രഷർ പമ്പ്, പാൽ സംഭരിക്കുന്നതിനായി ബൾക്ക് കൂളർ, ക്രീം സെപ്പറേറ്റർ, പാക്കിങ് മെഷീൻ തുടങ്ങിയ വൈവിധ്യങ്ങളായ ഡെയറി ഫാം ഉപകരണങ്ങൾ കർഷകരുടെ ആവശ്യാനുസരണം പദ്ധതിക്ക് കീഴിൽ സബ്‌സിഡിയോട് കൂടി വാങ്ങാം. കറവയന്ത്രം വാങ്ങാന്‍ യന്ത്രവിലയുടെ 50% അഥവാ പരമാവധി 25,000 രൂപ സഹായം കർഷകർക്ക് അനുവദിക്കുന്നതിനായുള്ള സ്‌കീമും മില്‍ക്ക് ഷെഡ് വികസന പദ്ധതിയിൽ ഉൾപ്പെടുന്നു.  

ഡെയറി ഫാമിനോടനുബന്ധിച്ചുള്ള തീറ്റപ്പുല്‍കൃഷി വികസനത്തിനും ക്ഷീരവികസന വകുപ്പ് ധനസഹായം നല്‍കുന്നുണ്ട്. 20 സെന്റോ അതിലധികമോ സ്ഥലത്ത് തീറ്റപ്പുല്‍കൃഷി ചെയ്യുന്നവര്‍ക്ക്    ഹെക്ടറിന് പരമാവധി 21,500 രൂപ വരെ സഹായം ലഭിക്കും. സൗജന്യ നടീൽ വസ്തുവും 12,500 രൂപയുടെ സാമ്പത്തികസഹായവുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. തീറ്റപ്പുൽകൃഷി വികസനപദ്ധതിയിൽ തനിവിളയായോ ഇടവിളയായോ പുൽകൃഷി ചെയ്യാം.

20 സെൻറിൽ കുറവ് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് തീറ്റപ്പുൽ കടകൾ സൗജന്യമായി ലഭിക്കും. തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ഒരു ഹെക്ടർ സ്ഥലത്ത് അതിവിപുലമായ രീതിയിൽ തീറ്റപ്പുൽക്കൃഷി ചെയ്യുന്നതിനായി സംരംഭകർക്ക് ഒരു യൂണിറ്റിന്  93,007 രൂപ സബ്‌സിഡി  ആയി അനുവദിക്കുന്ന ഒരു പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. തീറ്റപ്പുൽക്കൃഷിയിടത്തിൽ ജലസേചനസംവിധാനങ്ങൾ ഒരുക്കുന്നതിനായി പതിനായിരം രൂപ വരെ സബ്‌സിഡി ലഭ്യമാവും. ഒരേക്കറിനു മുകളിൽ തീറ്റപ്പുൽ കൃഷിയുണ്ടെങ്കിൽ ജലസേചനക്രമീകരണങ്ങൾ ഒരുക്കാൻ പരമാവധി 25,000 രൂപവരെ സഹായം ലഭ്യമാവും. തീറ്റപ്പുല്‍കൃഷിയിടം യന്ത്രവൽകരിക്കുന്നതിനായി പതിനായിരം രൂപയുടെ സാമ്പത്തികസഹായം നൽകുന്ന പദ്ധതിയും നിലവിലുണ്ട്.

തീറ്റപ്പുല്‍കൃഷി ചെയ്യാനുള്ള സ്ഥലദൗർലഭ്യം കണക്കിലെടുത്ത് അതിസാങ്കേതിക തീറ്റപ്പുല്‍ കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണില്ലാ കൃഷി / ഹൈഡ്രോപോണിക്സ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായുള്ള പദ്ധതിയും ക്ഷീരവികസനവകുപ്പ് നടപ്പിലാക്കുന്നുണ്ട്. 2 പശു, 5 പശു, 8 പശു വളർത്തുന്ന ക്ഷീരകർഷകർക്ക് അനുയോജ്യമായ മൂന്നു തരത്തിലുള്ള ഹൈഡ്രോപോണിക്ക് യൂണിറ്റുകളാണ്‌  ഈ പദ്ധതിയുടെ ഭാഗമായുള്ളത്. ക്ഷീരസംഘത്തിൽ പാൽ നൽകുന്നതും പത്ത് സെന്റ് സ്ഥലത്തെങ്കിലും തീറ്റപ്പുൽ കൃഷി ചെയ്യുന്ന ക്ഷീരകർഷകരെയാണ് ഈ പദ്ധതിയിൽ ഗുണഭോക്താവായി പരിഗണിക്കുക. ഈ പദ്ധതികൾ എല്ലാം തന്നെ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസുകൾ വഴിയാണ് നടപ്പിലാക്കുന്നത്. അതാത് ബ്ലോക്കുകളിൽ അനുവദിക്കപ്പെട്ട പദ്ധതികളെ കുറിച്ചറിയുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും പ്രദേശത്തെ ക്ഷീരവികസന ഓഫീസുകളുമായോ ക്ഷീരവികസന ഓഫീസറുമായോ സംരംഭകൻ ബന്ധപ്പെടണം.  

ക്ഷീരസഹകരണസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് നൽകുന്ന പാലിന്റെ അളവ്  അടിസ്ഥാനത്തില്‍ കാലിത്തീറ്റയ്ക്ക് സബ്സിഡി ലഭ്യമാവും. ലീറ്ററിന് ഒരു രൂപ നിരക്കില്‍ തീറ്റവില സബ്സിഡിയായി ബാങ്ക് അക്കൗണ്ടിലേക്കു ലഭിക്കും. ഇതു കൂടാതെ കര്‍ഷകര്‍ സംഘങ്ങളില്‍ അളക്കുന്ന പാലിന് ആനുപാതികമായി കാലിത്തീറ്റ സബ്സിഡി നല്‍കുന്ന പദ്ധതി വികേന്ദ്രീകൃത ആസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തുകള്‍ മുഖേനയും നടപ്പിലാക്കുന്നുണ്ട്. ക്ഷീരസംരംഭകര്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പ് നൽകുന്നതിനായി ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷേമനിധിയില്‍ അംഗത്വം നേടിയ കര്‍ഷകര്‍ക്ക് ക്ഷേമ പെന്‍ഷന്‍, അവശ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, വിവാഹ മരണാനന്തര വിദ്യാഭ്യാസ ധനസഹായങ്ങള്‍ എന്നിവയ്ക്ക് അര്‍ഹതയുണ്ടായിരിക്കും. സംസ്ഥാനതലത്തില്‍ മികവു പുലര്‍ത്തുന്ന ക്ഷീരകര്‍ഷകര്‍ക്ക് വിവിധ അവാര്‍ഡുകളും, അംഗീകാരങ്ങളും ക്ഷീര, മൃഗസംരക്ഷണ വകുപ്പുകള്‍ വര്‍ഷാവര്‍ഷം നൽകുന്നുണ്ട്. ഒപ്പം ക്ഷീരവികസന വകുപ്പും, മൃഗസംരക്ഷണ വകുപ്പും വെവ്വേറെ നടപ്പിലാക്കുന്ന ക്ഷീരസ്വാന്തനം , ഗോസമൃദ്ധി പ്ലസ് എന്നീ പശു ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചുരുങ്ങിയ പ്രീമിയത്തില്‍ ക്ഷീരകര്‍ഷകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്.  

ക്ഷീരസംരംഭകർക്ക് കൈത്താങ്ങായി പശുക്കളുടെ ചികിത്സ/ കൃത്രിമ ബീജാധാനസൗകര്യങ്ങൾക്കും   സഹായങ്ങള്‍ക്കുമായി എല്ലാ പഞ്ചായത്തുകളിലും വെറ്ററിനറി ഡിസ്പെൻസറികളും ഹോസ്പിറ്റലുകളുംപ്രവർത്തിക്കുന്നുണ്ട്. കൂടാതെ രാത്രികാലത്തെ അടിയന്തിര വെറ്ററിനറി സേവനങ്ങള്‍ക്കായി സംസ്ഥാനത്തെ മിക്കവാറും എല്ലാ ബ്ലോക്കുകളിലും സൗജന്യ എമര്‍ജന്‍സി വെറ്ററിനറി സേവനവും മൃഗസംരക്ഷണ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഈ സംരംഭകസഹായപദ്ധതികളെക്കുറിച്ചറിയുന്നതിനും അവ നേടിയെടുക്കുന്നതിനും അതാത് പ്രദേശത്ത്  ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസ്, പഞ്ചായത്ത് /മുനിസിപ്പാലിറ്റി തലത്തിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളുമായി നിരന്തര സമ്പർക്കവും  ബന്ധപ്പെട്ട ക്ഷീരവികസന ഓഫീസര്‍, വെറ്ററിനറി ഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, ഡെയറി ഫാം ഇൻസ്ട്രക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായും  ഊഷ്മളമായ ഒരു ബന്ധവും   സംരംഭകന്‍ എപ്പോഴും പുലര്‍ത്തണം.

ലക്ഷ്യമാവണം വർഷത്തിൽ ഒരു കിടാവ് 

ക്ഷീരസംരംഭം വിജയിക്കുന്നതില്‍ ഫാമിലെ പശുക്കളുടെ കാര്യക്ഷമമായ പ്രത്യുൽപാദന പരിപാലനം ഏറെ പ്രധാനമാണ്. നേരത്തെ നടക്കുന്ന ആദ്യ പ്രസവവും കുറഞ്ഞ ഇടവേളയിൽ നടക്കുന്ന തുടര്‍ പ്രസവങ്ങളും സംരംഭകനു കൂടുതല്‍ ആദായം നേടിനല്‍കുന്നു. ശരാശരി ആദ്യപ്രസവ പ്രായം 28-30 മാസവും (രണ്ടര വയസ്) പ്രസവങ്ങള്‍ തമ്മിലുള്ള ഇടയകലം 12 മാസവുമായി ക്രമീകരിക്കാനാണ് സംരംഭകന്‍ ലക്ഷ്യമിടേണ്ടത്. പ്രസവിച്ച ശേഷം രണ്ടു മാസത്തിനു ശേഷം ഉണ്ടാകുന്ന മദിയില്‍ കൃത്രിമ ബീജാധാനം നടത്തി പശുക്കളെ ചെനയേല്‍പ്പിക്കണം. കൃത്രിമ ബീജാധാനം നടത്തിയതിന്  2 മാസത്തിനുള്ളില്‍ പശുക്കള്‍ വീണ്ടും മദിലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ ഗര്‍ഭപരിശോധന നടത്തി ഗര്‍ഭധാരണം നിർണയിക്കണം. 

പ്രസവം കഴിഞ്ഞ്  രണ്ട് മാസമായിട്ടും മദിലക്ഷണങ്ങള്‍ കാണിക്കാത്ത പശുക്കളാണെങ്കില്‍ വിദഗ്‌ധ പരിശോധനയും ആവശ്യമെങ്കിൽ ചികിത്സകളും നല്‍കണം. ഊര്‍ജദൗര്‍ലഭ്യം, പോഷകാഹാരത്തിന്‍റെ കുറവ്, ഗര്‍ഭാശയ പ്രശ്നങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും പ്രസവാനന്തര മദി വൈകും. ചില പശുക്കള്‍ മദിലക്ഷണങ്ങള്‍ കൃത്യമായി കാണിക്കുമെങ്കിലും പലതവണ കുത്തിവച്ചിട്ടും ഗര്‍ഭധാരണം  നടക്കണമെന്നില്ല. മൂന്നു തവണ കൃത്രിമബീജാധാനം  നടത്തിയിട്ടും ഗര്‍ഭധാരണം നടക്കാത്ത പശുകളെ വിദഗ്‌ധപരിശോധനയും ആവശ്യമെങ്കിൽ ചികിത്സയും നല്‍കണം. ഈ രീതി പിന്തുടരുകയാണെങ്കില്‍ പ്രസവാനന്തരം മൂന്നു മാസം കഴിയുമ്പോഴേക്കും പശുക്കള്‍ വീണ്ടും ഗര്‍ഭിണികളാവുകയും തുടര്‍ന്ന് 7  മാസം കറവ നടത്തി പത്തു മാസത്തെ കറവക്കാലം പൂര്‍ത്തിയാക്കുകയും ചെയ്യാം. മാത്രമല്ല തുടര്‍ന്ന് രണ്ടു മാസത്തെ വറ്റുകാലം ഉറപ്പാക്കാനും സാധിക്കും. ഒപ്പം വര്‍ഷത്തില്‍ ഒരു കിടാവ് എന്ന ലക്ഷ്യത്തെ നേടിയെടുക്കാനും കഴിയും.

ഇൻഷുറൻസ് മറക്കരുത്

ഫാമിലെ പശുക്കളെയെല്ലാം ഇൻഷുർ ചെയ്ത് സാമ്പത്തിക സുരക്ഷിതമാക്കണം. ഇതിനായി ഗോസമൃദ്ധി പ്ലസ്, ക്ഷീരസാന്ത്വനം തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളെയോ ഇൻഷുറൻസ് കമ്പനികൾ നേരിട്ട് നടപ്പിലാക്കുന്ന പദ്ധതികളെയോ ആശ്രയിക്കാം. കുളമ്പുരോഗം, കുരലടപ്പന്‍ തുടങ്ങിയ സാംക്രമികരോഗങ്ങള്‍ക്കെതിരെ കുത്തിവയ്പ് സമയാസമയങ്ങളില്‍ പശുക്കള്‍ക്ക് ഉറപ്പാക്കണം. രോഗപ്പകര്‍ച്ചതടയുന്നതിനായി ഫാമില്‍ ജൈവസുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണം. അനാവശ്യസന്ദര്‍ശകരെ ഫാമില്‍ തീര്‍ച്ചയായും വിലക്കണം. പുതിയ പശുക്കളെ കൊണ്ടുവരുമ്പോള്‍ മുഖ്യതൊഴുത്തിലേക്ക് കയറ്റാതെ മൂന്നാഴ്ച പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് പരിചരിക്കണം. ഫാമിന്‍റെ കവാടത്തില്‍ അണുനാശിനി നിറച്ച് ഫുട്ട്/വെഹിക്കള്‍ ഡിപ്പ് സജ്ജമാക്കണം. പ്രഥമശുശ്രൂഷകള്‍ക്ക് ആവശ്യമായി വരുന്ന മരുന്നുകള്‍ ഫാമില്‍  നേരത്തെ വാങ്ങി സൂക്ഷിക്കണം.

തൊഴിലാളികളെ ആശ്രയിക്കുമ്പോൾ

പുല്‍കൃഷി മുതൽ തൊഴുത്ത് വൃത്തിയാക്കലും കറവയും ഉള്‍പ്പെടെയുള്ള ഫാമിലെ ദൈനംദിന   പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലാളികളെ ഏര്‍പ്പെടുത്തിയാണ് കേരളത്തിലെ മിക്ക ക്ഷീരസംരംഭങ്ങളും ഇന്നു മുന്നോട്ടുപോകുന്നത്. വെറും പത്തു പശുക്കളുള്ള ഫാമുകളില്‍ പോലും ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള അതിഥിതൊഴിലാളികളെ കാണാം. ഫാമില്‍ പ്രവര്‍ത്തിച്ച് മുന്‍പരിചയമുള്ളവരെ തൊഴിലാളികളായി നിയമിക്കുന്നതാണ് അഭികാമ്യം. തൊഴിലാളിയും ഉടമയും  തമ്മിലുള്ള ഊഷ്മളബന്ധം ഫാമിന്‍റെ വളര്‍ച്ചയില്‍ പ്രതിഫലിക്കും. തൊഴില്‍, വേതന വ്യവസ്ഥകള്‍ ആദ്യമേ തന്നെ പറഞ്ഞുറപ്പിക്കണം. ഏതെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ആരംഭത്തില്‍ തന്നെ പറഞ്ഞ് പരിഹരിക്കണം. ഫാമില്‍ ഉൽപാദനവർധനയും ലാഭവും ഉണ്ടാവുമ്പോള്‍ തൊഴിലാളികളെ അഭിനന്ദിക്കാനും അവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാനും മറക്കരുത്. എത്ര വിദഗ്‌ധരായ തൊഴിലാളികള്‍ ഫാമിലുണ്ടെങ്കിലും സംരംഭകന്‍റെ ദൈനംദിന മേല്‍നോട്ടം ക്ഷീരസംരംഭത്തെ സംബന്ധിച്ച് ഒഴിച്ച്കൂടാന്‍ പറ്റാത്തതാണ്.

വരുമാനമെത്തുന്ന വഴികളറിയണം

സുസ്ഥിരമായ വിപണിയും വരുമാനവും ഉറപ്പാക്കുന്നതിന് ക്ഷീരസഹകരണസംഘങ്ങള്‍ വഴിയുള്ള പാല്‍ വിപണനം സഹായിക്കും. കാലിത്തീറ്റ സബ്സിഡി, പാലിനുള്ള  ഇൻസെന്റീവ്, മറ്റു ധനസഹായങ്ങള്‍, ആനുകൂല്യങ്ങൾ, ബോണസുകള്‍, കര്‍ഷക അംഗീകാരങ്ങള്‍ എന്നിവയൊക്കെ ലഭിക്കുന്നതിനും സഹകരണസംഘങ്ങള്‍ വഴിയുള്ള പാൽ വിപണനം സഹായിക്കും.

ഡെയറി ഫാമില്‍നിന്ന് നറുംപാൽ നേരിട്ട് ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ എത്തിച്ച് ഫാം ഫ്രഷ് മില്‍ക്ക് എന്ന പേരിൽ പ്രാദേശിക വിപണനവും നടത്താം. പാൽസംസ്കരണ സംവിധാനങ്ങളിലൂടെ കയറിയിറങ്ങാതെ നേരിട്ടെത്തുന്ന നറുംപാലിന് ആവശ്യക്കാര്‍ ഏറെയുണ്ട്. വൃത്തിയായി പായ്ക്ക് ചെയ്ത് കൃത്യമായി ഉപഭോക്താക്കളിൽ എത്തിക്കാൻ കഴിഞ്ഞാല്‍ കൂടുതൽ ആദായം പ്രാദേശിക വിപണനം വഴി ലഭിക്കും. ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ആശുപത്രി കാന്‍റീനുകള്‍, ഹൗസിങ്ങ് കോളനികള്‍, ബേക്കറികള്‍, റെസിഡന്റ് അസോസിയേഷനുകൾ, കാറ്ററിങ് യൂണിറ്റുകൾ തുടങ്ങിയവയുമായി സഹകരിച്ചു കൂടുതൽ വിപണി കണ്ടെത്താം. ഫുഡ് സേഫ്റ്റി അഥോറിറ്റി ഇന്ത്യയില്‍നിന്നുള്ള ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നേടിയാല്‍ പാല്‍ മാത്രമല്ല പാലിൽനിന്നുള്ള മറ്റു മൂല്യവർധിത ഉൽപന്നങ്ങളും ബ്രാൻഡ് ചെയ്ത് വിപണിയില്‍ എത്തിക്കാം. പ്രാദേശിക വിപണനസാധ്യതയുള്ളതും, സൂക്ഷിപ്പ് മേന്മയുള്ളതുമായ മൂല്യവർധിത ഉൽപന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതാണ് അഭികാമ്യം. തൈര്, പനീര്‍, നെയ്യ്, സംഭാരം, സിപ് അപ്  തുടങ്ങിയ പാലുൽപന്നങ്ങൾക്ക് വലിയ വിപണിയും സാധ്യതയും കേരളത്തിലുണ്ട്. 

പാൽ മാത്രമല്ല ഫാമിൽ ജനിച്ചുണ്ടാവുന്ന പശുക്കിടാക്കളും മൂരിക്കിടാക്കളുമെല്ലാം സംരംഭകന് വരുമാനമാർഗമാണ്. ആവശ്യക്കാർ ഏറെയുള്ളതിനാൽ നന്നായി പരിപാലിച്ച് വളർത്തുന്ന  കിടാരികളെ മികച്ച വിലയിൽ വിൽക്കുകയും ചെയ്യാം. ഫാമിലുണ്ടാവുന്ന കാളക്കിടാക്കളെ അവഗണിക്കുന്നതാണ് പല സംരംഭകരുടെയും ശൈലി. എന്നാല്‍, ഇവയെ നന്നായി പരിപാലിച്ചു വളര്‍ത്തിയാല്‍ രണ്ടു വര്‍ഷം കൊണ്ട് 300-350 കിലോഗ്രാം ശരീരഭാരം കൈവരിക്കും. ഇവയെ മാംസ വിപണിയിലെത്തിച്ച സംരംഭകന് ആദായം നേടാം. പെരുന്നാളിനും വിശേഷഅവസരങ്ങളിലുമെല്ലാം ആവശ്യക്കാർ മോഹവില നൽകി കാളക്കുട്ടന്മാരെ വാങ്ങികൊണ്ടുപോവും എന്നത് ഉറപ്പാണ്. 

ചാണകവിൽപനയാണ് മറ്റൊരു ആദായ സ്രോതസ്. ചാണകം നേരിട്ടും ഉണക്കിപ്പൊടിച്ച് ചാക്കുകളിലാക്കിയും വിൽപ്പന നടത്തുന്നതാണ് സാധാരണ രീതി. എന്നാൽ, ചാണകത്തിലും മൂല്യവർധന നടത്താവുന്നതാണ്. സ്യൂഡോമോണസ്, ട്രൈക്കോഡെർമ തുടങ്ങിയ മിത്രാണു കുമിളുകൾ ചേർത്ത് ചാണകത്തിന്റെ മൂല്യവർധന നടത്താം. കുമ്മായം ചേർത്ത് മൂല്യവർധന നടത്തിയ ചാണകപ്പൊടിക്കും ആവശ്യക്കാർ ഏറെയുണ്ട്. ഇങ്ങനെ വരുമാനത്തിന്റെ വ്യത്യസ്ഥമായ വഴികൾ കണ്ടെത്തുക എന്നതാണ് ക്ഷീരസംരംഭകന്റെ വിജയം.

ലേഖനത്തിന്റെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: ഡെയറി ഫാം തുടങ്ങാന്‍ ആഗ്രഹമുണ്ടോ? എന്തൊക്കെ ശ്രദ്ധിക്കണം?

ഭാഗം രണ്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: നല്ല പശുക്കളെ എങ്ങനെ തിരഞ്ഞെടുക്കാം?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA