ADVERTISEMENT

ലോക്ഡൗൺ കാലത്ത് മലയാളികൾ വീടുകളിലിരുന്ന് ജൈവകൃഷി തുടങ്ങിയശേഷം വരുന്ന ലോക പരിസ്ഥിതി ദിനമാണിന്ന്. വളമുപയോഗിക്കാതെ ജൈവകാർഷിക രീതിയിലൂടെ കൃഷി ചെയ്താൽ കർഷകർക്ക് ലാഭകരമാണോ എന്നതാണ് എല്ലാവരുടെയും സംശയം. സുഭാഷ് പലേക്കറുടെ ‘ചെലവില്ലാക്കൃഷി’രീതിയിൽ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ കോഴിക്കോട്ടെ സർക്കാർ സംരംഭമായ വേങ്ങേരി കാർഷിക മൊത്തവിതരണ കേന്ദ്രത്തിലെ ‘തക്കാളി’ എന്ന കടയിലൂടെ വിറ്റഴിച്ച് വിജയകരമായ മാതൃക കാണിച്ചുതരികയാണ് വയനാട് നടവയൽ സ്വദേശിയും വിരമിച്ച അധ്യാപകനുമായ ടി.ജെ. മാത്യു.

ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന മാത്യു ജോലിയിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണമെടുത്ത് ഗുണ്ടൽപേട്ടിൽ എട്ടേക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങുകയായിരുന്നു. വളമോ കീടനാശിനിയോ ഇല്ലാതെ പരമ്പരാഗതമായ പലേക്കർ രീതിയിലാണ് കൃഷി തുടങ്ങിയത്. 2 നാടൻ പശുവാണുള്ളത്. ആദ്യതവണ തക്കാളി മാത്രമാണ് കൃഷി ചെയ്തത്. വിഷരഹിത തക്കാളിയുടെ വൻവിളവുണ്ടായി. എന്നാൽ വിപണിയിൽ 40 രൂപയോളം തക്കാളിക്കു വിലയുള്ളപ്പോൾ കർഷകനു കിട്ടുന്നത് 2 രൂപ എന്ന അവസ്ഥ. അതോടെ തക്കാളി വിളവെടുക്കാതെ നശിച്ചു. പക്ഷേ മാത്യു വിട്ടുകൊടുത്തില്ല. പലേക്കർ രീതിയിൽ പുണെയിലും ഊട്ടിയിലും മൈസുരുവിലുമൊക്കെ കൃഷിയിറക്കുന്ന കർഷകരുടെ കൂട്ടായ്മയിൽ ചേർന്നു. ഉപഭോക്താക്കളിലേക്ക് തന്റെ ഉൽപന്നം നേരിട്ടെത്തിക്കാൻ തീരുമാനിച്ചു. അങ്ങനെ 2018 ഡിസംബറോടെ വേങ്ങേരി കാർഷിക കേന്ദ്രത്തിൽ മുറിയെടുത്തു. 2019 മാർച്ചിൽ ‘തക്കാളി’ എന്ന പേരിൽ കട തുടങ്ങി.

വിപണി സജീവമാക്കാൻ സുഹൃത്തും മീഞ്ചന്ത ഗവ.ആർട്സ് കോളജ് അധ്യാപകനുമായ ഡോ. ജോണി ജി. വടക്കേലിന്റെ സഹായം തേടി. തക്കാളി എന്ന പേരിൽ വാട്സാപ് കൂട്ടായ്മ തുടങ്ങി. അതതു ദിവസം കടയിൽ എത്തുന്ന ജൈവപച്ചക്കറികളുടെ വിവരങ്ങൾ, വില, പലേക്കർകൃഷിയിലൂടെ ലഭിക്കുന്ന വിളയുടെ ഗുണങ്ങൾ തുടങ്ങിയവ ഈ വാട്സാപ് ഗ്രൂപ്പിലിട്ടുതുടങ്ങി. മൂന്നു ദിവസം കൊണ്ട് 257 അംഗങ്ങളെത്തിയതോടെ ആദ്യ ഗ്രൂപ്പ് നിറഞ്ഞു. ഒരു വർഷത്തിനിപ്പുറം, 15 വാട്സാപ് ഗ്രൂപ്പുകളിലായി 3800 സ്ഥിരം ഉപഭോക്താക്കളാണ് ‘തക്കാളി’ക്കുള്ളത്.

വെള്ളിയാഴ്ച വണ്ടി ഗുണ്ടൽപേട്ടിലെ കൃഷി സ്ഥലത്തേക്കു പോകും. ഊട്ടി, മൈസുരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നും വിഷം തീണ്ടാത്ത പച്ചക്കറികളും ഉൽപന്നങ്ങളും കയറ്റും. തിങ്കളാഴ്ച രാവിലെ കോഴിക്കോട്ടെ കടയിലെത്തും. മുത്താറി അവൽ, ഗോതമ്പ് അവൽ, പനംചക്കര, വെന്ത വെളിച്ചണ്ണ, രക്തശാലിയ അരി, പാലക്കാടൻ മട്ടയരി, ബ്രോക്കോളി, കാരറ്റ്, കോളിഫ്ലവർ, കാബേജ്, പപ്പായ, രജ്മ പയർ, സവാള, ഉരുളക്കിഴങ്ങ്, പയർ, ഇറ്റാലിയൻ ലെമൺ, മാങ്ങ, ചക്ക... പട്ടിക ഇങ്ങനെ നീളുന്നു.

പലേക്കരുടെ ‘ചെലവില്ലാക്കൃഷി’

മണ്ണ്, വിത്ത്, കർഷകന്റെ അധ്വാനം, ഒരു പശു എന്നീ നാലു ഘടകങ്ങളാണ് പലേക്കറിന്റെ ചെലവില്ലാക്കൃഷിയുടെ അടിത്തറ.

രാസവളം വരുന്നതിനുമുൻപ് നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന തനതു കൃഷിരീതിയാണ് മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ സുഭാഷ് പലേക്കർ വികസിപ്പിച്ചത്. കർഷക കുടുംബത്തിൽ പിറന്ന പലേക്കർ രാസവളം ഉപയോഗിച്ച് കൃഷി ചെയ്തുവരികയായിരുന്നുവെങ്കിലും വർഷം കഴിയുംതോറും ഫലപുഷ്ടി കുറഞ്ഞുവരുന്നതായി കണ്ടു. തുടർന്ന് ഗോത്രവിഭാഗങ്ങളുടെ തനത് കൃഷിരീതി പഠിച്ചെടുത്ത ശേഷം ഇതുവികസിപ്പിച്ച് കൃഷി തുടങ്ങുകയായിരുന്നു. 1996 വരെ കൃഷി ഗവേഷണം നടത്തിയ അദ്ദേഹം. 1998മുതൽ കൃഷിരീതി സന്ദേശവുമായി രാജ്യമൊട്ടാകെ യാത്ര തുടങ്ങി. 

2016ൽ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. കർഷക ആത്മഹത്യകൾ വ്യാപകമായതോടെയാണ് കർണാടകയിൽ പലേക്കർകൃഷി രീതി പ്രചരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com