ADVERTISEMENT

അവിചാരിതമായാണ് ഞാൻ മലപ്പുറം കോലൊളമ്പിൽ അബ്ദുൾ ലത്തീഫനെ പരിചയപ്പെട്ടത്. സംസാരിച്ചു വന്നപ്പോഴാണ് അറിഞ്ഞത് അദ്ദേഹമൊരു പ്രസ്ഥാനമാണെന്ന്. ചെറുപ്പത്തിൽ വീട്ടിൽ പശുക്കളും നെൽക്കൃഷിയും ഉണ്ടായിരുന്നു. ലത്തീഫിന് വളരെ താൽപര്യമുള്ള മേഖല. വളരെ ചെറുപ്പത്തിലേ തന്നെ അദ്ദേഹത്തിന് സിഐഎസ്എഫിൽ ജോലി കിട്ടി. 20 കൊല്ലം രാജ്യത്തെ പല സ്ഥലങ്ങളിലും ജോലി ചെയ്തു. എന്നും കൃഷി ഇഷ്ടം കൂട്ടത്തിലുണ്ടായിരുന്നു. 20 വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം വോളണ്ടറി റിട്ടയർമെന്റ് എടുത്ത് നാട്ടിലേക്കു മടങ്ങി .

ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും എല്ലാം അദ്ദേഹത്തെ പരിഹസിച്ചു ഒന്നാന്തരം ജോലി കളഞ്ഞിട്ടു കൃഷിക്കാരൻ ആകാൻ വന്നിരിക്കുന്നു. പക്ഷേ അദ്ദേഹത്തിന് ഉറച്ച ഒരു തീരുമാനം ഉണ്ടായിരുന്നു. ‌പിരിഞ്ഞപ്പോൾ കിട്ടിയ പണവും പിന്നെ കുറച്ചു കടവും ഒക്കെ വാങ്ങി അദ്ദേഹം ഒരു വീടുണ്ടാക്കി, ഒപ്പം ഒന്നര ഏക്കർ പറമ്പും നാലേക്കർ നിലവും.

പിന്നെ അദ്ദേഹം ചെയ്തത് 3 പശുവിനെ വാങ്ങി മൃഗസംരക്ഷണ പരീക്ഷണങ്ങൾ ആരംഭിക്കുകയായിരുന്നു. കോൾ നിലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു പൊന്നാനിയിൽ. നെല്ല്‌ ഒരിക്കലും ചതിച്ചില്ല. മറിച്ച് ആദായവും ആദരവും തേടിയെത്തി. അദ്ദേഹം ഉൾപ്പെട്ട പാടശേഖര സമിതിക്ക് നെൽക്കതിർ അവാർഡും കിട്ടി.

പശു വളർത്തലിൽ അദ്ദേഹം പടിപടിയായി മുന്നേറി 20 പശുക്കളായി. ദിവസേന ഇരുപതു ലീറ്ററിൽ കുറയാത്ത പാൽ ചുരത്തുന്ന സുന്ദരികൾ. മികച്ച രീതിയിലുള്ള മാർക്കറ്റിങ്ങ് ആണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഒരു ദിവസം ഏതാണ്ട് 100 ലീറ്റർ പാലുണ്ടാവും. അതിൽ 30 ലീറ്ററോളം അദ്ദേഹം Fresh Milk ആയി വീടുകളിൽ വിൽക്കുന്നു. അതിന് അദ്ദേഹം കണ്ടുപിടിച്ചത് കോളേജ് പിള്ളേരെ. പിള്ളേർ കോളജിൽ പോകുന്ന വഴിക്ക് പാൽ വീടുകളിൽ എത്തിക്കും. ഒരു വീട്ടിലെത്തിക്കുന്നതിന് 8 രൂപ കൊടുക്കും പ്രതിഫലം. പിള്ളേർ ഹാപ്പി. പിന്നെ ബാക്കിയുള്ള പാൽ അദ്ദേഹത്തിന്റെ ബീവി തൈരും നെയ്യും ആക്കും. അതിനും ആവശ്യക്കാരേറെ.

latheef-1
അറിവ് നേടാൻ വിദ്യാർഥികളും

10 മലബാറി ആടുകളുണ്ട്. പാൽ കറക്കില്ല. കുഞ്ഞുങ്ങളെ വിൽക്കും. പിന്നെ കോഴിവളർത്തലുമുണ്ട്. അതിൽ ലത്തീഫിന് സ്വന്തമായൊരു ശൈലിയുമുണ്ട്. നാടൻ കോഴികളും BV380 കോഴികളുമാണ് വളർത്തുന്നത്. നാടൻ കോഴികളെ അട വച്ച്‌ വിരിയിക്കും. നാടൻ പൂവൻ കോഴികളെയും വളർത്താറുണ്ട്. മുട്ടയ്ക്ക് 8 രൂപ കിട്ടും.

പിന്നെ അദ്ദേഹം ചെയ്യുന്ന വേറൊരു കാര്യം മൂന്നു രൂപയ്ക്ക് ഒരു ദിവസം പ്രായമായ വൈറ്റ് ലഗോൺ പൂവൻ കോഴിക്കുഞ്ഞുങ്ങളെ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന് വളർത്തി 50 ദിവസം പ്രായമാകുമ്പോൾ 120 രൂപയ്ക്കു വിൽക്കും. 

താറാവുമുണ്ട് 50 എണ്ണം. താറാവിന്റെയും കോഴിയുടെയും പ്രധാന തീറ്റ അടുത്ത ഹോട്ടലുകളിലെ ആഹാര അവശിഷ്ടമാണ്. തീറ്റയ്ക്ക് കാര്യമായി പണം മുടക്കാതെ മുട്ട കിട്ടുന്നത് വലിയ നേട്ടം. ചെറിയ രീതിയിൽ കാട വളർത്തലുമുണ്ട്, 300 എണ്ണം. 3 ആഴ്ച്ച പ്രായമുള്ള കുഞ്ഞിനെ വാങ്ങും. അത് ആറാഴ്ച ആകുമ്പോൾ മുട്ടയിട്ടു തുടങ്ങും. 10–12 മാസം വളർത്തും. അതുകഴിഞ്ഞ് അവയെ വിൽക്കും. ഒരെണ്ണത്തിന് 40 രൂപ കിട്ടും. എന്നിട്ട് പുതിയ കുഞ്ഞുങ്ങളെ വീണ്ടുമെടുക്കും. കാട മുട്ടയ്ക്ക് രണ്ടു രൂപ കിട്ടും.

latheef-2
ചിക്കൻ പ്രത്യേകം പായ്ക്ക് ചെയ്ത് വിൽപന

അദ്ദേഹത്തിന്റെ എടുത്തുപറയത്തക്ക ഒരു സംരംഭമാണ് ഇറച്ചിക്കോഴി വളർത്തൽ. ഇത് രൂപകൽപ്പന ചെയ്തതും എല്ലാം സഹായസഹകരണങ്ങളും ആയി കൂടെ നിൽക്കുന്നതും ഡോക്ടർ മോഹൻകുമാറാണ്. ഡോക്ടറെക്കുറിച്ച് പറയുമ്പോൾ ലത്തീഫിന് നൂറു നാവാണ്. 250 ച.അടി കൂട്ടിൽ 100 കോഴികളെ വീതം 2 ബാച്ചായി വളർത്തുന്ന രീതിയാണിത്. ബ്രൂഡ് ചെയ്യാൻ കൂട്ടിൽ തന്നെ പ്രത്യേകം സംവിധാനം. ഇങ്ങനെ വളർത്തി ഫേസ്ബുക്ക് വഴിയും പരസ്യങ്ങളിലൂടെയും വളരെ എളുപ്പം വിപണനം. പായ്ക്ക് ചെയ്ത് ലേബൽ പതിപ്പിച്ചാണ് ആവശ്യക്കാർക്ക് എത്തിക്കുന്നത്.

അദ്ദേഹത്തിന്റെ നെൽകൃഷിയും മൃഗ സംരക്ഷണവും ഒരു പാഠശാലയാണ്. അതുകൊണ്ടുതന്നെ സംരംഭകരുംകരും സ്കൂൾ-കോളജ് കുട്ടികളും നിരന്തരം അദ്ദേഹത്തിന്റെ ഫാമിൽ എത്തുന്നു. എല്ലാവരോടും വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ അദ്ദേഹത്തിന് നല്ല താൽപര്യമാണ്. മാത്രമല്ല കർഷകർക്ക് ‌ക്ലാസുകൾ എടുക്കാനും പോവാറുണ്ട്. ഈ പ്രവർത്തനങ്ങളെല്ലാം പരിഗണിച്ച് അദ്ദേഹത്തിന് കർഷകോത്തമ അവാർഡ് നൽകി സംസ്ഥാനം ആദരിച്ചു. ക്ഷീര കർഷക അവാർഡും അദ്ദേഹത്തെ തേടിയെത്തി.

English summary: Success Story of a Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com