ADVERTISEMENT

ആടറിയുമോ അങ്ങാടിവാണിഭം എന്നാണ് പഴമൊഴിയെങ്കില്‍ ആടിന്‍റെ അങ്ങാടിവാണിഭ നിലവാരത്തെക്കുറിച്ചറിഞ്ഞാല്‍ ആടുകള്‍ പോലും മൂക്കത്തു വിരൽവയ്ക്കും, അത്രയ്ക്കുണ്ട് ആടിനും ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കും ആട്ടിൻപാലിനുമെല്ലാം വിപണിയില്‍ ഡിമാൻഡ്. വിപണിയില്‍ ലഭ്യമായ വിലയേറിയ പാലും വിലനിലവാരത്തില്‍ മുന്‍പന്തിയിലുള്ള മാംസവും ആടിന്‍റേതു തന്നെ. ഇരുപത് ആടുകള്‍ മാത്രമുള്ള ചെറിയ സംരംഭങ്ങളില്‍നിന്നു പോലും ലക്ഷത്തോളം വാര്‍ഷികാദായമുണ്ടാക്കുന്ന ആട് കര്‍ഷകര്‍ ഇന്നു കേരളത്തിലുണ്ട് .

മൃഗസംരക്ഷണരംഗത്തേക്ക് കടന്നുവരുന്ന പുതുസംരംഭകരുടെ ഇഷ്ടമേഖലകളിലൊന്നു കൂടിയാണ് ആട് വളര്‍ത്തല്‍. ഫാം ആരംഭിക്കുന്നതിനു  വേണ്ട താരതമ്യേനെ കുറഞ്ഞ മുതല്‍മുടക്കും ആവർത്തനച്ചെലവും താരതമ്യേന കുറഞ്ഞ ജോലിഭാരവും ആടുകൃഷിയുടെ പ്രത്യേകതകളാണ്. ഭൂമി, വെള്ളം, വൈദ്യുതി തുടങ്ങിയവയ്ക്കുള്ള  കുറഞ്ഞ ആവശ്യകതയും താരതമ്യേന എളുപ്പമായ മാലിന്യനിര്‍മ്മാര്‍ജനവും ആട് വളര്‍ത്തലിന്‍റെ മറ്റു മേന്മകളാണ്. ആടുകളുടെ ഉയര്‍ന്ന പ്രത്യുല്‍പ്പാദനക്ഷമതയും സന്താനസമൃദ്ധിയും കൂടിയ തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചനിരക്കും ഉയര്‍ന്ന രോഗപ്രതിരോധശേഷിയുമെല്ലാം ആട് സംരംഭകര്‍ക്ക് ആദായം നേടിനല്‍കുന്ന അനുകൂലഘടകങ്ങളാണ്.  

കോഴിയിറച്ചി, മുട്ട, പശുവിന്‍ പാല്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം മറുനാടന്‍ ലോബികളുടെ ഇടപെടല്‍ ശക്തമാണിന്ന്. വിലനിയന്ത്രണം നടത്തുന്നത് പോലും അത്തരം വന്‍കിട ശക്തികളാണ്. വിപണിയില്‍  ഇവരുമായി മത്സരിക്കേണ്ടിവരുമ്പോള്‍ സാധാരണക്കാരായ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോവുന്നു. എന്നാല്‍  ആടുവളര്‍ത്തല്‍  മേഖലയില്‍  അന്യസംസ്ഥാനലോബികളുടെ ഇടപെടല്‍  താരതമ്യേന കുറവാണെന്നതും എടുത്തു പറയേണ്ട കാര്യമാണ്. കശാപ്പുനിയന്ത്രണങ്ങളും കാലിച്ചന്ത നിയന്ത്രണങ്ങളുമൊന്നും ബാധകമാവാത്ത മേഖലകൂടിയാണ് ആടുവളര്‍ത്തല്‍. വിശ്വാസപരമായ വിലക്കുകളൊന്നും തന്നെ ആടിനും ആടുല്‍പ്പന്നങ്ങള്‍ക്കും ഇല്ല. വലിയ രീതിയില്‍ വില വ്യതിയാനങ്ങളില്ലാത്ത സുസ്ഥിരവും സുനിശ്ചിതവുമായ വിപണിയുമുണ്ട്. അൻപത്  ആടുകളെ  വരെ വളര്‍ത്തുന്നതിന് ലൈസന്‍സ് ആവശ്യമില്ലെന്ന ലൈസന്‍സ് ചട്ടത്തിൽ ഇനി വരാൻ പോവുന്ന മാറ്റവും ആട് കൃഷിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. വാണിജ്യപരമായ ആടുവളര്‍ത്തല്‍ ആരംഭിക്കുന്നവർക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന സംസ്ഥാനബജറ്റിലെ  വാഗ്ദാനവും സംരംഭകര്‍ക്ക് ആഹ്‌ളാദം  നല്‍കുന്നതാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തല്‍ ആദായകരമാവാന്‍ പുതുസംരംഭകര്‍  ഓർത്തുവയ്‌ക്കേണ്ട വിജയസൂത്രങ്ങളിതാ.  

ആദ്യം അറിവ് പിന്നെ ആട്

വാണിജ്യാടിസ്ഥാനത്തിലുള്ള  ആടുവളര്‍ത്തല്‍ സംരംഭം ആരംഭിക്കുന്നതിന്‍റെ ആദ്യപടി അറിവും പ്രായോഗികജ്ഞാനവും ആര്‍ജിക്കലാണ്. മികച്ച ആടു ഫാമുകള്‍ സന്ദര്‍ശിച്ചും പരിചയസമ്പന്നരായ  കര്‍ഷകരുമായി സംവദിച്ചും ആട് കൃഷിയിലെ  അറിവുകള്‍ നേടാം. കർഷകരുമായും സംരംഭകരുമായും സംവദിക്കുമ്പോൾ ഈ മേഖലയിൽ  വിജയിച്ചവരോടു മാത്രവുമല്ല  പരാജയപ്പെട്ട് സംരംഭം അടച്ചുപൂട്ടിയവരോടും സംസാരിക്കാൻ മടിക്കേണ്ട. ആവശ്യമെങ്കില്‍ മൃഗസംരക്ഷണവകുപ്പിന്‍റെ ലൈവ്സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിംഗ് സെന്‍ററുകളില്‍ നടക്കുന്ന ആടുവളര്‍ത്തല്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ മലബാര്‍ ആട് സംരക്ഷണകേന്ദ്രത്തില്‍ എല്ലാ മാസവും നടക്കുന്ന  രണ്ടു ദിവസം നീണ്ട് നില്‍ക്കുന്ന ആട് സംരംഭക പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതും ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ക്ക്  തുണയാവും. നിർഭാഗ്യകരമെന്ന് പറയട്ടെ, ഇപ്പോൾ കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ പരിശീലനക്ലാസുകൾ പഎല്ലാം താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്. യൂട്യൂബ്, വാട്സാപ് അടക്കമുള്ള നവമാധ്യമങ്ങൾ  അറിവുകൾ നേടാൻ ഉപയോഗിക്കാമെങ്കിലും ഇത്തരം മാധ്യമങ്ങളിൽ വന്നുനിറയുന്ന മോഹിപ്പിക്കുന്ന കഥകളുടെ മാത്രം പിൻബലത്തിൽ  ആടു ഫാം നടത്താൻ തുനിഞ്ഞിറങ്ങിയാൽ ഒടുവിൽ  നഷ്ടം മാത്രമായിരിക്കും മിച്ചം എന്നത് മറക്കരുത്.

ആട്ടിൻ കൂടിനധികം മോടി വേണ്ട

ഈയിടെ ഒരു നവമാധ്യമപേജില്‍ കണ്ട പരസ്യം ഇങ്ങനെ. ‘ഒരു മലബാറി മുട്ടനാടും, പത്ത് പെണ്ണാടുകളും  ഉള്‍പ്പെടുന്ന ഒരു ബ്രീഡിംഗ് യൂണിറ്റ് ഹൈടെക്ക് കൂടുള്‍പ്പടെ ലഭ്യമാക്കും. ഉന്നത നിലവാരം പുലര്‍ത്തുന്ന ഹൈഡെന്‍സിറ്റി പ്ലാസ്റ്റിക് ഫ്ളോര്‍, പിവിസി റൂഫ്  എന്നിവയാണ് കൂടിന്‍റെ പ്രത്യേകത. ആകെ ഒരു യൂണിറ്റിന്‍റെ വില  2.97 ലക്ഷം.’ ഹൈടെക് കൂടിന്‍റെ  ചിത്രസഹിതം നല്‍കിയ ഈ പരസ്യം വായിച്ച് ഒരാവര്‍ത്തി ചിന്തിക്കാതെ ഹൈടെക്ക് കൂടും ആടും വാങ്ങാന്‍ പണം മുടക്കുന്നവർ  ചിലരെങ്കിലും ഉണ്ടാവും. ഈ പരസ്യം പ്രകാരം ആടിനേക്കാള്‍ മുതല്‍ മുടക്ക് ഹൈടെക്ക് കൂടിനാണെന്ന് വ്യക്തമാണ്. ആടിനേക്കാള്‍ കൂടുതല്‍ കൂടിന് മുതല്‍മുടക്കുന്ന രീതി ആടു സംരംഭത്തെ സംബന്ധിച്ച് വിജയകരമാണോ?

പശുക്കളുടെ തൊഴുത്തില്‍ ഒരുക്കുന്ന  മികച്ച സൗകര്യങ്ങള്‍ അവയുടെ  പാലുല്‍പ്പാദനത്തെ  വലിയ രീതിയില്‍ സ്വാധീനിക്കും എന്ന് നമുക്കറിയാം. എന്നാല്‍ ആടുകളെ സംബന്ധിച്ച് അവയുടെ കൂടുകളില്‍ ഒരുക്കുന്ന അത്യാധുനിക സൗകര്യങ്ങള്‍ അവയുടെ വളര്‍ച്ചയേയോ, ഉല്‍പാദനക്ഷമതയേയോ  വലിയ  രീതിയില്‍ സ്വാധീനിക്കില്ല എന്നതാണ് വസ്തുത. ആടുകൃഷിക്കു പേരുകേട്ട പഞ്ചാബിലും രാജസ്ഥാനിലുമെല്ലാം  രാത്രി പാര്‍ക്കാന്‍ ചെറിയ മരക്കൂരകൾ മാത്രം ഒരുക്കി കരിങ്കൽ തറയുടെ മുകളിൽ മണൽവിരിച്ച തറയിലാണ്  ഭൂരിഭാഗം കര്‍ഷകരും ആടുകളെ വളര്‍ത്തുന്നത് എന്നതോര്‍ക്കണം. വലിയ തുക മുടക്കി ആധുനിക സൗകര്യങ്ങൾ ഒരുക്കി  ഫൈബറും ഇരുമ്പുമെല്ലാം ഉപയോഗിച്ചുണ്ടാക്കുന്ന ഹൈടെക് കൂടുകള്‍ ആടു സംരംഭത്തെ  സംബന്ധിച്ച് ആദായകരമോ ഉൽപാദനക്ഷമമോ അല്ലെന്ന് ചുരുക്കം.  മേഞ്ഞ് നടന്നുള്ള ജീവിതം ആഗ്രഹിക്കുന്ന  ആടുകള്‍ക്ക് ഹൈടെക്  കൂടുകള്‍ പലപ്പോഴും അലോസരം ഉണ്ടാക്കുകയും ചെയ്യും. തുടക്കത്തിൽ തന്നെ കൂടിനു വേണ്ടി വലിയ തുക നിക്ഷേപിച്ചാല്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ച് ആട് സംരംഭം ആദായത്തിലാവാനുള്ള  കാലയളവ്  നീളുകയും ചെയ്യും. മാത്രമല്ല മറ്റേത് മൃഗസംരക്ഷണ സംരംഭങ്ങളെയും അപേക്ഷിച്ച് വരുമാനം വന്നുതുടങ്ങാൻ അൽപം കാലതാമസം വേണ്ട സംരംഭങ്ങളിൽ ഒന്നാണ് ആട് വളർത്തൽ എന്ന വസ്തുതയും വിസ്മരിക്കരുത് .

goat

ആടിനു വേണ്ടി മുടക്കുന്നതിനേക്കാൾ കൂടുതൽ തുക നിക്ഷേപിച്ച്  ഫൈബർ തട്ടിലും  ജിഐ പൈപ്പിലുമെല്ലാം ഹൈടെക്ക് കൂടുകള്‍ പണികഴിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഏറ്റവും  കുറഞ്ഞ മുതൽ മുടക്കില്‍ ലഭ്യമാവുന്ന സാധനസാമഗ്രികൾ പ്രയോജനപ്പെടുത്തി ആടുകള്‍ക്ക്  സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന  കൂടുകള്‍ നിര്‍മ്മിക്കാനുള്ള മാര്‍ഗങ്ങളാണ് ഈ മേഖലയിലേക്കു കടന്നുവരുന്ന കര്‍ഷകര്‍ സ്വീകരിക്കേണ്ടത്. ഫാമിൽനിന്ന് വരുമാനം കിട്ടിത്തുടങ്ങുകയും ആദായത്തിലാവുകയും ചെയ്താൽ ക്രമേണ ഫാം വിപുലീകരിക്കാം. ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ ഫൈബർ സ്ലേറ്റഡ് പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും ഉപയോഗിച്ചുള്ള ഹൈടെക് കൂടുകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താവുന്നതാണ്.   

കൃഷിയിടത്തിലെ നല്ല നീർവാർച്ചയുള്ള ഉയർന്ന സ്ഥലങ്ങൾ വേണം കൂട്  പണികഴിപ്പിക്കാനായി തിരഞ്ഞെടുക്കേണ്ടത്.  കിഴക്കുപടിഞ്ഞാറ് ദിശയില്‍ കൂട് നിർമിക്കുന്നതാണ്  ഉത്തമം.   കൂടുകള്‍ പണികഴിപ്പിക്കുമ്പോള്‍ ഒരു പെണ്ണാടിന് ഏകദേശം  10 ചതുരശ്ര അടിയും മുട്ടനാടിന് ചുരുങ്ങിയത് 20 - 25 ചതുരശ്രഅടിയും കുട്ടികള്‍ക്ക് രണ്ട് ചതുരശ്രയടിയും സ്ഥലം കൂട്ടില്‍ ഉറപ്പാക്കണം. ഈ കണക്കുകള്‍ പ്രകാരം 250 ചതുരശ്രഅടി വിസ്തീർണമുള്ള ഒരു കൂട് പണികഴിപ്പിച്ചാല്‍ 20 പെണ്ണാടുകളെയും കുട്ടികളെയും ഒരു മുട്ടനാടിനെയും വളര്‍ത്താം. നല്ല ബലമുള്ള മരത്തടികളോ ഹോളോബ്രിക്സോ  കോൺക്രീറ്റ് ബാറുകളോ സ്‌ക്വയർ പൈപ്പുകളോ ഉപയോഗിച്ച് ഭൂനിരപ്പിൽനിന്നും ഒരു മീറ്റർ ഉയർത്തി വേണം കൂടിന്‍റെ പ്ലാറ്റ്‌ഫോം (ആടുകൾ നിൽക്കുന്ന തട്ട്)  നിർമ്മിക്കേണ്ടത്. മൂത്രവും കാഷ്​ഠവും കെട്ടിക്കിടക്കാതെ കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യാനും  ജൈവമാലിന്യങ്ങളിൽനിന്നും പുറന്തള്ളുന്ന അമോണിയ വാതകം കൂടിനടിയിൽ തങ്ങിനിൽക്കുന്നത് വഴി ആടുകൾക്കുണ്ടാവാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും നല്ല വായുസഞ്ചാരം ഉറപ്പാക്കുന്ന വിധത്തിൽ പ്ലാറ്റ്‌ഫോം ഉയർത്തി നിർമിക്കുന്നത് സഹായിക്കും. പ്ലാറ്റ്‌ഫോം ഒരുക്കുന്നതിനായി പാകപ്പെടുത്തിയ കവുങ്ങിൻ തടിയോ പനത്തടിയോ നല്ല ഈടുനിൽക്കുന്ന  മരപ്പട്ടികയോ  ഉപയോഗപ്പെടുത്താം. തട്ടൊരുക്കാൻ ഉപയോഗിക്കുന്ന മരപ്പട്ടികകൾക്കിടയിൽ 1-1 .5  സെന്റി മീറ്റർ വിടവ് നൽകണം.   തൂണുകൾക്ക് ഇടയിലുള്ള കൂടിന്റെ തറഭാഗം ഒത്ത നടുവിൽ ചാണകവും മൂത്രവും ഒഴുകിപോവുന്നതിനായി  ഒരു ചാലുകീറി ചാലിലേക്ക്   ഒരൽപം ചരിവ് നൽകി കോൺക്രീറ്റ് ചെയ്യണം. ആട്ടിൻ കാഷ്ഠവും മൂത്രവും വെവ്വേറെ ശേഖരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പ്ലാറ്റ് ഫോമിന് രണ്ടടി ചുവടെ പ്ലാസ്റ്റിക് ഷീറ്റോ അലൂമിനിയം ഷീറ്റോ കോണാകൃതിയിൽ  ക്രമീകരിച്ച്  ഒരു അടിത്തട്ട് / സെല്ലർ  പണിയാം. മൂത്രം ശേഖരിക്കുന്നതിനായി  ഷീറ്റിന്റെ ഇരുവശങ്ങളിലും പിവിസി പൈപ്പ് നെടുകെ പിളർന്ന് പാത്തികളു അറ്റത്ത് ശേഖരണ ടാങ്കും  ഒരുക്കണം.

പ്ലാറ്റ്‌ഫോമിൽനിന്ന് ഒന്നര- രണ്ട്  മീറ്റർ വരെ ഉയരത്തിൽ മരപ്പട്ടികകൊണ്ടോ മുളകൊണ്ടോ കമ്പിവല കൊണ്ടോ ഭിത്തി നിർമിക്കാം. പലകകൾ തമ്മിൽ 4 -6 സെന്റിമീറ്റർ അകലം നൽകണം. ശരീരതാപനില പൊതുവെ ഉയര്‍ന്ന ജീവികളിലൊന്നായതിനാലും ശ്വാസകോശരോഗങ്ങൾ തടയാനും  മതിയായ വായുസഞ്ചാരം ആട്ടിൻ കൂട്ടിൽ ഉറപ്പാക്കേണ്ടതുണ്ട്.  ഓടുകൊണ്ടോ ഓല കൊണ്ടോ തകര കൊണ്ടോ ടിൻ കോട്ടഡ് അലുമിനിയം ഷീറ്റ്  കൊണ്ടൊ മേൽക്കൂര ഒരുക്കാം. പ്ലാറ്റ്‌ഫോമിൽനിന്നു മേൽക്കൂരയുടെ ഒത്ത മധ്യത്തിലേക്ക് നാലു മീറ്റർ ഉയരം നൽകണം. ഇരു വശങ്ങളിലും പ്ലാറ്റ്‌ഫോമിൽ നിന്നും മേൽക്കൂരയിലേക്കുള്ള  ഉയരം 3 മീറ്റർ നൽകണം.  വശങ്ങളിൽ അരമീറ്റർ പുറത്തേക്ക് ഇറങ്ങി നിൽക്കുന്ന രീതിയിൽ വേണം മേൽക്കൂര ക്രമീകരിക്കേണ്ടത്. കൂടിന് ഒരു മീറ്റർ വീതിയിൽ  വാതിലും ചവിട്ടുപടികളും ഒരുക്കണം. ഒരു ആടിന് അരയടി  നീളം എന്ന കണക്കിൽ  ഒന്നരയടി  ഉയരത്തിൽ തീറ്റത്തൊട്ടി കൂട്ടിനുള്ളിലായോ പുറത്തോ ക്രമീകരിക്കാം. അതായത് പത്ത് ആടുകളെ വളർത്തുന്ന ഒരു കൂട്ടിൽ ഒരാടിന് അരയടി എന്ന കണക്കിൽ തീറ്റത്തൊട്ടിക്ക് ആകെ 5 അടി നീളം നൽകേണ്ടതുണ്ട്. വെള്ളപ്പാത്രങ്ങൾ അരയടി ഉയരത്തിൽ വേണം ക്രമീകരിക്കാൻ. വ്യാസം കൂടിയ പിവിസി പൈപ്പുകൾ നെടുകെ  കീറി ചെലവ് കുറഞ്ഞ രീതിയിൽ തീറ്റത്തൊട്ടി നിർമിക്കാവുന്നതാണ് .

കൂട് നിര്‍മിക്കുമ്പോള്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന  ആടുകളുടെ എണ്ണത്തിന്‍റെ  ഇരട്ടി എണ്ണം  ആടുകളെ  ഉള്‍ക്കൊള്ളാവുന്ന  കൂടുകള്‍ പണികഴിപ്പിക്കാന്‍ ശ്രദ്ധിക്കണം. അതുമല്ലെങ്കില്‍ ഫാമിനെ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍  കൂടുനിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ഒരുക്കണം. മുട്ടനാടുകളെയും ഗര്‍ഭിണി ആടുകളെയും  മൂന്നു മാസം പ്രായമെത്തിയ കുട്ടികളെയും രോഗബാധിതരായ ആടുകളെയും പാര്‍പ്പിക്കാന്‍ ഫാമില്‍ പ്രത്യേകഭാഗങ്ങള്‍ വേര്‍തിരിക്കാന്‍ മറക്കരുത്. മുട്ടനാടുകൾക്ക് വേണ്ടി മുഖ്യഷെഡിൽനിന്നു മാറി പ്രത്യേകം കൂടുകൾ പണികഴിപ്പിക്കുന്നത് അഭികാമ്യമാണ്‌.  ഒന്നിലധികം മുട്ടനാടുകളെ വളര്‍ത്തുന്നുണ്ടെങ്കില്‍  അവയെ പ്രത്യേകം പ്രത്യേകം കൂടുകളില്‍  വേണം പര്‍പ്പിക്കാന്‍. പുതുതായി കൊണ്ടുവരുന്ന ആടുകളെ  താല്‍ക്കാലികമായി  മൂന്നാഴ്ചവരെ പാര്‍പ്പിക്കാന്‍  ഫാമിനോടനുബന്ധിച്ച്  50-100 മീറ്റര്‍ മാറി ക്വാറന്‍റൈന്‍ ഷെഡ്ഡും  പണിതീര്‍ക്കാം.

ആട് ബ്രീഡുകള്‍ തിരഞ്ഞെടുക്കുമ്പോള്‍

വളര്‍ത്താന്‍ ആടിനങ്ങളെ തിരഞ്ഞെടുക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. നമ്മുടെ തനത് ആട് ജനുസുകളായ മലബാറി, അട്ടപ്പാടി ബ്ലാക്ക് തുടങ്ങിയ ഇനങ്ങളെ കൂടാതെ ജമുനാപാരി, ബീറ്റല്‍, സിരോഹി, ഒസ്മനാബാദി, ബര്‍ബാറി, ബോയര്‍ തുടങ്ങി ഇത്തിരി കുഞ്ഞന്‍ അസ്സാം ഡ്വാര്‍ഫ് ഉള്‍പ്പെടെ നിരവധി മറുനാടന്‍ ജനുസുകളും ഇന്ന് കേരളത്തില്‍ പ്രചാരത്തിലുണ്ട്.  അംഗീകൃത ജനുസുകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടില്ലെങ്കിലും പ്രാദേശികമായി  സങ്കരപ്രജനനം വഴി ഉരുത്തിരിഞ്ഞ ചില ആടിനങ്ങളും കേരളത്തിൽ ഇന്ന്  പ്രചാരത്തിലുണ്ട്. പർബസാരി, തോത്താപുരി, കരോളി, സോജത്, കോട്ട തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ആടുകൾ ഇത്തരം  പ്രാദേശിക ഇനങ്ങൾക്ക് ഉദാഹരണങ്ങളാണ് ആട്ടിൻ കുഞ്ഞുങ്ങളുടെ ഉയർന്ന  ജനനത്തൂക്കം, മൂന്നാം മാസത്തേയും ആറാം മാസത്തേയും  ഒൻപതാം മാസത്തെയും ശരീരതൂക്കം, കൂടിയ വളർച്ചാനിരക്ക്, ആദ്യ പ്രസവം നടക്കുന്ന കുറഞ്ഞ പ്രായം, ഒരു പ്രസവത്തിൽ ഒന്നിൽ അധികം കുഞ്ഞുങ്ങൾ ഉണ്ടാവാനുള്ള കൂടിയ സാധ്യത, രണ്ടു പ്രസവങ്ങൾ തമ്മിലുള്ള കുറഞ്ഞ ഇടയകലം, കൂടിയ പാലുൽപാദനശേഷി, ആകെ പാലുൽപാദന കാലയളവ്, കൂടിയ  രോഗപ്രതിരോധശേഷിയും കുറഞ്ഞ മരണനിരക്കും  തുടങ്ങിയവയെല്ലാമാണ് ഒരു ആട് ഫാമിന്റെ സാമ്പത്തികവിജയത്തെ നിർണയിക്കുന്ന ( Economic traits) ഘടകങ്ങൾ. ഈ വിജയഘടകങ്ങൾ പരിഗണിച്ച് വേണം ഓരോ ജനുസിൽ പെട്ട ആടുകളെയും വളർത്താനായി തിരഞ്ഞെടുക്കേണ്ടത്.

ഉൽപാദന -പ്രത്യുൽപാദനക്ഷമതയിലും വളര്‍ച്ചനിരക്കിലും, രോഗപ്രതിരോധശേഷിയുമെല്ലാം ഓരോ ജനുസ് ആടുകള്‍ക്കും മേന്മകളും പോരായ്മകളുമെല്ലാം ഏറെയുണ്ട്. സിരോഹിയും ഒസ്മനാബാദിയും ജമുനാപാരിയുമെല്ലാം മാംസോൽപാദനത്തിനു  പേര് കേട്ടവയാണെങ്കിൽ സുര്‍ത്തിയും ജക്രാനയുമെല്ലാം പാലുൽപാദനമികവിനാണ് പ്രശസ്തര്‍. മാംസോൽപാദനത്തിനും  പാലുൽപാദനത്തിനും  പ്രത്യുല്‍പ്പാദനമികവിനുമെല്ലാം  ഒരുപോലെ മികവുള്ളവരാണ് മലബാറി, ബീറ്റല്‍, ബാര്‍ബാറി തുടങ്ങിയ ആടിനങ്ങള്‍. ബീറ്റല്‍, ഒസ്മനാബാദി, മലബാറി ഇനം ആടുകളില്‍ ഓരോ പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള 8-10 മാസം വരെയാണെങ്കില്‍ ജമുനാപാരി ആടുകള്‍ക്കിടയില്‍ ഈ ഇടവേള ഒരു വര്‍ഷത്തിനും മുകളിലാണ്. ഇങ്ങനെ ജനുസുകള്‍ക്കിടയില്‍ ഉൽപാദന -പ്രത്യുൽപാദന വൈവിധ്യങ്ങള്‍ ഏറെയുണ്ട്. മാംസോൽപാദനം , നല്ലയിനം കുഞ്ഞുങ്ങളുടെ ഉത്‌പാദനവും വിപണനവും, പാലുൽപാദനം, ഇണ ചേര്‍ക്കാന്‍ വേണ്ടി മാത്രമുള്ള മേല്‍ത്തരം മുട്ടനാടുകളുടെ പരിപാലനം,  ഫാന്‍സി / ഓമന ആടുകളുടെ വിപണനം തുടങ്ങി ഓരോ ആട് സംരംഭകന്‍റെയും ലക്ഷ്യങ്ങള്‍ പലതായിരിക്കും. ഈ സംരംഭകലക്ഷ്യങ്ങളോട് ഇണങ്ങുന്നതും   ഉത്തമ ജനിതകഗുണങ്ങളുള്ളതുമായ ജനുസ്സുകളെ  വേണം ഫാമിലെ മുഖ്യബ്രീഡായി തിരഞ്ഞെടുക്കേണ്ടത്.

സംരംഭത്തിന്‍റെ ആരംഭത്തില്‍ തന്നെ  ഉത്തരേന്ത്യയിൽ നിന്നെല്ലാമുള്ള മറുനാടൻ  ആടുകളെ വളര്‍ത്താനായി തിരഞ്ഞെടുത്ത് കൈപൊള്ളിയവന്‍ ഏറെയുണ്ട്. പ്രത്യുല്‍പ്പാദനക്ഷമത, കാലാവസ്ഥയോടുള്ള ഇണക്കം, രോഗപ്രതിരോധശേഷി,  വളര്‍ച്ചാനിരക്ക്, പരിപാലനച്ചെലവ് എന്നിവയെല്ലാം ഒരുമിച്ച് പരിഗണിക്കുമ്പോള്‍ മറ്റിനങ്ങളെ അപേക്ഷിച്ച് മലബാറി ആടുകളും മലബാറി സങ്കരയിനങ്ങളും  തന്നെയാണ് ഒരുപടി മുന്നില്‍ നില്‍ക്കുന്നത്. ആടുവളര്‍ത്തല്‍ മേഖലയിലേക്ക് പുതുതായി  കടന്നുവരുന്ന സംരംഭകര്‍ക്ക് ആശങ്കകളും ആകുലതകളും  ഏറെയില്ലാതെ തിരഞ്ഞെടുത്ത്  വളര്‍ത്താവുന്ന ഇനവും നമ്മുടെ മലബാറി തന്നെ. കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് വിപണനം ചെയ്യാനും മാംസോൽപ്പാദനത്തിന് പ്രയോജനപ്പെടുത്താനും ഏറ്റവും ഉത്തമവും മലബാറി ,മലബാറി സങ്കരയിനം ആടുകൾ തന്നെയാണ് .

നാടന്‍ ആടുകളുടെ വര്‍ഗഗുണമുയര്‍ത്താനും മലബാറി മുട്ടനാടുകളുമായുള്ള പ്രജനനം (ബ്രീഡിങ്) സഹായിക്കും. നമ്മുടെ നാടിനോടിണങ്ങുന്നതും തുടക്കക്കാരുടെ കൈയ്യിലൊതുങ്ങുന്നതുമായ മലബാറി ആടുകളെ വളര്‍ത്തി അറിവും അവഗാഹവും നേടുമ്പോള്‍  ക്രമേണ  മറ്റ് ബ്രീഡുകളെ  ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത് വളര്‍ത്താവുന്നതും ആവശ്യമെങ്കിൽ  വിദഗ്‌ധ നിർദേശപ്രകാരം  വിവിധ ജനുസുകൾ തമ്മിൽ  സങ്കരപ്രജനന സാധ്യതകൾ പരീക്ഷിക്കാവുന്നതുമാണ്.

കന്നുകാലി ചന്തകളില്‍ നിന്നും കശാപ്പുകാരുടെ കയ്യില്‍നിന്നും ഇടനിലക്കാരില്‍നിന്നും ആടുകളെ  വളർത്താനായി വാങ്ങുന്നത്  പരമാവധി ഒഴിവാക്കണം. ശാസ്ത്രീയ രീതികൾ അവലംബിച്ച് വളര്‍ത്തുന്ന കര്‍ഷകരില്‍നിന്നോ മികച്ച രീതിയില്‍  പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫാമുകളില്‍നിന്നോ  സര്‍ക്കാര്‍, യൂണിവേഴ്സിറ്റി ഫാമുകളില്‍ നിന്നോ ആടുകളെ തിരഞ്ഞെടുക്കാം.  ആടുകളുടെ പ്രജനനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പ്രസവത്തില്‍ കുട്ടികളുടെ  എണ്ണം, പാലിന്‍റെ അളവ്, നല്‍കിയ പ്രതിരോധകുത്തിവയ്പുകളെ കുറിച്ചുള്ള  വിവരങ്ങള്‍ എന്നിവയെല്ലാം വാങ്ങുന്ന സമയത്ത് ചോദിച്ചറിയണം. രക്തബന്ധമില്ലാത്ത ആടുകള്‍ തമ്മില്‍ ഇണ ചേര്‍ന്നുണ്ടായ കുഞ്ഞുങ്ങളെ മാത്രമേ വളര്‍ത്താന്‍ വേണ്ടി തിരഞ്ഞെടുക്കാന്‍ പാടുള്ളൂ.  മൂന്നു മാസം പ്രായമെത്തിയ പാലുകുടി മാറിയ കുഞ്ഞുങ്ങളെയും  8-9 മാസം പ്രായമായ പെണ്ണാടുകളെയും ഒരു വര്‍ഷം പ്രായമായ മുട്ടനാടിനെയും തിരഞ്ഞെടുക്കാം. ആടുകളുടെ പല്ലുകൾ പരിശോധിച്ച് പ്രായനിർണയം സാധ്യമാണ്.  ആട്ടിൻകുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോൾ കഴിയുമെങ്കിൽ  രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന തള്ളയാടിന്  ഉണ്ടായ കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.  പെണ്ണാടുകളെ വാങ്ങിയ സ്ഥലത്ത് നിന്നോ പ്രസ്തുത പ്രദേശത്തോ നിന്നോ  തന്നെ മുട്ടനാടുകളെയും വാങ്ങുന്നത് ഒഴിവാക്കണം. മുട്ടനാടുകൾ ജനുസിന്റെ മുഴുവൻ സവിശേഷതകളും ഗുണങ്ങളും ഒത്തിണങ്ങിയതും ശാരീരിക  വൈകല്യങ്ങളൊന്നും ഇല്ലാത്തതാവാനും ശ്രദ്ധിക്കണം.    ഫാമിലേക്ക് ആദ്യഘട്ടത്തില്‍  നമ്മള്‍ തിരഞ്ഞെടുക്കുന്ന മാതൃ-പിതൃശേഖരത്തിന്‍റെ ഗുണവും മേന്മയും  ഫാമിന്‍റെ വളര്‍ച്ചയും  വിജയവും നിര്‍ണ്ണയിക്കുന്നതില്‍  പ്രധാനമാണെന്ന കാര്യം മറക്കരുത്.

നാളെ: ഏതെങ്കിലും ആടിനെയല്ല, അറിഞ്ഞു വളർത്തണം ആടിനെ

English summary: How to Start a Goat Farm?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com