ആട് സംരംഭം വിജയിക്കാൻ അറിയണം ഈ ശാസ്ത്രീയ പരിപാലനക്രമങ്ങൾ

HIGHLIGHTS
  • ഗര്‍ഭിണി ആടുകളുടെ പരിപാലനത്തിൽ ശ്രദ്ധിക്കണം
  • കുഞ്ഞുങ്ങള്‍ സംരംഭകന്‍റെ മുതല്‍ക്കൂട്ട്
goat-23
SHARE

മികച്ചയിനം ആടുകളെ ഫാമിലേക്കു തിരഞ്ഞെടുക്കുന്നതിനോളവും മികച്ച പ്രജനനരീതികള്‍ അവലംബിക്കുന്നതിനോളവും തന്നെ പ്രധാനമാണ് ശാസ്ത്രീയമായ പരിപാലനം ഉറപ്പ് വരുത്തേണ്ടതും. ആടുകളുടെ പരിപാലനവുമായും ആരോഗ്യസുരക്ഷയുമായും ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടത് പ്രധാനമായും ഈ കാര്യങ്ങളാണ്.

അന്തര്‍പ്രജനനം അന്തകനായേക്കാം

കുഞ്ഞുങ്ങളുടെ കൂടിയ മരണനിരക്കും രോഗങ്ങളും മൂലം ആടുവളര്‍ത്തല്‍ സംരംഭങ്ങള്‍ ക്രമേണ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതിന്റെ  പ്രധാന കാരണങ്ങളിലൊന്നാണ് രക്തബന്ധമുള്ള ആടുകള്‍ തമ്മില്‍ ഇണചേര്‍ക്കല്‍ അഥവാ അന്തര്‍പ്രജനനം. ഫാമില്‍ ജനിക്കുന്ന ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കിടയിലെ കൂടിയ മരണനിരക്കും കുറഞ്ഞ ജനനതൂക്കവും (രണ്ട് കിലോഗ്രാമിലും കുറവ്) വളർച്ച മുരടിപ്പും അന്തര്‍പ്രജനനം സംഭവിച്ചതിന്റെ  പ്രധാന സൂചനകളാണ്. അന്തര്‍പ്രജനനം വഴിയുണ്ടാവുന്ന കുട്ടികള്‍ക്ക് വളര്‍ച്ചനിരക്കും രോഗപ്രതിരോധശേഷിയും ശരീരഭാരവുമെല്ലാം കുറവായിരിക്കും. ജനിതക ശാരീരിക വൈകല്യങ്ങള്‍ക്കും ഇടയുണ്ട്. ഒരേ വംശാവലിയിൽ പെട്ടതും രക്തബന്ധമുള്ളതുമായ ആടുകള്‍ തമ്മില്‍ ഇണചേരാനുള്ള സാഹചര്യം പൂര്‍ണമായും ഒഴിവാക്കണം. പ്രജനനപ്രവർത്തങ്ങൾ കൃത്യവും ശാസ്ത്രീയവുമാകാൻ ഫാമിൽ പ്രജനന റജിസ്റ്ററുകൾ സൂക്ഷിക്കണം. കൂടുതൽ ആടുകളുള്ള ഫാമുകളാണെങ്കിൽ ആടുകളുടെ കാതിൽ പ്രത്യേകം നമ്പറുകളുള്ള പോളിയൂറിത്തേൻ ചെവിക്കമ്മലുകൾ അടിക്കുന്നത് തിരിച്ചറിയൽ എളുപ്പമാക്കും.   പെണ്ണാടുകളെ വാങ്ങിയ സ്ഥലത്ത് നിന്നോ പ്രസ്തുത പ്രദേശത്തോ നിന്നോ  തന്നെ മുട്ടനാടുകളെയും വാങ്ങുന്നത് ഒഴിവാക്കണം . ഫാമിൽ അന്തര്‍പ്രജനനം നടക്കാനുള്ള ചെറിയ സാധ്യതകൾ പോലും ഒഴിവാക്കുന്നതിനായി ഓരോ  ഒന്നേകാൽ -  ഒന്നരവര്‍ഷം കൂടുമ്പോഴും ഫാമിലെ മുട്ടനാടുകളെ മാറ്റി (Buck rotation) പുതിയ മുട്ടന്മാരെ പ്രജനനാവശ്യത്തിനായി കൊണ്ടുവരാന്‍ മറക്കരുത്. 

ഗര്‍ഭിണി ആടുകളുടെ പരിപാലനത്തിൽ ശ്രദ്ധിക്കാൻ 

ആടിന്‍റെ ഗര്‍ഭകാലം 150  ദിവസമാണ്. ഈ കാലയളവിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. പൂർണ ഗർഭിണികളായ ആടുകളെ മറ്റുള്ള ആടുകളിൽനിന്നു മാറ്റി പാർപ്പിക്കണം. അടുത്തകാലത്ത് ഗർഭമലസൽ സംഭവിച്ച ആടുകളുമായി ഇടപഴകാൻ ഗർഭിണി ആടുകളെ അനുവദിക്കരുത്. പ്രസവം പ്രതീക്ഷിക്കുന്നതിന്റെ  രണ്ടാഴ്ചകള്‍ക്ക് മുന്‍പ് വിരകള്‍ക്കെതിരെ മരുന്ന് നല്‍കുന്നത് ഫലപ്രദമാണ്. അതുപോലെ ഗര്‍ഭിണി ആടുകള്‍ക്ക് ഗര്‍ഭത്തിന്‍റെ  3,4 മാസങ്ങളില്‍ രണ്ട് ഡോസ്  ടെറ്റ്നസ് പ്രതിരോധ വാക്സിനുകള്‍ കുത്തിവയ്പ്പായി നല്‍കണം. പ്രസവം പ്രതീക്ഷിക്കുന്നതിന്‍റെ അവസാന ആഴ്ചകളില്‍  പ്രഗ്നന്‍സി ടോക്സീമിയ എന്ന ഉപാപചയ രോഗാവസ്ഥക്ക് സാധ്യതയുണ്ട്.  ആടുകൾക്ക് ധാരാളം ഊർജം ആവശ്യമായ ഈ കാലയളവിൽ ശരീരത്തിൽ ഊർജത്തിന്റെ അളവ് കുറയുന്നതാണ് ഇതിന്റെ കാരണം. രണ്ടില്‍ അധികം കുഞ്ഞുങ്ങള്‍ ഗര്‍ഭാശയത്തിലുള്ള മലബാറി ആടുകളില്‍ പ്രഗ്നന്‍സി ടോക്സീമിയ സാധാരണ കണ്ടുവരാറുണ്ട്.  ഇതൊഴിവാക്കാന്‍ ധാരാളം പച്ചപ്പുല്ലും ഊര്‍ജസാന്ദ്രത ഉയര്‍ന്ന  ചോളപ്പൊടി ഉൾപ്പെടെയുള്ള ധാന്യപ്പൊടികൾ, പുളിങ്കുരുപ്പൊടി, കപ്പപ്പൊടി തുടങ്ങിയ സാന്ദ്രീകൃതാഹാരങ്ങള്‍ 250-350 ഗ്രാം എങ്കിലും കൈതീറ്റയായും  ആടിന് നല്‍കണം. ജീവകം എ, മാംഗനീസ്, അയേൺ, കോപ്പർ തുടങ്ങിയ ധാതുജീവകങ്ങൾ ഗർഭസ്ഥകിടാവിന്റെ ശരീരവളർച്ചക്കും അകാലത്തിലുള്ള ഗർഭമലസൽ ഒഴിവാക്കാനും പ്രധാനമായതിനാൽ ഈ പോഷകങ്ങൾ അടങ്ങിയ ഒരു ധാതുജീവക മിശ്രിതം ഗർഭിണിആടുകളുടെ തീറ്റയിൽ ഉൾപ്പെടുത്തണം. 

പ്രസവം പ്രതീക്ഷിക്കുന്നതിന്‍റെ  രണ്ടാഴ്ച മുമ്പ് ആടുകളെ പ്രസവമുറിയിലേക്കു മാറ്റണം. പ്രസവ മുറികളില്‍ വൈക്കോല്‍ വിരിപ്പ് ഒരുക്കണം. ശുദ്ധജലം വേണ്ടുവോളം ലഭ്യമാക്കണം. വിരേചനക്ഷമത ഉയര്‍ന്ന തവിട്  പോലുള്ള ഘടകങ്ങൾ അടങ്ങിയ  കൈതീറ്റയും പച്ചപ്പുല്ലും ഈ സമയത്ത് ആഹാരമായി നല്‍കാം. പ്രസവത്തോടനുബന്ധിച്ച് ചില ആടുകളിൽ പ്രസവതടസം , ഗർഭാശയം പൂർണമായോ ഭാഗികമായോ പുറന്തള്ളൽ, കാത്സ്യം കുറഞ്ഞ് കുഴഞ്ഞുവീഴൽ, മറുപിള്ള പുറന്തളളാൻ പ്രയാസം തുടങ്ങിയ സങ്കീർണതകൾ കണ്ടുവരാറുണ്ട്. ആടുകളുടെ ജീവൻ തന്നെ അപകടത്തിലാവാൻ സാധ്യതയുള്ളതിനാൽ  ഇത്തരം സാഹചര്യങ്ങളിൽ എല്ലാം തന്നെ അടിയന്തിര വിദഗ്‌ധ ചികിത്സ ആടുകൾക്ക് ഉറപ്പാക്കണം.

കുഞ്ഞുങ്ങള്‍ സംരംഭകന്‍റെ മുതല്‍ക്കൂട്ട്

ഏതൊരു ആട് വളര്‍ത്തല്‍ സംരംഭത്തിന്‍റെയും വിജയത്തിന്‍റെ അടിസ്ഥാനമാണ് ആ ഫാമില്‍ പ്രസവിച്ചുണ്ടാവുന്ന ആട്ടിന്‍കുട്ടികള്‍. അവയ്ക്കുണ്ടാവുന്ന  രോഗബാധകളും മരണനിരക്കും ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ ആടു വളര്‍ത്തല്‍  സംരംഭത്തില്‍ മികച്ച  നേട്ടമുറപ്പാണ്.  ആട്ടിൻകുട്ടി ജനിച്ചതിനു ശേഷമുള്ള ആദ്യ  ഒരു മണിക്കൂറിനെ വിശേഷിപ്പിക്കുന്നത് 'Golden hour' അഥവാ 'സുവർണ മണിക്കൂർ' എന്നാണ് . തടസമില്ലാത്ത ശ്വാസോച്ഛാസം ഉറപ്പാക്കൽ, മതിയായ അളവിൽ കന്നിപ്പാൽ കുടിപ്പിക്കൽ,  പൊക്കിൾക്കൊടി പരിപാലനം തുടങ്ങി ആട്ടിൻകുഞ്ഞിന്റെ ആരോഗ്യം ഉറപ്പാക്കാനായുള്ള   പ്രധാന കാര്യങ്ങൾ ഈ ഒരു മണിക്കൂറിൽ  ചെയ്തു തീർക്കാനുണ്ട്. നിർണായകമായ  ഈ ഒരു മണിക്കൂർ  'Golden hour'   എന്നറിയപ്പെടുന്നതിന്റെ കാരണവും അത് തന്നെ. ജനിച്ചയുടന്‍ ആട്ടിന്‍കുഞ്ഞിന്‍റെ മുഖത്തെ സ്രവങ്ങളെല്ലാം തുടച്ച് ശ്വസനം സുഗമമാക്കണം. നാഭീപഴുപ്പും രോഗവും സന്ധി വീക്കവും ടെറ്റനസ് രോഗവും  ആട്ടിൻകുഞ്ഞുങ്ങളുടെ  അകാലമരണത്തിന്‍റെ കാരണങ്ങളില്‍ പ്രധാനമാണ്. പൊക്കിൾക്കൊടി വഴിയാണ് രോഗകാരിയായ ബാക്ടീരിയകൾ കുഞ്ഞുങ്ങളുടെ  ശരീരത്തിൽ എത്തുന്നത്. രോഗാണുക്കൾ ശരീരമാകെ പടർന്ന് രോഗം മൂർച്ഛിച്ചാൽ ആട്ടിൻകിടാക്കൾ  മരണപ്പെടും. ഇത് തടയുന്നതിനായി ജനിച്ചയുടന്‍ പൊക്കിള്‍ക്കൊടിയുടെ ഭാഗം ടിഞ്ചര്‍ അയഡിന്‍  അല്ലെങ്കിൽ പോവിഡോൺ അയഡിൻ ലായനിയില്‍ മുക്കി അണുവിമുക്തമാക്കണം. ശരീരത്തില്‍നിന്ന് പൊക്കിൾക്കൊടി പൂര്‍ണമായി വേര്‍പ്പെട്ടിട്ടില്ലെങ്കില്‍  പൊക്കിളിന് ഒരിഞ്ച് താഴെ വൃത്തിയുള്ള ഒരു നൂലുപയോഗിച്ച് കെട്ടിയതിനു ശേഷം  ബാക്കി ഭാഗം കെട്ടിനു ചുവടെ അരയിഞ്ച് മാറി അണുവിമുക്തമാക്കിയ കത്രികയോ ബ്ലേഡോ ഉപയോഗിച്ച്  മുറിച്ച് മാറ്റണം. പൊക്കിൾ കൊടിയിലെ  മുറിവ് ഉണങ്ങുന്നതു വരെ ദിവസവും മൂന്നോ നാലോ തവണ ടിഞ്ചർ അയഡിന്‍ ലായനിയില്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കണം.

ആട്ടിന്കുഞ്ഞിന്റെ ആരോഗ്യത്തിന് അനിവാര്യമായ ഇമ്മ്യൂണോഗ്ലോബുലിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് കന്നിപ്പാൽ. കുഞ്ഞിന്റെ ആരോഗ്യ ജീവിതത്തിനായുള്ള പാസ്പോർട്ട് എന്നാണ് കന്നിപ്പാൽ അറിയപ്പെടുന്നത്. ജനിച്ച് ആദ്യ രണ്ടു  മണിക്കൂറിനുള്ളില്‍ തന്നെ ശരീരതൂക്കത്തിന്‍റെ 10 % എന്ന അളവിൽ കന്നിപ്പാല്‍ (Colostrum) ആട്ടിന്‍കുഞ്ഞുങ്ങള്‍ക്ക് ഉറപ്പാക്കാന്‍ ശ്രമിക്കണം. ഉദാഹരണത്തിന്  2.5 കിലോഗ്രാം ശരീരതൂക്കത്തോടെ ജനിച്ച  ആട്ടിന്‍കുട്ടിക്ക് 250-300 മില്ലി ലീറ്റര്‍ കന്നിപ്പാല്‍ ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ ഉറപ്പാക്കണം.  ഈ അളവ് കന്നിപ്പാലിന്റെ ആദ്യഘഡു (ശരീര തൂക്കത്തിന്റെ 5 % ) പ്രസവിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ ഉറപ്പാക്കണം. അമ്മയാടിൽനിന്ന് കന്നിപ്പാൽ പരമാവധി കുടിക്കാൻ കിടാക്കളെ  പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അല്ലെങ്കിൽ ആവശ്യമായ കന്നിപ്പാൽ കറന്നെടുത്ത് ഒരു മിൽക്ക് ഫീഡിംഗ് ബോട്ടിലിലോ നിപ്പിളിലോ നിറച്ച് കുഞ്ഞുങ്ങൾക്കു നൽകാം. ആട്ടിൻകുട്ടി കന്നിപ്പാൽ നുണയുന്നതിന് മുൻപായി അമ്മയാടിന്റെ അകിടുകൾ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും കാമ്പിൽ കെട്ടിനിൽക്കുന്ന പാലിൽനിന്ന് അൽപം കറന്ന് ഒഴിവാക്കുകയും ചെയ്യണം. ആദ്യ ദിവസം ആദ്യ 24 മണിക്കൂറിനുള്ളില്‍ 1 ലീറ്റര്‍ എങ്കിലും  കന്നിപ്പാല്‍ കുട്ടികള്‍ കുടിച്ചു എന്ന് കര്‍ഷകര്‍ ഉറപ്പാക്കണം. തുടര്‍ന്നും അഞ്ചു ദിവസം വരെ ശരീരഭാരത്തിന്‍റെ പത്തു ശതമാനം കന്നിപ്പാല്‍ ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കണം. പാല്‍ ഒറ്റസമയത്തു കുടിപ്പിക്കാതെ വിവിധ തവണകളായി നല്‍കാന്‍ ശ്രദ്ധിക്കണം. കുട്ടികൾ കുടിച്ചതിന് ശേഷം കന്നിപ്പാൽ അധികമുണ്ടെങ്കിൽ കറന്നെടുത്ത് റെഫ്രിജറേറ്ററിൽ സൂക്ഷിച്ച് അടുത്ത ദിവസങ്ങളിൽ ശരീരതാപനിലയിൽ കുഞ്ഞുങ്ങൾക്ക് തന്നെ നൽകാം.

ഒരാഴ്ച പ്രായമായത് മുതൽ ആട്ടിൻകുഞ്ഞുങ്ങൾക്ക് കുടിക്കാനായി ശുദ്ധജലം കൂട്ടിൽ ഉറപ്പാക്കണം. മൂന്ന് മാസം വരെ പാല്‍ തന്നെയാണ് ആട്ടിൻകുഞ്ഞുങ്ങളുടെ പ്രധാന ആഹാരമെങ്കിലും  രണ്ടാഴ്ച  പ്രായമാവുന്നത് മുതല്‍ ചെറിയ അളവില്‍ മാംസ്യസമൃദ്ധമായ കിഡ്സ്റ്റാര്‍ട്ടര്‍ തീറ്റയും ധാതുലവണ മിശ്രിതവും കുഞ്ഞുങ്ങള്‍ക്ക് നല്‍കിത്തുടങ്ങണം. നാലാഴ്ച പ്രായം പിന്നിടുമ്പോള്‍  നല്ല ഗുണമേന്മയുള്ളതും മൃദുവായതുമായ പുല്ല് ചെറുതായി അരിഞ്ഞ് കുഞ്ഞുങ്ങളുടെ തീറ്റയില്‍ ഉള്‍പ്പെടുത്താം. കോംഗോ സിഗ്നൽ, ഗിനി പുല്ല് തുടങ്ങിയ മൃദുവായ പുല്ലുകൾ ആട്ടിൻകുട്ടികൾക്ക് നൽകാൻ  ഏറെ അനിയോജ്യമാണ്. മൂന്നാഴ്ച പ്രായമെത്തുമ്പോള്‍ ആദ്യ ഡോസ് വിരമരുന്ന് (ഫെൻബെൻഡസോൾ, ആൽബെൻഡസോൾ, പൈറെന്റൽ പാമോയേറ്റ്  തുടങ്ങിയവയിൽ ഏതെങ്കിലും ) നല്‍കണം.  ആറു മാസം പ്രായം വരെ  ഓരോ മാസം കൂടുമ്പോഴും വിരമരുന്ന് നൽകുന്നത് ആവര്‍ത്തിക്കണം.  ഓരോ രണ്ടാഴ്ച കൂടുമ്പോഴും കുട്ടികളുടെ ശരീരതൂക്കം നിർണയിച്ച് ഒരു റജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം 

മാതൃശേഖരത്തിലുള്ള പെണ്ണാടുകളുടെ  ഇരട്ടിയെണ്ണം ആട്ടിന്‍കുട്ടികള്‍ ഒരു വര്‍ഷം ഫാമില്‍നിന്നു  ജനിച്ചിറങ്ങേണ്ടത് സംരംഭവിജയത്തില്‍ പ്രധാനമാണ്. ഇതിനായി പരിപാലനം ചിട്ടപ്പെടുത്തണം. തുടര്‍ച്ചയായി മദിലക്ഷണങ്ങള്‍ പ്രകടമാവാന്‍ വൈകല്‍, തുടര്‍ച്ചയായ ഗര്‍ഭമലസല്‍ കുഞ്ഞുങ്ങളുടെ ഉയര്‍ന്ന മരണനിരക്ക്, കുറഞ്ഞ ശരീരഭാരം തുടങ്ങിയ പ്രശ്നങ്ങള്‍ ഫാമിലെ ആടുകളില്‍  കണ്ടാല്‍ മടിക്കാതെ  വിദഗ്‌ധ  സഹായം തേടണം. തുടര്‍ച്ചയായി  ഗര്‍ഭമലസല്‍, വന്ധ്യത  സംഭവിക്കുന്നത്  ബ്രൂസല്ല ക്ലമീഡിയ ലിസ്റ്റീരിയ മൈക്കോപ്ലാസമ തുടങ്ങിയ സാംക്രമിക രോഗകാരികൾ കാരണമാവാന്‍ സാധ്യത ഉയര്‍ന്നതാണ്.  ആടുകളില്‍ അസ്വാഭാവിക മരണം സംഭവിച്ചാല്‍ പോസ്റ്റുമോർട്ടം പരിശോധന നടത്തി മരണകാരണം കണ്ടുപിടിക്കാന്‍ മറക്കരുത്.

goat-22

പ്രതിരോധ കുത്തിവയ്പുകൾ  ഉറപ്പാക്കാം

ആടുകളിലെ പ്ലേഗ്  എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ്  ആടുവസന്ത. പാരമിക്സോ എന്ന വൈറസ് കുടുംബത്തിലെ മോര്‍ബില്ലി എന്നയിനം വൈറസുകള്‍  കാരണമായുണ്ടാവുന്ന ഈ രോഗം പിപിആര്‍ അഥവാ പെസ്റ്റ് ഡെ പെറ്റിറ്റ്സ് റുമിനന്‍റ്സ് എന്നാണ് ശാസ്ത്രീയമായി വിളിക്കപ്പെടുന്നത്. ഏത് ഇനത്തിലും പ്രായത്തിലും പെട്ട ആടുകളെയും  രോഗം ബാധിക്കാമെങ്കിലും നാലു മാസത്തിനും രണ്ട് വയസിനും ഇടയിലുള്ളവയ്ക്കാണ് രോഗസാധ്യതയും മരണനിരക്കും കൂടുതല്‍. വൈറസ് ബാധയേറ്റാല്‍ രോഗലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണനിരക്ക് 85 മുതല്‍ 90 ശതമാനം വരെ  ഉയര്‍ന്നതുമാണ്.  വൈറസ് രോഗമായതിനാല്‍ ചികിത്സകള്‍ ഒന്നും ഫലപ്രദമവുമല്ല. ഗോരക്ഷാപദ്ധതിയുടെ കീഴില്‍  മൃഗസംരക്ഷണവകുപ്പ് ഉല്‍പാദിപ്പിച്ച് സംസ്ഥാനത്തുടനീളം സൗജന്യമായി വിതരണം ചെയ്യുന്ന പിപിആര്‍ സെല്‍കള്‍ച്ചര്‍ വാക്സിന്‍ ആടുവസന്ത പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണ്. മൂന്നു മാസത്തിന് മുകളില്‍ പ്രായമുള്ള ആടുകള്‍ക്ക് ആദ്യ പ്രതിരോധകുത്തിവയ്പെടുക്കാം. തുടര്‍ന്ന് വര്‍ഷം തോറും കുത്തിവയ്പ്പ് ആവര്‍ത്തിക്കണം. ഒരു മില്ലിലീറ്റര്‍ വീതം മരുന്ന് തൊലിക്കടിയില്‍  കുത്തിവയ്ക്കുന്ന  പിപിആര്‍ വാക്സിന്‍ ഗര്‍ഭിണികളായ ആടുകള്‍ക്ക് പോലും സുരക്ഷിതമായി നല്‍കാവുന്നതാണ്. 

ആടുകള്‍ക്ക് നാലു മാസം പ്രായമെത്തുമ്പോള്‍ ടെറ്റനസ് രോഗപ്രതിരോധ കുത്തിവയ്പും നല്‍കണം. തുടര്‍ന്ന് ഓരോ ആറു മാസം  പിന്നിടുമ്പോഴും ടെറ്റനസ്  കുത്തിവയ്പ് ആവര്‍ത്തിക്കണം. ക്ലോസ്ട്രീഡിയം പെര്‍ഫ്രിന്‍ജന്‍സ് ടൈപ്പ് ഡി രോഗാണുക്കള്‍ കാരണം ഉണ്ടാവുന്ന എന്‍ററോടോക്സീമിയ രോഗത്തിനെതിരായ പ്രതിരോധകുത്തിവയ്പ്പും, പാസ്ചുറെല്ല ബാക്ടീരിയ കാരണമുണ്ടാവുന്ന  കുരലടപ്പന്‍ രോഗത്തിനെതിരായ കുത്തിവയ്പ്പും നാലു മാസം പ്രായമെത്തുമ്പോള്‍ നല്‍കാം. രണ്ടാഴ്ച ഇടവിട്ട് രണ്ട് കുത്തിവയ്പുകള്‍ നല്‍കി കഴിഞ്ഞാല്‍ തുടര്‍ന്ന് വര്‍ഷംതോറും ഓരോ ഡോസ് വാക്സിന്‍ നല്‍കിയാല്‍ മതി.

മെലിച്ചില്‍, വളര്‍ച്ച മുരടിപ്പ്, വിളര്‍ച്ച, ഇടവിട്ടുള്ള വയറുസ്തംഭനം, വയറിളക്കം എന്നിവയെല്ലാം വിരബാധയുടെ ലക്ഷണമാവാം. മൊണീസിയ എന്ന് പേരുള്ള നാടവിരകളും സ്ട്രോഗൈല്‍ എന്ന് പേരുള്ള  ഉരുളന്‍ വിരകളുമാണ് കേരളത്തിലെ ആടുകളെ ബാധിക്കുന്ന പ്രധാനവിരകള്‍. ലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ കാഷ്ഠം പരിശോധിച്ച്  മരുന്നു നല്‍കാന്‍ മറക്കരുത്. വിരമരുന്നുകള്‍  നല്‍കുമ്പോള്‍ ആടിന്‍റെ ശരീരതൂക്കം നിര്‍ണയിക്കേണ്ടത് പ്രധാനമാണ്. ഒരു ശതമാനം തുരിശ് ലായനി (ഒരു ഗ്രാം  തുരിശ്/കോപ്പർ സൾഫേറ്റ് നൂറ് മില്ലി ലീറ്റർ വെള്ളത്തിൽ ) ഒരു കിലോഗ്രാം ശരീരതൂക്കത്തിന്  ഒരു മില്ലി ലീറ്റര്‍ എന്ന അളവില്‍  ആടുകളെ കുടിപ്പിക്കുന്നത് നാടവിരകളെ തടയാന്‍ ഫലപ്രദമാണ്.

വിരകള്‍ മരുന്നുകള്‍ക്കെതിരെ പ്രതിരോധശക്തി നേടുന്നത് ഇന്നു പല ആടുഫാമുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. തുടര്‍ച്ചയായി ഒരു മരുന്ന് തന്നെ നല്‍കല്‍, തൂക്കം നിര്‍ണയിച്ച് മതിയായ അളവില്‍ മരുന്ന് നല്‍കാതിരിക്കല്‍, ദുരുപയോഗം എന്നിവയെല്ലാമാണ് ഇതിന്‍റെ കാരണങ്ങള്‍. വിരമരുന്നുകളുടെ  അമിതവും അശാസ്ത്രീയവുമായ ഉപയോഗം ഒഴിവാക്കണം. ഫാമില്‍ നല്‍കുന്ന വിരമരുന്നുകള്‍ ഇടയ്ക്കിടെ മാറ്റി നല്‍കാന്‍ ശ്രദ്ധിക്കണം.  മരുന്നിനെതിരെ വിരകള്‍ പ്രതിരോധശക്തി നേടുന്നത് തടയാനാണിത്. ചെള്ള്, പേന്‍, പട്ടുണ്ണി പോലുള്ള ബാഹ്യപരാദങ്ങളുടെ നിയന്ത്രണവും പ്രധാനമാണ്. ഇതിനായി മരുന്നുകള്‍ ശരീരത്തില്‍ സ്പ്രേ ചെയ്യുകയോ, തേച്ചുപിടിപ്പിക്കുകയോ കുത്തിവയ്പ്പായി തൊലിക്കടിയില്‍ നല്‍കുകയോ ചെയ്യാം. 

നാളെ: സംരംഭകൻ അറിയണം ആടു രോഗങ്ങളെക്കുറിച്ച് അൽപം

English summary: How to Become a Successful Goat Farmer?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA