ADVERTISEMENT

കോഴിക്കോട്ടുനിന്നു സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുപോകാനെത്തിയ പോർച്ചുഗീസുകാർ കുരുമുളകുവള്ളികളുമായി നാട്ടിലേക്കു പോകുന്നതറിഞ്ഞ് മാങ്ങാട്ടച്ചൻ പരാതിയുമായി സാമൂതിരിയെ മുഖം കാണിക്കാനെത്തി. അപ്പോൾ സാമൂതിരിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘അവർക്കു കുരുമുളകു തിരികളല്ലേ കൊണ്ടുപോകാനാവൂ. നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാനാവില്ലല്ലോ’. ജൂൺ 21ന് തിരുവാതിര ഞാറ്റുവേല ആരംഭിക്കുകയാണ്. അതായത് പഴമക്കാരുടെ കണക്കുപ്രകാരം തിരിമുറിയാതെ മഴപെയ്യുന്ന സമയം. ഏതു വിളയും നട്ടാൽ വേരുപിടിക്കുന്ന കാലം. 

ഞാറ്റുവേലയെ അടിസ്ഥാനമാക്കിയായിരുന്നു കേരളത്തിലെ കർഷകർ കൃഷി ചെയ്തിരുന്നത്. തിരുവാതിര ഞാറ്റുവേലയിൽ നടുന്നതെന്തും നന്നായി വളരുമെന്നും നന്നായി വിളയുമെന്നുമായിരുന്നു വിശ്വാസം. മഴ ലഭിക്കുന്നതു പോലെ വെയിലും ലഭിക്കും. അതുകൊണ്ടാണ് ചെടികൾ നടാൻ പറ്റിയ സമയമാണെന്നു പറയുന്നത്. 

സൂര്യനെ അടിസ്ഥാനമാക്കിയാണല്ലോ നമ്മുടെ കണക്കുകൂട്ടലുകളെല്ലാം. അതുതന്നെയാണു ഞാറ്റുവേലയും. ഞായർ എന്നാൽ സൂര്യൻ. സൂര്യന്റെ വേള (സമയം) ആണു ഞാറ്റുവേലയായത്. ഭൂമിയിൽനിന്നു സൂര്യനെ നോക്കുമ്പോൾ ഏതു നക്ഷത്രത്തിന്റെ അടുത്താണോ നിൽക്കുന്നത് ആ നക്ഷത്രവുമായി ചേർത്താണു ഞാറ്റുവേല കണക്കാക്കുന്നത്. തിരുവാതിര നക്ഷത്രത്തിന്റെ അടുത്തുകാണുമ്പോഴാണ് തിരുവാതിര ഞാറ്റുവേല. അപ്പോൾ അശ്വതിയിൽ തുടങ്ങി രേവതി നക്ഷത്രം വരെ 27 ഞാറ്റുവേല. രാത്രിയാണു ഞാറ്റുവേല പിറക്കുക. അപ്പോൾ ജൂൺ 21ന് രാത്രിയാണു തിരുവാതിര ഞാറ്റുവേലയുടെ പിറവി. മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ച് തിരുവാതിരയ്ക്കുള്ള പ്രത്യേകത ഇതിൽ 15 ദിവസം ഉണ്ടെന്നാണ്. ബാക്കിയെല്ലാ നക്ഷത്രങ്ങൾക്കും പതിമൂന്നര ദിവസമായിരിക്കും.

ഏപ്രിൽ 14 അതായത് മേടം ഒന്നു മുതലാണു ഞാറ്റുവേലയുടെ തുടക്കം. അശ്വതി ഞാറ്റുവേല വിഷുവിനു തുടങ്ങും. ഈ സമയത്താണ് നെൽകൃഷിയുടെ ആരംഭം. ഏപ്രിൽ 27 മുതൽ ഭരണി ഞാറ്റുവേല തുടങ്ങും. ഈ സമയത്തു ഇടവിട്ടുള്ള മഴ ലഭിക്കും. കരനെൽ കൃഷി ആരംഭിക്കാൻ പറ്റിയ സമയമാണ്. മേയ് 10ന് കാർത്തിക ഞാറ്റുവേല തുടങ്ങും. ഇഞ്ചി, മഞ്ഞൾ എന്നിവയുടെ കൃഷി ആരംഭിക്കാം.

മേയ് 24ന് ആരംഭിക്കുന്ന രോഹിണിയിൽ പയർ കൃഷി ആരംഭിക്കാം. ജൂൺ ഏഴിനാണ് മകയിര്യം, 21ന് തിരുവാതിരയും. ജൂലൈ മൂന്നിന് പുണർതം, 18ന് പൂയം, ഓഗസ്റ്റ് മൂന്നിന് ആയില്യം, 16 മുതൽ മകം ഞാറ്റുവേല. 30 മുതൽ പൂരവും സെപ്റ്റംബർ 13 മുതൽ ഉത്രവും 26 മുതൽ അത്തവും. ഒക്ടോബർ 10ന് ചിത്തിരയും 23 മുതൽ ചോതിയും നവംബർ 6 മുതൽ വിശാഖവും 19 മുതൽ അനിഴവും ഡിസംബർ 2 മുതൽ തൃക്കേട്ടയും ആരംഭിക്കും. 15ന് മൂലവും 28ന് പൂരാടവും ജനുവരി 10 മുതൽ ഉത്രാടവും 23 മുതൽ തിരുവോണവും തുടങ്ങും. ഫെബ്രുവരി 5 മുതൽ അവിട്ടവും 18 മുതൽ ചതയവും മാർച്ച് 4 മുതൽ പൂരൂരട്ടാതിയും 17 മുതൽ ഉത്രട്ടാതിയും 30 മുതൽ രേവതിയും ആരംഭിക്കും. രേവതിയോടെ ഒരു വർഷത്തെ കൃഷി അവസാനിക്കും. 

തിരുവാതിരയിലാണ് എല്ലായിടത്തും പുതിയ ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുക. തിരുവാതിരയുടെ ഫലം അറിയണമെങ്കിൽ തൈ നടുക തന്നെ വേണം. ഈ തിരിമുറിയാത്ത മഴയത്ത് കേരളത്തിലെ എല്ലാവരും ഒരു ഫലവൃക്ഷമെങ്കിലും വച്ചുപിടിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com