വനഭൂമിയും കൃഷിഭൂമിയും വേർതിരിച്ചെ മതിയാവൂ, കർഷകശബ്ദം ഉയരുന്നു

HIGHLIGHTS
  • വനഭൂമി സംരക്ഷിക്കപ്പെടണം
  • കർഷകന്റെ കൃഷിഭൂമിയും സംരക്ഷിക്കണം
farm-12
SHARE

കർഷകർ മനുഷ്യരാണ്. മണ്ണിനെ പൊന്നാക്കി മാറ്റുന്ന കർഷകനും വേണം സംരക്ഷണം. വന്യമൃഗസംരക്ഷണം നടപ്പിലാക്കുന്ന അതേ ഇച്ഛാശക്തിയിൽ കർഷകർക്കും സംരക്ഷണം നൽകാൻ സർക്കാർ തയാറാവണം.

കർഷകൻ മണ്ണിൽ പണിയെടുത്ത് വിയർപ്പ് വറ്റുന്നതിനു മുൻപേ വന്യജീവികൾ വിളവെടുപ്പ് നടത്തുമ്പോൾ തകർന്ന് പോവുന്നത് കർഷകന്റെ പ്രതീക്ഷകളാണ്. ബാങ്ക് ലോണെടുത്തും കടം വാങ്ങിയും കർഷകർ കൃഷിയിറക്കുമ്പോൾ വിളവെടുക്കാനായി വന്യജീവികൾക്ക് അവകാശം നൽകുന്നതാണ് ഇന്നിന്റെ നിയമങ്ങൾ. വന്യജീവികളിൽനിന്നും കൃഷിയെ സംരക്ഷിക്കാൻ കർഷകർ മണ്ണിലിറങ്ങിയാൽ വന്യ ജീവി സംരക്ഷണ നിയമപ്രകാരം കർഷകന് ഫോറസ്റ്റ് ഓഫീസേഴ്സിന്റെ പീഢനങ്ങളും ജയിൽവാസവും നിത്യസംഭവമാണ്.

പറമ്പിൽ മഴക്കുഴി നിർമിച്ചപ്പോൾ അതിൽ വീണ് ചത്ത പന്നിയുടെ പേരിൽ കർഷകനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കുന്ന ഫോറസ്റ്റ് ഓഫീസർമാരുടെ നാട്ടിൽനിന്നാണ് ഞാനീ എഴുത്ത് എഴുതുന്നത്. ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ ഇടിമുറികളിൽവച്ച് കർഷകന്റെ നെഞ്ചിൻകൂട് തകർത്ത് കുറ്റസമ്മത മൊഴിയിൽ ഒപ്പ് വയ്പ്പിക്കുന്ന ഏമാന്മാരുടെ നാടകങ്ങൾക്ക് തിരശീല വീണേ മതിയാവൂ. കുറ്റസമ്മത മൊഴിയിൽ ഒപ്പ് വയ്പ്പിച്ച് കർഷകനെ വന്യജീവി വേട്ടക്കാരനായി മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ എസി മുറികളിൽനിന്നും കയ്യടിച്ച് ഏറ്റു പാടുന്ന പരിസ്ഥിതി സ്നേഹികളെ നടുറോട്ടിൽ കർഷകൻ ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ല. ആനയുടെ ആക്രമണം കാരണം ജീവിക്കുന്ന രക്തസാക്ഷിയായ ചിന്നക്കനാലിലെ തോമസ് ചേട്ടനെ പോലെ നിരവധി കർഷകർ ഈ ഭൂമിയിലുണ്ട്. വന്യജീവി ആക്രമത്താൽ ഗുരുതരമായി പരിക്ക് പറ്റി ജീവിതകാലം മുഴുവൻ കട്ടിലിൽ കിടക്കാൻ വിധിക്കപ്പെട്ടവർക്ക് നൽകുന്ന തുച്ഛമായ ധനസഹായം സർക്കാറുകളുടെ മുഖത്തേക്ക് എറിഞ്ഞു നൽകാൻ ഇനിയും വൈകരുത്. കർഷകന്റെ വോട്ടും വാങ്ങി അധികാരത്തിലേറുന്നവർ കൃഷി നാശത്തിന് നൽകുന്ന നാമമാത്രമായ നഷ്ടപരിഹാരത്തുക കൊണ്ട് സെക്രട്ടറിയേറ്റിന് സമീപത്തുകൂടെ അലയുന്ന പട്ടികൾക്ക് ഭക്ഷണത്തിനായി നൽകാൻ കർഷകൻ തയ്യാറാവുന്ന കാലം വരണം. മുട്ട് വളയാതെ നടുവുയർത്തി അവകാശങ്ങൾക്കായി കർഷകന്റെ ശബ്ദം ഉയരണം.

വനഭൂമി സംരക്ഷിക്കപ്പെടണം, കൂടെ കർഷകന്റെ കൃഷി ഭൂമിയും സംരക്ഷിക്കണം.

English summary: Problems of Agricultural Farmers in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA