മലയാളികൾ പട്ടിണി കിടക്കാതിരിക്കാനല്ല തമിഴ്‌നാട്ടുകാർ കൃഷി ചെയ്യുന്നത്: മുരളി തുമ്മാരുകുടി

HIGHLIGHTS
  • തമിഴ്‌നാട്ടിൽനിന്നും ലോറി വന്നില്ലെങ്കിൽ മലയാളി പട്ടിണിയാകും
  • രണ്ടു കൂട്ടരും അവരുടെ സ്വകാര്യ താൽപര്യങ്ങളാണ് സംരക്ഷിക്കാൻ നോക്കുന്നത്
vegetable
SHARE

കൊറോണക്കാലത്ത് കേരളത്തിലേക്കുള്ള അതിർത്തികൾ കർണാടക അടച്ചപ്പോൾ കേരളത്തിലേക്ക് ലോഡ് കൊണ്ടുവരാൻ തമിഴ്‌നാട്ടിലെ ഡ്രൈവർമാർ മടിച്ചു. കർണാടകയും തമിഴ്‌നാടും സഹായിച്ചില്ലെങ്കിൽ കേരളം പട്ടിണിയിലാകും വിലക്കയറ്റമുണ്ടാകും എന്നൊക്കെ കരുതിയവർ ഇപ്പോൾ ഭക്ഷ്യവസ്തുക്കൾക്ക് വില കുറഞ്ഞ കാഴ്ചയാണ് കാണുന്നത്. സത്യത്തിൽ ‘മലയാളികൾ പട്ടിണി കിടക്കാതിരിക്കാനല്ല തമിഴ്‌നാട്ടുകാർ കൃഷി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ കർഷകർക്ക് ലാഭം ഉണ്ടാക്കാനല്ല മലയാളികൾ കോഴി വാങ്ങി കഴിക്കുന്നത്. രണ്ടു കൂട്ടരും അവരുടെ സ്വകാര്യ താൽപര്യങ്ങളാണ് സംരക്ഷിക്കാൻ നോക്കുന്നത്’ എന്ന് യുഎൻ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി തുമ്മാരുകുടി. പച്ചക്കറികളുടെ വില കുറയുന്നതിലെ സാമ്പത്തികശാസ്ത്രം പങ്കുവച്ച് മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് വായിക്കാം.

ആദം സ്മിത്തിന്റെ അദൃശ്യ കരങ്ങൾ. തമിഴ്‌നാട്ടിൽനിന്നും ലോറി വന്നില്ലെങ്കിൽ മലയാളി പട്ടിണിയാകും’. ചെറുപ്പകാലത്ത് തൊട്ടു കേട്ടു തുടങ്ങിയ ഒരു കാര്യമാണ്. ഭക്ഷ്യ സ്വയംപര്യാപ്തതക്കു വേണ്ടി വാദിക്കുന്നവർ, കേരളത്തിൽ നെൽപ്പാടങ്ങൾ തരിശായിപ്പോകുന്നതിൽ വിഷമിക്കുന്നവർ, കേരളത്തിലെ പുതിയ തലമുറ കൃഷിപ്പണിക്കിറങ്ങാത്തത്തിൽ സങ്കടപ്പെടുന്നവർ ഇവരുടെഎല്ലാം സ്ഥിരം പല്ലവിയാണ്.

ലോകം അൽപം കാണുകയും എക്കണോമിക്സിന്റെ അടിസ്ഥാനം മനസിലാക്കുകയും ചെയ്തപ്പോൾ ഈ ചിന്തകൾ ശുദ്ധ മണ്ടത്തരമാണെന്ന് മനസിലാക്കി. ഇക്കാര്യം പലപ്പോഴും പറയുകയും ചെയ്തു. പാരമ്പര്യം ആയതുകൊണ്ടോ കൃഷിഭൂമി ഉള്ളതുകൊണ്ടോ ഭക്ഷ്യ സ്വയംപര്യാപ്തത ഇല്ലത്തതുകൊണ്ടോ ചെയ്യേണ്ട ഒന്നല്ല കൃഷി എന്നും, ലാഭകരമായി കൃഷി ചെയ്യാൻ സാധിക്കുന്ന കാലത്തും ദേശത്തുമാണ് കൃഷി ചെയ്യേണ്ടതെന്നും, അങ്ങനെ ലാഭകരമായി എന്തെങ്കിലും കേരളത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന കാലത്ത് കേരളത്തിൽ കൃഷി നടത്താമെന്നും, അതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത് എന്നുമൊക്കെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. കുറച്ചു പേരൊക്കെ മാറി ചിന്തിക്കാനും തുടങ്ങി.

അപ്പോഴാണ് ദാ കൊറോണ വരുന്നത്. കേരള കർണാടക അതിർത്തിയിൽ മണ്ണു വീഴുന്നതും കേരളത്തിൽ കൊറോണക്കേസുകൾ കൂടുതലാണെന്ന് പറഞ്ഞ് കേരളത്തിലേക്കു വരാൻ തമിഴ്‌നാട്ടിൽനിന്നുള്ള ഡ്രൈവർമാർ മടിക്കുന്നു എന്നുമെല്ലാം വാർത്ത വരുന്നത്.

ആളുകൾ വീണ്ടും പേടിച്ചു. ഇനി കേരളം പട്ടിണിയാകാൻ അധിക ദിവസം വേണ്ട. പച്ചക്കറികളുടെ വില കുതിച്ചു കയറും. കോഴിയിറച്ചിയും മുട്ടയും കിട്ടാതാകും. ഇനി കേരളം കൃഷി നടത്തിയേ പറ്റൂ, മറ്റുള്ളവരെ ആശ്രയിക്കാൻ പറ്റില്ല, തുടങ്ങിയ ചർച്ചകൾ ഏറെ വന്നു. അന്നും ഞാൻ പറഞ്ഞിരുന്നു ലോക്ക് ഡൗൺ മലയാളികളെ ബാധിക്കുന്നതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ടിക്കാൻ പോകുന്നത് കേരളത്തിനു പുറത്തുള്ള പാവം കർഷകരെയാണെന്ന്. കാരണം ശരാശരി മലയാളികൾക്കുള്ള സാന്പത്തിക സുരക്ഷിതത്വം അവർക്കില്ല.

എന്നിട്ട് എന്തായി? ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്തത്രയും കുറഞ്ഞ വിലയ്ക്കാണ് സാധാരണ കിട്ടുന്നതിനേക്കാൾ കൂടുതൽ ഫ്രഷ് ആയ പച്ചക്കറി കേരളത്തിൽ കിട്ടുന്നത്. ഇതെങ്ങനെ സംഭവിക്കുന്നു?

ഇതിന്റെ ഉത്തരം പണ്ടു തന്നെ എഴുതിവച്ചിട്ടുണ്ട്. കന്പോളത്തിലെ അദൃശ്യകരങ്ങളെ പറ്റി ആദ്യം പറഞ്ഞത് ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവെന്ന് പറയപ്പെടുന്ന ആദം സ്മിത്ത് ആണ്. 1776 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പ്രശസ്തമായ An Inquiry into the Nature and Causes of the Wealth of Nations എന്ന പുസ്തകത്തിലാണ് ഇതിനെ പറ്റി വിശദീകരിച്ചിട്ടുള്ളത്.

The invisible hand is a metaphor for the unseen forces that move the free market economy. Through individual self-interest and freedom of production as well as consumption, the best interest of society, as a whole, are fulfilled. The constant interplay of individual pressures on market supply and demand causes the natural movement of prices and the flow of trade.

ഒരു സ്വതന്ത്ര കമ്പോളത്തിൽ നിർമ്മിക്കുന്നവരുടേയും ഉപഭോഗം ചെയ്യുന്നവരുടെയും സ്വകാര്യ താൽപര്യങ്ങൾകൊണ്ട‌ു തന്നെ സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടും. ആരും ആരുടെയും താൽപര്യം സംരക്ഷിക്കാൻ എന്ന പേരിൽ കമ്പോളത്തിൽ ഇടപെടാതിരുന്നാൽ മതി.

അതായത് ഉത്തമാ, മലയാളികൾ പട്ടിണി കിടക്കാതിരിക്കാനല്ല തമിഴ്‌നാട്ടുകാർ കൃഷി ചെയ്യുന്നത്. തമിഴ് നാട്ടിലെ കർഷകർക്ക് ലാഭം ഉണ്ടാക്കാനല്ല മലയാളികൾ കോഴി വാങ്ങി കഴിക്കുന്നത്. രണ്ടു കൂട്ടരും അവരുടെ സ്വകാര്യ താൽപര്യങ്ങളാണ് സംരക്ഷിക്കാൻ നോക്കുന്നത്. അവ പരസ്പര ബന്ധിതമാണെന്ന് മാത്രം. കേരളത്തിൽനിന്നുള്ള ഡിമാൻഡ് ഇല്ലെങ്കിൽ തമിഴ്‌നാട്ടിലെ കൃഷിക്ക് നിലനിൽപ്പില്ല, പട്ടിണിയാകുന്നത് നമ്മൾ മാത്രമാകില്ല.

കേരളത്തിൽ കൃഷി ചെയ്യുന്നതിലും ലാഭമാണ് തമിഴ്‌നാട്ടിൽ കൃഷി ചെയ്യുന്നത്. എന്തിന് തമിഴ്‌നാട്ടിലെ കാര്യം പറയുന്നു, ‌ഓസ്ട്രേലിയലിൽ പശുവിനെ വളർത്തി കേരളത്തിൽ പാൽ എത്തിച്ചു ലാഭത്തിൽ വിൽക്കാൻ സാധിക്കുമെന്നതാണ് സത്യം! വില കുറച്ച് അരിയും പച്ചക്കറികളും പാലുമൊക്കെ തമിഴ്‌നാട്ടിൽനിന്നോ പഞ്ചാബിൽനിന്നോ ഓസ്‌ട്രേലിയയിൽനിന്നോ വന്നാൽ അതാണ് മലയാളികൾക്ക് നല്ലത്. നമുക്ക് നന്നായി ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിക്കുക, തമിഴ്‌നാട്ടുകാരനോ ഓസ്ട്രേലിയക്കാരനോ നന്നായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അവർ ചെയ്യട്ടെ.

പാരമ്പര്യ രീതിയിലുള്ള കൃഷിക്കും പശു വളർത്തലിനുമൊന്നും കേരളത്തിൽ ഇനി ഒരു ഭാവിയുമില്ല എന്ന് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്. ഈ കൊറോണക്കാലത്തും ആ ചിന്തയ്ക്ക് ഒരു മാറ്റവുമില്ല. ഇതിന്റെ അർഥം കേരളത്തിൽ കൃഷിക്ക് ഭാവിയില്ല എന്നല്ല. ആധുനികമായ, കൃഷിയുടെ ശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും അറിഞ്ഞുള്ള കൃഷിക്ക് കേരളത്തിൽ വൻ സാധ്യത ഉണ്ട്. എന്നാൽ, കൊറോണ വന്നതിനാൽ, ഇനിയുള്ള കാലത്ത് മറ്റിടങ്ങളിൽ കൃഷി ചെയ്യുന്നത് വിശ്വസിച്ച് നമുക്ക് ജീവിക്കാൻ പറ്റില്ല എന്ന് പേടിയുളളതിനാൽ പഴയ തരത്തിൽ ഉള്ള കൃഷി ചെയ്യാം എന്ന് കരുതുന്നത് മണ്ടത്തരമാണ്.

കൊറോണക്കാലത്തെ കൃഷിയെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമായി എടുക്കണം. എങ്ങനെയാണ് ഗൾഫിൽ നിന്നൊക്ക മടങ്ങി വരുന്നവരിൽ ശാസ്ത്രീയമായി കൃഷി ചെയ്തു പരിചയമുളളവരുടെ അനുഭവം ഉപയോഗിക്കാൻ പറ്റുന്നത് എന്ന് ചിന്തിക്കണം. എങ്ങനെയാണ് പുതിയ തലമുറയെ കൃഷിയുമായി ബന്ധിപ്പിക്കുന്നത് എന്ന് ചിന്തിക്കണം. കേരളത്തിലെ സ്ഥല വിനിയോഗ നയങ്ങളിൽ എന്ത് കാതലായ മാറ്റങ്ങളാണ് കൃഷിക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാകാൻ കൊണ്ടുവരേണ്ടത് എന്ന് ചിന്തിക്കണം. ഇതൊന്നും അത്ര എളുപ്പമല്ല. പക്ഷേ എളുപ്പ വഴിയിൽ ഒരേക്കർ കൃഷിക്ക് കുറച്ചു സബ്‌സിഡിയും നൽകി, കമ്പോളത്തിൽ ഇടപെട്ട് ആദം സ്മിത്തുമായി മത്സരത്തിന് പോയാൽ ഉത്തമൻ ജയിക്കില്ല.

English summary: Murali Thumarukudy's Post about Agriculture

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA