ബ്രഷ് കട്ടർ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? സർക്കാർ സബ്സിഡി ലഭിക്കാൻ എന്തു ചെയ്യണം?

cutter
SHARE

കൃഷിസ്ഥലത്തെ പുല്ലു വെട്ടുന്നതിനായി കർഷകർ വ്യാപകമായി ഉപയോഗിച്ചുവരുന്ന യന്ത്രമാണ് ബ്രഷ് കട്ടർ. കുറ്റിക്കാട്, പുല്ലുകൾ, കളകൾ എന്നിവ നീക്കം ചെയ്യാൻ ബ്രഷ് കട്ടർ ഉപയോഗിക്കാം. ബ്ലേഡുകൾ മാറ്റി ഘടിപ്പിക്കുന്നതനുസരിച്ച് കാർഷിക മേഖലയിലെ വിവിധ കൃഷിപ്പണികൾക്ക് പ്രവർത്തിപ്പിക്കാവുന്ന ഒരു വിവിധോദേശ ഉപകരണവുമാണിത്.

ഉപകരണത്തിന്റെ ഒരു അഗ്രത്ത് പെട്രോൾ എൻജിൻ, കൈകൾക്കൊണ്ട് യന്ത്രം പ്രവർത്തിപ്പിക്കാനുള്ള ഹാൻഡിൽ, ഷാഫ്റ്റിന്റെ അഗ്രഭാഗത്തായി കറങ്ങുന്ന ബ്ലെയിഡ് എന്നിവയാണ് പ്രധാന ഭാഗങ്ങൾ. കൈകൾക്കൊണ്ട് എൻജിൻ താങ്ങിപ്പിടിച്ച് പ്രവർത്തിപ്പിക്കാവുന്നതും പുറകിൽ തൂക്കിയിടാവുന്നതുമായ മോഡലുകൾ വിപണിയിൽ ലഭ്യമാണ്.

പ്രധാനമായും മൂന്നു തരത്തിലുള്ള ബ്ലേഡുകളാണ് യന്ത്രത്തോടൊപ്പമുള്ളത്.

  1. പുല്ലുകളും ഇലപ്പടർപ്പുകളുമൊക്കെ വെട്ടിമാറ്റാനായി ഉപയോഗിക്കുന്ന നൈലോൺ റോപ്പ് ഉപയോഗിക്കുന്ന കട്ടർ.
  2. വണ്ണം കുറഞ്ഞ ചെടികളും കളകളുമൊക്കെ വെട്ടിമാറ്റാനാവശ്യമായ ത്രികോണാകൃതിയിലുള്ള ബ്ലേഡ്. 
  3. കനം കൂടിയവയ്ക്കായി വൃത്താകൃതിയിലുള്ള ബ്ലേഡ്. ഈ ബ്ലേഡ് ഉപയോഗിച്ച് നെല്ല്, തീറ്റപ്പുല്ല്, ചോളം, കരിമ്പ് തുടങ്ങിയവ മുറിക്കാൻ സാധിക്കും.

മറ്റ് അനുബന്ധ ഉപകരണങ്ങൾ

  • റോട്ടർ ബ്ലേഡ്

ഇത്തരം ബ്ലേഡ് ഉപയോഗിച്ച് നെൽച്ചെടികൾക്കും പച്ചക്കറികൾക്കും ഇടയിലുള്ള ചെറിയ കളകൾ നിയന്ത്രിക്കാനും മണ്ണിളക്കം സാധ്യമാക്കാനും കഴിയും.

  • ട്രീ പ്രൂണർ

പ്രൂണറുകൾ ഘടിപ്പിച്ചുകൊണ്ട് മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ ഉപയോഗിക്കാം.

സാങ്കേതിക വിവരങ്ങൾ

എൻജിൻ തരം

  • 4 സ്ട്രോക്ക്

ഭാരം കൂടുതൽ, ഉയർന്ന വില, ഉയർന്ന ഇന്ധനക്ഷമത, ഓയിൽ കാലാവധിക്കനുസരിച്ച് മാറ്റി ഉപയോഗിക്കുക

  • 2 സ്ട്രോക്ക്

കുറഞ്ഞ വില, ഭാരം കുറവ്, കുറഞ്ഞ ഇന്ധനക്ഷമത, ഓയിൽ പെട്രോൾ മിശ്രിതം ഇന്ധനമായി ഉപയോഗിക്കുന്നു.

സിലിണ്ടർ വ്യാപ്തം: 25–50 സിസി

ഊർജാവശ്യം: 1–4 എച്ച്പി

പ്രവർത്തനക്ഷമത: മണിക്കൂറിൽ 0.12–0.16 ഹെക്ടർ

ഇന്ധനക്ഷമത: മണിക്കൂറിന് 1 ലീറ്റർ

നിർമാതാക്കൾ: ഹോണ്ട, സ്റ്റിൽ, മിത്‌സുബിഷി, കിസാൻ ക്രാഫ്റ്റ്, ഒലിയോ മാക്

ഏകദേശ വില: 7000–45000

ഏകദേശ ഭാരം: 6–8 കിലോഗ്രാം

ബ്രഷ് കട്ടറിന്റെ ഉപയോഗം

പുല്ലുകൾ, കളകൾ, കുറ്റിക്കാടുകൾ, വൃക്ഷങ്ങളുടെ ശിഖരങ്ങൾ എന്നിവ വെട്ടിമാറ്റുന്നതിനു കൃഷിയിടങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുന്നതിനും ഒരാൾക്കു തന്നെ പ്രവർത്തിപ്പിക്കാവുന്ന ഈ യന്ത്രം ഉപയോഗിക്കുന്നു.

കാർഷിക യന്ത്രവൽകരണ ഉപപദ്ധതി

എസ്.എം.എ.എം (SMAM – സബ് മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ)

കാർഷിക യന്ത്രങ്ങൾ സ്വന്തമായി വാങ്ങുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ഉപപദ്ധതിയാണ് സ്മാം. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെയും  കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കൊയ്ത്തു മുതൽ സംസ്കരണം വരെയുള്ള യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതൽ 80 വരെ ശതമാനം സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമാകും.

കർഷകസംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, കർഷകത്തൊഴിലാളികൾ, സഹകരണ സംഘങ്ങൾ എന്നിവർക്കും സഹായം ലഭിക്കും.

ഇതിനായി https://agrimachinery.nic.in/ എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. 

വിവിധ യന്ത്രങ്ങൾക്കു നൽകുന്ന പരമാവധി ആനുകൂല്യങ്ങളും വൈബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്

ജി. ചിത്ര, സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് അഗ്രികൾച്ചറൽ എൻജിനിയറിങ്,  മിത്ര നികേതൻ കൃഷി വിജ്ഞാൻ കേന്ദ്ര, തിരുവനന്തപുരം

ഫോൺ: 9400288040

English summary: Tips for Handheld Brush Cutters, Brush Cutters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA