പൈനാപ്പിൾ കർഷകരെല്ലാം കോടീശ്വരന്മാരാണോ? വരവുചെലവ് കണക്കുകൾ പങ്കുവച്ച് കർഷകൻ

HIGHLIGHTS
  • കൃഷിയിറക്കിയത് ഒരേക്കറിൽ
pineapple
SHARE

ലോക്‌ഡൗൺ ആരംഭിച്ചതു മുതൽ പ്രതിസന്ധിയിലായ കാർഷിക വിമേഖലയാണ് പൈനാപ്പിൾ കൃഷി. പ്രധാന വിപണി ഇതര സംസ്ഥാനങ്ങളായതും, ലോക്‌ഡൗണും കോവിഡും മറ്റു സംസ്ഥാനങ്ങളിൽ വ്യാപകമായതുമെല്ലാം വിൽപനയും ചരക്കുനീക്കവും ഇടിയാൻ കാരണമായി. ഇവയെല്ലാം തരണം ചെയ്തെങ്കിലും കർഷകർക്ക് പ്രതിസന്ധി ഒഴിയുന്നില്ല. 2.5 ലക്ഷം രൂപ മുടക്കി ഒരേക്കറിൽ പൈനാപ്പിൾ കൃഷിയിറക്കിയപ്പോൾ ലാഭം കിട്ടിയതുമില്ല കൈയിൽനിന്ന് പണം വീണ്ടും മുടക്കേണ്ടിവരികയും ചെയ്തുവെന്ന് മൂവാറ്റുപുഴ ആയവന സ്വദേശിയായ യുവ കർഷകൻ അഭിജിത്ത് അനിൽ പറയുന്നു. അദ്ദേഹം പങ്കുവച്ച വരവ് ചെലവ് കണക്കുകൾ നോക്കാം.

കഴിഞ്ഞ വർഷം 2.5 ലക്ഷം രൂപ മുടക്കി ഒരേക്കറിൽ പൈനാപ്പിൾ കൃഷിയിറക്കി റംസാൻ മാസത്തിൽ കിലോഗ്രാമിന് 35-40 വില പ്രതീക്ഷിച്ചു. കൊറോണ വന്ന് എല്ലാം പോയി എന്നു കരുതിയപ്പോൾ എന്തോ ഭാഗ്യത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ താങ്ങുവില ഒക്കെ കൂട്ടിച്ചേർത്ത് കിലോഗ്രാമിന് 10 രൂപ വില കിട്ടി. അങ്ങനെ 9 ടൺ പൈനാപ്പിളിന് 90,000 രൂപ ആകെ പിരിഞ്ഞു കിട്ടി. ബംഗാളിലേക്ക് തിരിച്ചു പോകാത്ത ബംഗാളികൾക്ക് 700 രൂപ ഉണ്ടായിരുന്ന കൂലി ഒറ്റയടിക്ക് 1000 രൂപ ആയി. അങ്ങനെ പൈനാപ്പിൾ വിളവെടുത്ത് വണ്ടിയിൽ കേറ്റിയ വഴിക്ക് ചെലവ് 17,000 രൂപ.

പോയിട്ട് മിച്ചം വന്നത് 73,000 രൂപയുണ്ട്. അതിൽ ഇനി സ്ഥലം ഉടമയ്ക്ക് പാട്ടം കൊടുക്കേണ്ടത് 1,00,000 രൂപ. ലോക്‌ഡൗണും പൈനാപ്പിൾ മേഖലയെ ബാധിച്ചിട്ടില്ല എന്ന് റിപ്പോർട്ട് വന്നത്രേ. അതുകൊണ്ട് സ്ഥലം ഉടമ നയാ പൈസ വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നില്ല (മാസം 5 അക്കത്തിന് മുകളിൽ പെൻഷൻ വാങ്ങുന്ന വ്യക്തിയാണ്). നിരന്തരമായ കരച്ചിലിനും ദാരിദ്ര്യം പറച്ചിലിനും ഒടുവിൽ 10% ഇളവ് നൽകാൻ അദ്ദേഹം സമ്മതിച്ചു. അപ്പോഴും 90,000 രൂപ അദ്ദേഹത്തിനു കൊടുക്കണം. മുടക്കുമുതലിൽ ഒരു രൂപ പോലും തിരിച്ചു കിട്ടാതെ വിളവെടുത്ത് കിട്ടിയ 73,000ത്തിന്റെ കൂടെ വീണ്ടും 17,000 കൂടി സംഘടിപ്പിച്ചാലേ ആ തുക അദ്ദേഹത്തിന് നൽകാൻ സാധിക്കുകയുള്ളൂ.

പറഞ്ഞ് വന്നത്, ദയവായി കൃഷി ഉപജീവനമാർഗമായി തിരഞ്ഞെടുത്തിരിക്കുന്നവരെ സംരക്ഷിക്കാൻ കെട്ടിട വാടകയിൽ വ്യാപാരികൾക്ക് ഇളവ് നൽകണമെന്ന് ഓർഡർ കൊണ്ടുവന്നതു പോലെ കർഷകരുടെ പാട്ടത്തുകയിലും ഇളവ് നൽകാനുള്ള നടപടി ബഹുമാനപ്പെട്ട സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഭൂവുടമകൾ ദയവായി മണ്ണിൽ പണിയെടുക്കുന്നവരുടെ ബുദ്ധിമുട്ട് മനസിലാക്കണമെന്നും അഭ്യർഥിക്കുന്നു.

NB: ദയവായി പുതുതലമുറയിലെ ആളുകൾ കൃഷി ഒരു പ്രധാന തൊഴിലായി തെരഞ്ഞെടുത്ത് ഈ രംഗത്തേക്ക് കടന്നു വരരുത്. കർഷകന് മൃഗങ്ങളുടെ പരിഗണന പോലുമില്ലാത്ത നാടാണിത്.

English summary: Pineapple Sector in Kerala, Pineapple

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA