ഹൈടെക് കൃഷിയിലൂടെ 5 സെന്റിൽ മത്സ്യക്കൃഷി, അതും കടപ്പുറത്ത്

HIGHLIGHTS
  • 5 സെന്റിൽനിന്ന് 2500 കിലോഗ്രാം മത്സ്യം
paul
പോൾ നെരോത്ത്
SHARE

കടപ്പുറത്തുപോലും മീൻ വളർത്തി വിൽക്കാമെന്നു തെളിയിക്കുകയാണ് ആലപ്പുഴ പട്ടണത്തിൽ ചുങ്കം പാലത്തിനു സമീപം താമസിക്കുന്ന പോൾ നിരവത്ത്. കൊല്ലക്കുടിയിൽ സൂചി വിൽക്കുന്ന പരിപാടിയെന്നു തോന്നാമെങ്കിലും മീൻവളർത്തൽ ആദായകരമാണെന്ന് അനുഭവം തെളിയിക്കുന്നു. കടലമ്മയുടെ വൈവിധ്യമുള്ള മത്സ്യസമ്പത്ത് ദിവസേന എത്തുന്ന ആലപ്പുഴ കടപ്പുറത്തിനു തൊട്ടടുത്താണെങ്കിലും ഈ ഫാമിലെ മത്സ്യങ്ങൾക്ക് ആവശ്യക്കാരേറെ. അഞ്ചു സെന്റിൽനിന്ന് ഏഴു മാസത്തിനകം ആറര ലക്ഷം രൂപയുടെ മീനാണ് അദ്ദേഹം വിറ്റത്. 

82–ാം വയസിൽ വിശ്രമജീവിതത്തിനിടെ ഒരു സമയംകൊല്ലി സംരംഭമായി ആരംഭിച്ച  ഹൈടെക് സംരംഭം ഇതിനകം രണ്ടര ടൺ മത്സ്യം  തീൻമേശകളിലെത്തിച്ചുകഴിഞ്ഞു. റീ സർക്കുലേറ്ററി അക്വാകൾചർ അഥവാ റാസ് എന്നറിയപ്പെടുന്ന ഹൈടെക് മത്സ്യക്കൃഷി രീതിയാണ് ഇദ്ദേഹത്തിന്റേത്. സ്രാവ് മുതൽ ചെമ്മീൻവരെയെത്തുന്ന കടപ്പുറത്ത് ഗിഫ്റ്റ് എന്നറിയപ്പെടുന്ന ഇനം തിലാപ്പിയമത്സ്യങ്ങളെ ഇത്തിരിവട്ടമുള്ള രണ്ടു കുളങ്ങളിലായി വളർത്താൻ പോളിനെ സഹായിക്കുന്നത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തിന്റെ സാങ്കേതികവിദ്യയാണ്. 

ഒന്നരലക്ഷം ലീറ്റർ വീതം  സംഭരണശേഷിയുള്ള രണ്ട് പടുതക്കുളങ്ങളാണ് ഇദ്ദേഹത്തിനുള്ളത്. ഈ കുളങ്ങളിൽ ഓരോന്നിലും 9000 വീതം മത്സ്യവിത്ത് ശേഖരിക്കാം. ഇത്രയേറെ മത്സ്യങ്ങൾ ഒരുമിച്ചു വളരുമ്പോൾ അതിവേഗം മലിനമാകുന്ന ജലം തുടർച്ചയായി ശുദ്ധീകരിക്കുന്നതിനുള്ള വിവിധ ജലശുദ്ധീകരണ സംവിധാനങ്ങളാണ്  ശ്രദ്ധാകേന്ദ്രം. മെക്കാനിക്കൽ ഫിൽറ്റർ, ട്രീക്ലിങ് ഫിൽറ്റർ എന്നിങ്ങനെ വിവിധ തരത്തിൽപ്പെട്ട ആറ് ഫിൽറ്ററുകളാണ് രണ്ടു കുളങ്ങളിലെ  ജലശുദ്ധീകരണത്തിനായി ഉപയോഗിക്കുക. കുളങ്ങളുടെ  നാലു വശത്തുനിന്നും ജലത്തിലേക്ക് മോട്ടറുപയോഗിച്ച് ശക്തമായ വായുപ്രവാഹം നടത്തുന്നുണ്ട്. വെള്ളത്തിലെ പ്രാണവായുവിന്റെ തോത് നിശ്ചിത തോതിൽ നിലനിറുത്തുന്നതിനാണിത്. തുടർച്ചയായുണ്ടാകുന്ന ചലനങ്ങൾ മൂലം ജലത്തിലെ ഖരമാലിന്യങ്ങൾ കറിച്ചട്ടിയുടെ ആകൃതിയിലുള്ള അടിത്തട്ടിന്റെ മധ്യഭാഗത്തായി അടിയുന്നു. മത്സ്യവിസർജ്യങ്ങളും മറ്റുമടങ്ങിയ ഈ മലിനജലം പമ്പ് ചെയ്തു നീക്കും.  ഉയരമേറിയ ഒരു ഓവർഹെഡ് ടാങ്കിലേക്ക് പമ്പുചെയ്ത വെള്ളം ഫിൽറ്ററുകളിലൂടെ ചുറ്റിത്തിരിഞ്ഞ് തിരികെ കുളത്തിലേയ്ക്കു പതിക്കുന്ന വിധത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. 

ഈ സാങ്കേതികവിദ്യയിലൂടെ 5 സെന്റ് കുളത്തിൽനിന്ന് ഏഴു മാസത്തിനകം  2500 കിലോ മത്സ്യം വിളവെടുക്കാൻ കഴിഞ്ഞെന്ന് പോൾ അവകാശപ്പെട്ടു. 15 ലക്ഷം രൂപയാണ് ഈ സംരംഭത്തിനു മുതൽമുടക്ക്. ഇതിൽ 50 ശതമാനം സർക്കാർ സബ്സിഡി ലഭിക്കും. കൂടാതെ തീറ്റ, വൈദ്യുതി എന്നിവയ്ക്കായി മൂന്നു ലക്ഷം രൂപയും മുടക്കേണ്ടിവന്നു.  എത്ര സ്ഥലപരിമിതിയുള്ളവർക്കും  വാണിജ്യാടിസ്ഥാനത്തിൽ മീൻ ഉൽപാദിപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ സബ്സിഡിയുണ്ടെങ്കിൽ ഗ്രാമങ്ങൾതോറും ഇത്തരം സംരംഭങ്ങൾ ആദായകരമായി നടത്താനാവും. പ്രായമായവർക്കുപോലും ആയാസമില്ലാതെ നടത്താവുന്ന ഈ സംരംഭം ഭക്ഷ്യസുരക്ഷയ്ക്കായുള്ള വലിയ കാൽവയ്പു തന്നെ. 

ഫോൺ: 9447977353

English summary: Recirculatory Aquaculture System

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA