കറവയുടെ കഷ്ടപ്പാടോർത്ത് പശുക്കളെ വളർത്താതിരിക്കണ്ട, സഞ്ചരിക്കുന്ന കറവക്കാരൻ വരും

HIGHLIGHTS
  • കുറഞ്ഞ സമയത്തിലും വൃത്തിയുള്ള സാഹചര്യത്തിലും കറവ നടക്കും
dairy-farm-milking-1
കറവയന്ത്രം വാഹനത്തിൽ കർഷകന്റെ അടുത്തേക്ക്
SHARE

കറവയുടെ കഷ്ടപ്പാടോർത്ത് പശുവവളർത്തൽ മതിയാക്കാൻ തീരുമാനിക്കുന്ന ക്ഷീരകർഷകരെ സഹായിക്കാൻ കറവക്കാരെ കണ്ടെത്തുകയാണ് താമരക്കുളം ക്ഷീര സംഘം. പദ്ധതിക്കു പ്രതികൂലങ്ങൾ പലതുണ്ടെങ്കിലും പ്രസ്തുത ആശയം ക്ഷീര കാർഷിക മേഖലയ്ക്കാകെ ഗുണകരമാകുമെന്ന കാര്യത്തിൽ ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ലോക്കിൽപ്പെട്ട ഈ ക്ഷീരസംഘത്തിനു സംശയമില്ല.

ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരവികസന വകുപ്പു വഴി നടപ്പാക്കിയ ഈ ആശയം ആദ്യം തന്നെ പ്രയോഗത്തിലെത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച സംഘങ്ങളിലൊന്നാണ് താമരക്കുളം. ഭരണിക്കാവ് ബ്ലോക്ക് ക്ഷീര വികസന ഓഫീസർ എസ്. രഘുനാഥൻപിള്ളയുടെ നേതൃത്വത്തിലായിരുന്നു പദ്ധതി നടപ്പാക്കിയത്. 

ആധുനിക കറവയന്ത്രവും അതു ഘടിപ്പിക്കാൻ സൗകര്യവുമുള്ള മോട്ടോർ സൈക്കിളും സബ്സിഡി നിരക്കിൽ സംഘത്തിനു ലഭ്യമാക്കി ക്ഷീര വികസനവകുപ്പ്. കറവയ്ക്കായി സംഘം നിയോഗി ച്ച വ്യക്തി പുലരും മുൻപേ ക്ഷീരകർഷകന്റെ വീട്ടിലെത്തും. കുറഞ്ഞ സമയത്തിലും വൃത്തിയുള്ള സാഹചര്യത്തിലും കറവ നടക്കും. പാൽ കൈമാറി കറവയന്ത്രം വൃത്തിയാക്കി കറവക്കാരൻ അടുത്ത ക്ഷീരകർഷകന്റെ വീട്ടിലേക്ക്. 

dairy-farm-milking
താമരക്കുളം ക്ഷീരസംഘം അംഘങ്ങൾ

കറവക്കൂലിയായി ഒരു പശുവിന് നിശ്ചിത തുക കണക്കാക്കി കർഷകർ സംഘത്തിലടയ്ക്കും. സംഘം ഇതു കറവക്കാരനുള്ള ശമ്പളമായി കൈമാറുന്നു. കർഷകർക്ക് അധ്വാന ലാഭം, ഏതാനും പേർക്ക് തൊഴിൽ. ക്ഷീരകേരളത്തിനാകെ അനുകരിക്കാവുന്ന ആശയമാണെങ്കിൽ പോലും തുടക്കത്തിൽ കർഷകരിൽനിന്ന് പ്രതീക്ഷിക്കുന്ന സ്വീകാര്യത ലഭിക്കണമെന്നില്ലെന്ന് സംഘം പറയുന്നു. യന്ത്രക്കറവയെ സംബന്ധിച്ച് കർഷകർക്കുള്ള ആശങ്കകളും സംശയങ്ങളുമാണ് കാരണം.

കേരളത്തിലെ ഡെയറി ഫാമുകൾ പൊതുവെ മിൽക്കിങ് മെഷീൻ ഉപയോഗിച്ചുള്ള കറവയിലേക്കു തിരിഞ്ഞു കഴിഞ്ഞു. എന്നാൽ രണ്ടോ മൂന്നോ പശുക്കളെ പരിപാലിക്കുന്ന ചെറുകിട കർഷകർക്കു താൽപര്യം കൈകൊണ്ടുള്ള കറവ തന്നെ. പശുവിനും പാലുൽപാദനത്തിനും യന്ത്രക്കറവ ദോഷം ചെയ്യുമെന്ന ആശങ്കയാണ് പലരെയും പിന്തിരിപ്പിക്കുന്നത്. എന്നാൽ ഈ മേഖലയിൽ ഇനിയങ്ങോട്ട് യന്ത്രവൽക്കരണം ആവശ്യമാകുമെന്നതാണു വസ്തുത.

യന്ത്രം ഉപയോഗിച്ചു കറവ നടത്തുന്നയാൾക്കു കൈക്കറവ കൂടി ശീലമുള്ളത് പദ്ധതിക്കു കൂടുതൽ നന്നായിരിക്കുമെന്ന് ക്ഷീര വികസന ഓഫിസർ രഘുനാഥൻപിള്ളയും ക്ഷീരസംഘം സെക്രട്ടറി പി.എസ്. നിസ്സാമുദ്ദീനും പറയുന്നു. ഏതെങ്കിലും കാരണവശാൽ യന്ത്രം പണിമുടക്കിയാലും കറവ മുടങ്ങില്ലെന്നതാണ് നേട്ടം. കർഷകരുടെ പിന്തുണ നേടാൻ ഇതും ആവശ്യം തന്നെ.

പശുവളർത്തലിലേക്കു കടന്നുവരുന്ന പുതു തലമുറ കൈക്കറവ ശീലമുള്ളവരല്ല. അതിനാല്‍ കായികാധ്വാനം കുറയ്ക്കുന്നതും സുരക്ഷിത കറവ ഉറപ്പാക്കുന്നതുമായ  യന്ത്രം വൈകാതെ പശുവളർത്തലില്‍ അനിവാര്യമാകും. അതുകൊണ്ടുതന്നെ  ഭാവിയിൽ ഈ ആശയം കൂടുതൽ സ്വീകാര്യമാകുമെന്ന പ്രതീക്ഷയിലാണ് താമരക്കുളം ക്ഷീരസംഘം.

ഫോൺ: 9961322095 (സംഘം സെക്രട്ടറി)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA