ജോണിന് പത്തിരട്ടി വളർച്ച നൽകി പച്ചക്കറി നഴ്സറി, വർഷം 10 ലക്ഷം തൈകൾ

HIGHLIGHTS
  • തൈ ഉൽപാദനം രണ്ടു പോളീഹൗസുകളിൽ
  • 13 ഇനം പച്ചക്കറിത്തൈകളുടെ ഉൽപാദനം
vegetable
ജോണും ഭാര്യയും പോളിഹൗസിൽ
SHARE

ഓണക്കാലത്ത് പച്ചക്കറി ഉറപ്പാക്കാനായി പഞ്ചായത്തിൽ 10,000 പച്ചക്കറിതൈകൾ വിതരണം ചെയ്താലോ? എവിടെ കിട്ടും ഇത്രയധികം തൈകൾ? ആശങ്ക വേണ്ട.  കോഴിക്കോട്  കൂടരഞ്ഞിയിലെ കുരീക്കാട്ടിൽ കെ.കെ. ജോണിനെ വിളിച്ചോളൂ.

പത്തു വർഷം മുമ്പ്  ഒരു ലക്ഷം പച്ചക്കറിതൈകൾ ഉൽപാദിപ്പിച്ചു തുടങ്ങിയതാണ്  ജോൺ. വിഎഫ്പിസികെ സ്വാശ്രയസമിതിയിൽ അംഗമായിരുന്ന ജോൺ അവിടെനിന്നു കിട്ടിയ പരിശീലനത്തിന്റെയും പ്രോത്സാഹനത്തിന്റെയും അടിസ്ഥാനത്തിൽ പച്ചക്കറി നഴ്സറിക്കു തുടക്കമിടുകയായിരുന്നു. 10 വർഷത്തിനുള്ളിൽ ഉൽപാദനം പത്തിരട്ടിയാക്കിയ ജോണിന് ഇപ്പോൾ തൈ ഉൽപാദനത്തിന്റെയും പരിചരണത്തിന്റെയും സാങ്കേതികവശങ്ങളെല്ലാം ഹൃദിസ്ഥം. ആനക്കയം കാർഷികഗവേഷണകേന്ദ്രം, വേങ്ങേരി കാർഷിക പരിശീലനകേന്ദ്രം, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽനിന്ന് ഹൈടെക്  പച്ചക്കറി തൈ ഉൽപാദനത്തിൽ തുടർപരിശീലനം നേടിയശേഷമാണ് സംരംഭം വിപുലമാക്കിയത്.

വലിയ തോതിലുള്ള ഉൽപാദനമുണ്ടായാൽ മാത്രമെ പച്ചക്കറിതൈകൾ സ്ഥിരവരുമാനമായി മാറുകയുള്ളൂവെന്ന് ജോൺ ചൂണ്ടിക്കാട്ടി. കുറഞ്ഞത് 6 ലക്ഷം തൈകൾ വിൽക്കുമ്പോൾ മാത്രമാണ് ദിവസേന 300 രൂപ വരുമാനം ഉറപ്പാക്കാനാവുക.  ഇത്രയും വിപുലമായ തൈ ഉൽപാദനത്തിനു സ്ഥലസൗകര്യം ഇല്ലാത്തതിനാൽ പാട്ടത്തിനെടുത്ത സ്ഥലത്ത് രണ്ട് പോളിഹൗസുകൾ നിർമിച്ചാണ്  തൈകൾ ഉൽപാദിപ്പിക്കുന്നത്. പോളിഹൗസിനു ഹോർട്ടികൾച്ചർ മിഷനിൽനിന്ന് 75 ശതമാനം സബ്സിഡി കിട്ടിയിരുന്നു. 13 തരം പച്ചക്കറി തൈകൾ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ശീതകാല പച്ചക്കറി തൈകൾക്കാണ് കൂടുതൽ ആവശ്യക്കാരെന്നു  ജോൺ ചൂണ്ടിക്കാട്ടി. അവയുടെ സീസണിലാണ് ഏറ്റവും അധികം ബിസിനസ് നടക്കുന്നതും.

ശാസ്ത്രീയ പരിശീലനവും മാനേജ്മെന്റ് വൈദഗ്ധ്യവുമുണ്ടെങ്കിലേ തൈ ഉൽപാദനം ലാഭകരമായി നടത്താനാവൂ എന്ന് ജോൺ. യോജ്യമായ വിത്തുകളും ഇനങ്ങളും തിരഞ്ഞെടുക്കുന്നതു മുതൽ വിപണനംവരെ ഒട്ടേറെ കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. ‌എല്ലാ വിത്തുകളും ഒരേ സമയം മുളയ്ക്കണമെന്നില്ല. എല്ലാ ഇനങ്ങൾക്കും കൃഷിക്കാർക്കിടയിൽ സ്വീകാര്യതയുണ്ടാവണമെന്നുമില്ല. കട്ടിയുള്ള  പുറന്തോടുള്ളതിനാൽ പാവൽ മുളയ്ക്കാൻ വൈകും, എന്നാൽ പയർ അതിവേഗം  തൈകളായി മാറും. ഈ വ്യത്യാസം കണക്കിലെടുത്തുവേണം തൈകളുടെ ഉൽപാദനവും വിപണനവുമൊക്കെ ആസൂത്രണം ചെയ്യാൻ. പച്ചക്കറി തൈകൾ രോഗം ബാധിച്ചു വളരെ വേഗം നശിക്കാനുള്ള സാധ്യതയുണ്ട്. ഇതിനെതിരേ ശാസ്ത്രീയമായ മുൻകരുതലുകളെടുത്തില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും. നടീൽമാധ്യമത്തിന്റെ പോഷകന്യൂനതകൾ തൈകളുടെ വളർച്ചയിൽ പ്രതിഫലിക്കും. അത് തിരിച്ചറിഞ്ഞ് കുറവുള്ള പോഷകങ്ങൾ ഉടൻ നൽകാൻ കഴിയണം. പ്രോട്രേകളിൽ വിത്തുപാകുന്നതിനു മണ്ണ് ഉപയോഗിക്കരുത്. പകരം കമ്പോസ്റ്റ് ചെയ്ത ചകിരിച്ചോറിന്റെയും ചാണകപ്പൊടിയുടെയും മിശ്രിതമാണ് ഉപയോഗിക്കേണ്ടത്. 

കോയമ്പത്തൂരിൽ നിന്നുള്ള ഹൈബ്രിഡ് പച്ചക്കറിവിത്തുകളാണ് ജോൺ തൈ ഉൽപാദനത്തിന് ഉപയോഗിക്കാറുള്ളത്. സിയറ (മുളക്), സമ്രാട്ട് (വെണ്ട), ഗംഗ (പയർ), മായ, പാലി (പാവൽ) തുടങ്ങിയവയാണ് കൃഷിക്കാരുടെ മനം കവർന്ന പ്രധാന ഹൈബ്രിഡ് ഇനങ്ങളെന്നു ജോൺ പറയുന്നു.

ഒന്നിൽ 600 ട്രേ വീതം രണ്ട് പോളിഹൗസിലുമായി ഒരു ലക്ഷം തൈകൾ ഓരോ ബാച്ചിലും ഉൽപാദിപ്പിക്കാൻ ശേഷിയുള്ള നഴ്സറിയാണ് ഇദ്ദേഹത്തിന്റേത്. 15 ദിവസം മതിയാകും ഒരു ബാച്ച് വിപണനത്തിനു തയാറാകാൻ. ഇത്രയും തൈകൾക്കുവേണ്ട വിത്തു പാകുന്നതും നനയ്ക്കുന്നതുമുൾപ്പെടെ എല്ലാ ജോലികളും ജോണും കുടുംബാംഗങ്ങളും ചേർന്നു ചെയ്യുകയാണ് പതിവ്. പരിമിതമായ മാർജിൻ മാത്രമുള്ളതിനാൽ തൊഴിലാളികളെ നിയോഗിച്ചാൽ സംരംഭം ആദായകരമാകില്ല. കോഴിക്കോട് ജില്ലയിലെ അഗ്രോ സർവീസ് സെന്ററുകളാണ് ജോണിന്റെ പ്രധാന വിപണി. കൊടുവള്ളി, തിരുവമ്പാടി അഗ്രോ സർവീസ് സെന്ററുകൾ വഴി 80 ശതമാനം തൈകളും വിറ്റഴിയും. എന്നാൽ, ഇപ്രകാരം വിൽക്കുമ്പോൾ ഒരു തൈയ്ക്ക് ഒന്നര രൂപ മാത്രമാണ് ലഭിക്കുക. അതേസമയം കൃഷിക്കാരിൽനിന്നു ഈടാക്കുന്നത് രണ്ടര രൂപയും.  

ജില്ലകൾ തോറും രണ്ടോ മൂന്നോ പച്ചക്കറി തൈ ഉൽപാദനകേന്ദ്രമുണ്ടായാൽ സംസ്ഥാനത്തിനുവേണ്ട മുഴുവൻ പച്ചക്കറി തൈകളും ലഭ്യമാക്കാമെന്ന് ജോൺ ചൂണ്ടിക്കാട്ടി. കേവലം ഒന്നര ലക്ഷം രൂപ മുതൽമുടക്ക് മതി. എന്നാൽ യോജ്യമായ സ്ഥലം, കൃത്യതയുള്ള പരിചരണം, ശരിയായ പ്രായോഗിക വിജ്ഞാനം എന്നിവ കൂടി വേണം.  പച്ചക്കറി തൈകൾക്ക് വരാവുന്ന രോഗ, കീട ബാധ്യതകൾ മുൻകൂട്ടി മനസിലാക്കാനും പ്രതിരോധിക്കാനും കഴിയണം. 

ഫോൺ: 9539101823

English summary: Vegetable Seedling Nursery Establishment and Management

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA