ADVERTISEMENT

3.58 ലക്ഷം രൂപ ശമ്പളവും അത്രതന്നെ ലീവ് സാലറിയും വാങ്ങിയാണ് ദുബായ് ഡ്യൂട്ടീഫ്രി ജോലിക്കാരായ മാമ്പറ്റ് ബിനോയിയും ഭാര്യ മ്യാന്‍മാര്‍ സ്വദേശിനി മി യോ പപ്പയും മാര്‍ച്ച് 6നു നെടുമ്പാശേരിയില്‍ പറന്നിറങ്ങിയത്. കോവിഡ് ഇവരുടെ ജോലിക്ക് മൂക്കുകയറിട്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. ‘ഇന്തോ- മ്യാന്‍മാര്‍ സംയുക്ത കരാറില്‍’ ഇരുവരും രണ്ട് കറവപശുവിനെ വാങ്ങി. കൂട്ടുകാരുടെ സഹായത്തോടെ വയലോര തുരുത്തില്‍ 3 ലക്ഷം ചെലവിട്ട് എല്ലാ സൗകര്യങ്ങളോടും കൂടി ഫാം ഒരുക്കി. 

ജനിച്ചതും വളര്‍ന്നതും ഗള്‍ഫിലായിരുന്നെങ്കിലും നാട്ടില്‍ എന്തെങ്കിലും തുടങ്ങണമെന്നത് ബിനോയിയുടെ ആഗ്രഹമായിരുന്നു. ഒരു പശുവിനെ വാങ്ങി കൂട്ടുകാരന്‍ പ്രതാപനെ ഏല്‍പ്പിച്ചതും പിന്നീട് തുടങ്ങാന്‍ മോഹിച്ച ഡെയറിഫാമിനു വേണ്ടിമാത്രം. തിരിച്ചുപോക്ക് വൈകിയപ്പോള്‍ ചങ്ങാത്തം പശുക്കളോടും കൂടിയായി. കോട്ടും സൂട്ടുമിട്ട് 18 വര്‍ഷം ചെയ്ത ജോലിയില്‍ നിന്നു പതിയെ പുതിയ തൊഴിലിലേക്ക്. രണ്ടാഴ്ച മുന്‍പ്, പകുതി ശമ്പളത്തിനു കമ്പനി വിളിച്ചപ്പോള്‍ വേണ്ട എന്നു പറയാന്‍  കാലിതൊഴുത്തില്‍നിന്നു കിട്ടിയ സംതൃപ്തി മാത്രം മതിയായിരുന്നു ബിനോയിക്ക്. പാലുമായി പാല്‍പുഞ്ചിരിയോടെ വീടുകളിലെത്തുന്ന പപ്പയും മക്കളായ ആയുഷും ശ്രേയയും ഗ്രാമത്തിനു കോവിഡ് അതിജീവനത്തിന്റെ പുലര്‍കണികൂടിയാണ്. 

dairy-farm-2
ബിനോയിയും കുടുംബവും ഫാമിൽ

സംയുക്ത വ്യാപാരം  ഒരു മാസം പിന്നിട്ടപ്പോള്‍ കിട്ടിയ ലാഭം 18,000 രൂപയായിരുന്നു. പക്ഷേ, അതിലിരട്ടി സന്തോഷം ജീവിതത്തിനുണ്ടെന്നാണ് ബിനോയും പപ്പയും പറയുന്നത്. നാലോ അഞ്ചോ പശുക്കളെ കൂടി വാങ്ങണം, ഡെയറി ഫാമിന്റെ ലാഭം ഡയറിയില്‍ എഴുതി നിറയണം... അങ്ങിനെ നീളുന്നു പാലില്‍ വിജയം കടഞ്ഞെടുക്കാനുള്ള ഇന്തോ-മ്യാന്‍മാര്‍ സ്വപ്‌നങ്ങള്‍. 

English summary: Gulf Returnee Dairy Farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com