‘ഞങ്ങളെയൊക്കെ വേണ്ട വിധം ഗൗനിക്കാതെ തുടങ്ങിയതല്ലേ, ഇനി താൻ കുറച്ചു നടക്ക്’

HIGHLIGHTS
  • ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഇപ്പോഴും ഏതു സ്ഥാപനവും പൂട്ടിക്കാം
  • സർക്കാരും മന്ത്രിമാരുമൊക്കെ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ നടക്കുന്നു
  • താഴെയുള്ള ഉദ്യോഗസ്ഥർ അതെങ്ങനെയെങ്കിലും പൂട്ടിക്കാൻ നടക്കുന്നു
thaikkoodam
SHARE

എന്നെ പലരും മെൻഷൻ ചെയ്യുകയും പലരും നേരിട്ട് മെസേജ് ചെയ്യുകയും ചെയ്ത ഒരു സംഗതിയാണ് ഇന്ന് വാർത്തയായ തൈക്കൂടത്തുള്ള ഒരു ചിക്കൻ സെന്റർ അടപ്പിച്ച വാർത്ത. എന്തായാലും ഉടൻ തന്നെ വ്യവസായ മന്ത്രിയുടെ ഓഫീസിൽനിന്നും ഇടപെടലുണ്ടായി, നല്ല കാര്യം.

ഈ പൂട്ടിക്കലിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല അതിനാൽ തന്നെ അതേപ്പറ്റി ഒരു അഭിപ്രായം പറയാനും കഴിയില്ല.

കെ സ്വിഫ്റ്റ് മൊത്തത്തിൽ കതിരിൽ വളം വയ്ക്കുന്നപോലുള്ള ഒരു ഏർപ്പാടാണ്. ലൈസൻസ് രാജിനെ മറികടക്കാൻ മൂന്നു വർഷത്തേക്ക് ലൈസന്സില്ലാതെ സംരംഭം തുടങ്ങാൻ സംരംഭകനെ അനുവദിക്കുന്നു. പക്ഷേ, നിലവിൽ ലൈസൻസ് ലഭിക്കാനുള്ള എല്ലാ പ്രയാസങ്ങളും അതേപോലെ അവശേഷിക്കുകയും ചെയ്യുന്നു. എന്നു പറഞ്ഞാൽ ലൈസൻസ് എടുക്കാനായി മൂന്നു വർഷം കഴിഞ്ഞു ചെല്ലുമ്പോൾ ഇന്ന് പെടേണ്ട പാടിന്റെ മൂന്നിരട്ടി പാടുപെടേണ്ടിവരും. ഇന്നേ ലൈസൻസിന് ശ്രമിച്ചിട്ട് കിട്ടിയില്ലെങ്കിൽ കിട്ടിയില്ല എന്നേയുള്ളൂ, ഒരു സ്ഥാപനം തുടങ്ങി വളർത്തി വലുതാക്കി പിന്നെ മൂന്നു കൊല്ലം കഴിയുമ്പോൾ പൂട്ടാൻ പറയുന്നത് ചില്ലറക്കളിയല്ല.

ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഇപ്പോഴും ഏതു സ്ഥാപനവും പൂട്ടിക്കാം. അവരുടെ അനുമതിയില്ലാതെ കെ സ്വിഫ്റ്റ് പറ്റു രശീതിയൊക്കെ വച്ച് വ്യവസായം തുടങ്ങി മൂന്നു കൊല്ലം കഴിയുമ്പോൾ ഞങ്ങളെയൊക്കെ വേണ്ട വിധം ഗൗനിക്കാതെ തുടങ്ങിയതല്ലേ, ഇനി താൻ കുറച്ചു നടക്ക് എന്നായിരിക്കും ഇവിടുത്തെ ഉദ്യോഗസ്ഥന്മാരുടെ മനോഭാവം. ഇവിടെ കൃഷിക്കും വ്യവസായത്തിനുമൊക്കെ നൂറുകണക്കിന് വകുപ്പുകളും അതിലൊക്കെ നിറയെ ഉദ്യോഗസ്ഥരുമുണ്ട്. പക്ഷേ പാവപ്പെട്ട സംരംഭകർ പാടുപെട്ടു വല്ലതും ഉണ്ടാക്കികൊണ്ടുവന്നാൽ അവിടൊക്കെ ചെന്ന് നോട്ടീസ് കൊടുത്തു ഫൈനടിപ്പിക്കാനും പൂട്ടിക്കാനുമല്ലാതെ ഏതെങ്കിലും സംരംഭകനു നയാപൈസയുടെ സഹായമോ ഒരു കൊള്ളാവുന്ന ഉപദേശമോ എങ്കിലും ഈ കാണുന്ന വകുപ്പുകളോ ഉദ്യോഗസ്ഥരോ നൽകിയതായി അനുഭവമുണ്ടോ?

കഴിഞ്ഞ വർഷം പാസാക്കിയ നിയമമാണ് ‘കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ബില്‍’. ഈ നിയമപ്രകാരം ഒരു പഞ്ചായത്ത് സെക്രട്ടറിക്കോ മുൻസിപ്പൽ സെക്രട്ടറിക്കോ ഒരു സ്ഥാപനത്തിൽ പരിശോധന നടത്തി സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ അധികാരമില്ല. പക്ഷേ ആരോഗ്യ വകുപ്പിനും മലിനീകരണ നിയന്ത്രണ വകുപ്പിനും പരിശോധന നടത്താം, സ്ഥാപനം പൂട്ടിക്കാൻ  സെക്രട്ടറിയോട് ആവശ്യപ്പെടാം. പഞ്ചായത്താണെങ്കിലും മുനിസിപ്പാലിറ്റി ആണെങ്കിലും കണ്ണടച്ചു ആ ഓർഡർ നടപ്പാക്കിയിരിക്കും.

അതായത്, പണ്ട് മുതലകൾ കരയിൽ കയറിവന്നാണ് ഇരയെ കൊന്നിരുന്നതെങ്കിൽ ഇപ്പോൾ ഇരയെ കുളത്തിലേക്കു തള്ളിയിട്ടു കൊല്ലുകയാണ് എന്നൊരു ചെറിയ വ്യത്യാസമുണ്ട്.

ഈ തൈക്കൂടം കേസിൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ തൃക്കൈ വിളയാട്ടം നടന്നിട്ടുണ്ടെന്ന് തോന്നുന്നു. ഒരു ഹെൽത്ത് ഇൻസ്‌പെക്ടറുടെ പേര് പറഞ്ഞു കേട്ടു. അതിനെപ്പറ്റി ചിലതൊക്കെ പറയാനുണ്ട്. പക്ഷേ, ഞങ്ങളുടെ ഫാമിന്റെ പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കാത്ത സ്ഥിതിക്ക് തൽക്കാലം ചില കാര്യങ്ങൾ പുറത്തു വിടാതിരിക്കുകയാണ്.

കേരളത്തിൽ ഇപ്പോൾ നിലവിലുള്ള ഒരു സാഹചര്യം വളരെ സിമ്പിളായി പറയാം. സർക്കാരും മന്ത്രിമാരുമൊക്കെ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ നടക്കുന്നു. താഴെയുള്ള ഉദ്യോഗസ്ഥർ അതെങ്ങനെയെങ്കിലും പൂട്ടിക്കാൻ നടക്കുന്നു. കഴിഞ്ഞ കുറച്ചു നാളായി ഓരോ കേസും മന്ത്രിമാരുടെ ഓഫീസൊക്കെ ഇടപെട്ടാണ് പരിഹരിക്കുന്നത്. ഈ മഹാമാരി കാലത്ത് മന്ത്രിമാർക്കൊക്കെ ഇതിനും കൂടി ഇറങ്ങേണ്ടിവരുന്ന അവസ്ഥയാണ്.

ഈ വിഷയത്തിൽ നാട്ടുകാരറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറയാനുണ്ട്, രണ്ടാഴ്ചയ്ക്കുള്ളിൽ ഞങ്ങളുടെ കാര്യം തീരുമാനമാകും. നിൽക്കണോ പോണോ എന്ന് അപ്പോഴറിയാം. അതിനു ശേഷം കാര്യങ്ങൾ വിശദമായി പറയാം.

English summary: Ernakulam Chicken Center Controversy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA