ക്ഷീരകർഷകർക്കു താങ്ങായി കിസാൻ ക്രെഡിറ്റ് കാർ‍ഡ്; എങ്ങനെ നേടാം?

HIGHLIGHTS
  • നടപടിക്രമങ്ങൾ ഇല്ലാതെ പ്രവർത്തന മൂലധന വായ്പ കിട്ടുമോ?
  • വായ്പ എങ്ങനെ പ്രയോജനപ്പെടുത്താം?
milk-man
SHARE

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിൽ, കാർഷിക മേഖലയ്ക്കൊപ്പം ക്ഷീര വികസനം, മൃഗ സംരക്ഷണം, മത്സ്യകൃഷി എന്നിവയും കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ഉൾപ്പെടുത്തി. ദേശീയതലത്തിൽ 1.5 കോടി ക്ഷീരകർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡു നൽകുക എന്നതാണു ലക്ഷ്യം. ഒന്നാം ഘട്ടത്തിൽ ഇന്ത്യയിൽ സഹകരണ മേഖലയിൽ പാൽ അളക്കുന്ന അർഹരായ എല്ലാ ക്ഷീരകർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുക എന്നതാണ് ദൗത്യം. കേരളത്തിൽ ഒഴികെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനുകളെ ആണ്, ഇതിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഘട്ടം ഘട്ടമായാണു പദ്ധതി നടപ്പാക്കുന്നത്.  ഒന്നാം ഘട്ടം ജൂൺ 1ന് തുടങ്ങി (ജൂലൈ) 31ന് അവസാനിച്ചു.  ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെയാണ് രണ്ടാം ഘട്ട കാലാവധി.

കേരളത്തിൽ ആർക്കാണു ചുമതല?

കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്ന ചുമതല ക്ഷീര വികസന വകുപ്പിനാണ്.  സംസ്ഥാന ലീഡ് ബാങ്ക്, മൃഗ സംരക്ഷണ വകുപ്പ്, മിൽമ എന്നിവയുടെ സഹകരണത്തോടെ, ക്ഷീര സംഘങ്ങൾ മുഖേനയുമാണ് പദ്ധതി നടപ്പാക്കുന്നത്.  ബ്ലോക്ക് തലത്തിൽ ക്ഷീര വികസന ഓഫിസർ, ജില്ലാ തലത്തിൽ ഡപ്യൂട്ടി ഡയറക്ടർ, സംസ്ഥാനതലത്തിൽ ക്ഷീര വികസന വകുപ്പ് ഡയറക്ടർ എന്നിവർക്കാണു പദ്ധതി നിർവഹണത്തിന്റെ ചുമതല. സംസ്ഥാനതലത്തിൽ കൃഷി വകുപ്പ്(ക്ഷീര വികസനം)ഗവ. സെക്രട്ടറിയും ദേശീയതലത്തിൽ മൃഗ സംരക്ഷണ–ക്ഷീര വികസന വകുപ്പ് സെക്രട്ടറിയുമാണ് മേൽനോട്ടം വഹിക്കുക.

നടപടിക്രമങ്ങൾ ഇല്ലാതെ പ്രവർത്തന മൂലധന വായ്പ കിട്ടുമോ?

സംസ്ഥാനത്ത് നിലവിൽ 2.17 ലക്ഷം കർഷകർ ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്നുണ്ട് . ഇവരിൽ 0.15 ലക്ഷം ക്ഷീരകർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട കിസാൻ ക്രെഡിറ്റ് കാർഡ് ഉണ്ട്.  ബാക്കിയുള്ള 2.02 ലക്ഷം ക്ഷീരകർഷകർക്കാണ് പുതുതായി കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുക.  

രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ ക്ഷീരകർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് നൽകുകയാണ് ലക്ഷ്യം.   ഉടമകളായ ക്ഷീരകർഷകർക്ക്, നടപടിക്രമങ്ങൾ ഇല്ലാതെ തന്നെ പ്രവർത്തന മൂലധന വായ്പ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൃത്യമായ വായ്പ തിരിച്ചടവിന് നിലവിൽ കേവലം 4 % മാത്രമാണ് പലിശ നൽകേണ്ടി വരിക.  ഒന്നാം ഘട്ടത്തിൽ 500 കോടി രൂപയുടെ വായ്പയാണ് പ്രതീക്ഷിക്കുന്നത്. 

കിസാൻ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട വായ്പ തുക നബാർഡ് മുഖേനയാണ് കേന്ദ്ര സർക്കാർ ലഭ്യമാക്കുന്നത്.  ഇതിനു പുറമേ കൃത്യമായ തിരിച്ചടവിനു 5 % വരെ പലിശ സബ്സിഡിയും അനുവദിക്കും.

വായ്പ എങ്ങനെ പ്രയോജനപ്പെടുത്താം?

തീറ്റ വസ്തുക്കൾ വാങ്ങൽ, തീറ്റപ്പുൽ കൃഷി, കാലിത്തൊഴുത്ത് നവീകരണം, ചെറുകിട യന്ത്രവൽക്കരണം, ഇൻഷുറൻസ് പ്രീമിയം, തുടങ്ങിയ കാര്യങ്ങൾക്ക് വായ്പ ഉപയോഗപ്പെടുത്താം.  അത്യാവശ്യ സാമ്പത്തിക ആവശ്യങ്ങൾക്കായും ക്ഷീര കർഷകർക്ക് പദ്ധതിയെ പ്രയോജനപ്പെടുത്താം.

അപേക്ഷ എവിടെ നൽകണം?

നിശ്ചിത മാതൃകയിൽ ക്ഷീര സംഘത്തിലാണു അപേക്ഷ നൽകേണ്ടത്.  അപേക്ഷ ഫോറങ്ങൾ സൗജന്യമായി ക്ഷീരസംഘങ്ങളിൽനിന്നു ലഭിക്കും.  2 പാസ്പോർട്ട് സൈസ് ഫോട്ടോകളും ആധാർ കാർഡ്, തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, കരം തീർത്ത രസീത് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈവശാവകാശ സർട്ടിഫിക്കറ്റിന്റെ അസ്സലും അപേക്ഷയോടൊപ്പം നൽകണം.  

അപേക്ഷകൾ പൂരിപ്പിക്കന്നതിനു ക്ഷീര സംഘങ്ങൾ സഹായം നൽകും. അപേക്ഷയുടെ പ്രാഥമിക പരിശോധന നടത്തി ശുപാർശ സഹിതം ക്ഷീര സംഘങ്ങൾ അപേക്ഷകളും അനുബന്ധ രേഖകളും ബന്ധപ്പെട്ട ബാങ്കുകളിൽ നൽകും. 15 ദിവസത്തിനകം അർഹരായ ക്ഷീര കർഷകർക്ക് സൗജന്യമായി കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കും. ക്ഷീര സംഘങ്ങളിൽ പാൽ നൽകാത്ത കർഷകർ,  കാർഡ് ലഭ്യമാക്കുന്ന നടപടികളുടെ ഭാഗമായി ബാങ്കുമായി നേരിട്ട്  ബന്ധപ്പെടണം.

സംശയങ്ങൾക്ക് ആരെ വിളിക്കണം?

സംശയനിവാരണത്തിനായി 9497280970, 9847541453, 9496450482 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.  ജൂലൈ 23 വരെയുള്ള കണക്കുകൾ പ്രകാരം, കിസാൻ ക്രെഡിറ്റ് കാർഡിനായി കേരളത്തിൽ 93,571 ക്ഷീരകർഷകരുടെ അപേക്ഷകൾ സ്വീകരിച്ചു.  75,801 അപേക്ഷകൾ വിവിധ ബാങ്കുകളിൽ സമർപ്പിച്ചു.  8233 പേർക്ക് കാർ‍‍ഡ് ലഭ്യമാക്കി. വായ്പയായി 45  കോടി രൂപ അനുവദിച്ചു.

ആർക്കൊക്കെ അപേക്ഷ നൽകാം?

സ്വന്തമായി ഭൂമി ഉള്ളവരും പശുക്കളെ വളർത്തുന്ന എല്ലാ ക്ഷീരകർഷകർക്കും ക്രെഡിറ്റ് കാർഡി‍നായി അപേക്ഷിക്കാം.  ബാങ്കുകളുടെ പരിശോധനയ്ക്കു ശേഷമാണ് കാർഡ് അനുവദിക്കുക. ഒരു പശുവിന് 24000 രൂപ നിരക്കിലാണ് വായ്പ പരിധി നിശ്ചയിച്ചിട്ടുള്ളത്. തുടർന്നും ക്ഷീര കർഷകർക്ക് ആവശ്യാനുസരണം വായ്പ പരിധിക്കുള്ളിൽനിന്നു കൊണ്ടു തുടർ വായ്പ ലഭ്യമാക്കാം.

3 വർഷക്കാലമാണു കാർഡിന്റെ കാലാവധി. 2 ലക്ഷം രൂപയാണ് വായ്പ പരിധി.  കൃഷിയുമായി വായ്പ ബന്ധിപ്പിക്കുന്ന പക്ഷം, വായ്പ പരിധി 3 ലക്ഷം വരെ വർധിപ്പിക്കാം. സാധാരണയായി 1.6 ലക്ഷം രൂപ വരെ ഈട് ഇല്ലാതെ വായ്പ അനുവദിക്കും.

English summary: Govt to give Kisan Credit Card to Dairy Farmers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA