ADVERTISEMENT

ഒരു പശുവിന് 365 ദിവസവും തീറ്റപ്പുൽ നൽകാൻ എത്ര സ്ഥലത്ത് പുൽകൃഷി ചെയ്യണം? നിരവധി ഘടകങ്ങൾ പരിഗണിച്ച് ഉത്തരം നൽകേണ്ടതാണെങ്കിലും കാര്യത്തിലേക്കു വരാൻ ഒരു ഉദാഹരണം പറയാം

കേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന ഏറ്റവും പ്രചാരമുള്ളതും ഉൽപാദനക്ഷമതയുള്ളതുമായ തീറ്റപ്പുല്ലിനമാണ് ഹൈബ്രിഡ് നേപ്പിയർ. ഹൈബ്രിഡ് നേപ്പിയറിന്റെ സിഒ-3 ഇനമാണ് കൃഷി ചെയ്യുന്നതെന്ന് വിചാരിക്കുക. ഏറ്റവും നന്നായി പരിപാലിച്ചാല്‍ ഒരു വര്‍ഷം ഒരു ഹെക്ടറില്‍നിന്നും 360–400 ടണ്‍ വരെ പച്ചപ്പുല്ല് ഉൽപാദിപ്പിക്കാന്‍ ശേഷിയുള്ള ഇനമാണ് CO-3. 

സങ്കരയിനത്തില്‍പ്പെട്ട ഒരു പശുവിന് ദിവസം ശരാശി 25-30 കി.ഗ്രാം വരെ പച്ചപ്പുല്ല് ആവശ്യമുണ്ട്. നല്ല ഉൽപാദനക്ഷമതയുള്ള ഒരു ചെടിയില്‍ (കടയില്‍ നിന്ന്) ഒരു പ്രാവശ്യം ശരാശരി 5-6 കി.ഗ്രാം പച്ചപ്പുല്ല്  കിട്ടും. അതായത് ഒരു ദിവസം 4-5 ചുവട് അരിഞ്ഞെടുത്താല്‍ ഒരു പശുവിന് വേണ്ട പുല്ലാകും. സാധാരണയായി ഒരു സെന്റില്‍ ഉദ്ദേശം 100 ചുവട് ഉണ്ടാകും. (ഏകദേശം 3 ആഴ്ചയ്ത്തേക്കുള്ള പുല്ല്) ഇപ്രകാരം, യഥേഷ്ടം സൂര്യപ്രകാശം കിട്ടുന്ന, ജലലഭ്യതയുള്ള  ഏകദേശം 3 സെന്റ് സ്ഥലത്ത് ശാസ്ത്രീയമായി സങ്കരനേപ്പിയര്‍ കൃഷിചെയ്താല്‍ ഒരു പശുവിനെ വളര്‍ത്താനുള്ള തീറ്റപ്പുല്ല് ലഭിക്കുന്നതാണ്.

കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ മണ്ണിന്റെ ഫലഭൂയിഷ്ഠതയെയും കാലാവസ്ഥയേയും വെള്ളത്തിന്റെ ലഭ്യതയേയും, കൃഷി ചെയ്യാവുന്ന തീറ്റപ്പുല്ലിനങ്ങളുടെ സ്വഭാവത്തെയും ആശ്രയിച്ച് ഈ അളവിൽ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും 3 - 5 സെന്റ് സ്ഥലം എന്ന കണക്ക് നമുക്ക് മനസിൽ വയ്ക്കാം. 

തീറ്റപ്പുല്‍കൃഷിയിൽ ശ്രദ്ധിക്കേണ്ടത്

കാലവര്‍ഷാരംഭം (ജൂണ്‍) മുതല്‍ തുലാവര്‍ഷം കഴിയുന്നതിനു മുമ്പ് (സെപ്റ്റംബര്‍-ഒക്‌ടോബര്‍) വരെയുള്ള സമയമാണ് തീറ്റപ്പുല്ല് നടുന്നതിന് ഏറ്റവും അനുയോജ്യം. ജലലഭ്യതയുണ്ടെങ്കിൽ സമയം പ്രശ്നമല്ല.

കേരളത്തിൽ ഏറ്റവും  പ്രചാരത്തിലിരിക്കുന്ന സങ്കരനേപ്പിയർ പുല്ലിന്റെ കൃഷിരീതി പരിശോധിക്കാം. . യഥേഷ്ടം സൂര്യപ്രകാശം കിട്ടുന്ന തുറസായ പ്രദേശങ്ങളാണ് സങ്കര നേപ്പിയര്‍ കൃഷി ചെയ്യുന്നതിന്  തെരഞ്ഞെടുക്കേണ്ടത്. എക്കല്‍മണ്ണ്, മണല്‍ കലര്‍ന്ന കളിമണ്ണ് എന്നിവയാണ് ഉത്തമമെങ്കിലും യഥേഷ്ടം ജൈവവള പ്രയോഗം നടത്തിയാല്‍ മണല്‍ മണ്ണിലും, വെട്ടുകല്‍ പ്രദേശങ്ങളിലും സങ്കരനേപ്പിയര്‍ കൃഷി ചെയ്യാം. തരിശായി കിടക്കുന്ന കരപ്പാടങ്ങള്‍ തീറ്റപ്പുല്ല് കൃഷിയ്ക്ക് യോജിച്ചതാണെങ്കിലും മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കാതെ  നീര്‍വാര്‍ച്ച ഉറപ്പു വരുത്തണം.

നന്നായി ഉഴുതു മറിച്ച് അല്ലെങ്കില്‍ ആഴത്തില്‍ കിളച്ചുമറിച്ചു, കളകള്‍ മാറ്റി, കട്ട ഉടച്ച്, മണ്ണ് നിരപ്പാക്കണം. അതിനുശേഷം നിശ്ചിത അകലത്തില്‍ (60 മുതല്‍ 70 സെന്റീമീറ്റര്‍ വരെ), 15 സെന്റി മീറ്റര്‍ വീതിയില്‍ 20 സെന്റീമീറ്റര്‍ താഴ്ചയില്‍ ചാലുകളെടുക്കണം. ഈ ചാലുകളില്‍ അടിവളം ചേര്‍ത്ത് മണ്ണിട്ടുമൂടി 15 സെന്റീമീറ്റര്‍ ഉയരത്തില്‍ വരമ്പുകളാക്കി മാറ്റുന്നു. ഈ വരമ്പുകളില്‍ 60 മുതല്‍ 75 സെന്റീമീറ്റര്‍ വരെ അകലത്തിലാണ് തണ്ട് നടേണ്ടത്. ഇതിനു പകരമായി നിശ്ചിത അകലത്തില്‍ ചെറിയ കുഴികളെടുത്ത് അതില്‍ അടിവളം ചേര്‍ത്ത് മണ്ണിട്ടുമൂടിയതിനുശേഷം തണ്ടു നടാവുന്നതാണ്.

മൂന്നു മാസം മൂപ്പുള്ള തണ്ടില്‍ നിന്നാണ് നടീല്‍ വസ്തു ശേഖരിക്കേണ്ടത്. ഇളംതല മാറ്റിയതിനുശേഷം രണ്ടു മുട്ടുള്ള കഷ്ണങ്ങളായി മുറിച്ചെടുത്ത തണ്ട്, നിശ്ചിത അകലത്തില്‍ ഏതാണ്ട് 45 ഡിഗ്രി ചരിച്ച് ഒരു മുട്ടെങ്കിലും മണ്ണിനടിയില്‍ പോകത്തക്കവിധത്തില്‍ നടേണ്ടതാണ്. വെള്ളക്കെട്ട് തീരെ ഉണ്ടാകാത്ത ഉയര്‍ന്ന പ്രദേശങ്ങളില്‍ തണ്ട് മണ്ണില്‍ കിടത്തി നടാവുന്നതാണ്. ഇങ്ങനെ നടുമ്പോള്‍ ഒറ്റ മുട്ടുള്ള തണ്ടിന്‍ കഷ്ണവും ഉപയോഗിക്കാം. മുളച്ചു പൊങ്ങി വരുമ്പോള്‍ ചുവട്ടില്‍ മണ്ണിട്ടു കൊടുക്കണം. ഒരു വര്‍ഷത്തിനുമേല്‍ പ്രായമായ കട ഇളക്കി, 15-20 സെന്റീമീറ്റര്‍ നീളത്തില്‍ തണ്ടോടുകൂടി വേര്‍പ്പെടുത്തിയ വേരുകളുള്ള ചിനപ്പുകളും നടീല്‍ വസ്തുവായി ഉപയോഗിക്കാവുന്നതാണ്. ഇപ്രകാരം നടുന്ന കടകള്‍ വളരെ വേഗം വേരുപിടിച്ച് കിട്ടുമെങ്കിലും, കടയിളക്കി ചിനപ്പുകള്‍ വേര്‍പ്പെടുത്തി എടുക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. നടുമ്പോള്‍ വരികള്‍ തമ്മിലും, ഒരേവരിയിലെ കടകള്‍ തമ്മിലും 60-75 സെന്റീമീറ്റര്‍ വരെ അകലം ഉണ്ടാവാന്‍ ശ്രമിക്കണം. ഒരു സെന്റില്‍ നടുന്നതിന് ഏകദേശം 100 തണ്ട്/കട മതിയാകും.

മഴയില്ലാത്ത അവസരത്തില്‍ ആഴ്ചയിലൊരിക്കലെങ്കിലും  ജലസേചനം നടത്തണം. മഴക്കാലത്തിനു ശേഷം നടുന്ന അവസരത്തില്‍ തണ്ട് മണ്ണിന് സമാന്തരമായി കിടത്തി നട്ട് ചപ്പു ചവറുകള്‍  കൊണ്ട് പുതയിട്ടു കൊടുക്കുന്നത് ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കും.

ആദ്യത്തെ മാസം ഒന്നു രണ്ടുപ്രാവശ്യം കളകള്‍ നീക്കം ചെയ്ത് പുല്ലിനുവേണ്ടത്ര വളര്‍ച്ച ഉറപ്പു വരുത്തേണ്ടതുണ്ട്. നന്നായി വളര്‍ന്നു കഴിഞ്ഞാല്‍ കളകളെ അമര്‍ച്ച ചെയ്യാന്‍ സങ്കരനേപ്പിയറിനു കഴിയും.

നടുന്നതിന് മുമ്പ് അടിവളമായി ഹെക്ടര്‍ ഒന്നിന് 20 ടണ്‍ (ഒരു സെന്റില്‍ 80 കി.ഗ്രാം.) എന്ന തോതില്‍ ചാണകം, കമ്പോസ്റ്റ്, കോഴിക്കാഷ്ഠം, ആട്ടിൻ കാഷ്ഠം ഇവയില്‍ ഏതെങ്കിലും ഒന്ന്  മണ്ണില്‍ ചേര്‍ത്ത് കൊടുക്കണം. അതോടൊപ്പം 250 കിലോ മസൂറിഫോസും (1 സെന്റില്‍ 1 കി.ഗ്രാം) ചേര്‍ക്കേണ്ടതാണ്. വര്‍ഷത്തില്‍ 4 പ്രാവശ്യം  ഹെക്ടറിന് 100 കി.ഗ്രാം. (ഒരു സെന്റില്‍ 400 ഗ്രാം) എന്ന തോതില്‍ യൂറിയ നല്‍കുന്നത് വളര്‍ച്ച അതിവേഗമാക്കും. തൊഴുത്ത് കഴുകിയ വെള്ളവും ഗോമൂത്രവും പുൽകൃഷി നടത്തുന്നിടത്തേക്ക്  ഒഴുക്കി വിടാന്‍ സൗകര്യമുള്ള സ്ഥലത്ത് മേല്‍വളമായി യൂറിയ നല്‍കേണ്ട ആവശ്യമില്ല.

തണ്ട് നട്ട് 75-90 ദിവസം ആകുമ്പോൾ  പുല്ല് അരിഞ്ഞെടുക്കാന്‍ പാകമാകും. ചുവട്ടില്‍ 15-20 സെന്റീമീറ്റര്‍ കട നിര്‍ത്തി വേണം അരിഞ്ഞെടുക്കാൻ. പിന്നീട് 30-35 ദിവസം ഇടവേളയിൽ വിളവെടുക്കാം. ജലസേചന സൗകര്യമുള്ള സ്ഥലത്തുനിന്ന് ഒരു വര്‍ഷം 8-10 പ്രാവശ്യം വരെ പുല്ല് അരിഞ്ഞെടുക്കാന്‍ സാധിക്കും.  പുല്ല് കൃത്യ സമയത്തു തന്നെ മുറിച്ചെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂപ്പു കൂടിയാല്‍ തണ്ടിന്റെ ഉറപ്പു കൂടുകയും നീര് കുറയുകയും ചെയ്യുന്നു. തണ്ട് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് കൊടുത്താല്‍ തീറ്റ പാഴാക്കി കളയുന്നത് പരമാവധി ഒഴിവാക്കാന്‍ സാധിക്കും.

പുല്‍നാമ്പുകള്‍ പാല്‍ത്തുള്ളികള്‍

നാരുകള്‍ കൂടുതല്‍ അടങ്ങിയ പുല്ല്, വൈക്കോല്‍ തുടങ്ങിയ പരുഷാഹാരങ്ങള്‍ തിന്നുകയും ദിവസേന  ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും അയവിറക്കുകയും ചെയ്യുന്ന സസ്യഭുക്കാണ് നമ്മുടെ കാമധേനുക്കള്‍.

പ്രതിദിനം ആകെ കഴിക്കുന്ന തീറ്റയുടെ നാല്‍പതു ശതമാനമെങ്കിലും പരുഷ തീറ്റയാകണമെന്നതാണ് പ്രധാനം. എളുപ്പത്തില്‍ പറഞ്ഞാല്‍ ഒരു ദിവസം എട്ട് കിലോ കാലിത്തീറ്റ കൊടുക്കുന്ന ഒരു പശുവിന് അഞ്ച് കിലോയെങ്കിലും പരുഷ തീറ്റ ശുഷ്‌ക രൂപത്തില്‍ അല്ലെങ്കില്‍ ഖരരൂപത്തില്‍ ലഭിക്കണം. അതായത് അഞ്ച് കിലോഗ്രാം ഖരരൂപത്തിലുള്ള പരുഷാഹാരം ലഭിക്കുന്നതിന്  പുല്ലാണ് നല്‍കുന്നതെങ്കില്‍ 20 കിലോഗ്രാം പുല്ലെങ്കിലും നല്‍കണം. കാരണം പച്ചപ്പുല്ലിന്റെ 75 ശതമാനവും ജലമാണ്. മഴക്കാലത്ത് പുല്ലില്‍ ജലാംശം കൂടുതലുമായിരിക്കും. ചുരുക്കത്തില്‍ 20 കിലോഗ്രാം പുല്ല് നല്‍കിയാല്‍ 5 കിലോഗ്രാം ഖരരൂപത്തിലുള്ള പരുഷാഹാരം പശുവിന് കിട്ടുന്നു.

ഇനി പുല്ല് തീരെയില്ലെങ്കില്‍ പ്രതിദിനം ഉണങ്ങിയ വൈക്കോല്‍ അഞ്ചു കിലോയെങ്കിലും  നല്‍കി പരുഷാഹാരവും, തീറ്റയിലെ നാരും ഉറപ്പാക്കണം. ആമാശ ദഹനം സുഗമമാക്കാന്‍ നാരിന്  കഴിയുന്നു. എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം പോഷകങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമുള്ള വൈക്കോലിന് പാലുൽപാദനത്തില്‍  കാര്യമായ സഹായം ചെയ്യാനാവില്ല. 

നാലറകളുള്ള പശുവിന്റെ  ആമാശയത്തിലെ ആദ്യ ഭാഗമായ റൂമനില്‍ താമസിക്കുന്ന ബാക്ടീരിയ, പ്രോട്ടോസോവ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ  സഹായത്തോടെയാണ് പശുക്കളില്‍  ദഹനം നടക്കുന്നത്. തീറ്റയില്‍ നാരിന്റെ അംശം കുറഞ്ഞാല്‍ ആമാശയത്തിന്റെ അമ്ലത കൂടുന്നു. ഇത് ദഹന സഹായികളായ  സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു. ദഹനം തടസപ്പെടുന്നതിനാല്‍  പശുവിനാവശ്യമായ പോഷകങ്ങളിലും കുറവുണ്ടാകുന്നു. വായുസ്തംഭനം തീറ്റയോടുള്ള മടുപ്പ്, വയറിളക്കം, ചാണകത്തില്‍ ദഹിക്കാത്ത ധാന്യനാരുകളുടെ അവശിഷ്ടങ്ങള്‍, ചാണകത്തില്‍  നുരയും പതയും തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നു. കാലിത്തീറ്റ തിന്നാതെ വന്നാലും ഇവര്‍ പുല്ല് ഭക്ഷിക്കുകയും ചെയ്യും. 

കേവലം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കപ്പുറം കരള്‍ സംബന്ധമായ രോഗങ്ങള്‍, രോഗപ്രതിരോധ ശക്തിയുടെ കുറവ് എന്നിവയും അമ്ലതയുടെ ദീര്‍ഘകാല പ്രശ്‌നങ്ങളാണ്. ശരീരത്തിനു മെലിച്ചില്‍, ചെന പിടിക്കാനുള്ള പ്രയാസം, അകിടുവീക്കം എന്നിവയും ഉണ്ടായേക്കാം. അപ്പോള്‍ നാരടങ്ങിയ പരുഷാഹാരം പ്രത്യേകിച്ച് പുല്ലിന്റെ പ്രാധാന്യം കര്‍ഷകര്‍ക്ക് മനസിലാക്കാന്‍ മേല്‍പറഞ്ഞ കാരണങ്ങള്‍ മതിയാകും. കൂടാതെ ധാരാളം പച്ചപ്പുല്ല് പ്രത്യേകിച്ച് തീറ്റപ്പുല്ല് നല്‍കാന്‍ കഴിഞ്ഞാല്‍ തീറ്റച്ചെലവു കുറയുകയും ലാഭം വർധിക്കുകയും ചെയ്യുന്നു.

ഇനി ആവശ്യത്തിന് പരുഷാഹാരം ലഭിക്കുന്ന പശുക്കളില്‍ പാലിന് കൊഴുപ്പ് കൂടുതലായിരിക്കും. പാലിന് നല്ല മഞ്ഞനിറവുമുണ്ടായിരിക്കും. ഒപ്പം കൂടുതല്‍ ഒമേഗ 3 അടങ്ങിയതിനാല്‍ മനുഷ്യന്റെ ആരോഗ്യത്തിനും പ്രയോജനകരമാണ്. ആവശ്യത്തിന് ഗുണമേന്മയുള്ള പരുഷാഹാരം ലഭിച്ച പശുക്കളുടെ ഉൽപാദനത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവാതിരിക്കും. ശരീരം  മെലിയുന്നില്ലായെന്നതിനു പുറമേ ചെന പിടിക്കാനുള്ള  ബുദ്ധിമുട്ടും മാറുന്നു. പരുഷാഹാരത്തിലെ നാരിന്റെ ഗുണമേന്മ പ്രധാനമായതിനാല്‍ തീറ്റപ്പുല്ലായി തന്നെ നല്‍കാന്‍ കഴിയുന്നത് നല്ലതാണ്. കാലിത്തീറ്റയോടൊപ്പം ഉത്തമമായ അളവില്‍ ചാഫ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മിക്‌സ് ചെയ്തു നല്‍കുന്ന കംപ്ലീറ്റ് ഫീഡിങ് രീതിയും നല്ലതാണ്. 

തീറ്റപ്പുല്ലും സമ്മിശ്രമാക്കാം

കേരളത്തിലെ ക്ഷീരകര്‍ഷകനെ സംബന്ധിച്ച് തീറ്റപ്പുല്ലെന്നാല്‍ പ്രധാനമായും ഹൈബ്രിഡ് നേപ്പിയറിന്റെ സിഒ-3, സിഒ-4 ഇനത്തില്‍പ്പെട്ട പുല്ലുകളാണ്.  ഉൽപാദനശേഷി കൂടിയ, കൂടുതല്‍ അളവില്‍ വിളയുന്ന, നട്ടു വളര്‍ത്താന്‍ എളുപ്പമായ ഇവയ്ക്ക് പ്രാധാന്യം കിട്ടുന്നതില്‍  അത്ഭുതമില്ല. എന്നാല്‍ ഇത്തരം  ഇനങ്ങള്‍ക്കൊപ്പം  സാഹചര്യത്തിനനുസരിച്ച്  മറ്റ് തീറ്റപ്പുല്ലുകള്‍ കാലിത്തീറ്റയായി നല്‍കാന്‍  കഴിയുന്ന പയര്‍വർഗച്ചെടികള്‍, ധാന്യവിളകള്‍, കാലിത്തീറ്റ, വൃക്ഷങ്ങള്‍ എന്നിവ കൂടി കൃഷി ചെയ്ത് സമ്മിശ്രമായി നല്‍കിയാല്‍ ഉൽപാദനം  വർധിപ്പിക്കാവുന്നതാണ്. സ്ഥലവും സൗകര്യമുള്ളവര്‍ക്ക്  തീറ്റപ്പുല്‍ക്കൃഷിയിലും  സമ്മിശ്ര രീതികള്‍ പരീക്ഷിക്കാം.  

സങ്കരനേപ്പിയര്‍ തീറ്റപ്പുല്ലിന്റെ കമ്പുകളാണ്  നടാനുപയോഗിക്കുന്നത്.  സിഒ-3, സിഒ-4, സിഒ-5, കിളികുളം, തുമ്പൂര്‍മുഴി തുടങ്ങിയ നിരവധി  പേരുകളില്‍ സങ്കര നേപ്പിയര്‍  ഇനങ്ങള്‍ ലഭ്യമാണ്. വൈകി പൂക്കുന്ന, ആന്റി ഓക്‌സലേറ്റ് കുറവുള്ള സിഒ-5 വൈകി വിളവെടുപ്പിന്റെ പ്രശ്‌നങ്ങള്‍ ഇല്ലാത്തവയാണ്.  മികച്ച അന്തരീക്ഷത്തില്‍ മെച്ചപ്പെട്ട പരിപാലനത്തില്‍ ഒരു ഹെക്ടറില്‍നിന്ന് വര്‍ഷം 350-400 ടണ്‍ വിളവുണ്ടാകും.  

ഗിനിപ്പുല്ല്, കോംഗോസിഗ്നല്‍, ഹ്യുമിഡിക്കോള, സ്റ്റൈലോ തുടങ്ങിയവയും കൃഷി ചെയ്യാന്‍  അനുയോജ്യമാണ്.  ആട്, മുയല്‍ കര്‍ഷകര്‍ക്കും ഇത്തരം പുല്ലിനങ്ങള്‍ പ്രയോജനപ്പെടും. മേച്ചില്‍ സ്ഥലങ്ങള്‍ക്ക് അനുയോജ്യമാണ് സിഗ്നല്‍, കോംഗോസിഗ്നല്‍ പുല്ലുകള്‍. ഉയരം കുറഞ്ഞ ഇവ മണ്ണൊലിപ്പ് തടയാനും സഹായിക്കുന്നു. പശു തിന്നുന്നതനുസരിച്ച്  വളര്‍ന്നുകൊള്ളും. വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ക്ക് അനുയോജ്യമാണ് ഹ്യുമിഡിക്കോള. പയര്‍ വര്‍ഗത്തില്‍പ്പെട്ട സ്റ്റൈലോസാന്തസ് പുല്ല് പാലിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.  മറ്റു പുല്ലുകളുമായി  ചേര്‍ത്ത് പ്രതിദിനം ശരാശരി ഒരു കിലോഗ്രാമെങ്കിലും നല്‍കിയാല്‍ പ്രയോജനം ലഭിക്കും.  കൂടുതലായാല്‍  ദഹന പ്രശ്‌നങ്ങളുണ്ടാകും. ധാന്യ ഇനത്തില്‍പ്പെട്ട ചോളത്തിന്റെ തീറ്റപ്പുല്‍ കൃഷിക്കായുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.  അന്നജ സമ്പന്നമായ ഇവ  പാലുൽപാദനം കൂട്ടുന്നു.  അന്നജം കൂടു തലുള്ളതിനാല്‍ നിശ്ചിത അളവില്‍ മറ്റു പുല്ലുകളുമായി ചേര്‍ത്ത് നല്‍കുന്നത് നല്ലത്.   

തീറ്റപ്പുല്‍ വിളയട്ടെ തെങ്ങിന്‍തോപ്പുകളില്‍

സ്ഥലപരിമിതിയുള്ള നമ്മുടെ സംസ്ഥാനത്ത്  തെങ്ങിന്‍ തോപ്പുകളില്‍  ഇടവിളയായി പുല്‍കൃഷി ചെയ്യാം. തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍  അനുയോജ്യമാണ് ഗിനിപ്പുല്ലും സങ്കരനേപ്പിയര്‍ പുല്ലും ഏഴു മുതല്‍ 20 വര്‍ഷം വരെ പ്രായമുള്ള  തെങ്ങുകളുള്ള പറമ്പുകളില്‍ ഇടവിളയായി തീറ്റപ്പുല്‍കൃഷി നടത്താം.  

കൂട്ടംകൂടി വളരുന്ന ഇനമാണ് ഗിനിപ്പുല്ല്. അരമീറ്റര്‍ മുതല്‍ നാലര മീറ്റര്‍ വരെ ഉയരം വയ്ക്കും. നീളവും ബലവുമുള്ള തണ്ടുകള്‍ രോമങ്ങള്‍പോലെ ചെറുനാരുകളുള്ളവയാണ്. തണല്‍ പ്രദേശങ്ങളില്‍ വളരാന്‍ കഴിവുള്ളവയാണിവ. മലമ്പ്രദേശങ്ങളിലും, സമതലപ്രദേശങ്ങളിലും ഒരുപോലെ വളരുമെങ്കിലും  തണുപ്പിനെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിവില്ല. സാധാരണ താപനിലയിലാണ് ഉത്തമം. കളിമണ്ണിലൊഴികെ ഏതു മണ്ണിലും വളരും.

English summary: Uses of Napier Grass or Elephant Grass for Cattle Feed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com