ADVERTISEMENT

തൃശൂർ ജില്ലയിലെ കൈപ്പറമ്പ് പുത്തൂരിലുള്ള ഉണ്ണിക്കൃഷ്ണൻ പച്ചക്കറിക്കൃഷിയിൽ നേട്ടം കൊയ്തു മുന്നേറുകയാണ്. പരമ്പരാഗതമായി  നെൽകൃഷി ചെയ്തുവന്ന കുടുംബത്തിലെ പുതു തലമുറക്കാരന്‍  കളം മാറ്റിച്ചവിട്ടി പച്ചക്കറിക്കൃഷിയിൽ എത്തിയത് 2010ല്‍.  നാട്ടിലെ പ്രമുഖ കർഷകനായിരുന്ന വടക്കുംചേരി വീട്ടില്‍ പ്രഭാകരന്‍ നായരുടെ മകൻ ആദ്യം ചെന്നുപെട്ടത് കംപ്യൂട്ടർ മേഖലയിലാണ്. തന്റെ പാത അതല്ലെന്നു മനസിലാക്കി പിന്നീട് കൃഷിയിലേക്കു തിരിഞ്ഞു. ആദ്യകാലങ്ങളിൽ കോളിലെ നെൽകൃഷി മാത്രമാണു നടത്തിപ്പോന്നത്. പിന്നീടു പച്ചക്കറിയിലേക്കു ചുവടുവച്ചു. ആദ്യകാലങ്ങളിൽ മകരക്കൊയ്ത്തു കഴിഞ്ഞ പാടത്തു വിഷുവിനു വേണ്ടിയാണ് പച്ചക്കറിക്കൃഷി ചെയ്തത്.  അതിൽ പലപ്പോഴും നഷ്ടം നേരിട്ടു. കൊടുംവേനലിൽ നട്ടുനനച്ച് ഉണ്ടാക്കിയ പച്ചക്കറികൾ (പ്രധാനമായും മത്തൻ, വെള്ളരി)  തുച്ഛവിലയ്ക്കു വിറ്റഴിക്കേണ്ടി വന്നു. നഷ്ടം നേരിട്ടപ്പോൾ അച്ഛൻ വീണ്ടും ഇടപെട്ടു. ഒരു തവണ കൂടി ചെയ്യാനുള്ള മുതൽമുടക്ക് താൻ തരാം എന്നതായിരുന്നു വാഗ്ദാനം.  

അങ്ങനെയിരിക്കെ 2013ൽ കൈപ്പറമ്പ് കൃഷി ഓഫിസറായി രുന്ന ടി.പി. ബൈജുവാണ് പെരുമാട്ടി പഞ്ചായത്തിലെ ഓപ്പൺ പ്രിസിഷൻ ഫാമിങ്ങിനെക്കുറിച്ചു പറയുന്നത്. ആത്മയുടെ നേതൃത്വത്തിൽ പെരുമാട്ടി സന്ദർശിച്ചു കാര്യങ്ങൾ മനസിലാക്കി.  ഒന്നോ രണ്ടോ വിളകൾക്കു പകരം പല വിളകൾ പച്ചക്കറിയിൽ പരീക്ഷിക്കണമെന്നും പഠിച്ചു. തിരിച്ചെത്തി സ്വന്തം കൃഷിയിടത്തിൽ പരിപാടി നടപ്പിലാക്കിയതാണ് തന്റെ വിജയത്തിന്റെ ആദ്യപടി എന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു. എല്ലാ വിളകളും കൊല്ലം മുഴുവൻ ലഭിക്കുന്നതിനായി വെറും ഒരേക്കര്‍ സ്ഥലമാണു തിരഞ്ഞെടുത്തത്. അവിടെ 50  സെന്റി ൽ പാവൽ, പടവലം, പയർ, വെണ്ട, വഴുതന, മത്തൻ, കുമ്പളം, വെള്ളരി, ചീര, മുളക്, തക്കാളി തുടങ്ങി പത്തിലധികം പച്ചക്കറികൾ ഒരേ സമയം വളർത്തിയെടുത്തു. ആദ്യത്തെ 50 സെന്റിലെ വിളവ് തീരുമ്പോഴേക്കും രണ്ടാമത്തെ 50 സെന്റിലെ വിളവെടുക്കുന്ന രീതിയില്‍ റിലേയാണ് ഉണ്ണിക്കൃഷ്ണൻ പരീക്ഷിച്ചത്. നല്ല മഴക്കാലത്തു കൃഷിയൊരുക്കാൻ മഴമറയും ഒരുക്കി. 365 ദിവസം വിളവെടുക്കുന്ന ശൈലിയായതോടെ വില പ്രശ്നമല്ലാതായി. മാത്രമല്ല, കൂടുതൽ പച്ചക്കറികൾ ഒറ്റ കർഷകനിൽനിന്നു ലഭിക്കുന്നതു കച്ചവടക്കാര്‍ക്കു   സഹായകരവുമായി.

അപ്പോഴും ചില പ്രശ്നങ്ങൾ ബാക്കി നിന്നു.  മികച്ച പരിചരണം കൊടുത്താലും 30–40 ശതമാനം കായ്കറികള്‍ക്കും കൃത്യമായ ആകൃതിയോ വലുപ്പമോ വരുന്നില്ല. രോഗ, കീടങ്ങൾ കുറഞ്ഞാലും ഈ പ്രശ്നം നിലനിന്നു. അപ്പോഴാണ് കണ്ണൂർ കെവികെയിലെ ഡോ. ജയരാജനെ കാണാനിടയായത്. മണ്ണറിഞ്ഞുള്ള വളപ്രയോഗമാണു മികച്ച ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിന്റെ  ആദ്യപടി എന്ന, അദ്ദേഹത്തിന്റെ നിർദേശം സ്വീകരിച്ചു. മണ്ണുപരിശോധന നടത്തി വളപ്രയോഗം ആരംഭിച്ചു. ദ്വിതീയ മൂലകങ്ങളായ കാത്സ്യവും മഗ്‌നീഷ്യവും സൂക്ഷ്മ മൂലകങ്ങളും ആവശ്യമനുസരിച്ചു നൽകി. ഫലം മികച്ചതായിരുന്നു. എ ഗ്രേഡ് ഉൽപന്നങ്ങളുടെ തോത് 90 ശതമാനംവരെ ഉയർന്നു. അതായത് 10 കിലോ പാവയ്ക്ക വിളവെടുത്താൽ അതിലെ 9 കിലോയും പ്രീമിയം ഗ്രേഡിൽ വിൽക്കാനായി.  അതു വലിയ മാറ്റമായിരുന്നു. ഇന്ന് ഉണ്ണിക്കൃഷ്ണന്റെ പച്ചക്കറികൾ പിജിഎസ് മുദ്രയോടെ സംസ്ഥാനത്തെ തന്നെ പ്രധാന മാളുകളിൽ എത്തുന്നുണ്ട്. സുരക്ഷിത പച്ചക്കറിക്കൃഷി എന്ന ആശയം മുറുകെ പിടിക്കുമ്പോഴും സമീകൃത  മൂലകങ്ങളുടെ ഉപയോഗവും കൃത്യമായ മണ്ണറിവുമാണ് കർഷകന്റെ വിജയത്തിന് അടിസ്ഥാനമാണെന്ന് ഉണ്ണിക്കൃഷ്ണന്റെ അനുഭവം തെളിവ്.  ഒരു വർഷം 30 ടണ്ണിലധികം പച്ചക്കറിയാണ് റിലേ കൃഷിയിലൂടെ  ഈ കര്‍ഷകന്‍ വിപണിയിലെത്തിക്കുന്നത്. വാര്‍ഷിക വിപണനമൂല്യം  എട്ടു ലക്ഷം രൂപയിലേറെ.  ലോക്ഡൗൺ കാലത്തു സാമൂഹ മാധ്യമങ്ങളിലൂടെ തന്റെ പച്ചക്കറികൾ ഒരു ബുദ്ധിമുട്ടും കൂടാതെ ഉണ്ണിക്കൃഷ്ണന്‍ വിറ്റഴിച്ചു. ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – ന്യൂഡൽഹിയുടെ  മികച്ച ഇന്നവേറ്റീവ് കർഷകനുള്ള ദേശീയ പുരസ്കാരമടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.  

തണ്ണിമത്തൻ, മസ്ക് മെലൺ, സാലഡ് വെള്ളരി തുടങ്ങിയ ഇനങ്ങള്‍കൂടി ഈ വർഷം മുതൽ ചെയ്തുവരുന്നു. ചുരുങ്ങിയ സ്ഥലത്തുനിന്നു പച്ചക്കറിക്കൃഷിയിലൂടെ മികച്ച വരുമാനം നേടാമെന്നു  നമ്മെ ഓർമിപ്പിക്കുകയാണ് ഈ കർഷകപ്രതിഭ. കേരളത്തെപ്പോലെ തുണ്ടുവൽക്കരിക്കപ്പെട്ട കൃഷിഭൂമികളിൽ ഇത്തരം വിജയമാതൃകകൾക്ക് ഏറെ പ്രാധാന്യമുണ്ട്.

ഫോൺ: 9447441281

English summary: Success Story of a Vegetable Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com