ADVERTISEMENT

പ്രവാസജീവിതം അവസാനിപ്പിച്ച് എട്ടു വർഷം മുൻപ് പറമ്പൻ ഉമ്മർകുട്ടി നാട്ടിലേക്കു വരുമ്പോൾ കൃത്യമായ കണക്കുകൂട്ടലുകളുണ്ടായിരുന്നു. മണ്ണിൻ പൊന്നുവിളയിച്ച് നാട്ടിൽ ജീവിക്കാനായുള്ള  മലപ്പുറം മക്കരപ്പറമ്പ് വറ്റല്ലൂർ പൊരുന്നൻപറമ്പിലെ പറമ്പൻ ഉമ്മൻകുട്ടി(60)യുടെ തീരുമാനം പാളിയില്ല. മൂന്നര ഏക്കർ സ്ഥലത്തുനിന്ന് വർഷംതോറും ലക്ഷങ്ങളാണ് അദ്ദേഹം വരുമാനമുണ്ടാക്കുന്നത്. പരമ്പരാഗത കൃഷികൾ ഉപേക്ഷിച്ചു പുതിയ കൃഷികളിലേക്കു നീങ്ങിയതാണ് ഉമ്മർകുട്ടിയുടെ വിജയത്തിനു കാരണം. 

ആദ്യം സാലഡ് കക്കരി, പിന്നീട് റെഡ് ലേഡി പപ്പായ, ഇപ്പോൾ ഡ്രാഗൺ ഫ്രൂട്ടും. വിശാലമായ തോട്ടത്തിൽനിന്ന് പഴങ്ങളും തൈകളും വിറ്റ് ഈ അതിഥികൃഷിയെ മലയാള മണ്ണിൽ വിജയിക്കുമെന്നു തെളിയിക്കുക കൂടിയാണ് അദ്ദേഹം ചെയ്യുന്നത്. 

പുതിയ കൃഷികളുടെ കൂട്ടുകാരൻ

സൗദി അറേബ്യയിലെ റിയാദിൽ സ്കൂളിൽ ജോലിക്കാരനായിരുന്ന ഉമ്മർകുട്ടി 2012ൽ ആണ് നാട്ടിലെത്തുന്നത്. ചെങ്കൽഖനനം കഴിഞ്ഞ മൂന്നര ഏക്കർ സ്ഥലത്ത് വൻതോതിൽ കൃഷി ചെയ്യാനുള്ള ഒരുക്കം തുടങ്ങി. സാലഡ് കക്കരി കൃഷിക്കായി 5500 ചതുരശ്ര അടി വിസ്തീർണമുള്ള ഏഴര ലക്ഷം രൂപ ചെലവിൽ  നിർമിച്ചു. മാർക്കറ്റിങ് ആയിരുന്നു അന്ന് ഉമ്മർകുട്ടി അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം. മലപ്പുറം ജില്ലയിലെ പല ടൗണുകളിലും സാധനം എത്തിച്ചു. ആദ്യമൊക്കെ ലാഭമായിരുന്നെങ്കിലും പിന്നീടു നഷ്ടത്തിലേക്കു നീങ്ങി. അപ്പോഴേക്കും ഇദ്ദേഹം കൃഷിയൊന്നു മാറ്റിപ്പിടിച്ചു. റെഡ് ലേഡി പപ്പായയിലേക്കാണു തിരിഞ്ഞത്. 

കൃഷി രീതിയെല്ലാം നന്നായി പഠിച്ച ശേഷമാണ് ആരംഭിക്കുകയുള്ളൂ. 2 വർഷം പപ്പായ കൃഷി ചെയ്തു. 1 ലക്ഷം ലീറ്റർ വെള്ളം സംഭരിക്കാവുന്ന മഴവെള്ള സംഭരണിയും പോളിഹൗസിനു സമീപം നിർമിച്ചിരുന്നു. പക്ഷേ, കടുത്ത വേനലിൽ ഇതൊന്നും തികയാതെ വന്നു. ഉൽപാദനം കുറഞ്ഞുവന്നു. വേനൽക്കാലത്തെ വെള്ളം പ്രശ്നമായപ്പോൾ ചിന്ത മറ്റൊരു രീതിയിലേക്കു പോയി. വെള്ളം കൂടുതൽ വേണ്ടാത്ത കൃഷി ചെയ്യുക. അങ്ങനെയാണു ഡ്രാഗൺ ഫ്രൂട്ടിലെത്തിയത്. 

എട്ടു മാസമാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിയെക്കുറിച്ചു പഠിക്കാനെടുത്തത്. വിദേശങ്ങളിലും കേരളത്തിനു പുറത്തുള്ള ചില സംസ്ഥാനങ്ങളിലും ഇതിനായി യാത്ര ചെയ്തു. ഏറ്റവും നന്നായി കൃഷി ചെയ്യുന്ന രാജ്യങ്ങളിൽ നിന്നായിരുന്നു തൈകൾ കൊണ്ടുവന്നത്. ഇക്വഡോർ, ഹവായ്, മലേഷ്യ, കൊളംബിയ എന്നീ രാജ്യങ്ങൾ അടക്കം 15 രാജ്യങ്ങളിൽനിന്നുള്ള തൈകൾ കൊണ്ടുവന്നു പരീക്ഷണാടിസ്ഥാനത്തിൽ നാലു വർഷം മുൻപ് കൃഷി തുടങ്ങി. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വിളവുണ്ടാകുന്ന ചെടികൾ കണ്ടെത്തി ആ ഇനം തൈകൾ കൂടുതൽ എത്തിക്കുകയായിരുന്നു. 

ഒറ്റത്തവണ നട്ടാൽ 25 വർഷം വരെ ഒരു ചെടിയിൽനിന്നു വിളവു ലഭിക്കും. ചെടി നട്ട് നന്നായി പരിചരിച്ചാൽ രണ്ടു വർഷം കൊണ്ട് വിളവെടുക്കാം. 1 ഏക്കറിൽ കൃഷി ചെയ്യാൻ 7 ലക്ഷം രൂപയാണ് നാലു വർഷം മുൻപ് ചെലവിട്ടത്. 550 രൂപയായിരുന്നു ഒരു തൈ ഇവിടെയെത്തിക്കാൻ ചെലവായത്. അതേസ്ഥാനത്ത് ഇപ്പോൾ ആ ചെടിയുടെ തൈകൾ വിൽക്കുന്നത് 150 രൂപയ്ക്കും. 

പൂർ‍ണമായും ജൈവകൃഷിയാണ് ഉമ്മർകുട്ടി അവലംബിക്കുന്നത്. ജൈവവള നിർമാണ യൂണിറ്റും ഫാമിലുണ്ട്. മലപ്പുറം, പെരിന്തൽമണ്ണ എന്നീ ടൗണുകളിലെ പച്ചക്കറിവേസ്റ്റ്, കോഴി വേസ്റ്റ് എന്നിവ കൊണ്ടുവന്ന് വളമുണ്ടാക്കും. ഇതോടൊപ്പം മണ്ണിര കമ്പോസ്റ്റും ചേർത്താൽ നല്ല വളമായി. 

dragon-1
ഉമ്മൻകുട്ടി തോട്ടത്തിൽ

രണ്ടു വർഷം കൊണ്ട് നല്ല വിളവ്

ഡ്രാഗൺ ഫ്രൂട്ട് വളർത്താനായി ഉണ്ടാക്കിയ 2 മീറ്റർ ഉയരമുള്ള കോൺക്രീറ്റ് തൂൺ മണ്ണിൽ നാട്ടിയ ശേഷം  അതിനു ചുറ്റും 4 ചെടികൾ നടും. ഒരിക്കലും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്ത് ചെടി നടരുത്. തണൽ സ്ഥലം പാടില്ല. നല്ല വെയിലേൽക്കുന്ന സ്ഥലത്തുനിന്നാണ് കൂടുതൽ വിളവു ലഭിക്കുക. 4 കിലോ കമ്പോസ്റ്റ്, അരക്കിലോ  വീതം വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചെടി നടന്നുതിനു മുൻപ് അടിവളമായി നൽകണം.  ആഴ്ചയിൽ രണ്ടു തവണ നനച്ചാൽ മതി. 3 മാസം കൂടുമ്പോൾ വളം ചെയ്യണം. ചെടി നന്നായി വളർന്ന് കമ്പുകൾ താഴാൻ തുടങ്ങുമ്പോൾ കോൺക്രീറ്റ് തൂണിനു മുകളിൽ ടയറുകൾ ഘടിപ്പിക്കണം. അതിലൂടെ വേണം താഴേക്കു തൂങ്ങിക്കിടക്കാൻ. 1 ഏക്കർ സ്ഥലത്ത് 425 കോൺക്രീറ്റ് തൂണുകളാണു വേണ്ടത്. 

മാർച്ച് അവസാനത്തോടെ ചെടികൾ പൂവിടാൻ തുടങ്ങും. 28 ദിവസമാണ് ഒരു കായ വളർച്ചയെത്താൻ വേണ്ടത്. 250 രൂപയാണ് ഒരു കിലോ പഴത്തിന്റെ വില. കായ പറിച്ചുകഴിഞ്ഞാൽ അവിടെയള്ള കമ്പ് മണ്ണിൽ നടും. അഞ്ചു മാസം പ്രായമായ തൈ 150 രൂപയ്ക്കാണു വിൽക്കുന്നത്. 

പഴത്തിന്റെ ഉള്ളും പുറവും ചുവപ്പുള്ള അമേരിക്കൻ ബ്യൂട്ടിയാണു കൂടുതൽ കൃഷി ചെയ്തിരിക്കുന്നത്. പുറത്ത് മഞ്ഞയും ഉള്ളിൽ വെള്ളയും പുറം ചുവപ്പും ഉള്ളിൽ വെള്ളയും കൃഷിയുണ്ട്. നല്ലൊരു ആന്റി ഓക്സിഡന്റായ ഡ്രാഗണ്‍ പഴത്തിൽ കാത്സ്യം, പ്രോട്ടീൻ, സോഡിയം, വൈറ്റമിന്‍ എന്നിവ ധാരാളമുണ്ട്.  മികച്ച ഊർജദായിനിയാണ്. മധുരം കുറഞ്ഞ പഴമായതിനാൽ പ്രമേഹരോഗികൾക്കും കഴിക്കാം. 

പഴവും തൈകളും വാങ്ങാൻ ധാരാളം പേരാണ് ഫാമിൽ എന്നുമെത്തുന്നത്. കേരളത്തിന്റെ ചൂടുകാലാവസ്ഥയിൽ ഏറ്റവും നന്നായി വിളവുതരുന്നതിനാൽ റബർ തോട്ടങ്ങളൊഴിവാക്കിവരെ ആളുകൾ ഡ്രാഗൺ പഴം നടാൻ തുടങ്ങിയെന്ന് ഉമ്മർകുട്ടി പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയുള്ള പ്രചാരണവും വിൽപനയ്ക്ക് ഏറെ സഹായിച്ചു.

മലപ്പുറം ജില്ലയിലെ ജൈവകർഷകരുടെ കൂട്ടായ്മയിൽ അംഗമാണ് ഇദ്ദേഹം. ഡ്രാഗണ്‍ ഫ്രൂട്ട് വാങ്ങാനെത്തുന്നവർ മറ്റു ചെടികളും വാങ്ങുന്നുണ്ട്. പച്ചക്കറി തൈകൾ, പപ്പായ തൈകൾ, കള്ളിച്ചെടികൾ, ഈത്തപ്പഴം തൈകൾ എന്നിവയ്ക്കെല്ലാം ആവശ്യക്കാർ ഏറെയാണ്. 

പാഷൻ ഫ്രൂട്ട് ആണ് ഫാമിലുള്ള മറ്റൊരു കൃഷി. പോളിഹൗസിലാണ് പാഷൻഫ്രൂട്ട് കൃഷിചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം കിലോ 100 രൂപ തോതിലായിരുന്നു വിൽപന. ദിവസവും 30 കിലോ വിറ്റിരുന്നു. ഇപ്പോൾ പുഷ്പിക്കുന്ന സമയമാണ്. 

അറുപതാം വയസിലും ഉമ്മർകുട്ടി നന്നായി അധ്വാനിക്കും. ഫാമിൽ ജോലിക്കാരുണ്ടെങ്കിലും എല്ലായിടത്തും ഉമ്മർകുട്ടിയുടെ ശ്രദ്ധയുണ്ടാകും. കേരളത്തിന്റെ സാഹചര്യത്തിൽ നല്ല വിളവും അതിനൊത്ത വിലയും ലഭിക്കുന്ന ഈ മേഖലയിലേക്കു കൂടുതൽ പേർക്കു സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. തൈകൾ നൽകുന്നതിനൊപ്പം എങ്ങനെ പരിചരിക്കണമെന്നുകൂടി അദ്ദേഹം പഠിപ്പിക്കുന്നുണ്ട്.

ഫോൺ: 8089870430

English summary: Dragon Fruit Cultivation in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com