sections
MORE

റഷീദ് പറഞ്ഞുതരും പത്തു സെന്റിലെ വരുമാനവഴികൾ

HIGHLIGHTS
  • ആറ് യൂണിറ്റുകളിലായി വർഷം മുഴുവൻ മീനും പച്ചക്കറിയും
  • അരുമപ്പക്ഷികൾ‌ക്കായി 3.5 മീറ്റർ ഉയരത്തിലും 10 മീറ്റർ നീളത്തിലും തീർത്ത കൂട്
rasheed-2
അബ്ദുൾ റഷീദ് മത്സ്യങ്ങൾക്ക് തീറ്റ നൽകുന്നു
SHARE

വീടിനു ചുറ്റുമുള്ള ഏതാനും സെന്റിൽ നിന്ന് മീനും ഇറച്ചിയും മുട്ടയും പച്ചക്കറിയുമൊക്കെ  വേണ്ടത്ര കിട്ടണമെന്ന് ആഗ്രഹമുണ്ടോ? നേരേ ഗുരുവായൂർക്കു പോന്നോളൂ. അവിടെ വൈലത്തൂർ വൈശ്യംവീട്ടിലെ അബ്ദുൾ റഷീദിന്റെ പക്കൽ നിങ്ങളെ കാത്ത് ഒരു പിടി മാതൃകകളുണ്ട്. പത്തു സെന്റ് വീട്ടുവളപ്പിൽ  അടുക്കളയാവശ്യത്തിനു മാത്രമല്ല അധികവരുമാനത്തിനും ഉപകരിക്കുന്ന വിധത്തിൽ മീനും ഇറച്ചിയും മുട്ടയും പച്ചക്കറിയുമൊക്കെ ഉൽപാദിപ്പിക്കുന്നതു കാണാം. 

വർഷങ്ങളായുള്ള കാർഷിക പ്രയത്നങ്ങളിലൂടെയാണ് ഇപ്പോഴത്തെ നേട്ടങ്ങളിൽ അദ്ദേഹം എത്തിയത്. ചെലവു കുറഞ്ഞതും പ്രയോജനം കൂടുതലുള്ളതുമായ അക്വാപോണിക്സ്, വീട്ടുമാലിന്യങ്ങളുപയോഗിച്ചു കോഴിക്കും മത്സ്യത്തിനും മാംസ്യസമ്പുഷ്ടമായ തീറ്റ എന്നിങ്ങനെ ഒരുപിടി ആശയങ്ങൾ സൗമ്യഭാഷണത്തിലൂടെ അദ്ദേഹം വിശദീകരിച്ചു തരും. 

rasheed-3
അക്വാപോണിക്സ് സംവിധാനം. ഇൻസെറ്റിൽ അബ്ദുൾ റഷീദ്

പരിചിതമായ ആശയങ്ങൾപോലും തനതായ രീതിയിൽ പരിഷ്കരിച്ച് മെച്ചപ്പെടുത്താൻ കഴിഞ്ഞതാണ് റഷീദിന്റെ വിജയരഹസ്യം. വീട്ടുമുറ്റത്തെ ചെറുടാങ്കിൽ അദ്ദേഹം നടത്തിയ അക്വാപോണിക്സ് കൃഷിയെക്കുറിച്ചു കേട്ടോളൂ. ടാങ്കിലെ മത്സ്യവിസർജ്യങ്ങളടങ്ങിയ ജലം കരിങ്കൽചീളുകൾ നിറച്ച ബെഡുകളിലെത്തിച്ചാണ് അക്വാപോണിക്സ് പച്ചക്കറിക്കൃഷി. കേവലം 40 വാട്ടിന്റെ ഒരു മോട്ടർ ഉപയോഗിച്ച് 12 ബെഡുകളിൽ‌  അമോണിയ സമ്പുഷ്ടമായ ജലം എത്തിക്കാൻ കഴിയുന്നു. ഇതുമൂലം വൈദ്യുതിച്ചെലവ് തീരെ കുറവാണ്. ഓരോ വശങ്ങളിലെയും ആറു ബെഡുകൾക്ക് ഒരു സൈഫൺവീതം ക്രമീകരിച്ചിരിക്കുന്നു. ബെഡിനു ചുവട്ടിൽനിന്നു മേൽനിരപ്പിനു തൊട്ടുതാഴെ വരെ വെള്ളം നിറഞ്ഞുകഴിയുമ്പോൾ  അതേ കുഴലിലൂടെ ബെഡിലെ ജലം തിരികെ ടാങ്കിലേക്കൊഴുകും. ജലശുദ്ധീകരണത്തിനായി ഫിൽറ്റർ വേണ്ടിവരുന്നില്ലെന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഓരോ വശത്തെയും ആറു ബെഡുകളിലൊന്ന് ഫിൽറ്ററായി ക്രമീകരിച്ചിരിക്കുകയാണ്. ഈ ബെഡിൽ വേർതിരിക്കപ്പെടുന്ന സ്ലറി നീക്കം ചെയ്യാൻ പ്രത്യേക ക്രമീകരണമുണ്ട്. പച്ചക്കറി വളരുന്ന ബെഡിന്റെ ഉപരിതലത്തിൽ നനവുണ്ടാകാത്ത വിധം ഇത് ക്രമീകരിച്ചിരിക്കുന്നതിനാൽ പായലും മറ്റും മൂലം ജലപ്രവാഹം തടസ്സപ്പെടുന്നില്ലെന്നതാണ് ഈ മാതൃകയുടെ മെച്ചം.  ബെഡിന്റെ മേൽഭാഗത്തേക്ക് വെള്ളമൊഴുകിയെത്തുന്ന യൂണിറ്റുകളിൽ ഇത്തരം പ്രശ്നങ്ങൾക്ക് സാധ്യതയേറെയാണെന്നു റഷീദ് പറയുന്നു.

സൈഫൺ‌ പ്രവർത്തിക്കുമ്പോൾ രണ്ടടി താഴെയുള്ള ടാങ്കിലേക്ക് ശക്തമായ പ്രവാഹമുള്ളതിനാൽ ധാരാളം പ്രാണവായു ജലത്തിൽ കലരും. തന്മൂലം പ്രത്യേക വായുപ്രവാഹം നൽകേണ്ടിവരുന്നില്ല. വലുപ്പമേറിയ രണ്ടു അക്വാപോണിക്സ് യൂണിറ്റുകൾ കൂടി ഇവിടെയുണ്ട്. ആറ് യൂണിറ്റുകളിലായി വർഷം മുഴുവൻ മീനും പച്ചക്കറിയും ഉൽപാദിപ്പിക്കുന്നു. 

വെള്ളത്തിന്റെ നിലവാരത്തിനൊപ്പം പ്രാധാന്യം  തീറ്റയ്ക്കുമുണ്ടെന്ന് അബ്ദുൾ റഷീദ് ചൂണ്ടിക്കാട്ടി. നിലവാരമുള്ള തീറ്റ ഏറ്റവും കുറ‍ഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കുന്നതിനായി അദ്ദേഹം തനതായ സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. വീട്ടിലെ ആഹാരാവശിഷ്ടങ്ങളിൽനിന്നു പട്ടാളപ്പുഴുക്കളെ ഉൽപാദിപ്പിക്കുന്ന ബയോപോഡാണിത്. അഴുകിത്തുടങ്ങിയ അവശിഷ്ടങ്ങളോടു ചേർന്നുള്ള അറകളിൽ കറുത്ത പട്ടാളപ്പറവകൾ മുട്ടയിടും. നാലു ദിവസം കഴിയുമ്പോൾ  അവ വിരിഞ്ഞ് ആയിരക്കണക്കിനു  ലാർവകൾ പുറത്തുവരും. ഈ പുഴുക്കൾ ബയോപോഡിനുള്ളിലെ ഭക്ഷ്യാവശിഷ്ടങ്ങൾ ഭക്ഷിച്ച് കമ്പോസ്റ്റാക്കി മാറ്റുന്നു. ഒരു മാസത്തെ വളർച്ചയ്ക്കുശേഷം ഇവ സമാധി പ്രാപിക്കാനായി ബയോപോഡിനു പുറത്തേക്കു വരും.  ഇതിനായി പോഡിനുള്ളിൽ പ്രത്യേക ക്രമീകരണമുണ്ട്. ഇങ്ങനെ പുറത്തുവരുന്ന പട്ടാളപ്പുഴുക്കളെയാണ് റഷീദ് മത്സ്യങ്ങൾക്ക് ആഹാരമാക്കുന്നത്. ജീവനുള്ള പുഴുക്കളെ ഏറെ താൽപര്യത്തോടെ ഭക്ഷിക്കുന്ന മത്സ്യങ്ങൾക്കു മറ്റ് തീറ്റകളൊന്നും നൽകേണ്ടിവരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേ പുഴുക്കളെ തന്നെയാണ് അബ്ദുൾ റഷീദ് മത്സ്യങ്ങൾക്കും കോഴികൾക്കും ആഹാരമാക്കുന്നത്. 

rasheed
അരുമപ്പക്ഷികൾക്കായുള്ള വലിയ കൂട്

ശ്രദ്ധേയമായ മറ്റൊരു കാഴ്ചകൂടി അബ്ദുൾ റഷീദിന്റെ വീട്ടിലുണ്ട്. അരുമപ്പക്ഷികൾ‌ക്കായി 3.5 മീറ്റർ ഉയരത്തിലും 10 മീറ്റർ നീളത്തിലും തീർത്ത കൂടാണിത്. നിലത്തുറപ്പിച്ച കൂടിനുള്ളിൽ വിവിധ ചെടികൾ വളർത്തി ഒരു കുറ്റിക്കാട് തന്നെ തീർത്തിരിക്കുകയാണ്. ഒട്ടേറെയിനം അരുമപ്പക്ഷികൾ ഈ കൂട്ടിൽ ബന്ധനത്തിന്റെ അസ്വസ്ഥതകളില്ലാതെ കഴിയുന്നു. കൂടിനുള്ളിൽ പക്ഷികൾക്ക് ഇഷ്ടപ്പെട്ട ചെടികളും പഴവർഗങ്ങളുമാണ് നട്ടുവളർത്തിയിരിക്കുന്നത്. കൂടാതെ ചെറുജലാശയവും വെള്ളച്ചാട്ടവും മനോഹരമായ വിധത്തിൽ ഇതിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. അതിൽ അലങ്കാരമത്സ്യങ്ങളുമുണ്ട്.

മീനും അരുമപ്പക്ഷികളുമൊക്കെ വളർത്തുന്നവർ ഏറെയുണ്ടാകും. എന്നാൽ  തനതുശൈലിയിൽ സംരംഭം കൂടുതൽ ആകർഷകവും ആദായകരവുമാക്കാൻ റഷീദിനു കഴിയുന്നു. താൻ വിജയം കണ്ടെത്തിയ മാതൃകകൾ സമൂഹമാധ്യമങ്ങളിലൂടെ  പ്രചരിപ്പിക്കാനും അദ്ദേഹം പ്രത്യേക ശ്രമം നടത്തുന്നുണ്ട്. അബ്ദുൾ റഷീദിന്റെ  കാർഷിക വിഡിയോകൾ ഫേസ്ബുക്കിലും വാട്ട്സാപ്പിലുമൊക്കെ ഏറെ പ്രചാരം നേടിക്കഴിഞ്ഞു. 

English summary: How to Generate Income from 10 cent Land

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA