ADVERTISEMENT

മാർക്കറ്റിംങ് ആൻഡ് എച്ച്ആറിൽ എംബിഎ, അതിനു ശേഷം റിയൽ എസ്റ്റേറ്റ് കമ്പനിയായ ‘അറ്റ്ലാൻഡിസ് ഗ്രൂപ്പിൽ’ ജോലി, അതായിരുന്നു എറണാകുളം സ്വദേശിയായ ഫിലിപ്പ് കെ. ചാക്കോയുടെ ലോകം. എന്നാൽ, പിന്നീട് പോത്ത് ഫാം തുടങ്ങണമെന്ന ആഗ്രഹം തലയിൽ കയറിയതോടെ ആ ജോലി ഉപേക്ഷിച്ച് കേരളത്തിലെ പ്രമുഖ പ്ലാൻറ്റേഷൻ ഗ്രൂപ്പായ എവിജിയുമായി ചേർന്നു. എന്നാൽ കേരളത്തിലെ കന്നുകാലി വളർത്തൽ നിയമം ചാക്കോയുടെ സ്വപ്നങ്ങൾക്കു തടസമായി വന്നു. അതേത്തുടർന്ന് എവിജിയിൽ പ്ലാന്റേഷൻ അസിസ്ന്റ് മാനേജരായി തുടരുകയും അവിടെ നിന്ന് പച്ചക്കറിക്കൃഷിയെക്കുറിച്ചും ഫാം നടത്തിപ്പിനെക്കുറിച്ചും കൂടുതൽ മനസിലാക്കുകയും ചെയ്തു. ഈ അവസരത്തിലാണ് ചേർത്തല കഞ്ഞിക്കുഴിയിൽ ദേശീയപാതയോടു ചേർന്ന് 28 ഏക്കർ സ്ഥലം ലീസിന് ലഭ്യമാണെന്നറിഞ്ഞത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല, മനസിലെ ആഗ്രഹവും ഫാം മാനേജ്മെന്റിലെ അനുഭവസമ്പത്തുമായി ജോലി ഉപേക്ഷിച്ച് നേരെ കഞ്ഞിക്കുഴിയിലേക്ക്.

2019ലാണ് സ്ഥലം പാട്ടത്തിനെടുത്തത്. അത് കൃഷിയോഗ്യമാക്കാൻതന്നെ നല്ല സമയം വേണ്ടി വന്നു. സ്ഥലം പാകപ്പെടുത്തുന്നതിനനുസരിച്ച് പച്ചക്കറികൾ നട്ടു. പാവൽ, പീച്ചിൽ, പടവലം, വെണ്ട, പയർ, കുറ്റിപ്പയർ, കുക്കുംമ്പർ, വെള്ളരി, മത്തൻ, കുമ്പളം, തണ്ണിമത്തൻ പിന്നെ 1 ഏക്കറിൽ ചീരയും. ഏറ്റവും നൂതനമായ അതിസാന്ദ്രത കൃഷിരീതിയാണ് ചാക്കോ അവലംബിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ സാമാന്യം തെറ്റില്ലാത്ത വിളവും ആദ്യ വർഷം ലഭിച്ചു. 

എവിജിയിലെ തന്റെ പരിചയവും സുഹൃത്ത്ബന്ധങ്ങളും വഴി വിപണനവും സാധ്യമാക്കി. കോവിഡ് 19  ലോക്ഡൗൺ സമയത്ത് ഭാര്യയും ചേട്ടത്തിയും കൂട്ടിനായെത്തി. മൂവരും ഒരുമിച്ച് പച്ചക്കറികൾ വണ്ടിയിലാക്കി കലൂർ സ്റ്റേഡിയത്തിലെത്തിച്ച് വിപണനവും നടത്തി. മാത്രമല്ല ലോക് ഡൗൺ സമയത്ത് ജനകീയ അടുക്കളയിലേക്ക് പച്ചക്കറികൾ എത്തിച്ചും ഫാമിൽ വരുന്നവർക്ക് വില കുറച്ചു നൽകിയും ചാക്കോ മാതൃകയായി. സൗജന്യമായിട്ടായിരുന്നു പച്ചക്കറികൾ ജനകീയ അടുക്കളയിലേക്ക് നൽകിയത്. ഈ അവസരത്തിലാണ് Eat It Safeന്റെ നിർദേശപ്രകാരം ഫാമിൽ തന്നെ ഒരു വിപണന കേന്ദ്രം എന്ന ആശയത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്.  

chacko
ഫിലിപ്പ് കെ ചാക്കോ തോട്ടത്തിൽ

ആവശ്യക്കാർക്ക് പച്ചക്കറിയും മീനും മുട്ടയും എല്ലാം വാങ്ങാവുന്ന തരത്തിൽ ഇപ്പോൾ ഫാമിനെ മാറ്റിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ആട്, പോത്ത്, കോഴി, താറാവ്, വളർത്തു പക്ഷികൾ എന്നിവയുടെ വിൽപ്പനയും ഇതിനൊപ്പം സാധ്യമാക്കുന്നുണ്ട്. ഡിസംബറോടെ വിപണനകേന്ദ്രവും ഫാമും സന്ദർശകർക്കായി തുറന്നു കൊടുക്കാമെന്നാണ് പ്രതീക്ഷ. കേരളത്തിൽ സാധ്യമാക്കാവുന്ന എല്ലാ വിളകളും കൃഷി ചെയ്യാനാണ് ചാക്കോയുടെ ശ്രമം. ഇതിനൊപ്പം പുൽകൃഷിക്കായി 10 ഏക്കർ സ്ഥലം മുഹമ്മയിലും മാരാരിക്കുളത്തുമായി എടുത്തു കഴിഞ്ഞു. 

ഇന്നിന്റെ ബിസിനസാണ് കൃഷി. അത് തിരിച്ചറിഞ്ഞ ചാക്കോയും ഭാര്യ ആൻ മേരിയേയും പോലുള്ള ചെറുപ്പക്കാരുടെ വിജയത്തിന്റെ നാളുകളാണ് ഇനി വരാനിരിക്കുന്നത്. 

ഫോൺ: 9847243658

English summary: MBA graduate turned to Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com