ADVERTISEMENT

മുൻപെങ്ങുമില്ലാത്ത വിധം കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം ഏറിവരികയാണ്. ആനയും പന്നിയും കുരങ്ങുമെല്ലാം കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു. അതിൽത്തന്നെ ഏറ്റവും നാശം വിതയ്ക്കുന്നവരാണ് കാട്ടുപന്നികൾ. കൃഷിയിടത്തിലേക്ക് വന്യജീവികൾ കടന്നുകയറാതിരിക്കാൻവേണ്ടി പലരും പല വഴികളും നോക്കി പരാജയപെട്ടവരായിരിക്കും. ഇക്കാരണത്താൽ കൃഷി ഉപേക്ഷിച്ചവരും ഒട്ടേറെയുണ്ട്. എന്റെ കഷിയിടത്തിൽ ആദ്യമൊക്കെ കാട്ടുപന്നി എന്നത് വെറും കേട്ടുകേൾവി മാത്രമായിരുന്നു. ആദ്യമായി കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയുടെ കാൽപ്പാടുകൾ പിന്തുടർന്ന് നടന്നിട്ടുണ്ട് അവയെ കാണുമോ എന്ന് നോക്കാൻ. 

പിന്നീട് വളരെ പെട്ടന്നായിരുന്നു ഇവ പെരുകിയത്. കൊറോണ പോലെ യാതൊരു കൃഷിയും പറ്റാത്ത അവസ്ഥയായി. അന്നാണെങ്കിൽ നേന്ത്രവാഴക്കൃഷിയിൽ സജീവമായ സമയവും. 2,500 നേന്ത്രവാഴ വരെ ഉള്ള സമയത്ത് കാട്ടുപന്നികൾ ഏൽപ്പിച്ച നാശനഷ്ടങ്ങൾ വളരെ വലുതായിരുന്നു. പല വഴികളും പരീക്ഷിച്ചു മടുത്ത ശേഷമാണ് സോളാർ ഫെൻസിങ്ങിനെക്കുറിച്ച് അറിയുന്നത്. അന്വേഷിച്ചപ്പോൾ രണ്ടു മൂന്നേക്കർ ചെയ്യാൻ ഒരു ലക്ഷം രൂപ ഒക്കെ ആണ് പറഞ്ഞത്. അത് നടക്കില്ലെന്ന് ഉറപ്പായ സമയത്താണ് എങ്ങനെയോ മനസിലാക്കുന്നത് സോളാർ വേലിയുടെ പ്രധാന ഭാഗമായ എനെർജൈസർ 5000 രൂപയിൽ താഴെയേ ഉള്ളൂവെന്ന്. അപ്പോൾ ബാക്കി 95,000? അതെടുത്തു ചോദിച്ചപ്പോൾ ഏജന്റ് കോൺക്രീറ്റ് കാൽ, ഇൻവെർട്ടർ ബാറ്ററി അത് ഇത് എന്നൊക്കെ പറഞ്ഞ് ഉരുളാൻ തുടങ്ങി. 

എന്തായാലും യഥാർഥ വിലയ്ക്ക് എനർജൈസർ കിട്ടാനുള്ള വഴി അന്വേഷിച്ചു ഒരുപാട് നടന്നു. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററി മതി ഇത് പ്രവർത്തിപ്പിക്കാൻ എന്നും അറിഞ്ഞിരുന്നു. അവസാനം മേട്ടുപ്പാളയത്തു നിന്നാണ് സംഭവം കിട്ടിയത്. ഇത് വിജയിക്കുമോ എന്നൊന്നും ഒരുറപ്പും അന്ന് ഇല്ലായിരുന്നു. പാവൽ കൃഷിക്ക് ഉപയോഗിച്ചിരുന്ന പന്തലിലെ കമ്പികൾ എടുത്ത് കൃഷി സ്ഥലത്തിന്റെ ഒരുഭാഗം പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്തു നോക്കി. ഒരു പഴയ ബാറ്ററി ഉപയോഗിച്ച് കമ്പിയിൽ തൊട്ടാൽ ഷോക്ക് ഉണ്ടോ നോക്കാൻ ടെസ്റ്റർ ഉപയോഗിച്ച് നോക്കിയ കൂട്ടുകാരൻ ‘അയ്യോ’ എന്ന് പറഞ്ഞു ടെസ്റ്റർ ഇട്ടോടി. 

ചെറിയ ഇടവേളകളിൽ പ്രവഹിക്കുന്ന ഉയർന്ന വൈദ്യുതി തരംഗമായിരുന്നു പ്രവർത്തന തത്വം. എന്തായാലും പരീക്ഷണം വിജയിച്ചു. പിന്നീട് ഇന്ന് വരെ വേലി ഓൺ ആയി ഇരിക്കുമ്പോൾ പന്നി, നായ, പൂച്ച പോലും ഫെൻസിങ് മറികടന്നില്ലെന്നു മാത്രമല്ല ഒരിക്കൽ വേലിയിൽ തൊട്ട മൃഗങ്ങൾ ആ വഴി വരുന്നില്ല എന്നും മനസിലായി. പരിപാടി വിജയിച്ചപ്പോൾ ഒരു സോളാർ പാനൽ, ചാർജ് കൺട്രോളർ കൂടി വാങ്ങി ബാറ്ററി ചാർജ് ചെയ്യാൻ 3000 രൂപ കൂടെ ആയി. ബാറ്ററി പഴയതു തന്നെ ഉപയോഗിച്ചു. ചെറിയ അടുക്കളത്തോട്ടങ്ങൾക്കൊന്നും ഇത്ര പൈസ മുടക്കി മെച്ചം ഉണ്ടാകുമെന്നു തോന്നുന്നില്ല. എന്നാൽ ഒരു 50 സെന്റ് ഒക്കെ ഉണ്ടെങ്കിൽ ഷേഡ് നെറ്റ് കെട്ടുന്നതു പോലെ ലളിതമായി സ്വയം ചെയ്യാൻ കഴിയുന്ന പ്രവൃത്തിയേ ഉള്ളൂ സോളാർ ഫെൻസിങ്. 

നിലവിൽ കൃഷിഭവൻ പോലുള്ള സംവിധാനങ്ങൾ വഴി സബ്സിഡിയൊക്കെ ഉണ്ടെന്നു കേട്ടു. പക്ഷേ അവരുടെ ഏജൻസിയിൽ മുഴുവൻ പണം കൊടുത്തു ചെയ്യിച്ചു പിന്നീട് സബ്സിഡി കിട്ടുന്ന പോലുള്ള പദ്ധതിയാണ്. രണ്ടര ഏക്കറിന് അമ്പതിനായിരം സബ്സിഡി, അത്രത്തോളം ഫാർമർ കോണ്ട്രിബൂഷനും വേണം. പക്ഷേ നമ്മൾ കൊടുക്കുന്ന പൈസയുടെ പകുതിയേ ചെലവ് വരൂ എന്നതാണ് സത്യം. സോളാർ ഫെൻസിങ് 100% സുരക്ഷിതവുമാണ്. എനിക്കു തന്നെ അബദ്ധത്തിൽ ഷോക്ക് കിട്ടിയിട്ടുണ്ട് പലപ്പോളും. ഒരു ജീവിയും സോളാർ ഫെൻസിങ് കാരണം അപകടത്തിൽ പെടുന്നുമില്ല. എല്ലാവഴിയും പരാജയപെട്ടവർക്കു ധൈര്യമായി ചെയ്യാം. കുറച്ചു മിനക്കെട്ടാൽ നിസാര ചെലവേ വരൂ.

  • എനർജൈസർ: 4000 രൂപ
  • ബാറ്ററി 60ah: 4100 രൂപ.
  • സോളാർ പാനൽ  50 wats: 2400 രൂപ.
  • ചാർജ് കൺട്രോളർ 6 ampere: 400 രൂപ. 
  • ഉപയോഗിച്ച ഇരുമ്പ് വയർ 10–15 കിലോ
  • പഴയ പിവിസി പൈപ്പ്

ഇത്രയും ഉപകരണങ്ങൾ കൊണ്ട് ഏകദേശം രണ്ടര ഏക്കർ കൃഷി സ്ഥലം കവർ ചെയ്തു. പിന്നെ എന്റെയും സുഹൃത്തിന്റെയും ഒരു ദിവസത്തെ അധ്വാനവും. കൂടുതൽ ജിഐ വയർ ഉപയോഗിച്ച് 10 ഏക്കർ വരെ സ്ഥലം കവർ ചെയ്യാൻ കഴിയും. സ്ഥലത്തിന്റെ അതിരിൽക്കൂടി ചെറിയ മരങ്ങൾ ഉണ്ടെങ്കിൽ കോൺക്രീറ്റ് പോസ്റ്റ്‌ ആവശ്യമില്ല. മരങ്ങൾ ഇല്ലാത്ത സ്ഥലമാണെങ്കിൽ മുളയുടെ കാലുകൾ, വാർക്കക്കമ്പി മുതലായവ ഉപയോഗിച്ച് ചെയ്യാം. ബാറ്ററി 5 വർഷം വരെ നിലനിൽക്കും.

കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനത്തിനു കഴിയുക. കുരങ്ങുകളെ പ്രതിരോധിക്കാൻ ഈ സംവിധാനത്തിനു കഴിയില്ല. അതേസമയം, ആനകളെ പ്രതിരോധിക്കാൻ ലൈനുകളുടെ എണ്ണം കൂട്ടേണ്ടിവരും. 

English summary: Solar Power Fencing For Crop Protection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com