ജൈവവള നിർമാണം ഇനി ഫാമിൽ തന്നെ; അറിയാം 5 വളക്കൂട്ടുകൾ

HIGHLIGHTS
 • എതെങ്കിലുമൊരു വിള ചതിച്ചാലും മറ്റുള്ളവയിലൂടെയുള്ള വരുമാനം കർഷകന് കൈത്താങ്ങാകും
eco-farm-mannuthi-2
SHARE

സംയോജിത കൃഷിയും, മാലിന്യസംസ്കരണ രീതികളും പരിചയപ്പെടുത്താൻ ഇനി മണ്ണുത്തിയിലെ എക്കോ ഫാം

വർഷാവർഷം കൃത്യമായെത്തുന്ന പ്രകൃതിക്ഷോഭങ്ങളും, മാറിമാറി വരുന്ന മഹാമാരികളും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ല. ഇപ്പോഴുള്ള ഈ അവസ്ഥയെ മറികടന്ന്, സ്വയം പര്യാപ്തത കൈവരിക്കണമെങ്കിൽ, മറ്റു മേഖലകളിലേതുപോലെത്തന്നെ കാർഷികരംഗത്തും ചില വിപ്ലവകരമായ മാറ്റങ്ങൾ അനിവാര്യമാണ്. കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഏറെ യോജിച്ച കൃഷിരീതിയാണ് സംയോജിത കൃഷി. കാലാവസ്ഥാ വ്യതിയാനവും ജനസംഖ്യാ വർധന മൂലം ചുരുങ്ങിവരുന്ന കൃഷിയിടങ്ങളും കൃഷിക്കു വിലങ്ങുതടിയായി വർത്തിക്കുമ്പോൾ, കർഷകർക്ക് ആശ്വാസമാകാൻ ഈ കൃഷിരീതിക്കു കഴിയും. പക്ഷിമൃഗാദികളും മത്സ്യവും പച്ചക്കറിയും ഫലവൃക്ഷങ്ങളും ഇടകലർന്നുള്ള കൃഷിയിടം മികച്ച വരുമാനതോടൊപ്പം  സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുന്നു. 

സംയോജിത കൃഷി എന്നാൽ?

കാർഷിക വിളകൾക്കൊപ്പം, പക്ഷിമൃഗാദികളേക്കൂടി കൃഷിയിടത്തിൽ ഉൾപ്പെടുത്തി ആദായം നേടിയെടുക്കുന്ന രീതിയാണ് സംയോജിത കൃഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെയുള്ള മെച്ചങ്ങൾ പലതുണ്ട്. വിളവെടുപ്പ് കഴിഞ്ഞ് ബാക്കിയാകുന്ന വൈക്കോൽ, തവിട് മുതലായവ കന്നുകാലികൾക്കും ആടുകൾക്കും ആഹാരമായി നൽകുന്നതിലൂടെ തീറ്റയുടെ അധിക ചെലവ് ഒരുപരിധിവരെ കുറച്ചെടുക്കാം. അതോടൊപ്പം വിളകൾക്ക് ആവശ്യമായ ജൈവവളങ്ങൾ, സ്വന്തമായി ഉൽപ്പാദിപ്പിച്ചെടുക്കുന്നതിലൂടെ വിലകൂടിയതും പരിസ്ഥിതിക്ക് ഹാനികരവുമായ രാസവളങ്ങൾ ഒഴിവാക്കുകയും ചെയ്യാം. എതെങ്കിലുമൊരു വിള ചതിച്ചാലും മറ്റുള്ളവയിലൂടെയുള്ള വരുമാനം കർഷകന് കൈത്താങ്ങാകുമെന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. വീട്ടിലെ മറ്റ് അംഗങ്ങളുടെ പൂർണ്ണ പിന്തുണ കൂടിയുണ്ടെങ്കിൽ സംയോജിത കൃഷിയിലൂടെ, ശരാശരി കർഷകർക്കും മികച്ച ആദായം നേടിയെടുക്കാം.

eco-farm-mannuthi
മണ്ണുത്തിയിലെ എക്കോ ഫാം

സംയോജിത കൃഷിക്ക് പ്രോത്സാഹനവുമായി വെറ്ററിനറി സർവകലാശാലയും

ഏതൊരു സംരംഭം ആരംഭിക്കുന്നതിന് മുൻപും അതിന്റെ വരുംവരായ്കകളേപ്പറ്റി കണ്ടും, കേട്ടും അറിഞ്ഞിരിക്കുന്നത് ഭാവിയിൽ നഷ്ടങ്ങൾ  ഒഴിവാക്കാൻ സഹായകമാകും. സംയോജിത കൃഷിരീതി കർഷകർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിൽ ആരംഭിച്ചതാണ്  എക്കോ ഫാം (eco-farm). പേരുപോലെതന്നെ, പശു, ആട്, കോഴി, മീൻ, ഓമനപ്പക്ഷികൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ പ്രകൃതിയോടിണങ്ങി കഴിയുന്ന കൗതുകകരമായ കാഴ്ച്ച നമുക്കിവിടെ കാണാം. സംയോജിത കൃഷിരീതിക്ക് പ്രയോജനകരമായ ചില ജൈവവള പ്രയോഗങ്ങളും എക്കോ-ഫാം കർഷകർക്ക് പരിചയപ്പെടുത്തുന്നുണ്ട്. ചാണകത്തിൽനിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളായ വെർമി കമ്പോസ്റ്റ്, പഞ്ചഗവ്യം, ജീവാമൃതം, ട്രൈക്കോഡെർമ അടങ്ങിയ ചാണകം (enriched), ബയോ-വെർമി  തുടങ്ങിയവയ്ക്ക് പുറമേ, ഇലച്ചെടികളുടെ ധ്രുത വളർച്ചക്ക് സഹായിക്കുന്ന ഫിഷ് അമിനോ ആസിഡ് തുടങ്ങിയവയും മിതമായ നിരക്കിൽ എക്കോ ഫാമിൽ ലഭ്യമാണ്. വിപണിയിൽ, ഭീമമായ തുക ഈടാക്കി വിൽക്കപ്പെടുന്ന ഈ ഉൽപ്പന്നങ്ങൾ ശാസ്ത്രീയമായ രീതിയിൽ സ്വയം തയാറാക്കി ഉപയോഗിക്കാൻ കർഷകരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും എക്കോ ഫാമിനുണ്ട്. ഇതിനായി കർഷകർക്ക് പ്രത്യേക പരിശീലന പരിപാടികളും  നടത്തപ്പെടുന്നുണ്ട്.

eco-farm-mannuthi-1
എക്കോ ഫാമിലെ മത്സ്യക്കുളം

ജൈവവള നിർമ്മാണം ഇനി ഫാമിൽ തന്നെ..

ചെലവുചുരുക്കാൻ അവലംബിക്കാവുന്ന  സംയോജിത കൃഷിയായാലും പ്രചാരമേറി വരുന്ന സീറോ ബജറ്റ് കൃഷിയായാലും ഫാമിലെ മാലിന്യങ്ങൾ യഥാവിധി സംസ്കരിച്ച് ഗുണമേന്മയുള്ള ജൈവവളമാക്കി മാറ്റുന്നതിലൂടെയാണ് വിജയം കൈവരിക്കുന്നത്. ചാണകവും അതിൽനിന്ന് ഉൽപ്പാദിപ്പിച്ചെടുക്കുന്ന ഖര/ദ്രാവക രൂപത്തിലുള്ള വളങ്ങളും തന്നെയാണ് പ്രധാനമായും ഈ രീതികളിൽ ഉപയോഗിക്കുന്നത്. എകദേശം 3 ശതമാനം നൈട്രജൻ, 2 ശതമാനം ഫോസ്ഫറസ്, 1 ശതമാനം പൊട്ടാസ്യം (NPK) എന്നിവയ്ക്ക് പുറമേ, നേരിയ തോതിൽ മഗ്നീഷ്യം,കോപ്പർ, സൾഫർ തുടങ്ങിയ ഇരുപത്തിനാലോളം ധാതുക്കൾ അടങ്ങിയ ചാണകം ഗുണത്തിൽ രാസവളങ്ങളെക്കാൾ ഒട്ടും പിന്നിലല്ല. മാത്രവുമല്ല ചാണകത്തിൽ സാധാരണയായി കാണപ്പെടുന്ന ബാസില്ലസ്, ലാക്ടോബാസില്സ്, സ്യുഡോമോണാസ്, യീസ്റ്റ് എന്നീ സൂക്ഷ്മാണുക്കളുടെ പ്രവർത്തനഫലമായി മണ്ണ് കൂടുതൽ വളക്കൂറുള്ളതായി മാറുന്നു. മുൻകാലങ്ങളിൽ ചാണകവും ഗോമൂത്രവുമെല്ലാം അതേപടിയാണ് ഉപയോഗിക്കപ്പെട്ടിരുന്നതെങ്കിൽ ഇന്ന് സ്ഥിതിയതല്ല. പഞ്ചഗവ്യം, നവഗവ്യം, ജീവാമൃതം വെർമികമ്പോസ്റ്റ് തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങൾക്കാണ് കൂടുതൽ പ്രചാരം. മേൽപ്പറഞ്ഞ ചില ജൈവവളങ്ങളുടെ നിർമ്മാണരീതി നമുക്കൊന്ന് നോക്കാം.

1. പഞ്ചഗവ്യം 

(25 ലീറ്റർ പഞ്ചഗവ്യം ഉണ്ടാക്കിയെടുക്കുന്ന രീതിയാണ് താഴെ കൊടുക്കുന്നത്)

 • 25 കിലോയോളം ഭാരം കൊള്ളുന്ന ഒരു പ്ലാസ്റ്റിക് വീപ്പയാണ് ആദ്യം സംഘടിപ്പിക്കേണ്ടത്. 
 • ആദ്യദിവസം, ഇതിലേക്ക് 7 കിലോ ചാണകവും, 1 കിലോ പശുവിൻ നെയ്യും മാത്രം ചേർത്ത് നന്നായി ഇളക്കി, മൂന്ന് ദിവസം വയ്ക്കുക.
 • മൂന്നാം ദിവസം ഇതിലേക്ക്,  3 ലീറ്റർ പശുവിൻപാൽ, 2 ലീറ്റർ തൈര്, 10 ലീറ്റർ ഗോമൂത്രം, 10 ലീറ്റർ വെള്ളം, 10-15 നന്നായി പഴുത്ത പൂവൻ പഴം ഉടച്ചത്, 2-3 ലീറ്റർ കരിക്കിൻവെള്ളം (നാടൻ കരിക്കാണെങ്കിൽ 1.5 ലീറ്റർ മതിയാകും), 3 കിലോ ശർക്കര എന്നിവയും ചേർത്ത് ഘടികാരദിശയിൽ ഇളക്കി വയ്ക്കുക.
 • ആദ്യ 30 ദിവസത്തോളം, ഈ കൂട്ട്  2 നേരം ഇളക്കാൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം, മുകളിൽ പാടകെട്ടുന്നതുമൂലം ദഹനം ശരിയായി നടക്കാതെ വരികയും, നശിച്ചുപോകാനും ഇടയുണ്ട്.
 • എകദേശം 20-25 ദിവസം ആയാൽ, പഞ്ചഗവ്യം നേർപ്പിച്ച് കൃഷിയിടത്തിൽ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. കുപ്പികളിലാക്കി സൂക്ഷിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ 40-45 ദിവസം വരെ, വീപ്പയിൽത്തന്നെ വച്ച് ഇളക്കിക്കൊടുക്കേണ്ടതാണ്

2. ജീവാമൃതം

 • വാ വട്ടമുള്ളൊരു പ്ലാസ്റ്റിക് വീപ്പ/ ബക്കറ്റ് സംഘടിപ്പിക്കുക.
 • ഇതിലേക്ക്, 1 കിലോ ചാണകം, 3 ലിറ്റർ ഗോമൂത്രം, 200 ഗ്രാം പയർപൊടി, 250-500 ഗ്രാം ശർക്കര, 10-15 ലിറ്റർ വെള്ളം എന്നിവ ചേർത്ത് ഇളക്കി 15 ദിവസത്തോളം വയ്ക്കുക.
 • 15 ദിവസത്തിനു ശേഷം നേർപ്പിച്ച് ആവശ്യാനുസൃതം ഉപയോഗിക്കാവുന്നതാണ് 

3. വെർമി കമ്പോസ്റ്റ്

 • വെർമി കമ്പോസ്റ്റ് തയാറാക്കാൻ ആദ്യമായി 2 കുഴികൾ തയാറാക്കേണ്ടതുണ്ട്.
 • ആദ്യത്തേത് ഒരു ഓപ്പൺ പിറ്റ് (open pit). ഇതിലാണ് ആദ്യം ഫാമിലെ മാലിന്യങ്ങൾ നിറച്ച്, പകുതിയോളം അഴുകുന്നതുവരെ സൂക്ഷിക്കേണ്ടത്. 
 • ഇതിനായി, തീറ്റ കഴിഞ്ഞു ബാക്കിയായ പുല്ല്, വൈക്കോൽ, ഇലകൾ, ഫാമിലെ മറ്റു മാലിന്യങ്ങൾ തുടങ്ങിയവയോടൊപ്പം ചാണകവും സ്ലറിയും ചേർത്ത് എകദേശം 20-25 ദിവസം വയ്ക്കുക.
 • ശേഷം വെർമി കമ്പോസ്റ്റ് പിറ്റിലേക്ക് മാറ്റണം. റിങ് വാർത്ത ഒരു കുഴിയാണ് ഇതിനായി ഒരുക്കേണ്ടത്. ഉറുമ്പുകളെ ഒഴിവാക്കുന്നതിന്, ചുറ്റും വെള്ളം നിർത്താനുള്ള ഒരു ചാലും ആവശ്യമാണ്.
 • ഇതിലേക്ക്, പാതി അഴുകിയ മാലിന്യങ്ങൾക്കൊപ്പം, പച്ചച്ചാണകം കലക്കിയതും, മണ്ണിരയടങ്ങിയ ഉണക്കച്ചാണകവും (pressed cow dung) തട്ടുതട്ടായി ചേർത്ത് കുഴി നിറയ്ക്കുക.  
 • ഒടുവിലായി വൈക്കോലോ, ഉണക്കപ്പുല്ലോ ഉപയോഗിച്ച് കുഴി മൂടിയിടുന്നത് താപവും ഈർപ്പവും നിയന്ത്രിക്കാൻ അത്യാവശ്യമാണ്. മൂടിയിടുമ്പോൾ, വായുസഞ്ചാരം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.
 • 2 ദിവസം ഇടവിട്ട് ചെറുതായി നനച്ചുകൊടുക്കണം. ഈർപ്പം കൂടുന്നതും  കുറയുന്നതും  മണ്ണിരകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഓർക്കുക.
 • 60 ദിവസത്തിന് ശേഷം ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. 
 • പകുതി അഴുകാതെ, നേരിട്ട് മണ്ണിരകളെ ഉപയോഗിച്ചും 90-120 ദിവസത്തിൽ വെർമി കമ്പോസ്റ്റ് തയ്യാറാക്കിയെടുക്കാം.  

4. ഫിഷ് അമിനോ ആസിഡ് 

 • ഓരോ കിലോ വീതം മത്തിയും, ശർക്കരയും മാറിമാറി തട്ടുതട്ടായി ചേർത്ത്, വായുകടക്കാത്തവിധം 40 ദിവസം കെട്ടിവച്ച് ഉണ്ടാക്കിയെടുക്കുന്നതാണിത്.
 • അരിച്ചെടുത്ത്, 1 ലീറ്റർ വെള്ളത്തിൽ 3 മില്ലി എന്ന കണക്കിൽ നേർപ്പിച്ച് ഉപയോഗിക്കാം.

5. ട്രൈക്കോഡെർമ എൻറിച്ച്ഡ് ചാണകം 

 • 100 കിലോ ഉണക്കച്ചാണകത്തിലേക്ക്, 1 കിലോ ട്രൈക്കോഡെർമ എന്ന ഫങ്കസ് ചേർത്ത് ഉണ്ടാക്കിയെടുക്കുന്നതാണ് എൻറിച്ച്ഡ് ചാണകം.
 • ഇത് കുരുമുളകിന് സാധാരണയായി കണ്ടുവരുന്ന ധ്രുതവാട്ടം, വേര് സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് വളരെ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: എക്കോ ഫാം, കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് മണ്ണുത്തി. ഫോൺ: 9048824497

English summary: 5 Ways To Make Garden Fertilizer At Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA