ADVERTISEMENT

കോരിയെടുത്തു, വിജയമത്സ്യം

വീട്ടിലിരുന്നു ബോറടിച്ചപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ മത്സ്യക്കൃഷി മൂന്നാമത്തെ സ്ഥലത്തേക്കു വ്യാപിപ്പിക്കുന്നതിന്റെ തിരക്കിലാണ് ചങ്ങനാശേരിയിലെ 3 യുവാക്കൾ. സിനിമ അസി.കോസ്റ്റ്യും ഡിസൈനറായ രേഷ് കുമാർ, ഗാർഡനിങ് ബിസിനസ് നടത്തുന്ന പ്രവീൺ പുതുപ്പറമ്പിൽ, പാലക്കാട്ട് ദന്തൽ ലാബ് നടത്തുന്ന വിഷ്ണു പറാൽ എന്നിവരാണ് മത്സ്യക്കൃഷി നടത്തുന്നത്. ചങ്ങനാശേരി നഗരസഭാ അതിർത്തിയിലെ ഒരേക്കർ പാടശേഖരത്തിലാണ് മത്സ്യക്കൃഷി. പിന്നീട് രാമങ്കരിയിലെ 5 ഏക്കറിലും കൃഷി ആരംഭിച്ചു. പുതുപ്പള്ളിയിലെ 3 ഏക്കറിലും കൃഷി ഒരുക്കം തുടങ്ങി. 

fr-jis
ഫാ. ജിസ് പച്ചക്കറിത്തോട്ടത്തിൽ

കൃഷിയുടെ ജൈവമാർഗം

പാലയ്ക്കാട്ടുമല നിത്യസഹായമാതാ പള്ളി വികാരിയും കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിലെ അധ്യാപകനുമായ ഫാ. ജിസ് ഒഴിവുകാലത്തു പള്ളിക്കു ചുറ്റുമുള്ള 25 സെന്റ് സ്ഥലത്താണ് ജൈവ പച്ചക്കറിക്കൃഷി തുടങ്ങിയത്. ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലും പള്ളി മുറിയുടെ ടെറസിലുമെല്ലാം കൃഷി ചെയ്തു. ലഭിച്ചത് 50 കിലോയിലേറെ വിളവ്. ആവശ്യക്കാർക്കെല്ലാം സൗജന്യമായി നൽകി. സ്ഥലം ഒരുക്കിയതും തൈകൾ നട്ടതും ജൈവവളമിട്ടു  പരിപാലിക്കുന്നതുമെല്ലാം ഫാ. ജിസ് തനിച്ചാണ്. ചേർപ്പുങ്കൽ അമ്മനത്തുകുന്നേൽ ജോൺ-മേരി ദമ്പതികളുടെ മകനായ ഫാ. ജിസ് 2005ലാണു വൈദികനായത്.

fr-ktm
ഫാ. കുര്യാക്കോസ് കടവുംഭാഗം കൃഷിയിടത്തിൽ.

വൈദികന്റെ കൃഷിമുറ്റം

യാക്കോബായ സഭ കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് കടവുംഭാഗം പൊത്തൻപുറത്തെ വീടിനു സമീപം മുക്കാൽ ഏക്കർ പുരയിടമാണു ജൈവ സമ്പുഷ്ടമാക്കിയത്. പച്ചക്കറികൾക്കു പുറമേ എല്ലായിനം കിഴങ്ങു വർഗങ്ങളും പലയിടത്തു നിന്നായി ശേഖരിച്ചെത്തിച്ചു.

പാമ്പാടി പബ്ലിക്  ലൈബ്രറിയുടെ മികച്ച ജൈവ കർഷകനുള്ള പുരസ്കാരം ഇദ്ദേഹം ഇന്ന് ഏറ്റു വാങ്ങും.

vegetable
മിനിയും ജെറിയും വീട്ടുമുറ്റത്തെ കൃഷിയിടത്തിൽ.

കുടുംബക്കൃഷിയുടെ നല്ല വിളവ്

ഭർത്താവിനൊപ്പം പച്ചക്കറിക്കൃഷിക്ക് ഇറങ്ങിയ മാന്നാർ പനയ്ക്കൽ മിനി ജെറി ഇപ്പോൾ വിളവെടുപ്പിന്റെ തിരക്കിലാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ 15 കിലോ പച്ചക്കറിയാണു വീടിനു ചുറ്റുമുള്ള 25 സെന്റ് സ്ഥലത്തുനിന്നു വിളവെടുക്കുന്നത്. ബീൻസ്, കുക്കുമ്പർ, കോളി ഫ്ലവർ, കാബേജ്, ചൈനീസ് കാബേജ്, കാരറ്റ്, ബീറ്റ്റൂട്ട്, ക്യാപ്സിക്കം, ബജ്ജി മുളക്, ചുവന്നുള്ളി. ചാണകം മാത്രമാണു വളം. പയർ മാത്രം പുറത്തു കടകളിൽ വിൽക്കും. ബാക്കി പച്ചക്കറികൾ ബന്ധുക്കൾക്കും അയൽക്കാർക്കും നൽകുകയാണു പതിവ്. ബികോം ബിരുദധാരിയായ മിനിക്കു വീട്ടുമുറ്റത്തെ കൃഷി നൽകുന്നതു വലിയ സന്തോഷം. 

വിളവെടുപ്പു കഴിഞ്ഞാലുടൻ അടുത്ത കൃഷി ആരംഭിക്കാനാണു തീരുമാനമെന്നു ജെറിയും മിനിയും മക്കളായ ജെഫും ജെഷും പറയുന്നു.

veg
അനിൽ കുമാർ

മുണ്ടക്കയത്തിന്റെ ഗ്രീൻ ആപ്

ലോക്ഡൗണിന്റെ ആദ്യനാളുകളിൽ തുടങ്ങിയ ഒരു വാട്സാപ് ഗ്രൂപ്പ് മാറ്റിമറിച്ചത് മലയോര മേഖലയിലെ 150  കർഷകരുടെ തലവര. മുണ്ടക്കയം ടൗണിലെ സുനിത ഹോം അപ്ലയൻസസ് ഉടമ അനിൽ കുമാറിന്റേതാണ് ആശയം. ബിസിനസ് ജീവിതത്തിനിടെ സ്വന്തം പുരയിടത്തിൽ കൃഷി ചെയ്തിരുന്ന അനിൽ പരിചയമുള്ള ആളുകളെ ഉൾപ്പെടുത്തി  തുടങ്ങിയ ഗ്രൂപ്പിൽ കോരുത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ പെരുവന്താനം പഞ്ചായത്ത് പരിധിയിലെ 172 ആളുകളാണ് ഇപ്പോൾ അംഗങ്ങൾ. 

fish-pala
ലിജോ അഗസ്റ്റിൻ ഭാര്യ ജോസ്ന മക്കളായ ഇവാന, അഗസ്റ്റസ്, ഓസ്റ്റിൻ എന്നിവരോടൊപ്പം മീൻ കുളങ്ങൾക്ക് സമീപം.

വിജയം മീൻസ്  അധ്വാനം

പാലാ പോണാട് ആനിത്തോട്ടത്തിൽ ലിജോ അഗസ്റ്റിൻ (36) വീടിനു ചുറ്റുമുള്ള തൊടിയിൽ 2 കുളങ്ങൾ നിർമിച്ച് നട്ടർ, തിലോപ്പിയ, വാള എന്നിവയുടെ കുഞ്ഞുങ്ങളെ വളർത്താൻ തുടങ്ങി. പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി വലിയ ഒരു കുളം കൂടി നിർമിച്ചു. 3000 മീൻ കുഞ്ഞുങ്ങളാണ് വളരുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ മത്സ്യക്കൃഷി തുടങ്ങുന്ന കാര്യം ആലോചനയിലുണ്ട്. അടുത്ത മാസം ആദ്യം മീൻ വിളവെടുപ്പ് ആരംഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com