ADVERTISEMENT

കർക്കടകത്തിലെ കാറ്റും മഴയും കെട്ടടങ്ങി പ്രതീക്ഷയുടെ പൊന്നിൻ ചിങ്ങം പിറന്നു. ഇന്നു കർഷക ദിനം. കോവിഡ് പ്രതിസന്ധികൾക്കിടയിലും വിത്തിട്ട മണ്ണിനെ വിശ്വസിച്ചു മുന്നേറുന്ന ഒരു കൂട്ടം കർഷകരാണ് ഇടുക്കിയുടെ കരുത്ത്. മഴയും കൃഷിനാശവും വിലയിടിവും തീർത്ത കനൽവഴികളിലൂടെയാണ് കർഷകരുടെ യാത്ര. ഓണ വിപണി ഉണരുന്നതിനൊപ്പം മെച്ചപ്പെട്ട വിളവും വിലയും ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. 

ഇടുക്കിയിൽ പെന്നുവിളയിക്കുന്ന കർഷകരിൽ ചിലരെ അറിയാം...

മഴമറയ്ക്കുള്ളിലെ അമൃത വിജയം

മഴമറ കൃഷിയിൽ നേട്ടം കൊയ്തു രാജാക്കാട് എൻആർ സിറ്റി അമൃത സുരേഷ്. കൃഷി വകുപ്പിന്റെ സഹായത്തോടെ നിർമിച്ച മഴമറയ്ക്കുള്ളിലാണ് അമൃതയുടെ വിപുലമായ കുറ്റി ബീൻസ് കൃഷി. മഴ മറയ്ക്കുള്ളിലായതിനാൽ കനത്ത മഴയിലും കൃഷി തുടർന്നു. 

cow
രാജു സി.ഗോപാലും കെ.ആർ. അജിതകുമാരിയും പശുക്കിടാങ്ങൾക്കൊപ്പം.

റമ്പുട്ടാനിൽ നിന്ന് നാടൻ പശുക്കളിലേക്ക്

റമ്പുട്ടാൻ കൃഷിയിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ നാടൻ പശുക്കളുടെ പരിപാലനത്തിൽ ഒരു കൈ നോക്കി അധ്യാപക ദമ്പതികൾ. കൂവപ്പള്ളി സിഎംഎസ് സ്കൂളിൽ നിന്നു പ്രധാനാധ്യാപകനായി വിരമിച്ച കോളപ്ര ചെളിക്കണ്ടത്തിൽ രാജു സി.ഗോപാലിന്റെയും ഇതേ സ്കൂളിൽ നിന്ന് അധ്യാപികയായി വിരമിച്ച കെ.ആർ. അജിത കുമാരിയുടെയും തൊഴുത്തിൽ 8 നാടൻ പശുക്കളുണ്ട്. അപൂർവ ഇനത്തിൽപെട്ട 2 തിരുപ്പതി പൊങ്കനൂർ പശുക്കളുൾപ്പെട. ജില്ലയിലെ ആദ്യ പൊങ്കനൂർ പശുക്കൾ ഇവിടെയാണ്.

2014 ലാണ് ഇവർ റമ്പുട്ടാൻ കൃഷി ആരംഭിച്ചത്. ഒരേക്കർ കൃഷിയിൽ നിന്ന് 7 ലക്ഷം രൂപ സമ്പാദിക്കാമെന്നതായതോടെ സമീപത്തായി 3 ഏക്കർ സ്ഥലം കൂടി വാങ്ങി. ആയുർവേദ ഡോക്ടറായ മകൾ നീതുരാജും മരുമകൻ എസ്.മിഥുനും പിന്തുണയുമായി രംഗത്തുണ്ട്. 

marayur-vegetable
മറയൂർ പത്തടിപാലത്തിനു സമീപം പച്ചക്കറി തോട്ടത്തിൽ നീലകണ്ഠൻ നായർ.

മറയൂരിൽ പച്ചക്കറി വീരഗാഥ

കരിമ്പും ശർക്കരയുമാണ് മറയൂരിന്റെ മുദ്ര. പക്ഷേ, കരിമ്പു പാടങ്ങൾക്കു നടുവിൽ പച്ചക്കറിക്കൃഷി ചെയ്തു വേറിട്ട വഴി തെളിയിക്കുകയാണു നീലകണ്ഠൻ നായരും മക്കളും. പത്തടിപാലത്തെ രണ്ടേക്കറിലാണു വിവിധ പച്ചക്കറികളും പഴവർഗങ്ങളും വിളവിറക്കിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ചു വിളവെടുക്കാവുന്ന തരത്തിൽ ഇഞ്ചി, കാച്ചിൽ, ചേന, കൂർക്ക, ചേമ്പ്, വെണ്ട, വാഴ എന്നിവയെല്ലാം പാടത്തുണ്ട്.

gopi
മൾട്ടി റൂട്ട് ജാതി കൃഷിയുമായി സി.എം. ഗോപി ചെറുകുന്നേൽ.

കാറ്റത്ത് ഇളകില്ല, ഈ വേരുറപ്പ്

ക്വിന്റൽ നേന്ത്രക്കുലകൾ ഉൽപാദിപ്പിച്ചു ശ്രദ്ധേയനായ അടിമാലി ചെറുകുന്നേൽ സി.എം. ഗോപി മൾട്ടി റൂട്ട് ജാതി തൈകളുമായി രംഗത്ത്. മൂന്നുവർഷം പ്രായമുള്ള നാടൻ ജാതി തൈയിലേക്കു രണ്ടുവർഷം വരെ പ്രായമുള്ള വിവിധ കാട്ടുജാതി തൈകൾ ഗ്രാഫ്റ്റിങ് വഴി യോജിപ്പിച്ചാണിത്. ഇതോടെ നാടൻ ജാതി തൈകൾ‍ക്ക് ഒന്നിലധികം കാട്ടുജാതികളുടെ തായ്‌വേരു ലഭിക്കും. കൂടുതൽ തായ്‌വേരുകൾ ലഭിച്ചു കരുത്തോടെ വളരാൻ തുടങ്ങുന്നതോടെ മദർപ്ലാന്റിൽ വിശിഷ്ടയിനം ജാതികൾ ബഡ് ചെയ്ത് അത്യുൽപാദന ശേഷിയുള്ള ജാതിതൈകൾ ഉൽപാദിപ്പിച്ചു വരികയാണു ഗോപി. ഇപ്പോൾ മൾട്ടി റൂട്ട് ലോങ് ജാതി തൈകളും ഇദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com