ആടുഫാം സംരംഭകർക്ക് കൈത്താങ്ങാവാൻ ഗോട്ട് സാറ്റ്‌ലൈറ്റ് യൂണിറ്റ് പദ്ധതി

HIGHLIGHTS
  • എന്താണ് ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് പദ്ധതി
goat-6
SHARE

‘വലിയ ഫാം തുടങ്ങാന്‍ മുതല്‍  മുടക്കാന്‍  എല്ലാവര്‍ക്കും പണം ഉണ്ടായെന്നു വരില്ല.എന്നാൽ  രണ്ടോ, മൂന്നോ ആട് ഉണ്ടെങ്കില്‍ ഏതു വീടിനും ഒരു പ്രശ്നവുമില്ല. ഏറെ തീറ്റയൊന്നും വേണ്ടല്ലോ, പുല്ലും ഇലയുമെല്ലാം തിന്നുകൊള്ളും, വീട്ടിൽ അന്നം മുട്ടാതിരിക്കാന്‍  5-6 ആടുകള്‍ മതി’ - തന്‍റെ നാടായ മാരാരിക്കുളം വടക്ക്  പഞ്ചായത്തിലെ എം. മനോജിന്‍റെ ആട് സംരംഭത്തെ പ്രശംസിച്ച് ഈയിടെ ഫെയ്സ്ബുക്കിലിട്ട പോസ്റ്റില്‍ ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്കാണ് ഇങ്ങനെ എഴുതിയത്.  ലളിതമായ പാര്‍പ്പിടസംവിധാനങ്ങള്‍, കുറഞ്ഞ തീറ്റച്ചിലവ്, വെള്ളത്തിന്‍റെ കുറഞ്ഞ ആവശ്യകത, ലളിതമായ പരിപാലന മുറകള്‍, ഉയര്‍ന്ന രോഗപ്രതിരോധശേഷി, ഉയർന്ന പോഷകമൂല്യവും വിപണിമൂല്യവുമുള്ള പാലും ഇറച്ചിയും, ആട്ടിന്‍  കുഞ്ഞുങ്ങള്‍ക്കുള്ള ഉയർന്ന ആവശ്യകതയും വിപണിമൂല്യവും, ജൈവകൃഷിക്ക് ഉത്തമമായ ചാണകവും മൂത്രവും എന്നിവയെല്ലാമാണ് സംരംഭരെ ആടുവളർത്തൽ മേഖലയിലേക്ക് ആകർഷിക്കുന്നത് .

വേണ്ടത്ര മുൻപരിചയം ഇല്ലാതെ കൂടുതൽ എണ്ണം ആടുകളെ വളർത്താനായി വാങ്ങൽ, കൂട് നിർമാണത്തിന് വേണ്ടിയുള്ള അധികച്ചെലവ്, കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഇണങ്ങാത്തതും രോഗപ്രതിരോധശേഷി കുറവുള്ളതുമായ ഇനങ്ങളെ വളർത്താനായി തിരഞ്ഞെടുക്കൽ, മതിയായ പ്രതിരോധ കുത്തിവയ്പുകളോ ജൈവസുരക്ഷാ മാർഗങ്ങളോ ഫാമിൽ സ്വീകരിക്കാതിരിക്കൽ തുടങ്ങിയ പിഴവുകൾ ഒഴിവാക്കിയാൽ ആടുസംരഭത്തിൽ വിജയം ഉറപ്പാണ്. സംരംഭകന് ഏതുസമയത്തും വിറ്റുകാശാക്കി ആദായം നേടാവുന്ന എടിഎം തന്നെയാണ് ആടുകൾ എന്നു ചുരുക്കം. ഈ മേഖലയിലേക്ക് കടന്നുവരുന്ന ചെറുകിട സംരംഭകർക്ക് പിന്തുണ നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങളായി വിജയകരമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ്.

എന്താണ് ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് പദ്ധതി 

അഞ്ച്‌ പെണ്ണാടുകളും ഒരു മുട്ടനാടും അടങ്ങുന്ന ഒരു പ്രജനന യൂണിറ്റാണ് ബ്രീഡിങ് ഗോട്ട് സാറ്റ്‌ലൈറ്റ് പദ്ധതി വിഭാവനം ചെയ്യുന്നത്. പ്രായപൂർത്തിയ അഞ്ച്‌ പെണ്ണാടുകളെയും മുട്ടനാടിനെയും വാങ്ങാൻ 30,000 രൂപ , 100 ചതുരശ്ര അടി വിസ്താരമുള്ള കൂട് നിർമിക്കാൻ 10,000 രൂപ,  യാത്രാച്ചെലവ്, ഇൻഷുറൻസ് 3000  രൂപ,  തീറ്റച്ചെലവ് 7000 രൂപ എന്നിങ്ങനെ വിവിധ ഘടകങ്ങൾക്കായി അകെ 50,000 രൂപയാണ് ഈ പദ്ധതിക്കായി കണക്കാക്കപ്പെട്ടിട്ടുള്ളത്. പദ്ധതിയുടെ അൻപത് ശതമാനം അതായത് 25,000 രൂപ മൃഗസംരക്ഷണ വകുപ്പ് സബ്‌സിഡി ആയി അനുവദിക്കും ബാക്കി ഗുണഭോക്തൃവിഹിതമാണ്. പദ്ധതിക്ക് താൽപര്യമുള്ളവരിൽനിന്നും ഇപ്പോൾ മിക്ക ജില്ലകളിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ താമസിയാതെ അപേക്ഷ ക്ഷണിക്കും. തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് താൽപര്യമുള്ള സംരംഭകർക്ക് അപേക്ഷകൾ നൽകാം. പരിമിതമായ എണ്ണം ഗോട്ട് സാറ്റ്‌ലൈറ്റ് യൂണിറ്റുകൾ മാത്രമാണ് ഓരോ പഞ്ചായത്തുകൾക്കും അനുവദിക്കുന്നത് എന്ന കാര്യവും ഓർക്കണം. 1,00,000 രൂപ ധനസഹായം  നൽകുന്ന വാണിജ്യാടിസ്ഥാനത്തിൽ ആടുവളർത്തൽ പദ്ധതിക്കും  (19 പെണ്ണാട് + ഒരു മുട്ടനാട്, ) ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. വളരെ പരിമിതമായ എണ്ണം മാത്രമാണ് ഈ പദ്ധതിയും ഉള്ളത്.

ഇത് കൂടാതെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ആടു വളർത്തൽ യൂണിറ്റുകൾ തുടങ്ങുന്നതിനായുള്ള സാമ്പത്തിക സഹായ പദ്ധതിക്കും ഇപ്പോൾ തുടക്കമിട്ടിട്ടുണ്ട്. ഗോട്ട് സാറ്റ്‌ലൈറ്റ് പദ്ധതിയുടെ അതേ  മാതൃകയിലുള്ള ഈ പദ്ധതിയിലും 25,000 രൂപ സംരംഭകന് സബ്‌സിഡിയായി ലഭിക്കും. ആകെ 1800 യൂണിറ്റുകളാണ് സംസ്ഥാനത്തൊട്ടാകെ അനുവദിച്ചിട്ടുള്ളത്. ആടു വളർത്തൽ യൂണിറ്റ് കൂടാതെ  പശുവളർത്തലിനു ധനസഹായം, കിടാരിവളർത്തലിന് ധനസഹായം, ശുചിയുള്ള തൊഴുത്ത്, തീറ്റപ്പുല്ല് കൃഷിക്കുള്ള ധനസഹായം, കോഴി, താറാവ് വളർത്തലിന് സഹായം തുടങ്ങിയവയും റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത മൃഗാശുപത്രിയുമായി ഈ പദ്ധതിക്ക് വേണ്ടി അപേക്ഷിക്കാനുള്ള അവസരവും ഇപ്പോഴുണ്ട്. മുൻവർഷത്തെ പ്രളയത്തിൽ ഉപജീവനോപാധികൾ നഷ്ടപെട്ട കർഷകർക്ക് ഇതിൽ മുൻഗണന ലഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA