ADVERTISEMENT

വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഡേറ്റ ശേഖരണം, സംഭരണം, വിശകലനം എന്നിവയും ആ വിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള കൃഷിയുമാണ് സ്മാർട് ഫാമിങ്ങിന്റെ അടിസ്ഥാന തത്വം. 

കാർഷിക രംഗത്തെ ഏറ്റവും വലിയ വെല്ലുവിളി കുറഞ്ഞ സമയത്തിൽ കൂടുതൽ ഉൽപാദനം എന്നതാണ്. ഭൂമിയുടെയും ജലത്തിന്റെയും ദൗർലഭ്യവും കാലാവസ്ഥ വ്യതിയാനവും വെല്ലുവിളിയുടെ കാഠിന്യം വർധിപ്പിക്കുന്നു. കുറച്ച് ഉൽപാദനോപാധികളിൽനിന്നു കൂടുതൽ ഉൽപാദനം, ഉൽപന്നങ്ങളുടെ ഗുണനിലവാരം, ഉൽപന്നം താമസം കൂടാതെ വിപണിയിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നിയുള്ള സമഗ്ര പദ്ധതിയാണ് കാർഷിക മേഖലയിൽ വേണ്ടത്. വിവര സാങ്കേതികവിദ്യയുടെ ഘടകമായ നിർമിതബുദ്ധിയിലൂടെ ഇത്തരം കടുത്ത വെല്ലുവിളികൾ നേരിടാൻ സാധിക്കും. സ്മാർട് ഫാമിങ്ങിലൂടെ കാർഷിക രംഗത്തു വിപ്ലവകരമായ മാറ്റങ്ങൾ വരുത്താം.

എന്താണ് സ്മാർട് ഫാമിങ്?

കംപ്യൂട്ടർ/ഇലക്ട്രോണിക്സ്  സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചെയ്യുന്ന സൂക്ഷ്മ കൃഷിയാണ് സ്മാർട്  ഫാമിങ്.  കാർഷിക രംഗത്തെ ആധുനികവൽക്കരണത്തിൽ ഡേറ്റാ ശേഖരണം പ്രധാന പങ്ക് വഹിക്കുന്നു. കാലാവസ്ഥ, മണ്ണ്, രോഗകീടങ്ങൾ, വിപണി, ഉൽപാദനക്ഷമത, സംസ്കരണം, തുടങ്ങിയ എല്ലാ മേഖലകളിൽനിന്നും തനതു സവിശേഷതകളുള്ള, പല തരത്തിലും വലുപ്പത്തിലുമുള്ള ഡേറ്റ ശേഖരിക്കണം. കൃഷി അനുബന്ധ മേഖലകളായ മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ മേഖലകളിൽനിന്നും ഇത്തരത്തിൽ ഡേറ്റാ ശേഖരിക്കാം.

അസംസ്‌കൃത വസ്തുക്കളുടെ സമുചിതമായ ഉപയോഗത്തിലൂടെ ഉൽപാദനം വർധിപ്പിക്കുകയും അതേസമയം അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, പ്രകൃതി സംരക്ഷണം ഉറപ്പാക്കുക എന്നിവയുമാണ് സ്മാർട് ഫാമിങ്ങിന്റെ പ്രധാന ലക്ഷ്യങ്ങൾ. സെൻസറുകൾ പോലെയുള്ള സ്മാർട് ഉപകരണങ്ങളുടെ പ്രയോഗമാണ് ഇതിനെ മറ്റു കൃഷി സമ്പ്രദായങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നത്. കൃഷി ഭൂമിയിൽ നിന്നോ, കന്നുകാലികളിൽ നിന്നോ, വിപണിയിൽ നിന്നോ തത്സമയം സെൻസറുകൾ വഴി ശേഖരിക്കുന്ന ഡേറ്റ അപ്പപ്പോൾ തന്നെ വിശകലനം ചെയ്തു വേണ്ട നടപടികൾ എടുക്കുകയാണ് സ്മാർട് ഫാമിങ്ങിൽ പൊതുവേ ചെയ്യുന്നത്. 

ഇ–ക്രോപ്

സ്മാർട് ഫാമിങ് മേഖലയിലേക്ക്‌  കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ കേന്ദ്രം (സിടിസിആർഐ)  നടത്തിയ ചുവടുവയ്പാണ് ഇലക്ട്രോണിക് ക്രോപ് അഥവാ ഇ-ക്രോപ് എന്ന സാങ്കേതിക വിദ്യ. വിളയുടെ ഉൽപാദനം അതിന്റെ ഉൽപാദന ശേഷിയുടെ പരമാവധി വരെയുള്ള ഏത് അളവു വരെയും ലഭ്യമാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.  ഓരോ ദിവസവും ചെടിക്കു നൽകേണ്ട വെള്ളത്തിന്റെയും വളത്തിന്റെയും അളവ് ഈ ഉപകരണം കൃത്യമായി കണക്കാക്കി അഗ്രോ അഡ്വൈസറി ആയി കൃഷിക്കാരന്റെ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശമായി അയച്ചു കൊടുക്കും.  

ഒരേ തരത്തിലുള്ള കാലാവസ്ഥ അനുഭവപ്പെടുന്ന ഒരു ഭൂപ്രദേശത്തിനു  മൊത്തമായി ‘അഗ്രോ അഡ്വൈസറി’ നൽകാൻ ഒരു ഈ-ക്രോപ് ഉപകരണം മതിയാകും. ഒരേ ഉപകരണത്തിൽ തന്നെ എത്ര വിളകളുടെ വളർച്ച വേണമെങ്കിലും പുനരാവിഷ്കരിക്കാൻ കഴിയും

സവിശേഷതകൾ

ഉൽപാദനം കൂട്ടാൻ ഓരോ ദിവസവും നൽകേണ്ട വളത്തിന്റെയും വെള്ളത്തിന്റെയും  അളവ് കൃത്യതയോടെ ഈ ഉപകരണം നൽകുന്നു. ഇതനുസരിച്ചു കൃഷി ചെയ്യുന്നതിലൂടെ വെള്ളത്തിന്റെയും വളത്തിന്റെയും അളവു കുറച്ച് ഉൽപാദനം വർധിപ്പിക്കാനും അങ്ങനെ പരിസ്ഥിതി മലിനീകരണം ലഘൂകരിക്കാനും കഴിയും. 

കൂടുതൽ വിവരങ്ങൾക്ക് വിഡിയോ കാണുക

ക്ലൗഡ്  കംപ്യൂട്ടിങ്

ഉൽപാദന വർധന, രോഗ കീട നിയന്ത്രണം, വിപണനം എന്നീ മേഖലകളിൽ വിപ്ലവകരമായ പരിവർത്തനം സാധ്യമാക്കാൻ ക്ലൗഡ് കംപ്യൂട്ടിങ്ങ് ഉപകരിക്കും. മൊബൈൽ വഴിയോ, മറ്റ് ഉപകരണങ്ങൾ വഴിയോ ശേഖരിക്കുന്ന തത്സമയ ഡേറ്റാ, സൂക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള ക്ലൗഡ് കംപ്യൂട്ടിങ്  പ്ലാറ്റ്ഫോം അത്യാവശ്യമാണ്. 

സൂക്ഷ്മ കൃഷിക്കു വേണ്ട ഉപകരണങ്ങളും സംയോജിപ്പിക്കാം, ഡ്രോൺ വഴി വള പ്രയോഗം, കീട നാശിനി തളിക്കൽ എന്നിവയ്ക്കും പ്രയോജനപ്പെടുത്താം. ഉൽപാദന, സംഭരണ, ഉപഭോഗ മേഖലകൾ തിരിച്ചറിയാനും അതുവഴി ഏറ്റവും ആസൂത്രിതമായ ഒരു വിപണന ശ്യംഖല കെട്ടിപ്പടുക്കുവാൻ സാധിക്കും.

ചെലവു കൂടുമോ?

സ്മാർട് ഫാമിങ്ങിന്റെ ഏറ്റവും പ്രധാന സവിശേഷത വിഭവങ്ങൾ കുറച്ചു കൂടുതൽ ഉൽപാദനക്ഷമത നേടാം എന്നതാണ്. വിഭവങ്ങളുടെ കൃത്യമായ ആവശ്യകത കണക്കാക്കി അതു മാത്രം വിളകൾക്കു നൽകുന്നതിലൂടെയാണ് ഇതു സാധിക്കുന്നത്. 

വിഭവങ്ങൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതു കൊണ്ട്, അവയുടെ അനാവശ്യമായ ശോഷണം നിയന്ത്രിക്കുന്നു. സ്മാർട് ഫാമിങ് സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രധാന ആശങ്ക അതിന്റെ  ചെലവാണ്.  ഒരു സ്മാർട്ട് ഫാമിങ് സംവിധാനം സജ്ജമാക്കാനുള്ള ചെലവു തുടക്കത്തിൽ ഒരൊറ്റത്തവണത്തേക്കാണെന്ന് ഓർക്കുക. 

തയാറാക്കിയത്: ഡോ. വി. എസ്. സന്തോഷ് മിത്ര, പ്രിൻസിപ്പൽ സയന്റിസ്റ്  (കംപ്യൂട്ടർ ആപ്ലിക്കേഷൻ), സിടിസിആർഐ.  ഫോൺ: 9495155965

English summary: Smart Farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com