ADVERTISEMENT

ലാഭകരമായ പശുവളർത്തലിൽ പശുവിന്റെ ആരോഗ്യം വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനു വേണ്ടി അവയുടെ ശുചിത്വത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

ശുചിത്വം; പശുവിന്റെ ആരോഗ്യത്തിനും ഗുണമേന്മയുള്ള പാലിനും 

വൃത്തിയുള്ള തൊഴുത്തും, പരിസരവും പശുക്കളെ ആരോഗ്യമുള്ളവയാക്കുകയും പാലുൽപാദനം ഉറപ്പുവരുത്തുകയും ചെയ്യും. ചാണകം, മൂത്രം, തീറ്റയുടെ അവശിഷ്ടങ്ങൾ എന്നിവ തൊഴുത്തിൽ നിന്നും നിത്യേന കുറഞ്ഞത് രണ്ടു തവണയെങ്കിലും നീക്കാൻ ശ്രദ്ധിക്കണം. തൊഴുത്ത് വൃത്തിയാക്കിയതിനു ശേഷം ക്ലോറിൻ, ബ്ലീച്ചിങ് പൗഡർ പോലുള്ള അണുനാശിനികൾ ഉപയോഗിച്ച് അണുവിമുക്തമാക്കണം.

ബ്ലീച്ചിങ് പൗഡർ വിതറിയതിനു ശേഷം വെള്ളമുപയോഗിച്ചു വൃത്തിയായി കഴുകണം. കഴിയുന്നത്ര നിലം നനവില്ലാതെ സൂക്ഷിക്കണം. ചാണകക്കുഴിയിൽ ആഴ്ച തോറും കുമ്മായം വിതറുന്നത് ഈച്ചകളുടെ പ്രജനനത്തെ തടയും തന്മൂലം ഈച്ചശല്യം കുറയും. കറവ സമയത്തു തൊഴുത്തിന്റെ നിലം വൃത്തിയായി സൂക്ഷിക്കണം. കറവ സമയത്ത് കഴിവതും തീറ്റയും വെള്ളവും നൽകാതിരിക്കാൻ ശ്രദ്ധിക്കണം. വിസർജ്യങ്ങൾ പാൽപാത്രത്തിൽ കലരാനിടവരരുത്. കറവപാത്രങ്ങളുടെയും ഉപകരണങ്ങളുടെയും ശുചിത്വം ഉറപ്പു വരുത്തണം. പാൽ പാത്രങ്ങൾ നല്ലവണ്ണം കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കിയില്ലെങ്കിൽ, രോഗാണുക്കൾ തങ്ങി നിന്ന് പെറ്റുപെരുകി, പാൽ ചീത്തയാകും. അതിനാൽ ഉപയോഗത്തിനു ശേഷം പാൽപാത്രങ്ങൾ കഴുകിയുണക്കി വൃത്തിയാക്കി സൂക്ഷിക്കണം. പാൽപാത്രങ്ങൾ വൃത്തിയുള്ള ചൂടുവെള്ളത്തിൽ രണ്ടു മൂന്നു പ്രാവശ്യം, വെള്ളം തെളിയുന്നതു വരെ കഴുകണം. ക്ഷാര ഗുണമുള്ള, അപ്പക്കാരം പോലത്തെ പൊടികളേതെങ്കിലും ഉപയോഗിച്ച് പാൽ പാത്രങ്ങൾ ഉരച്ചുകഴുകിയാൽ, പാത്രങ്ങളിലെ ദുർഗന്ധമകറ്റാനും പാൽ മലിനപ്പെടാതിരിക്കാനും സഹായിക്കും.  

കറവക്കാരനും വേണം വൃത്തി

ശുദ്ധമായ പാലുൽപാദനത്തിന് കറവക്കാരന്റെ ശുചിത്വം വളരെ ഏറെ പ്രാധാന്യം അർഹിക്കുന്നു. കറവക്കാരൻ വൃത്തിയുള്ള വസ്ത്രം ധരിക്കുകയും, നഖങ്ങൾ മുറിച്ചു കൈകൾ വൃത്തിയായി സൂക്ഷിക്കുകയും വേണം. കറവക്കാരൻ ക്ഷയം പോലുള്ള പകർച്ചവ്യാധി ബാധിച്ച ആൾ ആയിരിക്കരുത്. കറവയ്ക്ക് മുൻപ് കറവക്കാരൻ കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകി വൃത്തിയാക്കണം. കറക്കുന്ന സമയത്തു ചുമയ്ക്കാതിരിക്കാനും, തുമ്മാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെ തലമുടി പാൽപാത്രത്തിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പശുവിന്റെ അകിടിന്റെ ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്. ഓരോ കറവയ്ക്കും തൊട്ട് മുൻപ് അകിടും, മുലക്കാമ്പും ഇളം ചൂടുവെള്ളം കൊണ്ടോ പൊട്ടാസിയം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ചോ കഴുകിയതിന് ശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ചു തുടച്ച് ഈർപ്പരഹിതമാക്കണം. ഒരിക്കൽ ഉപയോഗിച്ച തുണി തന്നെ, വീണ്ടും ലായനിയിൽ മുക്കി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കഴുകി വൃത്തിയാക്കി ഉണക്കിയതിന്ശേഷം മാത്രമേ, അതേ തുണി വീണ്ടും ഉപയോഗിക്കാവൂ.

അകിട് വൃത്തിയാക്കുന്നത് പാൽ ചുരത്തൽ പ്രക്രിയയെ ഉത്തേജിപ്പിക്കും. പശുവിനെ ദിവസേന കുളിപ്പിക്കണം. ശരീരത്തിന്റെ പിൻഭാഗങ്ങളും, അകിട്, വാൽ എന്നിവയും കഴുകി വൃത്തിയാക്കണം. ശരീരത്തിൽ പറ്റിപിടിച്ചിരിക്കുന്ന ചാണകം പോലുള്ള മാലിന്യങ്ങൾ കഴുകി വൃത്തിയാക്കണം. കറവയ്ക്ക്  മുൻപും പിൻപും മുലക്കാമ്പുകൾ പോവിഡോൺ അയഡിൻ അല്ലെങ്കിൽ നേർപ്പിച്ച പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ മുക്കി അണുവിമുക്തമാക്കിയാൽ അകിടുവീക്കം വരുന്നത് തടയാം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • അകിട് വൃത്തിയാക്കിയ ഉടനെ കറവ തുടങ്ങണം.
  • മുഴുവൻ കൈ ഉപയോഗിച്ച് കറക്കാൻ ശീലിക്കണം.
  • പെരുവിരൽ മടക്കിക്കൊണ്ടുള്ള കറവ മുലക്കാമ്പുകൾക്ക് ക്ഷതം വരുത്തും.
  • കറക്കുമ്പോൾ കൈകൾക്ക് നനവ് പാടില്ല.
  • മുലക്കാമ്പുകളിലെ പാൽ മുഴുവനായും കറന്നെടുക്കണം.
  • മുലക്കാമ്പിനോടടുത്ത് അണുക്കൾ കൂടുതലുള്ളതിനാൽ, ആദ്യം രണ്ടോ മൂന്നോ തുള്ളി പാൽ കറന്നുകളയുക.
  • രോഗമില്ലാത്തതും ഏറ്റവും വൃത്തിയുള്ളതുമായ പശുക്കളെ ആദ്യം കറക്കുക.
  • കഴിവതും എല്ലാ ദിവസവും ഒരാൾ തന്നെ, നിശ്ചിത സമയത്തുതന്നെ കറക്കണം.
  • ദിവസം രണ്ടു നേരം, രാവിലെയും ഉച്ചയ്ക്കുമായി പശുക്കളെ കറക്കാം.
  • കറന്നയുടൻ  പാൽ അരിച്ചു ഫ്രിഡ്ജിനുള്ളിൽ തണുപ്പിക്കാൻ വയ്ക്കണം.

English summary: Importance of dairy hygiene and the best products to make your dairy a bacteria free zone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com