ADVERTISEMENT

കേരളത്തിലെ കൃഷിയുടെ 39 ശതമാനം തെങ്ങാണെങ്കിലും ഇപ്പോഴത്തെ തെങ്ങുകൃഷിയുടെ ഭാവി ആശാവഹമല്ലെന്ന് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞൻ ഡോ. സി. തമ്പാൻ. കർഷകശ്രീയും പാരഷ്യൂട്ട് കൽപവൃക്ഷയും ചേർന്ന് തെങ്ങിന്റെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കല്‍, രോഗ–കീട നിയന്തണം എന്നീ വിഷയങ്ങളില്‍ നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂവായിരത്തിലധികം കർഷകർ വെബിനാറിൽ പങ്കെടുത്തു.

തെങ്ങിനെ ഒരു വാണിജ്യവിളയായി കരുതി കേരളീയർ പരിഗണിക്കുന്നില്ല. വിലയിലെ അസ്ഥിരത തന്നെ അതിനു കാരണം. മാത്രമല്ല, ചെറിയ തോതിൽ തെങ്ങ് കൃഷി ചെയ്യുന്നവരാണ് കേരളീയർ. അതുകൊണ്ടുതന്നെ, പരിമിതിയുള്ള കൃഷിയിടങ്ങളിൽ ശാസ്ത്രീയ രീതികൾ അനുവർത്തിക്കാൻ കർഷകർക്കാകുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ കർഷകർക്ക് അതിനു കഴിയുന്നു. അതാണ് ഉൽപാദനത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കുറവിനു കാരണം. 

നാളികേരകൃഷിയിൽ കൂടുതൽ വരുമാനം ലഭിക്കാൻ പ്രധാനമായും മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഡോ. സി. തമ്പാൻ പറഞ്ഞു. 

  • ഉൽപാദനക്ഷമത ഇല്ലാത്ത തെങ്ങുകൾ ഒഴിവാക്കണം

ഉൽപാദനക്ഷമത ഇല്ലാത്ത തെങ്ങുകളാണ് കേരളത്തിൽ ഇന്ന് ഏറെയുള്ളത്. പല കൃഷിയിടങ്ങളിലും പ്രായമേറിയ തെങ്ങുകളാണുള്ളത്. അവ ഒഴിവാക്കി, മെച്ചപ്പെട്ട ഇനങ്ങളുടെ ഗുണമേന്മയുള്ള തൈകൾ വയ്ക്കണം‌. സ്ഥലഘടന അനുസരിച്ച് നെടിയ, കുറിയ, സങ്കര ഇനങ്ങൾ ഉപയോഗിക്കാം. മാത്രമല്ല കൊപ്രയ്ക്ക് നെടിയ ഇനങ്ങളാണ് നല്ലത്, ഇളനീരിന് കുറിയ ഇനം ഉപയോഗിക്കാം.

എത്രമാത്രം പരിപാലനം നൽകാൻ നമുക്ക് കഴിയും എന്ന് ശ്രദ്ധിക്കണം. നന്നായി പരിപാലിക്കൻ കഴിയുമെങ്കിൽ സങ്കര ഇനം ഉപയോഗിക്കാം. വളവും വെള്ളവും അത്യാവശ്യം. ശരാശരി പരിപാലനത്തിന് നെടിയ ഇനം ഉപയോഗിക്കാം. തെങ്ങിനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ സിപിസിആർഐ–മായി ബന്ധപ്പെടുക.

കർഷകർ തന്നെ തൈകൾ ഉൽപാദിപ്പിക്കുമ്പോൾ ഗുണമേന്മയുള്ള തൈകൾ മാത്രം നടാൻ ശ്രദ്ധിക്കണം. ബാക്കിയുള്ളവ ഒഴിവാക്കാൻ മറക്കരുത് 

  • ശാസ്ത്രീയ വിളപരിപാലന മാർഗങ്ങൾ വേണം

മണ്ണിന്റെ ആരോഗ്യപരിപാലനത്തിനുള്ള ഉത്തമ മുറകൾ സ്വീകരിക്കണം. ഉൽപാദനം കുറയാൻ പ്രധാന കാരണം മണ്ണിന്റെ ആരോഗ്യം ക്ഷയിച്ചു എന്നതാണ്. മണ്ണിന്റെ അമ്ലത പരിഹരിക്കണം. പ്രാഥമിക, ദ്വിതീയ, സൂക്ഷ്മ മൂലകങ്ങളുടെ അഭാവം പരിഹരിക്കണം. ജൈവാംശം കുറയാതെ ശ്രദ്ധിക്കുകയും വേണം. 

മേയിലും ഓഗസ്റ്റ്–സെപ്റ്റംബറിലും വളപ്രയോഗം നടത്താം. കൃഷിച്ചെലവ് കുറയ്ക്കാൻ വർഷാവർഷമുള്ള തടമെടുപ്പ് ഒഴിവാക്കാം. തെങ്ങിന് ഏറ്റവും നല്ലത് കണിക ജലസേചനമാണ്. അല്ലെങ്കിൽ നാലു ദിവസത്തിലൊരിക്കൽ 200 ലീറ്റർ വെള്ളം നൽകണം. കാലവവർഷം കഴിയുമ്പോൾ തടത്തിൽ പുതയിടാം. ചെരിവുള്ള സ്ഥലത്ത് ചാലു കീറി തൊണ്ടടുക്കി ജലം സംരക്ഷിക്കാം.

  • വേണം ബഹുവിള കൃഷിരീതി

തെങ്ങിനെ ഏകവിളയായി കരുതി മുന്നോട്ടുപോകാൻ കഴിയില്ല. അതുകൊണ്ടുതന്നെ ബഹുവിള സമ്മിശ്രക്കൃഷി രീതി അനുവർത്തിക്കണം. ഏഴര മീറ്റർ അകലത്തിൽ തെങ്ങു നടാം. നട്ട് ആദ്യത്തെ 8 വർഷം ഹ്രസ്വകാല വിളകളും പിന്നീട് 22 വർഷം വരെ ദീർഘകാല വിളകളും നടാം. 22 വർഷത്തിനു ശേഷം എല്ലാത്തരം വിളകളും നടാം. ധാന്യങ്ങൾ, പയർവർഗങ്ങൾ, കിഴങ്ങ് വിളകൾ, കുരുമുളക്, ജാതി, ഗ്രാമ്പൂ തുടങ്ങിയവയൊക്കെ തെങ്ങിനോടൊപ്പം കൃഷി ചെയ്യാം. ഇതുകൂടാതെ കന്നുകാലി, കോഴി എന്നിവയും തെങ്ങിൻതോപ്പിൽ വളർത്താം. വാണിജ്യപ്രാധാന്യമുള്ള മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിൽ എത്തണം.

പ്രധാനമായും 5 കീടങ്ങളാണ് തെങ്ങിനെ ആക്രമിക്കുകയെന്ന് കീടരോഗബാധയെക്കുറിച്ചുള്ള ചർച്ചയിൽ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞൻ ഡോ. ജോസഫ് രാജ് കുമാർ പറഞ്ഞു. 

1. കൊമ്പൻ ചെല്ലി

എല്ലാ പ്രായത്തിലുമുള്ള തെങ്ങിനെയും ആക്രമിക്കുന്നു. തെങ്ങിന്റെ നാമ്പുകൾ പരിശോധിച്ച് ആക്രമണം തടയാം. വേപ്പിൻ പിണ്ണാക്കും മണലും ചേർത്ത് കവിളുകളിൽ ഇട്ടാൽ കൊമ്പൻ ചെല്ലിയുടെ ശല്യം ഇല്ലാതാക്കാം. അതല്ലെങ്കിൽ പാറ്റാ ഗുളിക വയ്ക്കുന്നതും നല്ലതാണ്. പഴയ മീൻ വലകൾ (ഉടക്കുവലകൾ) ഉപയോഗിച്ച് പൊതിയാം. വളക്കുഴികളാണ് കൊമ്പൻചെല്ലിയുടെ ആവാസകേന്ദ്രം. തോട്ടത്തിന് സമീപം ഇത്തരം വളക്കുഴു, ചാണകക്കുഴി എന്നിവ ഉണ്ടാകാത്തത് നന്ന്. കൂടാതെ ഇടവിളക്കൃഷി വർധിപ്പിക്കുന്നതിലൂടെ കൊമ്പൻചെല്ലിയെ അകറ്റാൻ കലിയും. പല വിളകളുടെ മണമാണ് ഇതിന് കാരണം.

2. ചെമ്പൻ ചെല്ലി

തെങ്ങിനെ പെട്ടെന്ന് നശിപ്പിക്കാറില്ല. പക്ഷേ, തെങ്ങിനുള്ളിലാണ് വാസം. അതുകൊണ്ടുതന്നെ കൃത്യമായുള്ള പരിശോധന വേണം. കീടനാശിനി പ്രയോഗം ഇമിഡാക്ലോപ്രിഡ് (Imidacloprid) 1 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് തുള കാണുന്ന സ്ഥലത്ത് ഒഴിച്ചു കൊടുക്കാം. വിളവെടുക്കുമ്പോഴും ഒരുക്കുമ്പോഴും മറ്റും തെങ്ങുകൾക്ക് മുറിവ് വരാതെ ശ്രദ്ധിക്കണം. തെങ്ങിന്റെ മണം കുറയ്ക്കുകയാണ് പ്രധാനം. 

3. തെങ്ങോലപ്പുഴു

പരാദ ജീവികളെ ഉപയോഗിച്ച് ഇത് ഒഴിവാക്കാം. രോഗബാധയുണ്ടെങ്കിൽ സിപിസിആർഐയെ അറിയിക്കണം.

4. മണ്ഡരി

ചിലന്തി വർഗത്തിൽപ്പെടുന്ന പ്രാണി. മച്ചിങ്ങയെ ആക്രമിക്കുന്നു. വിദേശത്തുനിന്ന് ഇവിടെത്തി. മുൻകൂട്ടി മനസിലാക്കി 2 ശതമാനം വേപ്പെണ്ണ ലായനി തളിച്ചു കൊടുക്കണം. 

5. വെള്ളീച്ച

5 സ്പീഷിസ് വെള്ളീച്ചകൾ തെങ്ങിനെ ബാധിക്കുന്നു. ഓലകളിലെ നീരൂറ്റിക്കുടിക്കുന്നു. അടിയിൽനിന്ന് വെള്ളം ചീറ്റിച്ച് ഇവയെ ഒഴിവാക്കാം. കീടനാശിനി ഇവയ്ക്കെതിരെ പ്രയോഗിക്കേണ്ട ആവശ്യമില്ല.

രോഗം

  • കാറ്റുവീഴ്ച

1800കളിൽ വന്ന രോഗം. ഓലക്കാലുകളിൽ മഞ്ഞളിപ്പ്, ഓല വളഞ്ഞുവരികയും അഗ്രത്ത് കരിച്ചിലുമാണ് കാറ്റുവീഴ്ചയുടെ ലക്ഷണം. ബാക്ടീരിയൽ വർഗത്തിൽപ്പെട്ട ഫൈറ്റോപ്ലാസ്മയാണ് ഇതിനു കാരണം. കാറ്റുവീഴ്ച വന്നാൽ തെങ്ങ് നശിക്കില്ല, ഉൽപാദനം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

  • ഓലചീയൽ

നാമ്പോല ചീഞ്ഞു വരുന്ന അവസ്ഥ. രോഗം ബാധിച്ച നാമ്പ് മുറിച്ചുമാറ്റി സ്യൂഡോമൊണാസ് തളിച്ചു കൊടുക്കാം. 

  • തഞ്ചാവൂർ വാട്ടം

കുമിൾ രോഗ ബാധ. മണ്ണിനോട് ചേർന്നുള്ള ഭാഗത്ത് പ്രത്യേക നിറത്തിൽ കാണപ്പെടുന്നു. വേപ്പിൻപിണ്ണാക്കും ട്രൈക്കോഡെർമയും ചേർത്ത് നിയന്ത്രിക്കാം.

  • മച്ചിങ്ങ പൊഴിച്ചിൽ

മണ്ട വൃത്തിയാക്കി ബോർഡോ മിശ്രിതം തളിച്ചു കൊടുക്കാം. 

പാരഷ്യൂട്ട് കൽപവൃക്ഷ

അശാസ്ത്രീയ കൃഷിരീതികൾ മാറ്റി നൂതന കൃഷി രീതികൾ കർഷകരെ പരിചയപ്പെടുത്തുകയാണ് പാരഷ്യൂട്ട് കൽപവൃക്ഷ എന്ന കേരകർഷകർക്കുവേണ്ടിയുള്ള പദ്ധതി ലക്ഷ്യമിടുന്നത്. അതുവഴി ഓരോ കർഷകന്റെയും തെങ്ങുകളുടെ ഉൽപാദനക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യം. 

തെങ്ങിന് ഏറ്റവും ആവശ്യമായത് ജലമാണ്. അതുകൊണ്ടുതന്നെ, ജലസംരക്ഷണം ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ 250ൽപ്പരം കുളങ്ങൾ നിർമിച്ചു. ഇതിന്റെ 80 ശതമാനം ചെലവും പാരഷ്യൂട്ട് കൽപവൃക്ഷ വഹിച്ചു. ശേഷിക്കുന്ന 20 ശതമാനം കർഷകരുടെ വിഹിതം. 

ഇതുകൂടാതെ മറ്റു ജലസംരക്ഷണ മാർഗങ്ങളും പരീക്ഷിക്കാൻ പാരഷ്യൂട്ട് കൽപവൃക്ഷ ശ്രമിക്കുന്നു.  അറിവുകൾ കർഷകരിലേക്കെത്താൻ ഫെയ്സബുക്ക്, വാട്‌സാപ്, ഇൻസ്റ്റഗ്രാം പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ കഴിയാത്ത കർഷകർക്ക് ടോൾ ഫ്രീ നമ്പറിൽ വിളിച്ച് വിദഗ്ധരുടെ സേവനം ഉറപ്പാക്കാം.

കൃഷിയിടത്തിലെ സംശയങ്ങള്‍ 1800 266 4646 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കുകയോ ചിത്രം സഹിതം 9047744886 എന്ന വാട്സാപ് നമ്പറില്‍ അയയ്ക്കുകയോ ചെയ്താല്‍ വിദഗ്ധര്‍ മറുപടി നല്‍കും. 

English summary: Is coconut farming profitable in India?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com